മൗലിദ് ജന്മദിനത്തെ സൂചിപ്പിക്കുന്ന ഒരു പദമാണ്. പ്രവാചകൻ(സ)യുടെ ജന്മദിനം പോലുള്ള വിശേഷാവസരങ്ങളിൽ മുസ്‌ലിം വീടുകളിലും കേന്ദ്രങ്ങളിലും അത് പാരായണം ചെയ്യപ്പെടുന്നു. ബന്ധുമിത്രാധികളും അയൽവാസികളും ഒത്തു ചേരുന്ന പ്രസ്തുത സദസ്സിൽ ഖുർആൻ പാരായണം, പ്രാർത്ഥന, മധുര പലഹാര വിതരണം,അന്നദാനം തുടങ്ങിയവയും ഉണ്ടായിരിക്കും.

അറബി ഭാഷയിൽ രചിക്കപ്പെട്ട ഗദ്യപദ്യ സമ്മിശ്രമായ കീർത്തനങ്ങളാണ് മൗലിദ്. ലക്ഷണമൊത്ത കവിതകളും വശ്യമധുരമായ താളത്തോടുകൂടിയ ഈരടികളും മൗലിദുകളിൽ കാണാം. സംഘം ചേർന്ന് പാടാവുന്ന വൈവിധ്യവൃത്തങ്ങളോടെയാണ് ഇവ രചിക്കപ്പെട്ടിരിക്കുന്നത്.

അറബികളും അനറബികളും മൗലിദുകൾ രചിച്ചിട്ടുണ്ട്. കേരളീയ പണ്ഡിതൻമാർ രചിച്ച മൗലിദുകൾ തന്നെ ആയിരത്തോളം വരുമെന്നാണ് വിദഗ്ദ‌ മതം. എന്നാൽ പലതിനും രചയിതാവിന്റെ പേരോ രചിച്ച വർഷമോ ലഭ്യമല്ല.

മഹത്തുക്കളുടെ ജീവചരിത്ര സംഗ്രഹമാണ് പൊതുവെ മൗലിദുകൾ. ഗദ്യത്തിലുള്ള ഭാഗത്തിന് സാധാരണയായി ഹദീസ് എന്ന് പറഞ്ഞു വരുന്നു. പ്രവാചകചര്യയായ ഹദീസും ഇതും വ്യത്യസ്‌തമാണ്. ഗര്യ ഭാഗങ്ങൾ സദസ്സിൽപെട്ട ഒരാൾ വായിക്കുന്നു. മറ്റുള്ളവർ ഭക്ത്യാദരപൂർവ്വം ശ്രവിക്കുന്നു. പദ്യ ഭാഗങ്ങൾ കൂട്ടമായി ചൊല്ലുകയും സദസ്സ് ജവാബ് എന്നു പറയുന്ന സ്വലാത്തുൻ വതസ്‌ലീമുൻ, യാറബ്ബി സ്വല്ലി അലന്നബിയ്യി മുഹമ്മദി, മുറാദീയാമുറാദീ, യാനബീ സലാം അലൈക്കും… തുടങ്ങിയ വ്യത്യസ്‌ത ഈരടികൾ സംഘമായി താളത്തിൽ ആലപിക്കുകയും ചെയ്യുന്നു.

റബീഉൽ അവ്വലിനെ പൊതുവെ മൗലിദുമാസമെന്ന് വിളിക്കപ്പെടാറുണ്ട്. കാരണം പ്രവാചക തിരുമേനിയുടെ ജനനമരണ മാസമായ റബീഉൽ അവ്വലിലാണ് പരക്കെ മൗലിദുകൾ പാരായണം ചെയ്യപ്പെടാറുള്ളത്. മറ്റു മാസങ്ങളിലും മൗലിദുകൾ നടത്താറുണ്ട്.

പ്രവാചക പുംഗവരെ സംബന്ധിച്ച മൗലിദുകളിൽ ഏറെ പ്രചാരം നേടിയിട്ടുള്ളത് മൻകൂസ് മൗലിദാണ്. പുതിയപതിപ്പുകളിൽ മൻഖൂസ്(സംഗൃഹീതം) എന്നാണ് പേരു കാണപ്പെടുന്നത്. എന്നാൽ നൂറുവർഷം മുമ്പുള്ള ഏടുകളിൽ മൻകൂസ് എന്ന് തന്നെയാണ് അച്ചടിച്ചിട്ടുള്ളത്. ഇതിന്റെ കർത്താവ് ആരാണെന്ന് അറിയപ്പെടുന്നില്ല. ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് സ്വീകരിക്കപ്പെട്ടിട്ടില്ല. പ്രവാചക മൗലിദുകളിൽ അതിപ്രധാനമർഹിക്കുന്നതും താര തമ്യേന വലുതുമായ ശർറഫൽ അനാം മൗലിദിന്റെ കർത്താവ് മക്കാ സ്വദേശിയും മാലികീ മദ്ഹബുകാരനുമായ മുഹമ്മദ് ബിൻ ഖാസിം അവർകളാണ്.

മറ്റൊരു പ്രവാചക മൗലിദാണ് ബർസഞ്ചി. അതിന്റെ കർത്താവ് മദീനക്കാരനും അറബീ സാഹിത്യ കാരനുമായ സയ്യിദ് മുഹമ്മദുൽ ബർസഞ്ചി അവർകളാകുന്നു. മൻകൂസ് മൗലിദ് പോലെ തന്നെ ജഅല മുഹമ്മദിന്റെ കർത്താവും അറിയപ്പെട്ടിട്ടില്ല. മറ്റൊരു ശ്രദ്ധേയ മൗലിദായ സബ്ഹാന യുടെ കർത്താവ് മുഹമ്മദ് ബിൻ മുഹമ്മദാണ്. മഹാനായ ഇമാം ഗസ്സാലി കൗമാര പ്രായത്തിലെഴുതിയതാണ് ഈ മൗലിദെന്ന് ചിലർ അനുമാനിക്കുന്നു.

കേരളീയ പണ്ഡിതൻമാർ ധാരാളം മൗലിദുകൾ രചിച്ചിട്ടുണ്ടെന്ന് മുമ്പ് പറഞ്ഞുവല്ലോ. ബദർ മൗലിദിന്റെ കർത്താവ് പ്രസിദ്ധനായ വളപ്പിൽ അബ്‌ദുൽ അസീസ് മുസ്‌ലി യാരാണ്- ഹി 1329/ 1911 മുഹർറം 29നു തലശ്ശേരി മഥ്ബഅതുൽ ഹമീദിയ്യയിൽ പ്രിന്റ് ചെയ്യപ്പെട്ട പതിപ്പിൽ ഇങ്ങിനെ കാണാം: ‘ഈ മനാഖിബ് പൊന്നാനി വള പ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ തങ്ങളാൽ ഉണ്ടാക്കപ്പെട്ടതും അവരാൽ ആഖിർ അമ്മദിന്റകത്ത് ബീരാൻ കുട്ടി മുസ്‌ലിയാർക്ക് പകർപ്പവകാശം സിദ്ധിച്ചതും അന്യർക്ക് അടിച്ചുകൂടായെന്ന് അധികാരപ്പെടുത്തിയതും തലശ്ശേരി ഡിസ്ട്രിക്ട‌് മജിസ്ട്രേറ്റ് ആഫീസിൽ നിന്ന് രജിസ്‌തർ ചെയ്‌തതും ആകുന്നു’.

തിരുനബി, സ്വഹാബാക്കൾ, ശൈഖ് മുഹ്‌യിദ്ദീൻ അബ്‌ദുൽഖാദിർ ജീലാനി, അഹ് മദുൽ കബീർ അരിഫാഈ, ഖാജാ മുഈനുദ്ദീൻ ചിശ്‌തി, ശൈഖ് ശാദുലി തുടങ്ങിയവരെയെല്ലാം ഉൾക്കൊള്ളിച്ച് രചിച്ച ‘മൗലിദുൽ വസീല: ഇല്ലല്ലാഹ്’ എന്ന മൗലിദിന്റെ കർത്താവ് കൊണ്ടോട്ടി മുസ്‌ലിയാരകത്ത് അഹ്‌മദ് മുസ്‌ലിയാരാണ്. അവസാന പുറം നോട്ടീസ് ഇങ്ങിനെ:

‘ഈ മൗലിദുൽ വസീല: യെന്ന കിതാബ് കൊണ്ടോട്ടി മുസ്‌ലിയാരകത്ത് അഹ്‌മദ് മുസ്‌ലിയാരാൽ ഉണ്ടാക്കപ്പെട്ട് തന്റെ ചിലവിന്മേൽ മള്ഹറുൽ ഉലൂം എന്ന അച്ചുകൂടത്തിൽ വെച്ച് അടിപ്പിക്കപ്പെട്ടതും 1805-ാം നമ്പർ രജിസ്ട്രേഷൻ ആക്‌ടിലെ ഇരുപതാം അദ്ധ്യായം നൂറാം റൂളിന്റെ നിബന്ധനപ്രകാരം തലശ്ശേരി ഡിസ്ട്രിക്ട് രജി സ്ത്രർ ആപ്പീസിൽ രജിസ്ട്രർ ചെയ്യുന്നത് ആകകൊണ്ട് അന്യർക്ക് അടിച്ചുകൂടാത്തതും ആകുന്നു.’

രിഫാഈ മൗലിദിന്റെ കർത്താവ് അഹ്‌മദ് ബിൻ മുഹമ്മദ് അശ്ശാദുലി അശ്ശീറാസിയാണ്. 1303 റബീഉൽ അവ്വൽ 14 തിങ്കളാഴ്ച രചന പൂർത്തീകരിച്ചതായും അതേ വർഷം ജമാദുൽ അവ്വലിൽ തലശ്ശേരിയിൽ അച്ചടിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു രിഫാഈ മൗലിദിന്റെ കർത്താവ് ശൈഖ് ഹംസക്കുട്ടി മുസ്‌ലിയാർ ഇബ്നു ഇബ്റാഹിം ഇബ്നു അബ്‌ദുൽ ഖാദിർ അർ റിഫാഇയാണ്. ഇത് 1301 ൽ അച്ചടിച്ചു. മാടായി പഴയങ്ങാടി പള്ളി വളപ്പിൽ ബിലാഷിനകത്ത്‌കുഞ്ഞി അഹമ്മദ് മുസ്‌ലിയാർ രചിച്ചതാണ് മിഅ്റാജ് മൗലിദ്. ഹിജ്റ 1320 റജബ് 8 ഞായറാഴ്‌ച പൊന്നാനി അറക്കൽ എന്ന പാണ്ടികശാലയിൽ മുഹ്‌കിൽ ഗറാഇബ് പ്രസ്സിൽ അച്ചടിച്ചു.

പൊന്നാനി അവറാൻ കുട്ടി മുസ്‌ലിയാരകം എന്ന കൊച്ചിലിമ്മാനകത്ത് കുഞ്ഞാവ മുസ്‌ലിയാർ എഴുതിയതാണ് അബൂബക്കർ സിദ്ധീഖ് മൗലിദ്.

ഉമറുൽ ഫാറൂഖ് മൗലിദ് പൊന്നാനി മഖ്‌ദൂം തങ്ങളെ പുതിയകത്ത് അബ്‌ദുൽ അസീസ് എന്ന കുഞ്ഞി ബാവകുട്ടി മുസ്‌ലിയാരാൽ ഉണ്ടാക്കപ്പെട്ടതാണ്.

പൊന്നാനി ആഖിർ സൈനുദ്ധീൻ മഖ്ദൂം മകൻ കൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്‌ലിയാർ തങ്ങൾ രചിച്ചതാണ് ഫാത്വിമ ബീവി മൗലിദ്, നഫീസത്ത് മൗലിദ്, മർയംബീവി മൗലിദ് മുതലായവ. ഇസ്‌ലാമിക ചരിത്രത്തിലെ ധീര രക്തസാക്ഷി ഹംസത്തുബ്നു അബ്ദിൽ മുത്തലിബിന്റെ അപദാനങ്ങൾ വാഴ്ത്തി വളപ്പിൽ അബ്‌ദുൽ അസീസ് മൗലവി രചിച്ചതാണ് ഹംസാമൗലിദ്.

സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് സ്വഹാബികളുടെ അപദാനങ്ങൾ വാഴ്ത്തുന്ന മൗലിദ് വാഴക്കാട് വടക്കയിൽ മുഹമ്മദ് മുസ്‌ലിയാരുടെ രചനയാണ്.

പൊന്നാനി പാലത്തിൽ വീട്ടിൽ മുഹമ്മദ് എന്ന ബാവ മുസ്‌ലിയാരാൽ ഉണ്ടാക്കപ്പെട്ടതാണ് ഉഹ്ദീങ്ങളുടെ മൗലിദ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു രചനയാണ് വിശ്വ പ്രസിദ്ധ പണ്ഡിതനും നാലു മദ്ഹബിന്റെ ഇമാമുകളിൽ ഒരാളും കേരളീയർക്ക് സുപരിചിതനുമായി ഇമാം ശാഫിഈ(റ)യുടെ മൗലിദ്. വളപ്പിൽ അബ്‌ദുൽ അസീസ് മുസ്‌ലിയാർ രചിച്ച മറ്റൊരു മൗലിദാണ് സയ്യദ് അഹ് മദ് ബദിവീ മൗലിദ്.

സൈനുദ്ദീൻ മഖ്ദൂം കബീറിന്റെ ജീവചരിത്രകൃതികൂടിയായ മഖ്ദൂം മൗലിദ് രചിച്ചത് പൊന്നാനി കുഞ്ഞാവ മുസ്‌ലിയാരാണ്.

ഒന്നിലധികം മൗലിദുകൾ രചിച്ച കേരളീയ പണ്ഡിതന്മാരും ധാരാളമുണ്ട്. പഴയകത്ത് മമ്മിക്കുട്ടി മഖ്‌ദൂം (മരണം ഹി. 1330 എഡി. 1911-12) അവർകൾ രചിച്ച മൗലിദുകളുടെ പേരുകൾ താഴെ കൊടുക്കുന്നു.

1. മൗലിദുൻ ഫീ മനാഖിബിശ്ശൈഖി അഹ്‌മദ് ബദവി

2. മൗലിദുൻ ഫീ മനാഖിബി ശൈഖി പുറത്തീൽ

3. മൗലിദുൻ ഫീ മനാഖിബി ശൈഖ് ഹംസ (റ)

4. മൗലിദുൻ ഫീ മനാഖിബി അസ്ഹാബിൽ ബദ്‌രിയ്യീൻ

ഉദ്ദാരം ഇസ്‌മാഈൽ മുസ്‌ലിയാരുടെ മൗലിദുകൾ

1. മൗലിദുൻ ഫീ മനാഖിബി സയ്യിദ് അലി അൽഅഹ്ദൽ

2 മൗലിദുൻ ഫീ മനാഖിബി സയ്യിദിൽ ഖുതുബ് അബിൽ ഹസൻ അശ്ശാദുലി

വളപ്പിൽ മുഹമ്മദ് എന്ന ബാവ മുസലിയാർ എഴുതിയ മൗലിദുകൾ

1. മൗലിദുൻ ഫീ മനാഖിബി മുഹ്‌യിദ്ദീൻ അബ്‌ദിൽ ഖാദിർ ജീലാനി

2. മൗലിദുൻ ഫീ മനാഖിബി അബിൽ ഹസൻ അശ്ശാദുലി

3. മൗലിദുൻ ഫീ മനാഖിബി സയ്യിദിനാ സുലൈമാൻ (അ)

4. മൗലിദുൻ ഫീ ഖിസ്സതിൽ മിഅ്റാജ്

5. മൗലിദുൻ ഫീ മനാഖിബി സയ്യിദിനാ അയ്യൂബ് (അ)

6. മൗലിദുൻ ഫീ മനാഖിബി സയ്യിദതിനാ ആഇശ (റ)

ഹംസ മൗലിദി(വലുത്)ന്റെ കർത്താവ് പൊന്നാനി വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരും ചെറിയ ഹംസ മൗലിദിന്റെ കർത്താവ് മുഹമ്മദ് എന്ന വമ്പിച്ചി മുസ്‌ലിയാരു (പൊന്നാനി)മാണ്.

വിശുദ്ധ ഖുർആനിന് പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രം ഉപയോഗിച്ചു ബൃഹത്തായ വ്യാഖ്യാനം രചിച്ചു ഭാഷാ ചരിത്രത്തിൽ ഖുർആൻ വ്യാഖ്യാനത്തിലും വിസ്മയം സൃഷ്ട‌ിച്ച കൃതിയാണ് ‘സവാത്വിഉൽ ഇൽഹാം’. അതിന്റെ കർത്താവ് ഇന്ത്യക്കാരനും, മുഗൾ ദർബാറിലെ പണ്ഡിതനുമായ അല്ലാമ: അബുൽ ഫൈസ് ഫൈസി ആഗ്ര(ഇന്ത്യ)യാണ്. (കാലം, ഹി- 954- 1004) അതുപോലെ പുള്ളിയില്ലാത്ത അക്ഷ രങ്ങൾ മാത്രം ഉപയോഗിച്ച് മൗലിദ് രചിച്ചു വിസ്‌മയം തീർത്ത കേരളീയ പണ്ഡിത നാണ് അബുൽ റഹ്‌മ മുഹമ്മദുൽ ഫൈഇ അൽ ബാഖവി(നെല്ലിക്കുത്ത്). അറബി ഭാഷ കവികളിൽ അഗ്രേസരനായ അദ്ദേഹം ഹി. 1322/ 1901 ൽ ജനിക്കുകയും നാൽപത്തി ഒന്നാം വയസ്സിൽ ഹി. 1363 / 1942ൽ അന്തരിക്കുകുയം ചെയ്തു.

മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഒന്നാമത്തെ മൗലിദ് രചിച്ചത് അദ്ദേഹത്തിന്റെ പുത്രനും എഡി. 1852ൽ സ്വദേശ പരിത്യാഗം ചെയ്യേണ്ടി വന്ന പണ്ഡിതനും എഴു ത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സയ്യിദ് ഫസൽ പൂക്കോയ തങ്ങളാണ്. മമ്പുറം തങ്ങളുടെ രണ്ടാമത്തെ മൗലിദിന്റെ കർത്താവ് കൊളത്തൂർ സ്വദേശിയും പ്രസിദ്ധ പണ്ഡിതനുമായിരുന്ന കീടക്കാട്ട് പാല ആലിക്കുട്ടി മുസ്‌ലിയാർ ആണ്. നാഗൂർ ഷാഹുൽ ഹമീദ് മൗലിദ്, ജമലുല്ലൈലി മൗലിദ് എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്. മമ്പുറം തങ്ങളുടെ അതി വിസ്തൃതമായ ഒരു മൗലിദ് മൗലാനാ പാങ്ങിൽ എ.പി അഹമ്മദ് കുട്ടി മൗലവി രചിച്ചിട്ടുണ്ട്.

വാടാനപ്പള്ളി സ്വദേശിയും നിരവധി അറബി, അറബി-മലയാള ഗ്രന്ഥങ്ങളുടെ കർത്താ വുമായ മൗലാന മുഹമ്മദ് ബിൻ ഹസൻ അവർകൾ ‘ത്വറബുൽ ഹർബീബി സാദത്തി ബദർ സ്വഹബ്’ എന്ന പേരിൽ ഒരു മൗലിദും പുറമെ ഇസ്രാഅ്- മിഅ്റാജ് മൗലിദും രചിച്ചിട്ടുണ്ട്.

കാടേരി അബ്ദുൽ കമാൽ മുഹമ്മദ് മൗലവി ഒമാനൂർ മൗലിദും, മുസ്‌ലിയാരകത്ത് അബ്‌ദുൽ അസീസ് മുസ്‌ലിയാർ കൊണ്ടോട്ടി മുഹമ്മദ് ഷാഹ് തങ്ങളുടെ മൗലിദും രചിച്ചിട്ടുണ്ട്.

പുറത്തീൽ അബ്‌ദുൽ ഖാദിർ സാനിയുടെ രണ്ടാമത്തെ മകൻ ചാലിയത്ത് മറമാടപ്പെട്ട അശൈഖ് നൂറുദ്ദീൻ എന്നവരുടെ പേരിലുള്ള ‘മനാഇഹുൽ ഫള’ എന്ന മൗലിദ് പൊന്നാനി താലൂക്ക് പെരുമ്പടപ്പ് അംശം ദേശത്ത് നാലകത്ത് മങ്ങലത്തിൽ മുഹമ്മ ദുണ്ണി മുസ്‌ലിയാരാൽ വിരചിതമായതാണ്.

കേരളത്തിൽ നിലവിലുള്ള മൗലിദ് ഗ്രന്ഥങ്ങളിലൊന്നും അവയുടെ കർത്താക്കളുടെ പേർ രേഖപ്പെടുത്തി കാണുന്നില്ല. അതു കൊണ്ട് തന്നെ പലതിന്റെയും കർത്താവ് ആരാണെന്ന് കണ്ടെത്തുക പ്രയാസവുമാണ്. ഈ രംഗത്ത് കൂട്ടായ പഠനങ്ങളുടെ ആവശ്യമാണ്. അതിനുള്ള തുടക്കമാകട്ടെ എന്ന് കരുതിയാണ് ഈ ലേഖനം.