ജെൻഡർ രാഷ്ട്രീയം കേരളത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. വിദ്യാലയങ്ങളിൽ മിക്സഡ് ക്ലാസ്‌റൂമുകൾ ഒരുക്കുമെന്നും ജെൻഡർ തിയറിയെ പ്രൊമോട്ട് ചെയ്യുന്ന കരിക്കുലം ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് താൽപര്യപ്പെട്ടിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ താൽകാലികമായി അതിൽ നിന്ന്  പിൻവാങ്ങിയിരിക്കുന്നു.  കേരളം പോലെ മതത്തിന് വലിയ പ്രാധാന്യം നൽകുന്ന നാട്ടിൽ ജെൻഡർ തിയറിക്കനുസൃതമായി സമൂഹത്തെ പരിവർത്തിപ്പിക്കുന്നത് ക്ഷിപ്രസാധ്യമല്ല. അതുകൊണ്ട് സജീവമായ ചർച്ച നിലനിർത്തുക എന്നതാണ് സമൂഹ മനസ്സിനെ മാറ്റാൻ ഇടത് ലിബറൽ ചിന്താഗതിക്കാർ കണ്ടെത്തിയ തന്ത്രം.

അതിന്റെ ഭാഗമായാണ് ചർച്ചകൾ  ഉണ്ടാക്കുന്നതും മാധ്യമ ശ്രദ്ധ കേന്ദ്രീകരി ക്കാൻ പരിശ്രമിക്കുന്നതും. ഈ സാഹചര്യത്തിൽ എന്താണ് ജെൻഡർ തിയറി എന്നും അതിൻ്റെ അപകടങ്ങൾ എത്രത്തോളം ദൂര വ്യാപകമാണെന്നും എങ്ങനെയാണ് അത് സമൂഹത്തിൽ വ്യാപിക്കുന്നതെന്നും പഠിക്കേണ്ടത് അനിവാര്യമാണ്.

എന്താണ് എൽ.ജി.ബി.ടി.ക്യു ?

ജെൻഡർ തിയറിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട പദസഞ്ചയമാണ് എൽ.ജി.ബി.ടി.ക്യു. മതപരമായും സാമൂഹികമായും അംഗീകരിക്കപ്പെട്ട വൈവാഹിക സങ്കല്പത്തിനും കാമ പൂർത്തീകരണത്തിനും വിരുദ്ധമായ മുഴുവൻ സങ്കല്പങ്ങളെയും ഉൾക്കൊള്ളുന്ന പദസ ഞ്ചയമാണ് എൽ.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് (LGBTQIA+). ഓരോ പദങ്ങളും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം.

L- Lesbian (ലെസ്ബിയൻ): സ്ത്രീക്ക് സ്ത്രീയോട് ലൈംഗിക താൽപര്യം തോന്നുന്നു.

G- Gay (ഗേ): ആണിന് ആണിനോട് താൽപര്യം തോന്നുന്നു.

B. Bisexual (ബൈസെക്ഷ്വൽ): ഒരു വ്യക്തിക്ക് ആണിനോടും പെണ്ണിനോടും ഒരു പോലെ താൽപര്യം തോന്നുന്നു.

T- Transgender (ട്രാൻസ്ജെൻഡർ): ജീവശാസ്ത്ര പരമായ ലൈംഗികതക്ക് വിപരീതമായ സ്വഭാവം അനുഭവപ്പെടുക അല്ലെങ്കിൽ പ്രകടിപ്പിക്കുക. ഒരു ആണിന് പെണ്ണാണെന്നോ ഒരു പെണ്ണിന് ആണാണെന്നോ തോന്നുക

Q. Queer (ക്വിയർ): ഒരു വ്യ ക്തിക്ക് താൻ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ തുട ങ്ങിയവ ആണെന്ന് തോന്നാതിരിക്കുന്നതാണ് ഇത് കൊണ്ടർഥമാക്കുന്നത്. അഥവാ അവർക്ക് തങ്ങളുടെ സ്വത്വം ഏതാണെന്ന് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല.

I- Intersex (ഇന്റർസെക്സ്) ജന്മനാ ആണെന്നോ പെണ്ണെന്നോ ജീവശാസ്ത്രപരമായി തന്നെ തീരുമാനിക്കപ്പെടാത്തവർ.

A- Asexual (അസെക്ഷ്വൽ): ലൈംഗികമായി ഒന്നിനോടും താൽപര്യമില്ലാത്തവർ

+- (പ്ലസ്): മേൽ പറയപ്പെടാത്തതും എന്നാൽ സമൂഹം അംഗീകരിച്ചതുമായ ലൈംഗികതക്കും കാമപൂർത്തീകരണത്തിനും വിരുദ്ധമായ ചിന്താഗതിക്കാരെയൊക്കെയും ഉൾക്കൊള്ളിക്കുന്ന സൂചകം.

എൽ.ജി.ബി.ടി.ക്യു.വിലെ ഓരോ അക്ഷരവും ഏതിനെ പ്രതിനിധാനം ചെയ്യുന്നുവെന്നതാണ് മുകളിൽ വ്യക്തമാക്കിയത്. മനോഹരമായ പദപ്രയോഗങ്ങൾ നടത്തി വൈകൃതങ്ങളെ നന്നാക്കുകയാണ് ഇത് ചെയ്യുന്നത്. ഇതിൽ പലതും വെറും തോന്നലുകൾ കൊണ്ട്  മാത്രം തെറ്റാവുന്നില്ല. ഉദാഹരണത്തിന് ഒരു ആണിന് ആണിനോട് വൈകാരിക അടുപ്പം തോന്നുന്നതോ പെണ്ണിന് പെണ്ണിനോട് വൈകാരിക അടുപ്പം തോന്നുന്നതോ ചിലരുടെ വിഷയത്തിൽ സ്വാഭാവികമാണ്. അവരുടെ പ്രകൃതത്തിന്റെ (ശഹ് വത്ത് ) ഭാഗമാണ്. മറിച്ച് അത് പ്രവർത്തിപഥത്തിലേക്ക് കൊണ്ടുവരുന്നതും തങ്ങളുടെ സ്വത്വം അതുമുഖേനയാണ് നിർണ്ണയിക്കപ്പെടുന്നതെന്നും വാദിക്കുന്നതാണ് പ്രശ്‌നമാകുന്നത്. എൽ.ജി.ബി.ടി.ക്യു. വാദം തീർത്തും പുതിയതാണ്. കൃത്യമായി പാശ്ചാത്യ സംസ്കാരത്തിന്റെ ഉൽപന്നമാണ്. സ്വവർഗരതിയെക്കാൾ വിശാലമായ അർഥമുൾക്കൊള്ളുന്നതാണ് എൽ.ജി.ബി.ടി.ക്യു. വാദം.

എന്താണ് ജെൻഡർ പൊളിറ്റിക്സ്

ജെൻഡർ, സെക്സ് എന്നീ രണ്ടു പദങ്ങളും അടുത്ത കാലം വരെ ഒരു വ്യക്തി ആണെന്നോ പെണ്ണെന്നോ സൂചിപ്പിക്കാനുള്ളതായിരുന്നു. അഥവാ, സെക്സും ജെൻഡറും പര്യായപദങ്ങൾ ആയിരുന്നു. എന്നാൽ, ആദ്യമായി സെക്സിനെയും ജെൻഡറിനെയും വേർതിരിച്ച ഗ്രന്ഥം ‘Roberts stoller, sex and gender: on the development of masculinity and femininity’ ആണ്.

ജെൻഡർ തിയറിയാണ് എൽ.ജി.ബി.ടി. ആക്ടിവിസത്തിന് പിന്തുണ നൽകുന്നത്. ഇവരുടെ വീക്ഷണത്തിൽ sex, gender, sexualtiy എന്നീ മൂന്ന് പദങ്ങളും വ്യത്യസ്തമാണ്. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ ലൈംഗികാവയവം  പുരുഷൻ്റേതാണെങ്കിൽ അവൻ പുരുഷനായും സ്ത്രീയുടേതാണെങ്കിൽ അവൾ സ്ക്രീയായും പരിഗണിക്കപ്പെടുന്നു. ഇതാണ് സെക്സ് അഥവാ ലിംഗം. എന്നാൽ, മാനസികമായി ഒരു വ്യക്തിക്ക് തോന്നുന്ന തോന്നലുകളാണ് ആണെന്നോ പെണ്ണെന്നോ തീരുമാനിക്കുന്നത്. ഇതാണ് ജെൻഡർ അഥവാ ലിംഗത്വം. ഒരു പുരുഷന് ഞാൻ സ്ത്രീയാണെന്ന് തോന്നുകയാണെങ്കിൽ അദ്ദേഹം സ്ത്രീയാണ്. അഥവാ, അവന്റെ ലിംഗത്വം സ്ത്രീയുടെതാണ്. ഒരു ആണിനോ പെണ്ണിനോ ലൈംഗിക ആകർഷണം തോന്നുന്നതിനനുസരിച്ചുള്ളതാണ് ലൈംഗികത അഥവാ സെക്ഷ്വാലിറ്റി. ഇതാണ് ജെൻഡർ തിയറി മുന്നോട്ടുവെക്കുന്നത്. മനുഷ്യന്റെ ലൈംഗിക താൽപര്യങ്ങൾ പല വിധത്തിലാണ്. ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മൃഗങ്ങൾ, ശവങ്ങൾ, കുട്ടികൾ എന്നിവരോടൊക്കെയും തോന്നാം. ഇതാണ് ജെൻഡർ തിയറി സിദ്ധാന്തിക്കുന്നത്.

ഹെട്രോ നോർമെറ്റീവ് (ലൈംഗികത ഉണ്ടാവേണ്ടത് സ്ത്രീയും പുരുഷനും തമ്മിലാണെന്നും ജീവശാസ്ത്രപരമായിട്ടാണ് ഒരു വ്യക്തിയുടെ ലൈംഗികത നിർണ്ണയിക്കപ്പെടുന്നതെന്നുമുള്ള പാരമ്പര്യ സങ്കല്പം) സമൂഹത്തിൽ നിന്നും ക്വിയർ നോർമെറ്റിവ് (ജെൻഡർ തിയറി പ്രകാരമാണ് ലിംഗവും ലിംഗത്വവും ലൈംഗികതയും നിർണ്ണയിക്കപ്പെടുന്നത് എന്ന സങ്കല്പം) സമൂഹത്തിലേക്കുള്ള പ്രയാണമാണ് ജെൻഡർ പൊളിറ്റിക്സ് താൽപര്യപ്പെടുന്നത്. വിദ്യാർഥി-വിദ്യാർഥിനികൾക്ക് ഒരേ തരത്തിലുള്ള യൂണിഫോം നിർബന്ധമാക്കിക്കൊണ്ട് കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ ട്വീറ്റ് ശ്രദ്ധിച്ചാൽ ഇത് ബോധ്യമാകും. ‘We are in the works of creating a new Kerala – one defined by equity and sensitivity. To achieve this, our students should first be given access to education in a free environment, unhindered by the burden of society’s heteronormative expectations’ ഈ ട്വീറ്റിൽ ഹേട്രോനോർമെറ്റീവ് എടുത്തുകളയലാണ് പ്രധാന ഉദ്ദേശ്യം എന്ന് പറയുന്നു. അതാണ് പ്രശ്നവും. അല്ലാതെ ക്രോസ് ഡ്രസ്സിംഗിൻ്റെ കാര്യത്തിൽ മാത്രമല്ല.

ജെൻഡർ പൊളിറ്റിക്സ് പുതിയ ഭാഷ പോലും രൂപപ്പെടുത്തുകയാണ്. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ സ്ത്രീക്കും പുരുഷനും വ്യത്യസ്ത സർവനാമമാണ് ഉപയോഗിക്കുന്നത് (He/She). അത് തിരുത്തുകയാണ്. ഇംഗ്ലീഷ് ഭാഷയിലെ They എന്ന പദം ബഹുവചനമാണെങ്കിലും ആണിനും പെണ്ണിനും ഉപയോഗിക്കാനായി തീരുമാനിച്ചിരിക്കുന്നു. (‘Merriam-Webster adds non-binary pronoun ‘they’ to dictionary’ -Washington Post September 17-2017) 2017 മുതൽ അസോസിയേറ്റഡ് പ്രസ്സ് ഇതിന് അംഗീകാരം നൽകിയിരിക്കുന്നു.                 

എന്ത് കൊണ്ട് എൽ.ജി.ബി.ടി.ക്യൂ. ആക്ടിവിസം?

 എൽ.ജി.ബി.ടി.ക്യു. ആക്ടിവിസത്തിൻ്റെ അടി ത്തറയെന്താണെന്ന് പരിശോധിക്കാം. വേർതിരിക്കാൻ പാടില്ലാത്ത മൂന്ന് സംജ്ഞകളെ വേർതിരിക്കുകയും ഒരിക്കലും യോജിക്കാൻ പാടില്ലാത്ത മറ്റ് മൂന്ന് സംജ്ഞകളെ കൂട്ടിച്ചേർക്കുകയും ചെയ്തത് മുഖേനയാണ് എൽ. ജി. ബി. ടി. ക്യു. ആക്റ്റിവിസ്റ്റുകളുണ്ടാകുന്നത്. മതപരമായും പ്രകൃതിപരമായും ചേർന്നിരിക്കുന്ന മൂന്ന് സംജ്ഞതകളാണ് താഴെ പറയുന്നത്.

.ലൈംഗികത

.പുനരുൽപാദനം

.കല്യാണം, അല്ലെങ്കിൽ ധാർമ്മികത

ഇസ്‌ലാമിക വീക്ഷണത്തിൽ ലൈംഗികതയുടെ ലക്ഷ്യം മനുഷ്യൻ്റെ വൈകാരികദാഹം തിർക്കലും പ്രത്യുൽപാദനവുമാണ് . പാശ്ചാത്യരുടെ വീക്ഷണത്തിൽ കാമപൂർത്തീകരണം മാത്രമാണ് ലൈംഗികതയുടെ ലക്ഷ്യം. ഇസ്‌ലാമിക വീക്ഷണത്തിൽ പ്രത്യുൽപാ ദനമുണ്ടാകേണ്ടത് ലൈംഗികതയിലൂടെ യാണ്. ക്ലോണിംഗിലൂടെയോ മറ്റോ അല്ല. സന്താനങ്ങളെ ദത്തെടുക്കാനും പാടില്ല. ലൈംഗികതയും പ്രത്യുൽപാദനവും വിവാഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. പല രീതിയും ശൈലിയും വിവാഹത്തിനുണ്ടായേക്കാം. എന്നാലും സ്ത്രീയും പുരുഷനും സ്ഥിരമായ സാമൂഹിക കരാറിൻ്റെ അടിസ്ഥാനത്തിൽ ഒരുമിച്ചു ജീവിക്കേണ്ടവരാണെന്നത് ലോകജനത മുഴുവൻ അംഗീകരിച്ചതാണ്. ഇവ വേർതിരിച്ചതാണ് ആധുനിക ലോകം അഭിമുഖീകരിക്കുന്ന ധാർമ്മിക പ്രതിസന്ധികളുടെ ആധാരശില.

ഇതോടൊപ്പം ഒരിക്കലും ഒന്നിച്ചു ചേർക്കാൻ പാടില്ലാത്ത മൂന്ന് സംജ്ഞകളെ ഒന്നിച്ച് ചേർക്കുകയും ചെയ്‌തു.

. താൽപര്യം

.പ്രവർത്തി

. സ്വത്വം

അഥവാ, താൽപര്യമുള്ളത് മുഴുവനും പ്രവ ർത്തിക്കാവുന്നതാണെന്നും പ്രവർത്തിക്കുന്നത് മുഴുവനും ഒരു മനുഷ്യൻ്റെ സ്വത്വം നിർ ണ്ണയിക്കുന്നതാണെന്നും വന്നു. ആണിന് ആണിനോടോ പെണ്ണിന് പെണ്ണിനോടോ താൽപര്യം തോന്നുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞല്ലോ. അത് മാപ്പർഹിക്കാത്ത പാപമായി കാണേണ്ടതില്ല. അത്തരം താൽപര്യങ്ങളെ പ്രവർത്തിപഥത്തിലേക്ക് കൊണ്ടുവരുന്നത് തെറ്റാണ്. അതിലേറെ തെറ്റാണ് അത് മനുഷ്യനെന്ന തന്റെ സ്വത്വം നിർണ്ണയിക്കുന്നതാണെന്ന വാദം. അത്തരം ചിന്തകളെ നിയന്ത്രിക്കാതെയും പ്രകൃതി നിശ്ചയിച്ച മാർഗത്തിലൂടെയല്ലാതെയും തന്റെ കാമപൂർത്തീകരണം നടത്തുന്നതിനെ വിമ ർശിക്കേണ്ടത് തന്നെയാണ്. ഇത്തരം വൈകൃതങ്ങളിലൂടെ മനുഷ്യൻ്റെ സ്വത്വം വാദിച്ച് തുടങ്ങിയത് ഈ അടുത്ത കാലഘട്ടത്തിൽ മാത്രമാണ്.

പൊതുവെ ഇസ്‌ലാമിക നിയമസംഹിതകളുടെ അടിസ്ഥാനം അനുവദിനിയം എന്നതാണ്.(الأصل فى الأشياء الإباحة) എന്നാണ് പറയുക. എന്നാൽ, ലൈംഗിക വിഷയത്തിൽ ( الأصل فى الأبضاع التحريم)എന്നതാണ്. അഥവാ, അടിസ്ഥാനപരമായി ലൈംഗിക വിഷയത്തിൽ മുഴുവനും നിഷിദ്ധമാണ്. കേവലം അനുവദിച്ച മാർഗത്തിലൂടെ ഭാര്യയും ഭർത്താവും ബന്ധപ്പെടുന്നത് മാത്രമേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. 

എൽ.ജി.ബി.ടി.ക്യു. വാദത്തിന്റെ ചരിത്രപശ്ചാതലം

1960-കളിൽ വ്യാപിച്ച Sexual revolution-നെ തുടർന്നാണ് ഇത്തരത്തിലുള്ള ചിന്താഗതികൾ ലോകത്ത് പ്രചാരം നേടിയത്. 1929-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ls Sex Necessary? Or, Why You Feel the Way You Do’ എന്ന പുസ്തകത്തിലാണ് ആദ്യമായി Sexual revolution എന്ന പദം വരുന്നത്. 1929-ൽ സെക്ഷ്വൽ റെവല്യൂഷനുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയെങ്കിലും 1960-70കളിലാണ് അത് പാരമ്യതയിലെത്തിയത്. പ്രത്യുൽപാദനം നിയന്ത്രിക്കുക,  ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുക, വിവാഹേതര ലൈംഗിക ബന്ധം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണത് ആദ്യമായി ശബ്ദമുയർത്തിയത്. അതോട് ഇഴചേർന്ന് ലൈംഗിക സ്വാതന്ത്ര്യമെന്ന സങ്കല്പവും വ്യാപകമായി. അഥവാ, മനുഷ്യൻ അവന്റെ കാമപൂർത്തീകരണത്തിനായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സർവത്ര സ്വതന്ത്രനാണെന്നാണ് അത് മുന്നോട്ടു വെക്കുന്നത്. സർവമാന സാമൂഹിക നിയന്ത്രണങ്ങളും എടുത്ത് കളയണമെന്നുമാണ് സെക്സ് റവല്യൂഷൻ മുന്നോട്ടുവെക്കുന്നത്. ഇത്തരക്കാരെ കുറിച്ചാണ് ഖുർആനിൽ അല്ലാഹു പറയുന്നത്: ‘സ്വേച്ഛയെ ദൈവമാക്കി വെച്ചവനെ താങ്കൾ കണ്ടിട്ടുണ്ടോ? അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെ അവനെ ദുർമാർഗിയാക്കുകയും കാതിനും ഹൃദയത്തിനും മുദ്രചാർത്തുകയും ദൃഷ്ടിക്കുമേൽ ആരണമിടുകയും ചെയ്തിട്ടുണ്ട് ” (ജാസിയ:23). എൽ.ജി.ബി.ടി.ക്യു. നിലപാടിലേക്ക് ലോകം ചിന്തിച്ച് തുടങ്ങിയ‌ത് അപ്രകാരമാണ്.

ഭൗതികവാദം, മാർക്‌സിസം,  ലിബറലിസം തുടങ്ങി പല ചിന്താധാരകളും സെക്സ് റെവല്യൂഷന് വളമൊരുക്കിയിട്ടുണ്ടെങ്കിലും ഫ്രോയിഡിസമാണ് ലൈംഗികത മുഖ്യവിഷയമായി ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ചിന്താപ്രസ്ഥാനം. ഒരു വ്യക്തിയുടെ സന്തോഷത്തിന്റെയും വ്യക്തിത്വത്തിൻ്റെയും അടിസ്ഥാനം അവൻ്റെ ലൈംഗിക തൃഷ്ണയാണെന്നാണ് ഫ്രോയിഡിസം സിദ്ധാന്തിച്ചത്. കുഞ്ഞുങ്ങൾ പോലും ലൈംഗികതൃഷ്ണയുള്ളവരാണെന്നാണ് അവരുടെ വാദം.

1989-ൽ സ്വവർഗരതിക്കാരായ മാർഷൽ ക്രിക്ക്, ഹണ്ടർ മാഡ്‌സൺ എന്നിവർ സഹഗ്രന്ഥകാരന്മാരായി പ്രസിദ്ധീകരിച്ച ‘After the Ball: How America Will Conquer Its Fear and Hatred of Gays in the ’90s’ എന്ന ഗ്രന്ഥമാണ് സ്വവർഗരതിക്ക് വേണ്ടി ശക്തമായി വാദിച്ചത്. പ്രസ്തുത പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം ലോകത്ത് കാലങ്ങളായി നിലനിൽക്കുന്ന ചിന്താഗതിക്കെതിരെ നിർഭയത്വത്തോട് കൂടി പോരാടലാണെന്ന് വ്യക്തമായി പറയുന്നു.

ജെൻഡർ പൊളിറ്റിക്സിന്റെ വ്യാപനം

ഇന്നത്തെ സാഹചര്യത്തിൽ ജെൻഡർ പൊളിറ്റിക്സ് സങ്കീർണ്ണമായ വിഷയമാണ്. വികലാംഗർ പൂർണ്ണരല്ലെന്നും അവരുടെ പരിമിതികൾ ചികിത്സിച്ച് ഭേദമാക്കേണ്ടതാണെന്നും പറയുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതമാണ് ജെൻഡർ പൊളിറ്റിക്സിന്റെ ഹിഡൻ അജണ്ടകൾക്കെതിരെ  സംസാരിക്കുന്ന സന്ദർഭത്തിലുണ്ടാകുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഇത്ര ഗുരുതരമായിട്ടില്ലെ ങ്കിലും പാശ്ചാത്യ നാടുകളിൽ അക്ഷരാർഥത്തിൽ അങ്ങനെ തന്നെയായിരിക്കുന്നു. അതുകൊണ്ട് എൽ. ജി.ബി.ടി.ക്യു. ആക്ടിവിസം, ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ ഈക്വാലിറ്റി, ജെൻഡർ പൊളിറ്റിക്സ് തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഈ ആശയധാരക്കെതിരെ ശബ്ദിക്കുകയെന്നത് അത്ര ലളിതമല്ല. പക്ഷേ, മൗനം അവലംബിക്കുന്നത് പ്രശ്നമാണ്. ദാവൂദ് നബി(അ)യും ഈസാ നബി(അ)യും ബനൂ ഇസ്രാഈൽ സമൂഹത്തെ ശപിച്ചിരിക്കുന്നുവെന്നും ശാപത്തിന്റെ കാരണമായി ഖുർആൻ പറയുന്നത് തെറ്റ് കാണുന്ന സന്ദർഭത്തിൽ നിഷേധിച്ചിട്ടില്ലെന്നുമായിരുന്നു.  ‘ഇസ്രഈല്യരിൽ നിന്നു നിഷേധികളായിത്തീർന്നവർ ദാവൂദ് നബിയുടെയും ഈസബ്‌നു മർയമിന്റെയും നാക്കിലൂടെ അഭിശപ്തരായിരിക്കുന്നു. അവർ പാപങ്ങളനുവർത്തിക്കുകയും ധിക്കാരം കാട്ടുകയും ചെയ്തതിനാലാണത്. തങ്ങൾ ചെയ്തു കൊണ്ടിരുന്ന നിഷിദ്ധ കർമങ്ങൾ അവർ പരസ്പരം നിരോധിച്ചില്ല. അവരുടെ ചെയ്തികൾ എത്ര ഹീനം!'(മാഇദ:78,79).

എൽ.ജി.ബി.ടി.ക്യു. ആക്ടിവിസം ഇന്ത്യയിൽ വലിയ തരത്തിൽ പ്രചാരം നേടിയിട്ടില്ലെന്ന് സൂചിപ്പിച്ചല്ലോ. പക്ഷേ, സമീപഭാവിയിൽ തന്നെ പാശ്ചാത്യ ലോകത്തിന് സമാനമായ സാമൂഹികാന്തരീക്ഷം ഇന്ത്യയിലും സൃഷ്ടിക്കപ്പെടുമെന്നാണ് സാമൂഹിക അടിയൊഴുക്കുകൾ സൂചിപ്പിക്കുന്നത്. അതിന്റെ ആരംഭമെന്നോണമാണ് ഭരണഘടനയിലെ സെക്ഷൻ 377 എടുത്തു മാറ്റിയത്. ഭരണഘടനയിലെ സെക്ഷൻ 377 പറയുന്നത് ഇപ്രകാരമാണ്: ‘ഏതെങ്കിലും വ്യക്തിയുമായോ സ്ത്രീയുമായോ മൃഗ ങ്ങളുമായോ ആരെങ്കിലും പ്രകൃതി വിരുദ്ധ ബന്ധ ത്തിലേർപ്പെടുകയാണെങ്കിൽ (Order of Nature) ജീവപര്യന്തം തടവിന് വിധിക്കുകയോ അല്ലെങ്കിൽ പത്ത് വർഷത്തിലധികം ജയിൽവാസം വിധിക്കുകയോ അല്ലെങ്കിൽ പിഴ ചുമത്തുകയോ ചെയ്യാം’. ഇതാണ് 2016 സെപ്റ്റംബർ ആറാം തീയതി സുപ്രീംകോടതി എടുത്തുകളഞ്ഞ നിയമം. പക്ഷേ, വിധി വന്നിട്ടുണ്ടെങ്കിലും സമൂഹം പൂർണ്ണാർഥത്തിൽ വിധി ഉൾകൊള്ളാൻ തയ്യാറായിട്ടില്ല.അത്‌ ഏതെങ്കിലും പ്രത്യേക മതത്തിന്റെ സ്വാധീനമല്ല. നിയമത്തിൽ തന്നെ പറയുന്നത് ‘പ്രകൃതി വിരുദ്ധം’ എന്നായിരുന്നു. അഥവാ പ്രകൃതിക്കു വിരുദ്ധമായതിൻ്റെ പേരിലാണ് വിമർശിക്കപ്പെട്ടിരുന്നതെന്ന് സാരം. എന്നിരുന്നാലും മതത്തിനും ദാർമ്മികതക്കും അങ്ങേയറ്റം പ്രാധാന്യം നൽകുന്ന ഇന്ത്യയിലും കാറ്റ് മാറി വീശുന്നത് കാണാതിരുന്നുകൂടാ. ഇന്ത്യയിലെ പൊതുബോധം മാറുന്നതിന്റെ ഒരു ഉദാഹരണം പറയാം: സ്വവർഗരതി പ്രമേയമാക്കിയ ‘ഫയർ’ (1998) എന്ന സിനിമയും ‘ശുഭ മംഗൾ സ്യാദാ സാവധാൻ’ (2000) എന്ന സിനിമയും ആ കാലഘട്ടത്തിൽ ഇന്ത്യയിലുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല (Pride Month| Bollywood’s Queer Eye: How LGBTQ+ representation has evolved in cinema- Hindusthan Times. Jun 05-2021) എന്നാൽ, ഇന്ന് സ്വവർഗാനുരാഗം പ്രമേയമാക്കിയ നിരവധി സിനിമകൾ വരുന്നുണ്ട്. ഒരു സ്വാഭാവിക പ്രമേയമെന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു കാര്യങ്ങൾ. ഇപ്പോൾ മൃഗരതിയും ശവരതിയും ശിശുരതിയും ക്രമേണ സാധാരണയായിത്തീരുമെന്ന് പറഞ്ഞാൽ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. പക്ഷെ, കാര്യങ്ങൾ ഇതുപോലെ തുടരുകയാണെങ്കിൽ സമീപഭാവിയിൽ അപ്രകാരമായിത്തീരുമെന്നതിൽ സംശയമില്ല.

ജെൻഡർ പൊളിറ്റിക് ജനകീയ മാകുന്നതെങ്ങനെ?

സൈദ്ധാന്തികമായ ഇത്തരം വിഷയങ്ങൾ എങ്ങനെയാണ് പൊതുബോധത്തെ അതിശീഘ്രം സ്വാധീനിച്ചതെന്ന് സംശയിച്ചേക്കാം. ഒരു സിദ്ധാന്തം പ്രയോഗവൽക്കരിക്കപ്പെടാൻ  പല കാരണങ്ങൾ ഉണ്ടാവാം. അധികാരമാണ് പ്രധാനപ്പെട്ടത്. മാർക്‌സിസം ലോകത്ത് പ്രചരിച്ചത് അധികാരത്തിലൂടെയാണ്. എന്നാൽ, ചാൾസ് ടൈലർ A Secular Age’ എന്ന തൻ്റെ പുസ്തകത്തിൽ പറയുന്നത് ‘സോഷ്യൽ തിയറി’കൾ ‘സോഷ്യൽ ഇമേജിനറി’കൾ ആയതുകൊണ്ടാണ് സമൂഹത്തിൽ പെട്ടെന്ന് വ്യാപിക്കുന്നത്. സിദ്ധാന്തങ്ങളെക്കാൾ സമൂഹത്തിലെത്തുന്നത് ചിത്രങ്ങളും, കഥാപാത്രങ്ങളും, ചലച്ചിത്രങ്ങളും മറ്റുമാണ്. സിദ്ധാന്തങ്ങൾ ന്യൂനപക്ഷത്തെ ആകർഷിക്കുമ്പോൾ ഇമേജിനറികൾ വലിയ വിഭാഗത്തെ ആകർഷിക്കുന്നു.

ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് ;

ജീവിതത്തെകുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാട് memesis-ൽ നിന്നും poiesis -ലേക്ക് മാറിയെന്നത്. ഒന്നാമത്തേത് പ്രകാരം നമ്മൾ ആരാണ്, എങ്ങനെയാണ് ജീവിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം നിർണ്ണയിക്കപ്പെട്ടതാണ്. നമുക്കതിൽ മാറ്റം വരുത്താൻ സാധിക്കുകയില്ല. രണ്ടാമത്തേത് പ്രകാരം നമ്മുടെ ഭാഗധേയം നിർണ്ണയിക്കേണ്ടത് നമ്മൾ തന്നെയാണ്. ടെക്നോളജിയുടെ വികാസം മൂലം നമ്മുടെ ഭാഗധേയം നമ്മൾക്ക് തന്നെ നിർണ്ണയിക്കാം എന്ന സ്ഥിതിവന്നു. ആദ്യ കാലഘട്ടത്തിൽ കാർഷികവൃത്തി വിജയിക്കുന്നതിൽ മനുഷ്യന് കാര്യമായ പങ്കില്ലായിരുന്നു. മനുഷ്യൻ വിത്തിറക്കി കാത്തിരിക്കും. കാലാവസ്ഥ അനുകൂലമായാൽ നല്ല വിളവ് ലഭിക്കും. അല്ലെങ്കിൽ നഷ്ടമാകും. എന്നാൽ, സാങ്കേതികവിദ്യയുടെ പുരോഗതിയോടുകൂടി മനുഷ്യന് ഇടപെടാൻ പറ്റുന്ന മേഖലയായി അത് മാറി. രാസവളം ഉപയോഗിച്ചും ശാസ്ത്രീയമായ രീതിയിൽ ജലസേചന പദ്ധതികൾ ആവിഷ്‌കരിച്ചും മറ്റും കൃഷിയെ വിജയിപ്പിക്കാൻ മനുഷ്യന് സാധിച്ചു. ചികിത്സാരംഗത്തും തഥൈവ. മരണത്തിന് വിട്ടുകൊടുത്തിരുന്ന പല രോഗങ്ങളും ചികിത്സാരംഗത്തെ സാങ്കേതിക വികാസം മൂലം ഇല്ലാതായി. അങ്ങനെയാണ് അമരത്വത്തെക്കുറിച്ച് പോലും മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നത്. യുവാൽ നോവ ഹാരാരിയുടെ ‘ഹോമോ ദിയൂസ്’ എന്ന പുസ്തകത്തിൽ അത് പരാമർശിക്കുന്നുണ്ട്. ചുരുക്കത്തിൽ, മനുഷ്യൻ്റെ ഭാഗധേയം മനുഷ്യൻ തന്നെ നിർമ്മിക്കാൻ സാധിക്കുന്നതാണെന്ന അവസ്ഥ സംജാതമായി. ഇത്തരത്തിലുള്ള ചിന്തകൾ ഉഗ്രരൂപം പ്രാപിച്ചാണ് ജെൻഡർ പോലും മനുഷ്യൻ തീരുമാനിക്കുന്നതിനനുസരിച്ചാണ് എന്ന ചിന്ത വരുന്നത്. അഥവാ, ഏതെങ്കിലും ഒരു സംഭവവികാസത്തെ തുടർന്നോ ഏതെങ്കിലും വ്യക്തിയുടെ രചനയിൽ ആകൃഷ്ടരായോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്രം സ്വീകരിച്ചോ ഒന്നുമല്ല ഇത്തരത്തിലുള്ള ചിന്താധാര ഉണ്ടാവുന്നത്. അത് നൂറ്റാണ്ടുകളോളം നീണ്ടു നിൽക്കുന്ന സാമൂഹിക വ്യവഹാരങ്ങളുടെ ആകെത്തുകയായി ഉണ്ടാകുന്നതാണ്. മാർകിസം, ഫ്രോയിഡിസം പോലെയുള്ള പല സിദ്ധാന്തങ്ങളും ഇതിന് വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ജെൻഡർ ന്യൂട്രാലിറ്റിയെ എതിർക്കുന്നത് സുഖകരമല്ലെന്ന് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഭാഷ ഉപയോഗിക്കുന്നത് പോലും വിമർശനങ്ങളെ തടുക്കുന്ന തരത്തിലാണ്. phobia എന്ന പദത്തോട് ചേർത്താണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ട്രാൻസ്ഫോബിയ, ഹോമോഫോബിയ തുടങ്ങിയവ ഉദാഹരണം. യുക്തിസഹമല്ലാത്ത അസഹിഷ്ണുതയും ഭയവും വെച്ച് പുലർത്തുന്ന തിനെയാണ് ഫോബിയ എന്ന് പറയുന്നത്. ഇസ്‌ലാമോഫോബിയ പോലെ. അതേ പദമുപയോഗിച്ചാണ് ഇത്തരം വിമർശനങ്ങൾ എതിർക്കുന്നത്. ഇങ്ങനെയുള്ള പദപ്രയോഗ ങ്ങൾ മനഃപൂർവം തന്നെയാണ്. പാശ്ചാത്യ ലോകത്ത് ജെൻഡർ തിയറിക്കെതിരെ ശബ്ദിക്കുന്നവരെയൊക്കെ പുറത്താക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസിദ്ധ പ്രബോധകനായ ബിലാൽ ഫിലിപ്പിനോട് ജർമ്മനി വിടാൻ ആവശ്യപ്പെട്ടത് സ്വവർഗരതിക്കെതിരെ സംസാരിച്ചതിനാണ്. അമേരിക്കയിൽ മതസംഘടനകൾക്ക് ചില  വിഷയത്തിൽ നികുതി അടക്കേണ്ടതില്ല. പക്ഷേ, സ്വവർഗരതിക്കാരെ അനുകൂലിക്കാത്ത സംഘടനകൾക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് തടയണമെന്ന നിർദേശം മുന്നോട്ട് വെക്കപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ എൽ.ജി.ബി.ടി.ക്യു. നിലപാടിനോട് അനുകൂല സമീപനം സ്വീകരിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമല്ലെന്ന കാഴ്ചപ്പാട് അമേരിക്കയിലെ ചില മുസ്‌ലിംകൾ പുലർത്തുന്നുണ്ട്. (MPAC) മുസ്‌ലിം പബ്ലിക് അഫേഴ്‌സ് കൗൺസിൽ ഉദാഹരണം. (കൂടുതൽ വിശദീകരണങ്ങൾക്ക് മൊബിൻ വോയ്‌ഡ് എഴുതിയ ‘Where The Rainbow Ends: American Muslims And LGBT Activism’ എന്ന പഠന പ്രബന്ധം വായിക്കുക)             

ജെൻഡർ വാദങ്ങളിലെ ശരിയും തെറ്റും

ന്യൂനപക്ഷത്തിന് സവിശേഷമായ അവകാശം ചോദിച്ച് വാങ്ങുകയെന്നത് ലോകത്ത് എല്ലായിടത്തുമുള്ള പ്രതിഭാസമാണ്. അതിന്റെ ന്യായവും അന്യായവും ന്യൂനപക്ഷ രാഷ്ട്രീയം സജീവമായ ഇന്ത്യയിൽ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ചർച്ച ചെയ്യേണ്ടതില്ല. ഇസ്‌ലാമിക ചരിത്രത്തിൽ സൗരാഷ്ട്രമതക്കാർക്ക് സ്വന്തം കുടും ബത്തിൽപെട്ടവരെ വിവാഹം കഴിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. അത് അവരുടെ മതത്തിന്റെ ആചാരം എന്ന നിലക്ക് മുസ്ലിം ഭരണാധികാരികൾ അനുവദിച്ചു കൊടുത്തതാണ്. ഇതിന്റെ ചുവടുപിടിച്ചും സ്വവർഗരതിക്കാർക്ക് അവരുടെ സ്വാതന്ത്ര്യം വകവച്ച് നൽകണമെന്ന് പറയാറുണ്ട്. ഇതിന്റെ ഉത്തരം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയാണ്. സ്വാതന്ത്ര്യം എന്നത് ഒരു പൊള്ളയായ പദമാണ്. സമ്പൂർണ്ണ സ്വാതന്ത്ര്യം എവിടെയും കാണാൻ സാധിക്കില്ല. ഏത് ലിബറൽ സമൂഹത്തിലും സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. ഒരു ഭരണകൂടം മുതലാളിമാരുടെ സ്വാതന്ത്ര്യമാണോ സംരക്ഷിക്കേണ്ടത്  അതോ തൊഴിലാളിയുടെ സ്വാതന്ത്ര്യമാണോ സംരക്ഷിക്കേണ്ടത് എന്നിടത്ത് നിന്ന് സ്വാതന്ത്ര്യത്തിന്റെ പരിധിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നു പലരും ധരിക്കുന്നത് പോലെ സ്വാതന്ത്ര്യമെന്നത് സ്വയം പ്രഖ്യാപിത സത്യമല്ല. സമൂഹം നന്മക്ക് വേണ്ടി ചിലരുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് സ്വാഭാവികമാണ്. സ്വവർഗരതിക്കാർക്ക് അവരുടെ മുഴുവൻ സ്വാതന്ത്ര്യവും നൽകുകയാണെങ്കിൽ സമൂഹത്തിൽ അത് വലിയ വിപത്തായിരിക്കുമുണ്ടാക്കുക. അതു കൊണ്ട് അവർക്ക് നിരുപാധിക സ്വാതന്ത്ര്യമെന്നത് നടക്കുന്ന കാര്യമല്ല.

കേവലം പദങ്ങളുടെ അടിസ്ഥാനത്തിൽ ജെൻഡർ പൊളിറ്റിക്സിനെ വിമർശിക്കാൻ സാധിക്കുകയില്ല. ജെൻഡർ പൊളിറ്റിക്സിനെ ചിലരൊക്കെ പറയുന്നത് ജെൻഡർ ഈക്വാലിറ്റി അഥവാ ലിംഗസമത്വം എന്നാണ്. കേരളത്തിൽ ലിംഗസമത്വം എന്ന പദമാണ് സജീവമായി വരുന്നത്. ആണും പെണ്ണും തുല്യമായിരിക്കണമെന്നാണ് ജെൻഡർ ഇക്വാലിറ്റി പറയുന്നത്. ഈ തുല്യത നിർണയിക്കുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വിദ്യാഭ്യാസം, സാമൂഹികമായ സ്ഥാനമാനങ്ങൾ, വൈവാഹിക നിയമങ്ങളിലെ പരിരക്ഷ തുടങ്ങിയ കാര്യങ്ങളിലെല്ലാം തുല്യത അവകാശപ്പെടുന്നത് തെറ്റല്ല. എന്നാൽ ഒരേ രീതിയിലുള്ള വസ്ത്രം ധരിക്കുക, സ്ത്രീക്കും പുരുഷനും തീർത്തും വ്യതിരിക്തമാക്കേണ്ട ശൗചാലയങ്ങൾ പോലെയുള്ള പൊതുയിടങ്ങൾ ഓന്നാക്കി  മാറ്റുക, ആൺ – പെൺ വ്യത്യാസമില്ലാതെ ഹോസ്റ്റലുകളും ക്ലാസ് റൂമുകളും ഒന്നാക്കി മാറ്റുക തുടങ്ങിയ രീതിയിൽ തുല്യത അവകാശപ്പെടുന്നത് അങ്ങേയറ്റം അപകടകരമാണ്. അഭിപ്രായ ഭിന്നതയില്ലാത്ത വിഷയങ്ങളെയും ഒരുനിലക്കും അംഗീകരിക്കാൻ സാധിക്കാത്ത വിഷയങ്ങളെയും ഒരേ രീതിയിൽ ചർച്ച ചെയ്യുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും.

പെണ്ണിന് അവളുടെ സവിശേഷമായ വ്യക്തിത്വം അർഹിക്കുന്ന ആദരവോടുകൂടി പരിഗണിച്ച് നൽകണമെന്ന് വാദമുയർത്തിയാണ് ഫെമിനിസ്റ്റുകൾ കടന്നുവന്നത്. ഫെമിനിസ്റ്റ് ചിന്താഗതി മൂത്തതാണ് ജെൻഡർ ന്യൂട്രാലിറ്റി. ആരും സ്ത്രീയായി ജനിക്കുന്നില്ല. സ്ത്രീയായി മാറുകയാണ് എന്നതാണല്ലോ ജെൻഡർ പൊളിറ്റിക്സിന്റെ അടിസ്ഥാനം. എന്നാൽ, പെണ്ണിന്റെ സവിശേഷമായ വ്യക്തിത്വം പരിഗണിക്കുകയല്ല, മറിച്ച് അത് ആണിന്റെ വ്യക്തിത്വത്തിൽ ലയിപ്പിക്കുകയാണ് എന്നതാണ് വിരോധാഭാസം. ജെൻഡർ ന്യൂട്രാലിറ്റി ചർച്ചചെയ്യുന്ന സന്ദർഭത്തിൽ ആണിന്റെ രീതിയിലേക്ക് പെണ്ണ് മാറണം എന്നാണ് പറയുന്നത്. ആണിന്റെ വസ്ത്രം പെണ്ണ് ധരിക്കണം തുടങ്ങിയവ ഉദാഹരണം. ഒരിക്കലും പെണ്ണിന്റെ വസ്ത്രം ആൺ ധരിക്കണമെന്ന് എവിടെയും പറയുന്നില്ല. വളരെ അടിസ്ഥാനപരമായിട്ടുള്ള ഈ കാര്യം മനസ്സിലാക്കാൻ ജെൻഡർ ന്യൂട്രാലിറ്റി പ്രമോട്ട് ചെയ്യുന്ന സ്ത്രീകൾക്ക് സാധിക്കുന്നില്ല.

എന്നാൽ, ജെൻഡർ ന്യൂട്രാലിറ്റിയിലൂടെ പുരു ഷനെയും ശാക്തീകരിക്കുകയാണെന്ന് ചിലരൊക്കെ വാദിക്കാറുണ്ട്. കാരണം, ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ്. പുരുഷന്മാർ ആത്മഹത്യ ചെയ്യാനുള്ള കാരണം, അവരുടെ സമ്മർദങ്ങളാണ്. ജീവിത പ്രാരാബ്ധങ്ങളാണ്. ജെൻഡർ ന്യൂട്രാലിറ്റി പ്രചരിപ്പിക്കുന്നതിലൂടെ പുരുഷനൊരിക്കലും അത്തരം സമ്മർദങ്ങൾ അനുഭവിക്കേണ്ടവനല്ലെന്ന് അവനെ പഠിപ്പിക്കുന്നു. സ്ത്രീയും പുരുഷനും ഒരുപോലെ സമ്മർദങ്ങൾ അനുഭവിക്കേണ്ടവരാണ് എന്ന ധാരണ പൊതു സമൂഹത്തിൽ കൊണ്ടുവരുന്നു. ഇങ്ങനെയും വാദിക്കുന്നവരുണ്ടെന്ന് സാരം. സരളമായ വാദങ്ങളിലൂടെ സമൂഹത്തിൻ്റെ അടിത്തറ മാന്താനുള്ള ഒരുക്കങ്ങളാണ് ഇതിലൂടെ നടക്കുന്നത്.

എന്താണ് പരിഹാരങ്ങൾ?

സമൂഹത്തിൽ അതിശീഘ്രം വ്യാപിച്ചുകൊണ്ടിരിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റിയെ നിയന്ത്രിക്കാൻ ഒറ്റമൂലി ഒന്നുമില്ല. അതിനെ എതിർക്കാൻ മതത്തിന്റെ വിധിവിലക്കുകളെ മാത്രം ആശ്രയിക്കേണ്ടതില്ല. ഇന്ത്യൻ നിയമം ഇത് നിരോധിച്ചിരുന്നത് പ്രകൃതിവിരുദ്ധം എന്ന ലേബലിൽ ആയിരുന്നു. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു:

മതബോധം പരമാവധി പുതിയ തലമുറക്ക് നൽകണം. രക്ഷിതാക്കൾ മക്കളെ വളർത്തുന്നതിൽ അതീവ ജാഗ്രത പാലിക്കണം. സന്താന പരിപാലനവുമായി ബന്ധപ്പെട്ട് നബി(സ്വ) പറഞ്ഞു മുഴുവൻ കാര്യങ്ങളും അനുവർത്തിക്കണം. ‘പ്രായപൂർത്തിയായ മക്കളെ വിരിപ്പ് മാറ്റി കിടത്തണം ‘എന്നതുപോലെയുള്ള പ്രവാചക വചനങ്ങളുടെ പൊരുൾ ഈ കാലഘട്ടത്തിൽ കൂടുതൽ ബോധ്യപ്പെടുകയാണ്. ആൺകുട്ടികൾക്ക് ആൺകുട്ടികളുടെ വസ്ത്രവും പെൺകുട്ടികൾക്ക് പെൺകുട്ടികളുടെ വസ്ത്രവും വാങ്ങിക്കൊടുക്കണം. ക്രോസ് ഡ്രസ്സിംഗ് നടത്തുന്നത് പ്രത്യക്ഷത്തിൽ പ്രശ്നമായി തോന്നണമെന്നില്ല. പക്ഷേ, മനസ്സിനെ അറിയാതെ മാറ്റാൻ അത് കാരണമായിത്തീരുന്നതാണ്. ക്രോസ് ഡ്രസ്സിംഗ് ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് നബി (സ്വ) പറഞ്ഞത് ഇത്തരം പ്രവണതകളെ തടയാനുള്ള ആദ്യപടിയായിട്ടാണ് മനസ്സിലാക്കേണ്ടത്.

വാദങ്ങളുടെ മർമ്മം മനസ്സിലാക്കി മറുപടി പറയുക. എല്ലാവരും ഏകോപിച്ച കാര്യങ്ങൾ പറഞ്ഞ് അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് തിരിച്ചറിയുകയും അതിനനുസരിച്ച് മറുപടി പറയുകയും ചെയ്യുക.

മക്കളുടെ കൂട്ടുകെട്ട് നന്നായി ശ്രദ്ധിക്കുക. കൂട്ടുകെട്ടിലൂടെയാണ് ഇത്തരം വൃത്തികേടുകൾ കുട്ടികളിലേക്കെത്തുന്നത്. അവരോട് തുറന്നു പറയാനും അവരുടെ വികാരവിചാരങ്ങൾ പങ്കുവെക്കാനുള്ള ഒരു സുഹൃത്താണ് രക്ഷിതാവ് എന്ന ബോധം മക്കളിൽ വളർത്തുക. കേരളത്തിൽ കുറച്ചുമുമ്പ് രണ്ട് വിദ്യാർഥിനികളുടെ വിഷയത്തിൽ ഇത് കൂടുതൽ ബോധ്യം വന്നതാണ്.

ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ഇത്തരം വൃത്തികേടുകൾ പ്രചരിക്കുന്നത് തടയാൻ വലിയ പരിമിതി ഉണ്ടെന്നത് ശരിയാണ്. പക്ഷേ, യാതൊരു നിയന്ത്രണവും ഇല്ലാതിരിക്കുന്നത് വലിയ ദോഷം ചെയ്യും. സാധ്യമാകുന്ന രീതിയിലെല്ലാം ഇത് ശ്രദ്ധിക്കേണ്ടതാണ്. പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും മൊബൈൽ നൽകി ആനന്ദിപ്പിക്കുന്ന സ്വഭാവം മലയാളികൾ മാറ്റിയേ മതിയാവൂ. അവർക്ക് നൽകുന്ന കളിപ്പാട്ടങ്ങൾ പോലും തിരഞ്ഞെടുക്കുന്ന സന്ദർഭത്തിൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇങ്ങനെ പല രീതിയിൽ ആലോചിച്ചും പ്രവർത്തിച്ചും ഹെട്രോനോർമെറ്റിവ് സമൂഹത്തെ ക്വിയർനോർമെറ്റിവ് സമൂഹത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഒരു പരിധിവരെ നമുക്ക് തടയിടാൻ സാധിക്കും.