നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ‘ധർമേന്ദ്ര പ്രധാൻ’ന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ തുടക്കമിട്ട പോരാട്ടം കലുഷിതമാകുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് CJPയുടെ ആഹ്വാനപ്രകാരം ഇന്നലെ രാവിലെ 11 മണിയോടെ ‘ചലോ സൻസദ്’ പ്രതിഷേധപരിപാടിയുടെ ഭാഗമായി പാർലമെന്റ് പരിസരത്ത് ഒത്തുകൂടി. പ്രതിഷേധക്കാരുടെ അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് സമുച്ചയം മണിക്കൂറുകളോളം സ്തംഭിച്ചു. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെ പാർലമെന്റിനകത്തുള്ളപ്പോൾ സമരക്കാർ തൊട്ടടുത്തെത്തിയതോടെ പാർലമെന്റ് മുഴുവൻ കവാടങ്ങളും മൂന്നുമണിക്കൂറിലേറെ അടച്ചിട്ട് സുരക്ഷയേർപ്പെടുത്തി. 2001-ലെ പാർലമെന്റ് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായിട്ടാണ് പാർലമെന്റ് കവാടങ്ങൾ മണിക്കൂറുകളോളം അടച്ചിടുന്നത്.
ജൂൺ 20-ന് ക്രോക്രോച്ച് ജനതാ പാർട്ടിയുടെ (സി. ജെ. പി.) നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്ദറിലാണ് സമരത്തിന് തുടക്കം കുറിച്ചത്. തുടർന്ന് 28-നാണ് പ്രമുഖ ആക്റ്റിവിസ്റ്റ് ‘സോനം വാങ്ച്ചുക്’ നിരാഹാര സമരത്തിലേർപ്പെടുന്നത്. പാർലമെന്റിലേക്കുള്ള പ്രതിഷേധ റാലി ആഹ്വാനം ചെയ്തപ്പോൾ തന്നെ ബലപ്രയോഗത്തിലൂടെ സർക്കാർ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് CJP നേതാവ് അഭിജിത് ദീപകെയും നിരാഹാരത്തിലേക്ക് കടക്കുകയായിരുന്നു. ചികിത്സയിലും തന്റെ നിലപാട് മാറ്റാൻ സോനം തയ്യാറായിരുന്നില്ല. ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകളല്ലാതെ മറ്റൊന്നും അദ്ദേഹം ഇത് വരെ കഴിച്ചില്ല. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമായി കൊണ്ടിരിക്കുകയാണ്. 9 കിലോ ഭാരം കുറഞ്ഞെന്നും, ശാരീരിക ഘടനയെ ഇത് വല്ലാതെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് അഭിജിത് ദീപ്കെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വലിയ ഒരു പ്രക്ഷോഭത്തിന്റെ സ്വഭാവത്തിലേക്ക് ആദ്യഘട്ടത്തിൽ സമരം മാറിയിരുന്നില്ല എങ്കിലും, സാവകാശം സമരക്കാർ സർക്കാറിനെ ഭീതിയിലാഴ്ത്തുകയായിരുന്നു. വിദ്യാർഥി പ്രക്ഷോഭം ഒരു കൊടുങ്കാറ്റായി മാറുന്നതാണ് പിന്നീട് തലസ്ഥാനം കണ്ടത്. അപ്പോഴേക്കും സർക്കാരിനെ സംബന്ധിച്ച് കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഈ പ്രതിഷേധം കാരണം വിദ്യാർഥികൾ തങ്ങളുടെ വെല്ലുവിളികളും പ്രതിസന്ധികളും പാർലമെന്റ് കവാടത്തിൽ എത്തിച്ചു എന്ന് മാത്രമല്ല അവരെ കേൾക്കാൻ സർക്കാർ നിർബന്ധിതരാവുകയുമാണ്.
അതേസമയം, സി.ജെ.പി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി; കൈകള്‍ കൂട്ടിക്കെട്ടി പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയോട് കൂടെ പ്രിയങ്ക ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ചേർന്നപ്പോൾ പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിയായി.
പൊലീസും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ സംഘർഷമുണ്ടായി. കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതിന് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി; സര്‍ക്കാര്‍ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും വിമര്‍ശിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്നും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്ക് കാരണമായവരെ രാജ്യ ഭരണത്തിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലും കേന്ദ്ര സർക്കാരിനെതിരെ പ്രധിഷേധങ്ങളുണ്ടായി. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പാർലമെന്റ് സമരത്തിൽ പങ്കാളിത്തമർപ്പിച്ചിരുന്നു.
നിലവിൽ രാജ്യമൊന്നടങ്കം സർക്കാരിനെതിരെ തിരിയുന്ന കാഴ്ച്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ജന്തർ മന്തറിലെ സമരക്കാർക്ക് ഭക്ഷണവും പാനീയവും ഓൺലൈൻ ഫുഡ് ഡെലിവെറി സർവീസുകൾ മുഖേന ഓർഡർ ചെയ്യപ്പെടുകയാണ്. അത്രയും പങ്കാളിത്തം ഈ സമരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നു. ഒരു ഹാസ്യ രൂപേണ തുടക്കമിട്ട CJP അതിന്റെ യഥാർഥ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. CJP യിലൂടെയും, സോനം വാങ്ച്ചുക്കിലൂടെയും ജനങ്ങൾ ആഗ്രഹിക്കുന്നത് കലാപങ്ങളോ കൂട്ടക്കുരുതിയോ അല്ല മറിച്ച്, വിദ്യാഭ്യാസത്തിന്റെ സുരക്ഷയും ഇന്ത്യയുടെ ഭാവിയുമാണ്.

