വിദ്യാഭ്യാസത്തെയും അതിന്റെ പ്രത്യുല്‍പാദനയിടങ്ങളെയും ലക്ഷ്യങ്ങളെയും സംബന്ധിച്ചുള്ള ആലോചനകളും വ്യവഹാരങ്ങളും യൂറോകേന്ദ്രിതമായി നിലകൊള്ളുന്ന ഘട്ടത്തില്‍ ഗൗരവതരമായ പ്രതിവ്യവഹാരങ്ങളും പുനരാഖ്യാനങ്ങളും നിര്‍മിക്കുന്നത് വളരെ ആവശ്യമാണ്. പടിഞ്ഞാറ് ഉല്പാദിപ്പിച്ച് കോളനിവല്‍കൃത ദേശങ്ങളില്‍ ബോധപൂര്‍വ്വം വിതരണം നടത്തിയ ഒരു ആശയമാണ് ആധുനികത. നിയതമായ നിര്‍വചനത്തിനു പോലും കഴിയാത്ത വിധം സങ്കീര്‍ണമായ ഒരു സംജ്ഞയായി അത് നിലകൊള്ളുന്നു. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പിറവികൊണ്ട ജ്ഞാനോദയ മുന്നേറ്റങ്ങളും നവോത്ഥാന ചിന്തകളും പരിശ്രമങ്ങളും കോളനിവല്‍ക്കരണ പ്രക്രിയകളിലൂടെ ദേശാന്തരഗമനം നടത്തി ഇരുപതാം നൂറ്റാണ്ടോടു കൂടെ ദിഗന്തങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അതായത് ആധുനികതയും കോളനിവല്‍ക്കരണവും തമ്മിലുള്ളത് പരസ്പരാശ്രിതത്വ ബന്ധമാണ്. യൂറോപ്യന്‍ പ്രബുദ്ധതയുടെ ഉല്പന്നമായ സാമൂഹ്യപരിവര്‍ത്തനം ആയിട്ടാണ് ഇന്നതു നിര്‍വചിക്കപ്പെടുന്നത്. ‘യുക്തിചിന്തയിലും ശാസ്ത്രീയതയിലും വസ്തുനിഷ്ഠതയിലും മതേതരത്വത്തിലുമൊക്കെ അടിസ്ഥാനപ്പെട്ട സാമൂഹ്യവികസനത്തെയാണ് ആധുനികത കൊണ്ടര്‍ഥമാക്കുന്നത്. കൊളോണിയലിസവും വ്യവസായവല്കരണവും ദേശരാഷ്ട്ര സങ്കല്പവും അതിന്റെ ഭാഗമായിരുന്നു.’ ( മലയാളപ്പച്ച volume 01: No.07)
മതകീയ വലയങ്ങളെ ഭേദിച്ച് അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം നേടി സയുക്തിക വിചാരമാതൃകയായി ജ്ഞാനോദയ ചിന്തയെ പാശ്ചാത്യ ചിന്തകര്‍ നോക്കികണ്ടു. ശാസ്ത്രം ഉല്പാദിപ്പിക്കുന്ന പൊതുതത്വങ്ങളാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്നും മതത്തിന്റെയും മിത്തുകളുടെയും അയുക്തികമായ ഉടയാട ഉരിയണമെന്നും അത് ഉദ്ഘോഷിക്കുന്നു. ‘ഇന്ന് ആധുനികതയെന്ന് വിളിക്കുന്നത് പാശ്ചാത്യ പ്രബുദ്ധതയുടെ സന്തതിയാണെന്നും അത് നവോത്ഥാനന്തര സമൂഹത്തിന്റെ സൃഷ്ടിയാണെന്നും’ പൗലോസ് മാര്‍ ഗ്രിഗോറിയസ് ഭാഷാപോഷിണിയില്‍ എഴുതിയ ‘പാശ്ചാത്യ പ്രബുദ്ധതയും ആധുനികോത്തരതയും’ എന്ന പ്രബന്ധത്തില്‍ നിരീക്ഷിക്കുന്നു.
യൂറോപ്യന്‍ പ്രബുദ്ധതയുടെ ഉല്പന്നമായി ആധുനികതയെ കാണുന്ന പാശ്ചാത്യന്‍ ചിന്തകര്‍ അതുകൊണ്ടുതന്നെ ആധുനികതയെ നിര്‍വചിക്കുന്നത് അയുക്തികവും അസംഗതവുമായ സര്‍വതിന്റെയും ആഴിയില്‍ നിന്നും മനുഷ്യനെ വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനങ്ങളുടെ നിയമമെന്നാണ്. ഇത് അനിവാര്യമായ ഒരു അപരനെ സൃഷ്ടിക്കുന്നുണ്ട്. യൂറോപ്യന്‍ ശക്തികളുടെ സാമ്രാജ്യത്വ അജണ്ട നടപ്പാക്കാന്‍ ഇത്തരമൊരു അപരനിര്‍മ്മിതി ബോധപൂര്‍വ്വം നിര്‍മിച്ച അവര്‍ ചെയ്തത്, ഇതിലൂടെ യൂറോപ്പിന് പുറത്തുള്ളതൊക്കെ ഇരുളടഞ്ഞ, സംസ്കാരശൂന്യരായ, യുക്തിരഹിതരായ, അജ്ഞരായ മനുഷ്യരാണ് എന്ന് എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കുകയാണ്. പടിഞ്ഞാറ് കേന്ദ്രിതമായ ഇത്തരം ആഖ്യാനങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ധാരാളം വിമര്‍ശനങ്ങളും പ്രതിവ്യവഹാരങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ കോളനിവല്‍കൃത പ്രദേശങ്ങളില്‍ പടിഞ്ഞാറിന്റെ മേല്‍ക്കോയ്മ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വേണ്ടവിധത്തിലുള്ള ശ്രദ്ധ അവക്ക് ലഭിക്കാതെ പോകുന്നു. പൗരസ്ത്യരുടെ സാംസ്കാരിക മണ്ഡലത്തെ ആപാദചൂഢം ഗ്രസിച്ച സാംസ്കാരിക ധൈഷണിക അധിനിവേശമായി അതിനെ കാണാം.
പടിഞ്ഞാറിന്റെ ഈ വിചാര മാതൃകയില്‍ നിന്നും രൂപമെടുത്ത വിദ്യാഭ്യാസ ആലോചനകളും ചിന്തകളും ഇന്നും നമുക്ക് ശ്രേഷ്ഠവും പരിഷ്കൃതവും ആയിത്തീരുന്നതിനുള്ള കാരണം ഈ അധീശത്വമാണ്. ആധുനിക അറിവന്വേഷണ മാര്‍ഗങ്ങളുടെ പരിമിതമായ വൃത്തത്തിനകത്തേക്ക് വിദ്യാഭ്യാസ ചിന്തയെ കൊണ്ടുവരുന്നത് അപ്രയോഗികവും അയുക്തികവുമാണ്. അതിനര്‍ഥം യൂറോപ്പ് സാധ്യമാക്കിയ എല്ലാ നവോത്ഥാന ശ്രമങ്ങളും തിരസ്കൃതവും വിമൃഷ്ടവുമാണെന്നല്ല. വ്യാവസായിക വിപ്ലവാനന്തരമുണ്ടായ സാമൂഹിക-സാമ്പത്തിക മുന്നേറ്റങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും യൂറോപ്പിന്റെ അധീശത്വ നടപടികളെ ചോദ്യം ചെയ്യുകയും, പാശ്ചാത്യ രീതികളെ അന്ധമായി അനുകരിക്കുകയും ഇതര സമൂഹങ്ങളെ പാശ്ചാത്യ മാതൃക അനുസരിച്ച് പുന:ക്രമീകരിക്കണം എന്നുള്ള ബൃഹത്താഖ്യാനങ്ങളെ പൊളിച്ചെഴുതുകയും അത്തരം വ്യവഹാരങ്ങള്‍ക്ക് പ്രതിവ്യവഹാരങ്ങള്‍ നിര്‍മിക്കുകയുമാണ് ആവശ്യം.
പ്രധാനമായും മതനിരാസത്തിലൂന്നിയുള്ളതാണ് പടിഞ്ഞാറ് പ്രദാനം ചെയ്യുന്ന ആധുനിക വിദ്യാഭ്യാസ ചിന്ത. ആധുനിക വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് എന്നറിയപ്പെടുന്ന ‘ജോണ്‍ ഡ്യൂയി’യുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ ലോകത്ത് ഏറെ സ്വാധീനമുണ്ടാക്കിയ ഒന്നാണ്. ഹെഗല്‍, മാര്‍ക്സ്, ഡാര്വിന് എന്നിവരാല്‍ സ്വാധീനിക്കപ്പെട്ടിരുന്ന ജോണ്‍ ഡ്യൂയിയുടെ നിരീക്ഷണം, ചരിത്രാതീത കാലം മുതലെ മനുഷ്യന് തന്റെ ഭയത്തില്‍ നിന്ന് മോചനം നേടാന്‍ കണ്ടെത്തിയ ഒരു ആശയം മാത്രമായിരുന്നു ദൈവമെന്നാണ്. സ്വന്തത്തെ രക്ഷിക്കാനായി ഒരു ‘അതിമാനുഷിക ഇന്‍ഷുറന്‍സ് പരിരക്ഷ’ എടുക്കുവാനുള്ള മനുഷ്യന്റെ ശ്രമം മാത്രമാണ് ദൈവവിശ്വാസമെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഈയൊരു തട്ടിപ്പില്‍ നിന്ന് മനുഷ്യനെ രക്ഷിച്ചെടുക്കാനുള്ള പരിഹാര മാര്‍ഗമായി ജോണ്‍ ഡ്യൂയി നിര്‍ദ്ദേശിക്കുന്നത് അവര്‍ക്ക് വ്യവസ്ഥാപിതമായ വിദ്യാഭ്യാസം നല്‍കുക എന്നതു മാത്രമാണ്. ഇത്തരം ദൈവനിരാസത്തിന്റെ വക്താക്കള്‍ നെയ്തെടുത്ത വിദ്യാഭ്യാസ പദ്ധതികളില്‍ ഭൗതികവാദത്തിലധിഷ്ഠിതമായ ചിന്തകള്‍ക്കു മാത്രമേ സ്ഥാനമുണ്ടായിരിക്കുകയുള്ളുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാല്‍ ഇത് കേവലം ജോണ്‍ ഡ്യൂയില്‍ തുടക്കം കുറിച്ച ഒന്നല്ല. വ്യാവസായിക വിപ്ലവാനന്തരം ഉടലെടുത്ത മധ്യവര്‍ഗ വിഭാഗത്തിന്റെ വളര്‍ച്ച വിദ്യാഭ്യാസത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. നാം ഇന്നു കാണുന്ന മാതൃകയിലുള്ള സ്കൂളുകള്‍ക്ക് തുടക്കം കുറിക്കുന്നത് ഈ കാലയളവിലാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഭൗതികവാദ ബുദ്ധിജീവികളുടെ മതനിഷേധത്തിലധിഷ്ഠിതമായ ദര്‍ശനങ്ങളുടെ സ്വാധീനം അന്നേ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവാനന്തരം ‘മതം’ എന്നത് വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നല്ലെന്നും മതേതരങ്ങളായ വിഷയങ്ങളാണ് സ്കൂളുകളില്‍ പഠിപ്പിക്കപ്പെടേണ്ടതുമെന്ന ധാരണ ശക്തമായി. ഇത് മതത്തെ വ്യവസ്ഥാപിത വിദ്യാഭ്യാസ പ്രക്രിയക്ക് പുറത്തു നിര്‍ത്താന്‍ കാരണമായി. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ മതേതരവല്‍ക്കരിക്കപ്പെടുകയും, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ ദേശീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു.
ആധുനിക വിദ്യാഭ്യാസ നയങ്ങളുടെയും ലക്ഷ്യങ്ങളുടെയും രീതികളുടെയും പരിമിതികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പല ചിന്തകരും സുദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസ നയങ്ങളെയും രീതികളെയും വിമര്‍ശനാത്മകമായി സമീപിക്കുകയും പടിഞ്ഞാറന്‍ ആധുനികതയിലൂന്നിയുള്ള സ്ത്രീവിദ്യാഭ്യാസ ആലോചനകളുടെ പരിമിതികളെയും അതുയര്‍ത്തുന്ന സാമൂഹിക പ്രത്യാഘാതങ്ങളെയും അതില്‍ ഒളിഞ്ഞിരിക്കുന്ന അധീശത്വ അജണ്ടകളെയും പഠനവിധേയമാക്കുന്ന ഒരു എളിയ അന്വേഷണമാണ് ഈ പഠനം. ഇസ്ലാം മുന്നോട്ട് വെക്കുന്ന ജ്ഞാന സമ്പാദന മാര്‍ഗവും അറിവിന്റെ പ്രത്യുല്പാദനക്ഷമതയും ഇടങ്ങളും സംവാദാത്മകമായി സമീപിക്കുകയും ചെയ്യുന്നു.
മേല്‍ നിര്‍വചിക്കപ്പെട്ട യൂറോകേന്ദ്രിത ആധുനികതയുടെ വിചാര മാതൃകയില്‍ നിന്നും വിദ്യാഭ്യാസ പ്രക്രിയയെ അഴിച്ചെടുക്കണമെന്നും രൂപപ്പെടുത്തണമെന്നുമുള്ള അധിനിവിഷ്ട സമൂഹത്തില്‍ വേരൂന്നിയിട്ടുള്ള ചിന്ത ധൈഷണിക അടിമത്വത്തെയും കീഴ്പ്പെടലിനെയുമാണ് അര്‍ഥമാക്കുന്നത്.
ആധുനിക വിദ്യാഭ്യാസത്തെ അതിന്റെ താത്വികാടിത്തറയില്‍ നിന്ന് തന്നെ പല ചിന്തകരും പ്രശ്നവല്‍ക്കരിച്ചിട്ടുണ്ട്. പടിഞ്ഞാറിന്റെ വാര്‍പ്പു മാതൃകയില്‍ നിര്‍മിതമായ വിദ്യാഭ്യാസ സംവിധാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ പ്രധാനിയാണ് സ്വാമി വിവേകാനന്ദന്. ആധുനിക വിദ്യാഭ്യാസത്തിന്റെ പരിമിതികളെക്കുറിച്ചും പരാജയത്തെക്കുറിച്ചും വിവേകാനന്ദന് പറയുന്നു: “എന്റെ വിദ്യാഭ്യാസ ആദര്‍ശം ഗുരുവുമായി നേരിട്ടുള്ള സമ്പര്‍ക്കമാണ്, ഗുരുഗ്രഹവാസം. ഗുരുവിന്റെ ജീവിതം കൂടാതെ വിദ്യാഭ്യാസം ഉണ്ടാവില്ല. നിങ്ങളുടെ സര്‍വകലാശാലകള്‍ എടുത്തു നോക്കുക. അവ പ്രവര്‍ത്തിച്ച അമ്പതു കൊല്ലങ്ങളില്‍ അവര്‍ എന്തു ചെയ്തിട്ടുണ്ട്? ഒരൊറ്റ പ്രതിഭാസമ്പന്നനെ പോലും അവര്‍ നിര്‍മിച്ചിട്ടില്ല. പ്രതിഭാശാലികള്‍ എത്രയും മറ്റു പലയിടത്തുമാണ് വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം വഴി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ എപ്പോള്‍ അനുഭാവവും ഹൃദയവിശാലതയും ഉള്ളവരാകുന്നുവോ, മതത്തിനും ജാതിക്കും അതീതമായി ചിന്തിക്കാന്‍ എപ്പോള്‍ പഠിക്കുന്നുവോ അപ്പോഴേ സാമാന്യ ജനസമ്മതിയോടുകൂടി കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയൂ. വിദ്യാഭ്യാസത്തിന്റെ പ്രചാരവും ജ്ഞാനത്തിന്റെ വികാസവും കൂടാതെ നാടിന് ഉന്നതി എങ്ങനെ ഉണ്ടാകും?” (മതാതീത ധര്‍മ്മവിചാരം ഒരു വികല കാഴ്ചപ്പാട് മാത്രമാണ്. അത് പിന്നീട് വിവരിക്കും).
പടിഞ്ഞാറ് കൊണ്ടുവന്ന സര്‍വതിനെയും കണ്ണടച്ച് വിമര്‍ശിക്കുന്ന തീവ്ര പാരമ്പര്യ വാദിയായിരുന്നില്ല വിവേകാനന്ദന്. മറിച്ച് പദാര്‍ത്ഥ കേന്ദ്രിതമായ ചിന്താധാരയെയാണ് അദ്ദേഹം പ്രശ്നവല്‍ക്കരിക്കുന്നത്. അദ്ദേഹം പറയുന്നു: “യൂറോപ്യന്മാരുടെ ബാഹ്യോത്സാഹം പ്രതിനിധാനം ചെയ്യുന്ന ഗ്രീക്കു മനസ്സും ഹിന്ദുവിന്റെ ആത്മീയതയും ഒത്തുചേര്‍ന്നാല്‍ അത് ഭാരതത്തിന് മാതൃകയായ ഒരു സമുദായമാകും എന്ന് ഞാന്‍ പറയും. ഭാരതത്തിന് യൂറോപ്പില്‍ നിന്നും ബാഹ്യശക്തിയുടെ വിജയം പഠിക്കാനുണ്ട്, യൂറോപ്പിനു ഭാരതത്തില്‍ നിന്നും ആന്തരപ്രകൃതിയുടെ ജയവും പഠിക്കാനുണ്ട്.” പാശ്ചാത്യരും പൗരസ്ത്യരും പരസ്പരം കൊണ്ടും കൊടുത്തും നിലനില്‍ക്കുന്ന സമന്വിത സമൂഹ വ്യവസ്ഥയെ അദ്ദേഹം സ്വപ്നം കണ്ടു.
വിദ്യാഭ്യാസ ചിന്തകളെ അടിസ്ഥാനപ്പെടുത്തി ധാരാളം ദര്‍ശനങ്ങള്‍ മുന്നോട്ടുവെച്ച തത്വ ചിന്തകനാണ് മഹാത്മാഗാന്ധി. അക്ഷരാഭ്യാസത്തിനപ്പുറം മനുഷ്യന്റെ ധാര്‍മ്മിക സാംസ്കാരിക വികാസത്തിന് ഊന്നല്‍ നല്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം. ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് അദ്ദേഹം പറയുന്നു: “പരിശുദ്ധമായ സ്വഭാവത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തതല്ലെങ്കില് കലാശാലയില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസം മുഴുവനും ശൂന്യമായി തീരും. സ്വഭാവം കല്ലും കുമ്മായവും കൊണ്ട് പടുത്തുയര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. സ്വന്തം കൈക്കൊണ്ടല്ലാതെ അതു പടുത്തുയര്‍ത്തുവാന്‍ പറ്റുകയില്ല. പ്രിന്സിപ്പാള്മാര്ക്കോ പ്രൊഫസര്‍മാര്‍ക്കോ പുസ്തകങ്ങളുടെ താളുകളില്‍ നിന്നോ നിങ്ങള്‍ക്കത് ചീന്തിത്തരുവാന്‍ കഴിയുകയില്ല.” വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “സാഹിത്യപരമായ അംശത്തേക്കാള്‍ സാംസ്കാരികം എന്നതിനാണ് ഞാന്‍ വിദ്യാഭ്യാസത്തില്‍ അധികപ്രാധാന്യം കാണുന്നത്. സംസ്കാരമാണ് കുട്ടികള്‍ക്ക് സ്കൂളില്‍ പ്രാഥമികമായും അടിസ്ഥാനപരമായും കിട്ടേïത്. നിങ്ങള്‍ വിദ്യാലയത്തിന്റെ സന്തതികള്‍ ആണെന്ന് ഏതൊരാള്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കത്തക്ക വിധം നിങ്ങളുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും ഏറ്റവും ചെറിയ വിശദാംശങ്ങളില്‍ നിങ്ങളുടെ ഇരിപ്പ്, നടപ്പ്, വേഷം മുതലായവയില്‍ പോലും ആ സംസ്കാരം പ്രകടമാവണം. നിങ്ങളുടെ വാക്കുകളിലും സന്ദര്‍ശകരോടും അതിഥികളോടുമുള്ള പെരുമാറ്റത്തിലും നിങ്ങള്‍ തമ്മില്‍ തമ്മിലും അധ്യാപകരോടും കാരണവന്മാരോടും പെരുമാറുന്നതിലും നിങ്ങളുടെ ആഭ്യന്തര സംസ്കാരം നിഴലിച്ച് കാണണം.”
അതായത്, കേവല അക്ഷരസാഹിത്യ അഭ്യസനത്തേക്കാള് പ്രധാനമായത്, ഓരോ വിദ്യാര്‍ത്ഥിയിലും ആന്തരികവല്കൃതമാവേണ്ട ധാര്‍മ്മിക മൂല്യങ്ങളും ജീവിതസാഹചര്യങ്ങളോട് ഏറ്റുമുട്ടാന്‍ പര്യപ്തമാകുന്ന വിദ്യാഭ്യാസവുമാണ്. ഇന്ന് നാം കാണുന്ന വിദ്യാഭ്യാസ പ്രക്രിയ നിരവധി ഘട്ടങ്ങളിലൂടെ പരിണമിച്ച് രൂപാന്തരീകരിച്ചതാണ്. കാലിക-സ്ഥലിക വൈവിധ്യങ്ങള്‍ അതിന്റെ ഘടനയിലും ലക്ഷ്യങ്ങളിലും കാണാം. ഉദാഹരണത്തിന്, പുരാതനകാലത്ത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ദിനേനയുള്ള ഭക്ഷണം കണ്ടെത്തുക, തനിക്കും കുടുംബത്തിനും വേണ്ട പാര്‍പ്പിടം തയ്യാറാക്കുക, ശരീരം മറക്കാന്‍ ഉതകുന്ന രീതിയില്‍ വസ്ത്രം കണ്ടെത്തി തയ്യാറാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു പ്രധാന പാഠ്യവിഷയങ്ങള്‍. പിന്നീട് മനുഷ്യര്‍ നാഗരിക വളര്‍ച്ച പ്രാപിച്ചപ്പോള്‍ ആവശ്യങ്ങളും കൂടി വന്നു. ഈ ആവശ്യങ്ങളെ നിറവേറ്റാനുള്ള മാധ്യമങ്ങളും വ്യത്യസ്തമായി. സമൂഹങ്ങള്‍ കൂടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന സംഘട്ടനങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള നീതിന്യായ വ്യവസ്ഥയും സൈനിക പരിശീലനവും പഠിക്കേണ്ടതായി വന്നു.
ഇങ്ങനെ നോക്കുമ്പോള്‍ മനുഷ്യോല്പത്തി മുതല്‍ മനുഷ്യന് അവന്റെ സാമൂഹിക വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വിദ്യാഭ്യാസത്തിന്റെ ശൈലികളിലും ആവശ്യങ്ങളിലും മാറ്റം വരുത്തേണ്ടി വരും. എന്നാല്‍ മൗലികമായി അത്, മനുഷ്യന് തന്റെ ജീവിതത്തിലെ കടമകളും ലക്ഷ്യങ്ങളും തിരിച്ചറിയലും പരമമായ സത്യങ്ങളെ അറിയലും ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോട് ഏറ്റുമുട്ടി അതിജീവനം നടത്താന്‍ സ്വയം പ്രാപ്തനാകലുമാണ്. ഇവിടെ ശാരീരികമായ അതിജീവനം പോലെയോ അതിനേക്കാള്‍ പ്രധാനമായോ ആവശ്യമായതാണ് ആത്മീയമായ അതിജീവനം. ധാര്‍മ്മിക ബോധം നല്കുന്ന, മനുഷ്യര്‍ പരസ്പരം നിര്‍വഹിക്കേണ്ട സദാചാര മര്യാദകള്‍ പകര്‍ന്നു നല്കുന്ന, മനുഷ്യജീവിയെ പൂര്‍ണ്ണ സാംസ്കാരിക നാഗരിക ജീവിയാക്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് ഇതിന് ആവശ്യം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിദ്യയുടെ വ്യത്യസ്ത ആലയങ്ങളില്‍ നിന്നായി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ ലക്ഷ്യത്തെ സാധൂകരിക്കുന്ന മേഖലകളില്‍ വിഹരിക്കുമ്പോഴും തൊഴിലിന്റെ യഥാര്‍ഥ ധര്‍മ്മത്തെ വിസ്മരിക്കുന്നതും നീതിപൂര്‍വമല്ലാതെ വര്ത്തിക്കുന്നതിനുമുള്ള കാരണം ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ്.
ധാര്‍മ്മിക വിദ്യാഭ്യാസത്തിനു മാത്രമാണ് വ്യക്തിയുടെ സ്വഭാവത്തെ വിമലീകരിച്ച് ആത്മസംസ്കരണം സാധ്യമാക്കാനാവുക. അടിസ്ഥാനപരമായി ഈ ആത്മ സംസ്കരണ പ്രക്രിയ മതങ്ങള്‍ക്ക് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. മതനിരപേക്ഷ നൈതിക വിചാരം എന്നത് മിഥ്യയാണ്. മതേതരമായ ധര്‍മ്മവിചാരങ്ങളും മൂല്യ ചിന്തകളും എല്ലായിപ്പോഴും മതാനുരൂപമാണ്. കാലന്തരങ്ങളില്‍ മനുഷ്യര്‍ അനുശീലിച്ച് പോന്ന മതമൂല്യങ്ങളെ സ്വാഭാവികമായി സ്വാംശീകരിച്ചാണ് മതേതരദര്‍ശനങ്ങള്‍ എത്തിക്സിനെ രൂപപ്പെടുത്തിയത്. മതമുക്തമായ ധര്‍മ്മനീതി എന്ന് അവകാശപ്പെടുന്ന മതനിരപേക്ഷ ധര്‍മ്മനീതി ചിന്താധാരകള്‍ എല്ലാ ധര്‍മ്മ വിചിന്തനങ്ങളും പ്രവര്‍ത്തനങ്ങളും പ്രകൃത്യാ മതസമീപനങ്ങളോ അതല്ലെങ്കില്‍ മതാനുരൂപമായതോ ആണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് എന്ന് ‘അലിജാ അലി ഇസ്സത് ബെഗോവിച്’ തന്റെ ‘Islam between East and West’ എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ആധുനിക അറിവന്വേഷണ രീതിശാസ്ത്രത്തില്‍ ഇത്തരം ധാര്‍മ്മിക ജ്ഞാന വ്യവഹാരങ്ങള്‍ക്ക് ഒരു ഇടവും നല്‍കുന്നില്ല. പ്രശസ്ത അനുഭവൈകവാദി(empiricist)യായിരുന്ന ഡേവിഡ് ഹ്യൂം (1711 – 1776) പ്രപഞ്ചത്തിന്റെ സംവിധാന ക്രമത്തില്‍ ദൈവത്തിന്റെ കരങ്ങള്‍ ദര്‍ശിക്കാനാവുമെന്ന മതങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്നു. സദാചാരത്തിന് പ്രകൃതിദത്തമായ യാതൊരു അടിത്തറയുമില്ലെന്നും ഏതെങ്കിലും ധാര്‍മ്മിക-ദാര്‍ശനിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സദാചാരത്തെ വിലയിരുത്തുക അസാധ്യമാണെന്നും അത് സാധ്യമാകുന്നത് അനുഭവജ്ഞാനങ്ങളിലൂടെ മാത്രമാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ഉത്തരാധുനിക തത്വശാസ്ത്രത്തില്‍ ഇതിന് ധാരാളം വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, നേരത്തെ ഈ ചിന്തയില്‍ രൂപപ്പെട്ട വിദ്യാഭ്യാസ ചിന്തകളെ അത്തരം വിമര്‍ശനങ്ങള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്ത്രീ വിദ്യാഭ്യാസം, ഇസ്ലാം
ഒന്നാമതായി, വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും അത് പ്രത്യുല്പാദനം നടത്തുന്നതില്‍ നിന്നും ഏതെങ്കിലും ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തുന്ന ജാതീയ വ്യവസ്ഥ പോലുള്ള ബഹിഷ്കരണ സ്ഥാപനങ്ങള്‍ ഇസ്ലാമിലില്ല. ഇസ്ലാമിക് ശരീഅയുടെ ഒന്നാം പ്രമാണവും ഏറ്റവും പവിത്രത കല്‍പ്പിക്കപ്പെടുന്ന ഗ്രന്ഥവുമായ വിശുദ്ധ ഖുര്‍ആന്‍ മുസ്ലിമായ ശുദ്ധിയുള്ള ആര്‍ക്കും ഓതാനും പഠിക്കാനും പറ്റും. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ഏതു മണ്ഡലവും ആര്‍ക്കും പ്രാപ്യമാണ്. വൈജ്ഞാനിക പ്രബുദ്ധതയുടെ ഉന്നത സ്ഥാനങ്ങള്‍ കീഴടക്കിയ മഹിളാരത്നങ്ങളാല്‍ പ്രഫുല്ലമാണ് ഇസ്ലാമിക ചരിത്രം. അവരില്‍ തന്നെ വിദ്യാപ്രഭ ചൊരിഞ്ഞ പണ്ഡിതകളും ഗ്രന്ഥകാരികളും അക്കാദമിക്സും സാഹിത്യകാരികളും വിദ്യാഭ്യാസ സ്ഥാപനമേധാവികളുമൊക്കെ കാണാം. അതതു കാലങ്ങളില്‍ മനുഷ്യര്‍ക്കാവശ്യമായ അറിവുകള്‍ അവര്‍ അഭ്യസിച്ചിരുന്നു. പക്ഷേ വളരെ കണിശവും കൃത്യവും മനുഷ്യ പുരോഗതിക്ക് അനുകൂലവുമാകുന്ന അഭ്യസന രീതിയായിരുന്നു അവര്‍ അവലംബിച്ചിരുന്നത്. നബി(സ്വ)യുടെ കാലത്ത് സ്ത്രീകള്‍ ഇങ്ങോട്ട് വന്നും നബി (സ്വ) അങ്ങോട്ട് പോയും സ്ത്രീ വിദ്യാഭ്യാസം നടന്നിരുന്നതിന് ധാരാളം ഹദീസുകള്‍ കാണാം. ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്, ആഇശ (റ) പറയുന്നു: “മതപഠനം നടത്തുന്നതില്‍ ലജ്ജ തടസ്സമാവാത്ത അന്‍സാരി സ്ത്രീകള്‍ എത്ര ഉത്തമരാണ്.” സ്ത്രീകളുടെ ആവശ്യപ്രകാരം ഒരു സ്ത്രീയുടെ വീട്ടില്‍ സ്ഥലം നിശ്ചയിച്ച് പ്രത്യേക സ്ത്രീ പഠനക്ലാസ് നബി (സ്വ) നടത്തിയതായും ഹദീസുകളില്‍ വന്നിട്ടുണ്ട്. ഈ പ്രവാചക മാതൃക നബി(സ്വ)യുടെ കാലശേഷവും തുടര്‍ന്നുപോന്നു. അങ്ങനെ ലോകപ്രശസ്ത പണ്ഡിത വനിതകള്‍ ഉണ്ടായി. സ്വഹാബത്തിന്റെ കാലത്തും ഇമാം ശാഫി (റ) മുതല്‍ ഇമാം സുബികി (റ), സുയൂത്വി (റ), ഇബ്നു ഹജര്‍ (റ) തുടങ്ങിയ പില്ക്കാല പണ്ഡിതന്മാര്ക്കും പണ്ഡിത വനിതകളായ ഗുരുശ്രേഷ്ഠര്‍ ഉണ്ടായിരുന്നുവെന്നത് ചരിത്രത്തില്‍ സുവിദിതമാണല്ലോ.
ഉമ്മുല്‍ മുഅമിനീന്‍ ആഇശ(റ)യില്‍ നിന്ന് മാത്രം 299 സ്വഹാബീ, താബിഈ പണ്ഡിതന്മാര് വിജ്ഞാനം നുകര്‍ന്നിട്ടുണ്ട്. അതില്‍ 67 പേര് സ്ത്രീകളായിരുന്നു. പ്രമുഖ പണ്ഡിതയും വൈദ്യശാസ്ത്ര നിപുണയുമായിരുന്ന ശിഫാ ബിന്ത് അബ്ദുല്ലാഹി (റ) ആയിരുന്നു പ്രവാചക പത്നി ഹഫ്സ(റ)ക്ക് എഴുത്ത് പഠിപ്പിച്ചത്. നബി (സ്വ) മഹതിക്ക് മദീനയില്‍ ഒരു പ്രത്യേക വീട് അനുവദിച്ചു കൊടുത്തിരുന്നു. ആ വീട് സ്ത്രീകളുടെ വൈജ്ഞാനിക ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു. യുദ്ധവേളകളില്‍ മുറിവേറ്റവര്‍ക്ക് ചികിത്സിക്കാനും സ്വഹാബിയത്തായ ഈ വനിത ഡോക്ടര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. പെണ്‍കുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ട ജാഹിലിയ കാലഘട്ടത്തില്‍ നിന്നാണ് സ്ത്രീകള്‍ ഈ വൈജ്ഞാനിക വിപ്ലവം തീര്‍ത്ത് പരിവര്‍ത്തിതരായത് എന്നു മനസ്സിലാക്കണം.
ലോകത്ത് ഏറ്റവും പുരാതന സര്‍വകലാശാലകളില്‍ ഒന്നും വൈദ്യശാസ്ത്ര പഠനത്തില്‍ ബിരുദം നല്കുന്ന ആദ്യ യൂണിവേഴ്സിറ്റി എന്നും അറിയപ്പെടുന്ന മൊറോക്കയിലെ ഫാസ് പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന അല്‍ ഖുറവൈന് യൂണിവേഴ്സിറ്റിയുടെ സ്ഥാപക, ഫാത്വിമ ബിൻത് മുഹമ്മദ് അൽ ഫിഹ്റി അൽ ഖുറശി ആയിരുന്നു. എ. ഡി. 859 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്.
ഇസ്ലാമിലെ ഏറ്റവും പവിത്ര ഗ്രന്ഥമായ ഖുര്‍ആനിന് വ്യാഖ്യാനം എഴുതിയ പണ്ഡിതകള്‍ പോലും സ്ത്രീകളില്‍ ഉണ്ടായി. പ്രശസ്ത മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ആലങ്കീറിന്റെ പുത്രി സൈബുന്നിസാഅ് രചന നടത്തിയ സൈബുത്തഫാസീര്, ഖുര്‍ആന്‍ പഠന മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള പണ്ഡിത വനിത നടത്തിയ വൈജ്ഞാനിക സംഭാവനയാണ്. മറ്റിതര വിജ്ഞാന മേഖലകളിലും മഹത് സംഭാവനകള്‍ നടത്തിയ മുസ്ലിം പണ്ഡിത വനിതകള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ധാരാളം കാണാം. കേരളത്തില്‍ തന്നെയും മദ്രസ സംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് ഇവിടെ വ്യാപകമായി നടന്നിരുന്ന ഓത്തുപള്ളികളില്‍ പെണ്‍കുട്ടികള്‍ക്ക് സ്ത്രീകള്‍ തന്നെയായിരുന്നു അധ്യാപികമാര്‍. മൊല്ലാച്ചിമാര്‍ എന്നായിരുന്നു അവര്‍ വിളിക്കപ്പെടാറ്. പിന്നീട് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പള്ളിക്കൂടങ്ങളില്‍ പടിഞ്ഞാറിന്റെ ചിന്താ വൈകല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ലിംഗസമത്വ നയത്തിലൂന്നിയുള്ള മിക്സഡ് സ്കൂളുകള്‍ നിലവില്‍ വരികയും അവിടങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് പഠിക്കുന്ന മിക്സഡ് ക്ലാസ് മുറികള്‍ വ്യാപകമാവുകയും ചെയ്തു. ഇസ്ലാമിക പ്രമാണങ്ങളുമായി യാതൊരു വിധത്തിലും യോജിച്ചു പോവാത്ത ഇത്തരം ഘട്ടങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. സ്വാഭാവികമായും മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസ മേഖലയില്‍ പിന്നോട്ടു പോയി. ഇത്തരം ഘട്ടങ്ങളെ തരണം ചെയ്യാനും മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പൂര്ണ്ണമതകീയ ചുറ്റുപാടില്‍ വിദ്യ അഭ്യസിക്കാനുമുള്ള ഇടങ്ങള്‍ സ്ഥാപിക്കപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നു. സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി പറവണ്ണ മുഹിയിദ്ദീന്‍ കുട്ടി മുസ്ലിയാര് പെണ്‍കുട്ടികള്‍ക്ക് മാത്രമായി സംവിധാനിച്ച മദ്രസത്തുല്‍ ബനാത്തിന് സമസ്താ അംഗീകാരം (രജിസ്റ്റര്‍ നമ്പര്‍-രണ്ട് ) നല്കി. കുറച്ചുകാലങ്ങള്‍ക്ക് ശേഷമാണെങ്കിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഉന്നത പഠനം നടത്താന്‍ പര്യപ്തമായ വിദ്യാപീഠങ്ങളും നമ്മുടെ നാട്ടില്‍ വ്യാപകമായി.
പെണ്ണിന് അവളുടെ ഇടങ്ങളില്‍ ഏറ്റവും ക്രിയാത്മകമായ വിദ്യാഭ്യാസം നല്‍കുക എന്നതാണ് മുസ്ലിം പണ്ഡിതന്മാര് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. എല്ലാ ഡിസിപ്ലിനുകളും എല്ലാവരും പഠിക്കുക എന്ന അശാസ്ത്രീയ കാഴ്ചപ്പാട് ഉലമാക്കള്ക്കില്ല. അതിലൂടെ സംഭവിക്കുന്നത് സമയ-ഊര്‍ജ്ജ നഷ്ടവും അനാവശ്യമായ ധന വിനിയോഗവുമാണ്. അതായത് പ്രത്യുല്പന്നപരമല്ലാത്ത വിജ്ഞാനം നേടുന്നത് വ്യര്‍ഥമാണ് എന്നര്‍ഥം. സ്ത്രീയുടെ വ്യവഹാര ഇടങ്ങളായ, സമൂഹത്തിന്റെ അടിസ്ഥാനശിലയായ കുടുംബം എന്ന സ്ഥാപനം ഏറ്റവും സക്രിയമായ രീതിയില്‍ നിലനില്ക്കണമെങ്കില് അത്തരം ജ്ഞാനാര്ജനപ്രക്രിയയില് അവര്‍ വ്യാപൃതരാവണം. പ്രശസ്ത അറബി കവി ഹാഫിള് ഇബ്രാഹിം പറയുന്നു: “സമൂഹത്തിന്റെ ആദ്യപാഠശാല ഉമ്മയാണ്. ആ പാഠശാല ശരിയായ രൂപത്തില്‍ നീ സംവിധാനിച്ചാല്‍ കുലീന പാരമ്പര്യമുള്ള തലമുറയെ അതിലൂടെ വാര്‍ത്തെടുക്കാന്‍ കഴിയും.”
ആധുനികപാഠശാലകള് സമൂഹത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് മഹാത്മ ഗാന്ധിയെ പോലുള്ള പലരും ആകുലപ്പെട്ടിട്ടുണ്ട്. (അ)രാഷ്ട്രീയ അക്രമങ്ങളുടെയും ലൈംഗിക അരാജകത്വങ്ങളുടെയും കേന്ദ്രങ്ങളായി വളര്‍ന്നുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ രാജ്യത്തിന്റെ തന്നെ തകര്‍ച്ചക്കാണ് വഴിയൊരുക്കുന്നത്. ഉദാര ലൈംഗിക വീക്ഷണവും പരക്ഷേമകാംക്ഷയില്ലാത്ത വ്യക്തി സ്വതന്ത്ര കാഴ്ചപ്പാടും കലാലയ മുദ്രകളായി മാറുന്നു. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം കൃത്യമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ആണ് അവനെ വഴി നടത്തുന്നത്.
ജൈവികമായി സ്ത്രീയും പുരുഷനും തുല്യരല്ല. ഇരുവര്‍ക്കും വ്യത്യസ്ത ബാധ്യതകള്‍ സമൂഹത്തില്‍ നിറവേറ്റാന്‍ ഉണ്ട്. അതിന് അനുയോജ്യമായ വിദ്യാഭ്യാസ പ്രക്രിയയും ആവശ്യമാണ്. സ്ത്രീകള്‍ക്ക് വിദ്യ അഭ്യസിക്കുന്നതില്‍ നിന്ന് യാതൊരു വിലക്കും ഇസ്ലാം ഏര്‍പ്പെടുത്താത്തത് പോലെ ഏറ്റവും അനുയോജ്യമായ രൂപത്തില്‍ ജ്ഞാനാര്‍ജനം നടത്താനും ഇസ്ലാം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അന്യോന്യം കണ്ടുപഠിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിനെ കുറിച്ച് പണ്ഡിതന്മാര് പറയുന്നു: ആണിനും പെണ്ണിനും അധ്യാപകരായി ഉണ്ടാവേണ്ടത് ഒന്നുകില്‍ യോഗ്യരായ മഹ്റമുകളോ അല്ലെങ്കില്‍ സ്വവര്‍ഗത്തില്‍ പെട്ടവരോ ആണ്. ഇവരുടെ അഭാവത്തില്‍ നിര്‍ബന്ധമായും മതത്തില്‍ പഠിക്കേണ്ട വാജിബ് ഐനിയ്യായ (വ്യക്തി നിര്‍ബന്ധ ബാധ്യത) കാര്യങ്ങളിലും ഒരാളില്‍ നിക്ഷിപ്തമാവുന്ന (തഅയ്യുന്) സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ വാജിബ് കിഫാഇയ്യായ (സാമൂഹ്യ നിര്‍ബന്ധ ബാധ്യത) കാര്യങ്ങളിലും മാത്രമാണ് പരസ്പരം കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസം അനുവദനീയമാവുക. അതുതന്നെ മറയുടെ പിന്നില്‍ ആവുന്നതിന് പ്രയാസം നേരിടുന്ന പക്ഷം മാത്രം. എന്നാല്‍ ഫര്‍ള് കിഫായയും സുന്നത്തും ഇതില്‍പെടുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരും ഉണ്ട്. ചുരുക്കത്തില്‍, ഫര്‍ള് ഐനോ ഫര്‍ള് കിഫായയോ സുന്നത്തോ അല്ലാത്ത വിഷയങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളും അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ പരസ്പരവും കണ്ടുകൊണ്ട് മിക്സഡ് ക്ലാസ് മുറികളില്‍ ഇരുന്ന് പഠനം നടത്തുന്ന നമ്മുടെ നാടുകളില്‍ സാര്‍വത്രികമായ കലാലയ പഠനങ്ങള്‍ക്ക് ശര്‍ഇയ്യായ സാധൂകരണം കണ്ടെത്തല്‍ പ്രയാസമാണ്. മേല്പറഞ്ഞ എല്ലാ നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ വീടുവിട്ട് പുറത്തുപോയി പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്. പൂര്‍ണ്ണമായും ശര്‍ഇയ്യായ വസ്ത്രധാരണം പാലിക്കുക, സുഗന്ധം പൂശി ആകര്‍ഷണീയ വസ്ത്രങ്ങള്‍ ധരിച്ച് പുറപ്പെടാതിരിക്കുക, സ്ത്രീപുരുഷ സങ്കലനം ഒഴിവാക്കുക, തനിച്ച് യാത്ര പോകുന്ന അവസരങ്ങള്‍ ഇല്ലാതിരിക്കുക, ഇതിനെല്ലാമുപരി ഒരു നിലക്കുമുള്ള ഫിത്ന (അനാശാസ്യം) പ്രതീക്ഷിക്കുന്ന സാഹചര്യം ഇല്ലാതിരിക്കുക. അതായത് വിദ്യാഭ്യാസം ലക്ഷ്യത്തെ സാധൂകരിക്കണമെന്നര്ഥം.
സ്ത്രീയും കരിയറും; ചില ലിബറല്‍ ആകുലതകള്‍
സമൂഹത്തിന്റെ അടിസ്ഥാനശിലകള്‍ തന്നെ ഇളക്കുന്ന തരത്തിലാണ് ഉത്തരാധുനിക തത്വചിന്തകര്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടിട്ടുള്ളത്. പ്രശസ്ത ഫ്രഞ്ച് തത്വചിന്തകന്‍ ‘മിഷേല്‍ ഫൂക്കോ’യുടെ ഇടപെടലുകള്‍ ഇവയില്‍ പരാമര്‍ശമര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ മാഡ്നസ് ആന്റ് സിവിലൈസേഷന്, ആര്‍ക്കിയോളജി ഓഫ് നോളിജ്, ഓര്‍ഡര്‍ ഓഫ് തിങ്ങ്സ് തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെയാണ് ഇത്തരം ആശയങ്ങള്‍ വെളിച്ചം കണ്ടത്. പോസ്റ്റ്മോഡേണ്‍ ചിന്തയുടെ അടിസ്ഥാനമായി വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ചിന്തയെ ഇങ്ങനെ സംഗ്രഹിക്കാം; ഒരു പ്രത്യേക സിസ്റ്റത്തിനകത്ത് സംഗതമാകുന്ന ഡിസ്കോസാണ് അറിവിനെ നിര്‍മിച്ചെടുക്കുന്നത്. അധികാര കേന്ദ്രങ്ങളാണ് ഇവയുടെ സ്രോതസ്സ്. അങ്ങനെ നോക്കുമ്പോള്‍ ലിംഗം (gender) ഒരു സിസ്റ്റത്തിനകത്ത് മാത്രം സംഗതമാകുന്ന ഒന്നാണ്. ജൈവിക ഘടനയല്ലെന്നര്ഥം. ബ്രിട്ടീഷ് തത്വചിന്തകന്‍ ബര്‍ട്രന്റ് റസലും സമാന ആശയം മുന്നോട്ട് വെക്കുന്നു. അമേരിക്കന്‍ ചിന്തകയും ലിംഗ ദാര്‍ശനികയുമായ ജൂഡിത് ബട്ലറും ഈ മേഖലയില്‍ കാര്യമായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. ഫെഡറിക് നിഷെയുടെ കൃതികളുടെ പുനര്‍വായനകള്‍ ആണ് പ്രധാനമായും ഇത്തരം ചിന്തകള്‍.
മാര്‍ക്സ്, നീഷെ, ഹെഗല്‍ എന്നിവരാല്‍ പ്രചോദിതയായ ഫ്രഞ്ച് ഫെമിനിസ്റ്റ് സിമോണ്‍ ഡി ബിവോറാണ് ആധുനിക ഫെമിനിസത്തിന് ശക്തമായ ദാര്‍ശനിക അടിത്തറ പാകിയ മറ്റൊരു ഫിലോസഫര്‍. ‘ആരും സ്ത്രീയായി ജനിക്കുന്നില്ല, സാമൂഹ്യ സാഹചര്യങ്ങള്‍ അവളെ സ്ത്രീയാക്കി മാറ്റുകയാണ്’ എന്ന പ്രശസ്ത വാക്യം ഇവരുടേതാണ്. സ്ത്രീയുടെ ജീവശാസ്ത്രഘടന തന്നെ ഒരു അംഗവൈകല്യമാണെന്നും ലൈംഗിക പ്രക്രിയയില്‍ അവള് കേവലം ഒരു ഇര മാത്രമാണെന്നും അതിനാല്‍ തന്നെ വിവാഹം, പ്രസവം, മുലയൂട്ടല്‍ തുടങ്ങി സമൂഹം സ്ത്രീയ്ക്ക് കല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് സ്ത്രീ യഥാര്‍ഥത്തില്‍ ചെയ്യേണ്ടതെന്നും ഇവര്‍ തന്റെ ഗ്രന്ഥങ്ങളില്‍ സമര്‍ഥിക്കുന്നു. ഇവരുടെ ചിന്തകള്‍ സ്വതന്ത്ര ലൈംഗികതയില്‍ സ്ത്രീയ്ക്ക് തത്വശാസ്ത്രപരമായ ചട്ടക്കൂട് നിര്‍മ്മിച്ചു നല്കി. ധാര്‍മ്മിക രംഗത്തെ മതത്തിന്റെ നിയമങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നായി റസ്സലിന്റെയും സിമോണിന്റെയും സംഭാവനകളെ യുക്തിവാദികള്‍ മനസ്സിലാക്കി.
പടിഞ്ഞാറ് മുന്നോട്ടുവെക്കുന്ന ഈ ഉദാര ലൈംഗിക വീക്ഷണങ്ങള്‍ സമൂഹത്തില്‍ ലൈംഗിക അരാജകത്വവും വലിയ തോതിലുള്ള സാമൂഹിക പ്രശ്നങ്ങളും തീര്‍ക്കും എന്നത് അവിതര്ക്കസത്യമാണ്. എതിര് ലിംഗങ്ങളില്‍ പെട്ട ആളുകളോടുള്ള അപരവിദ്വേഷം കൂടിയാണ് ഇത്തരം ചിന്തകള്‍ പ്രദാനം ചെയ്യുന്നത്. മനുഷ്യ വികാരങ്ങളില്‍ പെട്ട ഒരു തീവ്രവികാരമാണ് ലൈംഗികാസക്തി. അവയെ ഏറ്റവും നല്ല/അനുവദനീയ നിലയില്‍ മാത്രം ശമിപ്പിക്കുകയും അല്ലാത്ത ഘട്ടങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം പാലിക്കുകയുമാണ് വേണ്ടത്. അതിനുപകരം സാമൂഹിക സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളെ തന്നെ പൊളിച്ച്, തീര്‍ത്തും അപകടകരമായ ചിന്തകളെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നവരുടെ ജീവിത പശ്ചാത്തലങ്ങളും ഇത്തരം അധാര്‍മ്മികതകളെ ശരിവെക്കുന്ന രൂപത്തിലുള്ളവയാണ്. പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരി കമലാ സുരയ്യ പറയുന്നു: “പാശ്ചാത്യര്‍ കാണുന്നതുപോലെയല്ല വനിതാ വിമോചനത്തെ ഞാന്‍ കാണുന്നത്. പാശ്ചാത്യ ഫെമിനിസത്തില്‍ ഉള്ളത് പുരുഷ വിരോധമാണ്. ഭര്‍ത്താവിനെയും ആണ്മക്കളെയും സ്നേഹിക്കുന്ന എനിക്ക് പുരുഷന്മാരെ വെറുക്കാന്‍ സാധ്യമല്ല. പുരുഷന്റെ സാമീപ്യത്തില്‍ നിന്ന് വളരെ സന്തോഷം അനുഭവിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും ഫെമിനിസ്റ്റല്ല. സ്ത്രീക്ക് എന്നും പുരുഷന്റെ സ്നേഹവും സംരക്ഷണവും ആവശ്യമുണ്ട്. അച്ഛനായി, സഹോദരനായി, കാമുകനായി, ഭര്‍ത്താവായി, മകനായി സ്ത്രീക്ക് എന്നും പുരുഷനെ ആവശ്യമുണ്ട്. പുരുഷനോട് ചേരുമ്പോള്‍ മാത്രമേ സ്ത്രീ സ്ത്രീയാവുന്നുള്ളൂ. അവര്‍ക്ക് പൂര്‍ണ്ണത കൈവരുന്നുള്ളൂ. ഇപ്പോഴത്തെ ഫെമിനിസ്റ്റുകളുടെ പുരുഷ വിദ്വേഷം എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. പുരുഷന്റെ സ്നേഹവും സംരക്ഷണവും നല്കുന്ന സുരക്ഷിതത്വം സ്ത്രീക്ക് കൂടിയേ തീരൂ. പുരുഷന്റെ സാന്നിധ്യത്തിലാണ് സ്ത്രീ പൂത്തുലയുന്നത്. സ്ത്രീ ജന്മനാ പരാതിക്കാരിയാണ്. ഫെമിനിസ്റ്റിന്റെ മന:ശാസ്ത്രമാണ് അത്. അവള്‍ക്ക് മാറ്റാനാവില്ല. സ്വര്‍ഗത്തില്‍ കൊണ്ടുപോയി മാലാഖമാരുടെ സംഗീതം കേള്‍പ്പിച്ചാലും അരോചകം എന്ന് അവള് പറയും. സ്ത്രീക്ക് എന്തിനാ ഈ സ്വാതന്ത്ര്യം? ഒരു ഭര്‍ത്താവിനെ സ്നേഹിക്കുന്ന സ്ത്രീക്ക് അദ്ദേഹത്തിനെ അനുസരിച്ച് വീട്ടില്‍ ഇരിക്കണം എന്നേ മോഹമുണ്ടാവുള്ളൂ. പര്‍ദ്ദ ഇടണം, അദ്ദേഹം പറഞ്ഞാല്‍ പര്‍ദ്ദയിടാന്‍ തോന്നും. യഥാര്‍ഥ സ്ത്രീത്വം പറയുമ്പം അതൊരു കീഴടങ്ങല്‍ മാതിരിയാ. നമുക്ക് വേണ്ടപ്പെട്ട ആള്‍ക്ക് വേണ്ടികീഴടങ്ങുക. എല്ലാം അനുസരിക്കുക, ആ പ്രേമത്തിലുള്ള മന:ശാന്തി വേറെ കിട്ട്വോ? നിഷേധിയായിട്ട് നടന്നാല്‍ അത് കിട്ടാന്‍ സാധിക്കോ? നമ്മളെ സ്നേഹിക്കാനൊരാള്ണ്ട്. സംരക്ഷിക്കാനൊരാള്ണ്ട്. എങ്കില്‍ എല്ലാം അടിയറ വെക്കാം. എന്നാലേ യഥാര്‍ഥ സ്ത്രീയാവൂ. സ്വതന്ത്ര്യംന്ന് പറഞ്ഞാ ഭര്‍ത്താവ് പറയുന്നത് കേക്കാണ്ട് വേറെ വല്ലോരിടീം പിന്നാലെ പോകല്‍ ഒന്നുമല്ല സ്വാതന്ത്ര്യം. അത് ദുഃസ്വാതന്ത്യം. യഥാര്‍ത്ഥ മുസ്ലിം മതവിശ്വാസം ഉള്ള ഒരു കുടുംബത്തില്‍ സ്ത്രീക്ക് സന്തോഷമാണ്. ഭര്‍ത്താവ് പറയുന്നത് അനുസരിച്ച് കഴിഞ്ഞാല്‍ മതി. സ്നേഹം കൊണ്ടാട്ടോ ഈ അനുസരണ.”
മനുഷ്യജീവിതത്തിന്റെ സമഗ്ര തലങ്ങളിലും ഇടപെടുന്ന ഒരു ദര്‍ശനം എന്ന നിലയില്‍ സ്ത്രീയുടെ തൊഴിലിടങ്ങളെ (workplace) കുറിച്ചും ഇസ്ലാമിന് വ്യക്തമായ ധാരണയുണ്ട്. സ്ത്രീയുടെ ശാരീരിക മാനസിക പ്രകൃതിക്ക് അനുയോജ്യമായ കടമകളും ഉത്തരവാദിത്വങ്ങളുമാണ് അവര്‍ക്ക് ഇസ്ലാം നല്‍കിയിട്ടുള്ളത്. ആ ബാധ്യതകളെ നിറവേറ്റാതെ പൊതുയിടങ്ങളിലേക്ക് സ്ത്രീകളെ ആനയിക്കപ്പെടലും പുരുഷ ബന്ധനങ്ങളില്‍ നിന്ന് മുക്തയാകലുമാണ് പുരോഗമനം എന്ന് വിശ്വസിക്കുന്ന വലിയൊരു സമൂഹം നമ്മുടെ ചുറ്റിലും രൂപപ്പെടുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ പകരം ഒരു സുസ്ഥിര സാമൂഹിക പദ്ധതി രൂപപ്പെടുത്താന്‍ അവര്‍ക്ക് ഇന്നുവരെ കഴിഞ്ഞതുമില്ല. ഇത്തരം ലിബറല്‍ പൊതുബോധത്തിന്റെ ഇരകളായ, സ്ത്രീ പൊതുരംഗപ്രവേശനത്തെ പ്രോത്സാഹിപ്പിക്കുകയും പൊതുവേദികളില്‍ നിരുപാധികം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായ സ്ത്രീകളെ, സ്ത്രീകള്‍ക്ക് മാത്രമായി ഇസ്ലാമിക അന്തരീക്ഷത്തില്‍ നാം സംവിധാനിച്ച സ്ഥാപനങ്ങളിലും ചടങ്ങുകളിലും കൊണ്ടുവരുന്നത് അവര്‍ക്ക് തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്.
ഇസ്ലാമില്‍ ഒരു സ്ത്രീ മകള്‍, ഭാര്യ, മാതാവ് തുടങ്ങിയ ഏതവസ്ഥകളിലും സുരക്ഷിതയാണ്. അവരുടെ പൂര്‍ണ്ണ ചിലവ് പുരുഷന്റെ മേല്‍ ബാധ്യതയാണ്. എന്നാല്‍ പോലും വീടിനു പുറത്തുപോകുമ്പോള്‍ പാലിക്കേണ്ട ഇസ്ലാമിക കര്‍മ്മശാസ്ത്രം നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്, ഭര്‍ത്താവിന്റെ സമ്മതപ്രകാരം ഒരു സ്ത്രീക്ക് ജോലി ചെയ്യുന്നതില്‍ തടസ്സമില്ല. അങ്ങനെ ജോലി ചെയ്യുകയാണെങ്കില്‍ പോലും കുടുംബം നോക്കേണ്ട ബാധ്യത സ്ത്രീയുടെ മേല്‍ വരുന്നില്ല. കുടുംബം പുലര്‍ത്താന്‍ സാമ്പത്തികശേഷിയില്ലാത്ത ഭര്‍ത്താവിനെ ഇഅ്സാര് കാരണത്താല്‍ ഖാസി ഫസ്ഖ് ചെയ്തു കൊടുക്കുന്നതിനു മുമ്പായി ഭര്‍ത്താവിന് ഖാസി നല്കുന്ന മുഹല്ലത്തിന്റെ (സാവകാശം നല്കല്) കാലയളവില്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ തന്നെ ജോലിക്ക് പോകാമെന്ന് കര്‍മ്മശാസ്ത്രം പറയുന്നു. ഇവിടെയും സ്ത്രീക്ക് അവരുടെ ശാരീരിക മാനസിക സ്ഥിതിക്ക് അനുയോജ്യമായ ജോലിയില്‍ ഏര്‍പ്പെടുന്നതാണ് അഭികാമ്യം. കൃഷി, തയ്യല്‍, നൂല്നൂല്ക്കല്, ഡാറ്റാ എന്‍ട്രി തുടങ്ങിയ ജോലികള്‍ അവരുടെ സാഹചര്യത്തിനനുസരിച്ച് ചെയ്യാന്‍ പറ്റുന്നവയാണ്. അധ്യാപനം പോലുള്ള മറ്റു ഇതര ജോലികളും ചെയ്യാവുന്നതാണ്. പക്ഷേ നമ്മുടെ നാടുകളില്‍ തൊഴിലിടങ്ങള്‍ പലപ്പോഴും സ്ത്രീ-പുരുഷ സങ്കലന സാധ്യതയുള്ള സ്ഥലങ്ങളാണ്. അനാശാസ്യ സാധ്യതകളും വളരെ കൂടുതലാണ്. ഇത്തരം തൊഴിലിടങ്ങള്‍ കുടുംബ വ്യവസ്ഥയെ സാരമായി ബാധിക്കുന്നതും കാണാം. ഇസ്ലാം ഇത്തരം തൊഴിലിടങ്ങളില്‍ സ്ത്രീ വ്യാപൃതയാകുന്നത് കണിശമായി വിലക്കുന്നുണ്ട്.
സ്ത്രീ അടുക്കള വിട്ട് തൊഴിലിടങ്ങളില്‍ എത്തിയാലേ വിമോചിതയാവൂ എന്ന ലിബറല്‍ ആഖ്യാനങ്ങള്ക്കൊപ്പിച്ചുള്ള പുരോഗമനം അല്ല തൊഴിലടങ്ങളെ കൊണ്ട് നാം അര്‍ഥമാക്കുന്നത്. മറിച്ച്, സ്ത്രീ അവളുടെ സമയങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുക എന്ന നിലക്കാണ്. അതുതന്നെ കുടുംബം എന്ന സ്ഥാപനത്തിലെ ഏറ്റവും അനിവാര്യമായ സന്താന പരിപാലനം, ഗൃഹപരിപാലനം തുടങ്ങിയ മസ്ലഹത്തുകള്‍ നിര്‍വഹിച്ചതിന് ശേഷമാണ് വേണ്ടത്. കാരണം, സന്താനപരിപാലനം പുരുഷന്മാരുടെ മാനസിക പ്രകൃതിക്ക് ഇണങ്ങാത്തതായതുകൊണ്ട് ആ നന്മക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള തൊഴില്‍ സ്ത്രീക്ക് അഭികാമ്യമല്ല. സ്ത്രീ തൊഴിലടങ്ങളിലേക്ക് എത്തിയാല്‍ പുരോഗമനം സാധ്യമായി എന്നത് പുരോഗമനത്തെ കുറിച്ചുള്ള അജ്ഞതയാണ് വിളിച്ചോതുന്നത്. സ്ത്രീയും പുരുഷനും അവരവരുടെ ഇടങ്ങള്‍ തിരിച്ചറിയുകയും ബാധ്യതകള്‍ നിറവേറ്റുകയും പരസ്പരം ചേര്‍ന്ന് ഉത്തമ സാമൂഹിക നിര്‍മിതിക്ക് അവരുടേതായ പങ്കുവഹിക്കുകയും ചെയ്യുകയാണ് വേണ്ടത്.

