ആധുനിക ശാസ്ത്രത്തിന്റെ സകല പുരോഗതിയുടെയും വക്താക്കൾ പാശ്ചാത്യരാണെന്ന് നാം തീറെഴുതുകയാണ്. അതു ശരിയല്ല. ലോകത്തു തന്നെ ശാസ്ത്രത്തിലും വൈജ്ഞാനിക പുരോഗതിയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് കാതലായത് മുസ്‌ലിം സമൂഹത്തിന്റെ കാൽചുവടുകളാണ്. പാശ്ചാത്യർക്ക് വൈജ്ഞാനിക മൂല്യത്തിന്റെയും ശാസ്ത്രീയ കൗതുക ലോകത്തിന്റെയും മായാജാലങ്ങൾ തുറന്നു കൊടുത്തത് മുസ്‌ലിം പണ്ഡിതരാണ്. ഇന്ന് അവരുടേതായി അവകാശപ്പെടുന്ന പലതിന്റെയും യഥാർത്ഥ ഉപജ്ഞാതാക്കളും മുസ്‌ലിംകളാണ്. നമ്മളിൽ നിന്നാണ് ശാസ്ത്ര-വൈജ്ഞാനിക മേഖലയിലെ ബാലപാഠങ്ങൾ അവർ പഠിച്ചെടുത്തതെന്ന് നാം വിസ്മരിച്ചുകൂടാ…

മുസ്‌ലിം വിജ്ഞാനീയങ്ങളുടെ ഗതകാല ചരിത്രം പ്രൗഢമാണ്. ആധുനിക ഭൂമികയിലെ മിക്ക ശാസ്ത്രശാഖകളുടെയും അടിവേരുകൾ ചെന്നെത്തുന്നത് മുസ്‌ലിം പ്രതിഭകളിലേക്കാണ്. കഴിഞ്ഞ സുവർണ്ണ കാലങ്ങളിൽ പ്രത്യേകിച്ചും ഹിജ്റ രണ്ടാം നൂറ്റാണ്ടു മുതൽ മുസ്‌ലിം സമൂഹം വൈജ്ഞാനിക പ്രയാണങ്ങളിൽ അതുല്യ നേട്ടങ്ങൾ കൊയ്തവരാണ്. ലോകത്തിന് ദിശാ നിർണ്ണയം നടത്തിയ അവരെ പുരോഗതിയുടെ ഉത്തുംഗതയിൽ എത്തിച്ച രാജ്യങ്ങളാണ് സ്പെയിൻ, ബഗ്ദാദ്, ബസ്വറ, കൂഫ, ഡമസ്കസ്, ബുഖാറ, സമർഖണ്ഡ്, തുർക്കിസ്ഥാൻ തുടങ്ങിയവ. മതപരവും ശാസ്ത്രീയവുമായ ഒട്ടനേകം വിജ്ഞാനശാഖകൾ ഇവിടെ ജന്മം കൊണ്ട് ലോകമെങ്ങും പടർന്നു പന്തലിച്ചു.

മുസ്‌ലിം സംസ്കാരത്തിന്റെ ചിഹ്നങ്ങളും നാടിന്റെ അഭിമാന താരങ്ങളുമായി പ്രോജ്ജ്വലിച്ചു നിന്ന പണ്ഡിതന്മാർക്കു വേണ്ട ഏർപ്പാടുകൾ ചെയ്തു കൊടുക്കാൻ അന്നത്തെ ഭരണാധികാരികൾ വിമുഖത കാണിച്ചിരുന്നില്ല. ഗ്രന്ഥങ്ങളുടെ കൈയ്യെഴുത്ത് പ്രതികൾ അതിന്റെ തൂക്കത്തിന് സ്വർണ്ണം പ്രതിഫലം നൽകി സ്വന്തമാക്കാൻ ആവേശം കാണിച്ച ഹാറൂൺ അൽ റഷീദ് വിജ്ഞാനദാഹികളായ ഒരു പുതു സമൂഹത്തിന് തണലേകുകയായിരുന്നു.

ഹിജ്റ രണ്ടാം നൂറ്റാണ്ടു മുതൽ സ്പെയിനിൽ മത-ഭൗതിക വിജ്ഞാനീയങ്ങൾ പൂത്തുലയുകയായിരുന്നു. വൈകാതെ പ്രശസ്തരായ നൂറുകണക്കിന് പണ്ഡിത പ്രതിഭകളും ശാസ്ത്രീയ ഗവേഷകരും ഇവിടെ ജന്മം കൊണ്ടു. ഭരണാധിപന്മാർ അവർക്ക് സർവ്വ പിന്തുണയും പ്രോത്സാഹനവും നൽകുകയായിരുന്നു. സ്പെയിനിൽ എ. ഡി 710 മുതൽ 1492 വരെ നീണ്ട എട്ടു ശതാബ്ദ കാലത്തെ ഇസ്‌ലാമിക ഭരണം മുസ്‌ലിം ചരിത്രത്തിൽ കാതലായ പുരോഗതികളുണ്ടാക്കി. വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിനു മുമ്പിൽ സമർപ്പിച്ചത് ഇക്കാലത്താണ്.

എ. ഡി എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ സ്പെയിൻ മുഴുവൻ മുസ്‌ലിം ഭരണത്തിനു കീഴിലായിരുന്നു. അക്കാലത്ത് നിരവധി ക്രിസ്ത്യാനികൾ ഇസ്‌ലാമാശ്ലേഷിച്ചിരുന്നു. വിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ അഗ്രേസരരായ പണ്ഡിതന്മാർ സ്പെയിനിൽ വളർന്നു വന്നിരുന്നു. ബഗ്ദാദ്, ബസ്വറ, ഡമസ്കസ് തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ഗ്രാനഡയും കോർഡോവയും മാറ്റിയെടുക്കാനായി അമവി ഭരണാധികാരികൾ പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. പഠന കേന്ദ്രങ്ങളും, ആശുപത്രികളും, നിരീക്ഷണാലയങ്ങളും, ഗ്രന്ഥശാലകളും, ലബോറട്ടറികളും സ്ഥാപിച്ചു. വിദ്യാർത്ഥികൾക്ക് ഭരണകർത്താക്കൾ വലിയ പിന്തുണയേകി. വൈകാതെ തന്നെ ഫലങ്ങൾ കണ്ടു തുടങ്ങി. അക്കാലത്ത് തന്നെ ഗോള-ഗണിത-വൈദ്യ ശാസ്ത്രങ്ങളിലും രസതന്ത്രത്തിലും നിരവധി ഗ്രന്ഥങ്ങൾ വിരചിതമായി. മഹത്തായ വൈജ്ഞാനിക പുരോഗതി സ്പെയിനിനെ യൂറോപ്പിന്റെ ആകർഷണ ബിന്ദുവാക്കി മാറ്റി. അക്കാലത്ത് പല പാശ്ചാത്യരും സ്പെയിനിലെ കലാശാലകളിൽ വന്നു പഠിച്ചിരുന്നു.

ഇസ്‌ലാം വൈജ്ഞാനികമായി പുരോഗതിയുടെ ഉത്തുംഗതയിലെത്തുകയും മുസ്‌ലിം പണ്ഡിതർ ശാസ്ത്രീയഗവേഷണങ്ങളിൽ നിമഗ്നരാവുകയും ചെയ്തിരുന്നപ്പോൾ ഇന്നത്തെ ശാസ്ത്ര കുത്തകക്കാരായ യൂറോപ്യർ ദീർഘ സുഷുപ്തിയിലായിരുന്നു. അവരുടെ ചർച്ച് മേധാവികൾ ശാസ്ത്ര പഠനങ്ങൾക്ക് വിലക്ക് കൽപ്പിച്ചിരുന്നു. യൂറോപ്യൻ ശാസ്ത്രജ്ഞനായിരുന്ന യോർഡാനൂസ് മുസ്‌ലിം ഗോളശാസ്ത്ര ഗ്രന്ഥങ്ങളുമായി ജർമ്മനിയിൽ വന്നപ്പോൾ അവിടുത്തെ പൗരോഹിത്യ നിയമം കാരണം അത് പുറത്തിറക്കാനായില്ല. പ്രകൃതിയിൽ പ്രകടമാകുന്ന വസ്തുതകൾക്ക് ശാസ്ത്രീയ കാരണങ്ങൾ കണ്ടെത്തുന്നവരെ തൂക്കിലേറ്റലായിരുന്നു അവരുടെ പതിവ്. ശാസ്ത്രീയ ഗ്രന്ഥങ്ങൾ വായിക്കുന്നത് തന്നെ പൊറുക്കപ്പെടാനാവാത്ത മഹാപാപമായാണ് അവർ കണ്ടിരുന്നത്.

മുസ്‌ലിം മതപണ്ഡിതർ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കാലത്ത് യൂറോപ്പിലിത് മതവിശ്വാസത്തിനെതിരെയുള്ള വിപ്ലവമായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചർച്ചുകളിൽ വെറും 12 പുസ്തകങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, മുസ്‌ലിം ശാസ്ത്രജ്ഞനായ തൂസി(എ.ഡി. 1201-1274)യുടെ മറാഗാ നിരീക്ഷണാലയത്തിൽ നാലു ലക്ഷം കയ്യെഴുത്ത് പ്രതികളുണ്ടായിരുന്നു.

സ്പെയിനിൽ നിന്നാണ് കടലാസു നിർമ്മാണം പോലും യൂറോപ്യർ പഠിച്ചെടുത്തത്. ‘അൽഹകം’ സ്പെയിൻ അമീറായിരുന്ന കാലം വൻ കുതിച്ചു ചാട്ടത്തിന്റേതായിരുന്നു. അദ്ദേഹം സ്പെയിനിൽ വിദ്യാഭ്യാസ വിപ്ലവം തീർത്തു. നാട്ടിൽ ഒരുപാട് സൗജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതു. പണ്ഡിതന്മാർക്കും ജ്ഞാനകുതുകികൾക്കും വലിയ പ്രോത്സാഹനവും പിന്തുണയുമേകി. അൽഹകമിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് കോർഡോവ യൂണിവേഴ്സിറ്റി. വിജ്ഞാനീയങ്ങളുടെ സംഗമ ഭൂമികയായിരുന്നു കോർഡോവാ യൂണിവേഴ്സിറ്റി. അന്യദേശങ്ങളിൽ നിന്നും ഒട്ടനേകം വിജ്ഞാനദാഹികൾ ഇവിടെയെത്തി. ലോകത്തിന്റെ പല ദിക്കുകളിൽ നിന്നുള്ള അധ്യാപകർ യൂണിവേഴ്സിറ്റിയിൽ സേവനമനുഷ്ഠിച്ചു. അൽഹകമിന്റെ ഭരണ കാലത്ത് നാലു ലക്ഷത്തിലധികം പുസ്തകങ്ങൾ കോർഡോവാ യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലുണ്ടായിരുന്നു. കോർഡോവക്ക് പുറമേ സിവില്ലയിലും ഗ്രാനഡയിലും സമാനമായ സ്ഥാപനങ്ങളും സംരംഭങ്ങളും സജീവമായി പ്രവർത്തിച്ചു പോന്നിരുന്നു.

വ്യാവസായിക-കാർഷിക പുരോഗതി

വൈജ്ഞാനിക മുന്നേറ്റങ്ങൾക്കൊപ്പം വ്യാവസായികമായും കാർഷികമായും സ്പെയിൻ വളരുകയായിരുന്നു. സ്പെയിൻ മണ്ണിൽ സ്വർണ്ണം, വെള്ളി, ഇരുമ്പ്, ഈയം എന്നിവയുടെ വൻനിക്ഷേപം ഉണ്ടായിരുന്നു. ഇത് വലിയ വ്യാവസായിക പുരോഗതിക്ക് നിമിത്തമായി. സ്പെയിനിലെ ലോഹങ്ങൾ കൊണ്ടുള്ള ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. അമൂല്യ ലോഹങ്ങളിൽ ചിത്രവേല ചെയ്യുന്നത് ഇവിടുത്തെ ഒരു സുപ്രധാന വ്യവസായമായിരുന്നു. കോർഡോവയിൽ മാത്രമായി പതിനായിരത്തിലധികം നെയ്ത്തു വേലക്കാർ ജോലി ചെയ്തിരുന്നു. പട്ടുനൂൽ വളർത്തലും വിവിധ ലോഹങ്ങൾ കൊണ്ടുള്ള പാത്ര നിർമ്മാണങ്ങളും വൻ വ്യവസായമായിരുന്നു. ടോളിഡോ നിർമ്മിത വാളുകൾക്ക് വലിയ പ്രചാരവുമുണ്ടായിരുന്നു.

കാർഷികമായി ഏറെ മുന്നിലെത്തിയ സ്പെയിനിൽ ഒലീവ്, അത്തിപ്പഴം, കരിമ്പ്, ആപ്പിൾ എന്നിവയായിരുന്നു പ്രധാന വിളകൾ. നെല്ലും ആപ്രിക്കോട്ടും മധുരനാരങ്ങയും സുലഭമായിരുന്നു. വാദിൽ കബീറിൽ നിന്നുമായിരുന്നു കൃഷിക്കു വേണ്ട ജലസേചനം നടത്തിയിരുന്നത്. നദീതീരങ്ങളിൽ വമ്പൻ ജലചക്രങ്ങൾ സംവിധാനിച്ച് അകലങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നു. പൂർവ്വകാലത്ത് പ്രവർത്തനനിരതമായിരുന്ന ജലചക്രങ്ങളുടെ ശേഷിപ്പുകൾ ഇന്നും വാദിൽ കബീറിന്റെ ചുറ്റിലും കാണാം. ഖുർതുബയിലെ ഗ്രാന്റ് മസ്ജിദിലേക്കുള്ള പ്രവേശന കവാടത്തിന്റെ മുൻവശത്തായി ഒരു ജലചക്രം സ്ഥാപിച്ചത് ഞങ്ങളുടെ സന്ദർശന വേളയിൽ ശ്രദ്ധയിൽ പെട്ടിരുന്നു.

സാഹിത്യവും വ്യാകരണവും

അറബി സാഹിത്യത്തിന്റെയും വ്യാകരണ ശാസ്ത്രത്തിന്റെയും വളർച്ചയിൽ വലിയ പങ്ക് വഹിച്ചവരാണ് സ്പെയിനിലെ പണ്ഡിതന്മാർ. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രസിദ്ധമായ അറബി വ്യാകരണ ഗ്രന്ഥമാണ് ‘അൽഫിയ.’ പ്രത്യേകിച്ചും ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രചുരപ്രചാരം നേടിയ ഈ ഗ്രന്ഥം, പഠിക്കാത്ത കേരളീയ പണ്ഡിതന്മാർ ഇല്ലെന്നു തന്നെ പറയാം. അൽഫിയ ഇല്ലാത്ത ഇസ്‌ലാമിക സിലബസുകൾ അപൂർണ്ണമായിരിക്കും. ഈ അൽഫിയയുടെ കർത്താവ് സ്പെയിനിലെ പതിനേഴ് പ്രൊവിൻസുകളിൽ ഒന്നായ ജയ്യാൻ സ്വദേശി ഇബ്നു മാലിക്കാണ്. വ്യാകരണ ശാസ്ത്രത്തിലെ സ്പെയിൻ പണ്ഡിതരുടെ അവഗാഹത്തെക്കുറിച്ച് പറയാൻ ഇതിൽ കവിഞ്ഞ തെളിവുകളൊന്നും നിരത്തേണ്ടതില്ലല്ലോ!.

ഖാലി, അസ്സുബൈദി, ഇബ്നു സീന തുടങ്ങിയവർ അമവി കാലത്ത് സ്പെയിനിൽ ജീവിച്ചിരുന്ന അറബി സാഹിത്യത്തിന്റെ അപ്പോസ്തലരാണ്. അൽ ഇഖ്ദുൽ ഫരീദിന്റെ കർത്താവായ ഇബ്നു അബീ റബീഹ് അബ്ദുറഹ്മാൻ രണ്ടാമന്റെ മന്ത്രിയായിരുന്ന അലി ഇബ്നു ഹംസ തുടങ്ങിയവർ വിശ്വവിഖ്യാത അറബി വ്യാകരണശാസ്ത്രത്തിന് ദിശാവെട്ടം നൽകിയവരാണ്. അലി ഇബ്നു ഹംസ നാനൂറിൽപരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തൗഖുൽ ഹമാമ അതിൽ ഏറെ പ്രസിദ്ധമാണ്. അമവി ഭരണാധികാരിയായ അബ്ദു റഹ്മാൻ ഒന്നാമൻ, അബ്ദുൽ വലീദ്, അഹ്മദ് ബ്നു സൈതൂൻ തുടങ്ങിയവർ കേളികേട്ട കവികൾ കൂടിയായിരുന്നു.

അബൂഅൽ ഖാലി, അബൂബക്കർ സുബൈദി, ശൻതമരി, ഇബ്നു ഹയ്യാൻ സുബൈദി, അബൂബക്കർ ഇബ്നു അബ്ദു റബ്ബ്, ഇബ്നു ഹാനി, ഇബ്നുൽ ഖത്വീബ്, ഇബ്നു ബശ്കുവാൻ, ലിസാനുദ്ദീൻ ഖത്വീബ്, അബ്ദുൽ മാലിക് ബ്നു ഹബീബ്, അഹ്മദ് റാസി, ഇബ്നു ഈസ, ഇബ്നുൽ ഖൂനിയ, യഹ്‌യ ബ്നു സ്വൈറഫി, അബുൽ അബ്ബാസ് ബയാനി തുടങ്ങിയവർ വിശ്വവിഖ്യാത സാഹിത്യ-വ്യാകരണ പണ്ഡിതരാണ്.

ചരിത്ര രചനാരംഗം

സ്പെയിനിന്റെ പ്രഥമ ചരിത്രകാരനായി അറിയപ്പെടുന്നത് കോർഡോവക്കാരനായ അബൂബക്കർ ഇബ്നു ഉമറാണ്. മുഹമ്മദു ബ്നു ജബ്ബാർ, സൈദു ബ്നു അഹ്മദ്, അബൂഹയ്യാൻ മർവാൻ എന്നിവർ സ്പെയിനിലെ അറിയപ്പെട്ട ചരിത്രകാരന്മാരാണ്. ഇവരിൽ അബൂഹയ്യാൻ മർവാൻ തന്നെ അൻപതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്.

ലോക ചരിത്രമെഴുതിയ ഇബ്നു ഖൽദൂനും ലോകത്തിന്റെ വലിയൊരു ഭാഗം ചുറ്റിക്കറങ്ങി സഞ്ചാര സാഹിത്യമെഴുതിയ ഇബ്നു ബതൂത്തയും സ്പെയിനിന്റെ കണ്ണെത്തും ദൂരത്തുള്ള മൊറോക്കക്കാരാണ്. മൊറോക്കക്കും സ്പെയിനിനുമിടയിലുള്ള ദൂരം വെറും 14 കിലോമീറ്റർ മാത്രമാണ്. മൊറോക്കിയൻ തീരപ്രദേശമായ തൻജയിലെ ഒരു വ്യൂപോയിന്റിൽ നിന്നാൽ മെഡിറ്റേറിയനും അറ്റ്ലാൻറിക്കും സന്ധിക്കുന്നത് കാണാം. സ്പെയിനിലെ ജിബ്രാൾട്ടർ മലയും ഇവിടെനിന്നാൽ വളരെയടുത്തായി കാണാം. കടൽ യാത്രാ സൗകര്യങ്ങൾ പരിമിതമായ പൂർവ്വകാലത്ത് അയൽ നാട്ടിലേക്കെത്താൻ യാതൊരു രേഖകളുടെയും ആവശ്യമില്ലല്ലോ!. ആ നിലക്ക് മൊറോക്കോയും സ്പെയിനും ഒരേ രാജ്യങ്ങൾ തന്നെ.

അൽദബ്ബിയുടെ ജീവചരിത്ര ഗ്രന്ഥം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. വിവിധ ശാസ്ത്ര ശാഖകളിലായി ഇബ്നു ഖത്വീഫ് ധാരാളം രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. ഇതിൽ ഗ്രാനഡാ ചരിത്രം വിശ്വ പ്രസിദ്ധമാണ്. അബൂ ഹാമിദുൽ ഗർനാത്വി, ഇബ്നു ജുബൈർ തുടങ്ങിയ പല സ്പെയിൻ പണ്ഡിതരും ധാരാളം സഞ്ചാര സാഹിത്യങ്ങൾ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

ദാർശനിക മേഖലകളിൽ

ദാർശനിക രംഗത്തും സ്പെയിൻ ആശാവഹമായ പുരോഗതി നേടിയിരുന്നു. പൗരസ്ത്യ പാശ്ചാത്യ ചിന്താഗതികളെ ഏകോപിപ്പിച്ച് ഒരു പുതിയ ദർശനത്തിന് അവർ രൂപം നൽകി. അക്കാല പണ്ഡിതന്മാർ അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും ദർശനങ്ങൾ ആഴത്തിൽ പഠന വിധേയമാക്കുകയും ഖണ്ഡനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടായിരുന്നു ദാർശനിക യുഗം. എന്നാൽ ഈ ദാർശനികതക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. വിശിഷ്യാ അൽപം മതബോധമുണ്ടായിരുന്ന മുറാബിതീൻ ഭരണാധികാരികൾ ദാർശനിക ചിന്തകൾക്ക് വലിയ പ്രോത്സാഹനം നൽകിയില്ല. വധശിക്ഷക്കു വിധേയനായ ഇബ്നു ബാജ, ഇബ്നു തുഫൈൽ തുടങ്ങിയവർ ഇക്കാലത്തെ പുരോഗമന ചിന്താഗതിക്കാരായിരുന്നു.

വൈദ്യശാസ്ത്രം

ആധുനിക ശസ്ത്രക്രിയയുടെ നൂതനരൂപങ്ങൾ പോലും വിവരിക്കാൻ കെൽപുള്ളവരായിരുന്നു സ്പെയിനിലെ വൈദ്യശാസ്ത്ര വിശാരദന്മാർ. ഇബ്നുൽ ബൈത്വർ, ലിസാനുദ്ദീൻ ഖത്വീബ്, അബുൽ ഖാസിം, അസ്സഹ്റാവി, ഇബ്നുൽ സുഹർ തുടങ്ങിയവർ വൈദ്യശാസ്ത്രത്തിൽ വലിയ സംഭാവനകൾ നൽകിയ സ്പെയിൻ പണ്ഡിതരാണ്.

ഇന്ന് വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറക്കുന്നതു പോലെ ലോകത്തിന്റെ പല കോണുകളിൽ നിന്നും സ്പെയിനിലേക്കാണ് രോഗികൾ ചികിത്സ തേടിയെത്തിയിരുന്നത്. വൈദ്യശാസ്ത്രത്തിൽ അനവധി ഗ്രന്ഥങ്ങൾ രചിച്ച ശാസ്ത്രജ്ഞർ സദാസമയവും ഗവേഷണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.

പക്ഷപാതികളായ ക്രിസ്ത്യൻ ഭരണാധികാരികൾ അഞ്ചു നൂറ്റാണ്ട് ഭരിച്ചിട്ടും നേത്രരോഗ വിദഗ്ദ്ധനായ ഖാഫിഖിയുടെ ആതുരാലയവും അതിനു മുമ്പിലുളള അദ്ദേഹത്തിന്റെ പ്രതിമയും ഒരുകേടും കൂടാതെ ഇന്നും സംരക്ഷിച്ചു പോരുന്നു. ആധുനിക നിർമ്മിതികൾക്കിടയിലും മുസ്‌ലിം അസ്തിത്വത്തിന്റെ പറിച്ചുമാറ്റാനാവാത്ത അടയാളമായി സ്പെയിൻ വീഥികളിൽ ഇന്നും തലയെടുപ്പോടെ നിൽക്കുകയാണ് ഗാഫിഖിയുടെ ആതുരാലയവും പ്രതിമയും. ഞങ്ങളുടെ സ്പെയിൻ യാത്രയിൽ ഇത് ശ്രദ്ധയിൽപെട്ടിരുന്നു.

യൂറോപ്പ് യൂണിവേഴ്സിറ്റി സിലബസിൽ ഉൾപ്പെടുത്തിയ ഇബ്നു സീന രചിച്ച അൽഖാനൂനും സ്പെയിൻകാരനായ സഹ്റാവിയുടെ ടെക്സ് രീഫും വൈദ്യശാസ്ത്രത്തിലെ വിജ്ഞാനകോശങ്ങളാണ്. അക്കാലത്തു തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഇവർ നടത്തിയിരുന്നു. ശസ്ത്രക്രിയയിൽ അതിവിദഗ്ദ്ധനായിരുന്നു ഇബ്നു സുഹർ. ഇവിഷയകമായി അദ്ദേഹം ആറ് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ ഏറെ പ്രസിദ്ധമാണ് ‘അത്തയ്സീർ’ എന്ന ഗ്രന്ഥം. ലിസാനുദ്ദീൻ ഇബ്നു ഖത്വീബ് കോളറയെ കുറിച്ച് പഠനം നടത്തുകയും അതൊരു സാംക്രമിക രോഗമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഗോള-ഭൂമി ശാസ്ത്രം

അൽമജ്‌രീത്വി , അസ്സർഖാലി, ഇബ്നു അഫ്ലഹ്, അബ്ബാസു ബ്നു ഫർനാസ് തുടങ്ങിയവർ സ്പെയിനിലെ മുസ്‌ലിം ശാസ്ത്ര മഹാരഥന്മാരാണ്. ഇവർ അറബി ഭാഷയിൽ രചിച്ച ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തതാണ് യൂറോപ്പിലെ ഗോളശാസ്ത്ര മേഖലയിൽ വിപ്ലവങ്ങൾക്ക് നിമിത്തമായത്.

ഗോളങ്ങളുടെ പരിഷ്കരിച്ച പട്ടിക തയ്യാറാക്കുന്നതിലൂടെ ഗോളശാസ്ത്ര പഠനങ്ങൾക്ക് വലിയ സംഭാവനകൾ നൽകുകയായിരുന്നു അൽമജ്‌രീത്വി. വാനനിരീക്ഷണത്തിനും അനുബന്ധ പഠനങ്ങൾക്കുമുപയോഗിക്കുന്ന ‘ഉസ്തുർലാബ്’ കണ്ടുപിടിച്ചത് സ്പെയിൻകാരനായ അസ്സർ ഖാലിയാണ്. ഗ്രഹങ്ങൾ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നുവെന്ന ടോളമി സിദ്ധാന്തത്തിന്റെ ഗോളശാസ്ത്ര സംബന്ധമായ പല നിഗമനങ്ങളും പൊളിച്ചെഴുതുന്നതായിരുന്നു അസ്സർഖാലിയുടെ ‘കിതാബുൽ ഹൈഅത്ത്’ എന്ന പ്രസിദ്ധ ഗ്രന്ഥം. റൈറ്റ് സഹോദരങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പേ കോർഡോവ പള്ളിമിനാരത്തിൽ നിന്നും പരീക്ഷണപ്പറക്കൽ നടത്തി മരണമടഞ്ഞ അബ്ബാസുബ്നു ഫർനാസിന്റെ സ്മരണകൾ പേറി നിൽക്കുകയാണ് ഈ മിനാരങ്ങൾ. ഞങ്ങളുടെ യാത്രയിൽ മൗനനൊമ്പരം പേറി അൽപസമയം ഇവിടെ വിനിയോഗിക്കുകയുണ്ടായി.

ഇന്നും യൂറോപ്യർ ഉപയോഗിക്കുന്ന നിരവധി ഗോളശാസ്ത്ര സാങ്കേതിക പദങ്ങൾ അറബിയിലാണെന്നത് തന്നെ ഇവ്വിഷയസംബന്ധിയായുള്ള മുസ്‌ലിം ശാസ്ത്ര പരീക്ഷണ നിരീക്ഷണ സ്വാധീനത്തിന്റെ പ്രകടമായ തെളിവാണ്. അത്തരം ചില പദങ്ങൾ ചുവടെ…

Rucban                                   ركبة ذات الراسي

Ashernabi (acherner)           آخر الشهار

Al-hen                                     الهنقة

Arsh                                        عرش الجوزاء

Banet nash                            بنات نعش

Caph                                       الكف الخصيب

Delphinus                                الذالفين

El-rai                                       الراعي

Farm-ul-hout                         فعم الحوت

Akra                                        العقرب

Seif                                         سيف الجباري

Tauri                                       قرن الشور

Mirzam                                   مرزم الجبال

Chileb                                      كلب الراعي

Dabith                                     سعد الذابح

സസ്യ ശാസ്ത്രം

സസ്യശാസ്ത്രത്തിലും സ്പെയിനിലെ മുസ്‌ലിം പണ്ഡിതന്മാരുടെ സേവനം നിസ്സീമമാണ്. സസ്യശാസ്ത്രത്തിന് ബീജവാപം നൽകിയത് സ്പെയിനിലെ മുസ്‌ലിംകളല്ലെങ്കിലും അവർ ഈ രംഗത്ത് നൂതനമായ പല ഗവേഷണങ്ങളും നടത്തി. അവർ പലയിനം സസ്യങ്ങളും വൃക്ഷങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തി, നിരവധി കണ്ടെത്തലുകൾ ലോകത്തിനു മുന്നിൽ സമർപ്പിക്കുകയും ചെയ്തു.

സ്പെയിനിലെ സസ്യശാസ്ത്രജ്ഞ ഗവേഷകർ സസ്യങ്ങളുടെ ഗുണമനുസരിച്ച് വിഹിതിച്ചു. കോർഡോവക്കാരനായ അൽഗാഫിഖി ആഫ്രിക്കയിലെയും സ്പെയിനിലെയും സസ്യങ്ങൾ ശേഖരിച്ച് അവകൾക്ക് അറബി സ്പാനിഷ് ഭാഷകളിൽ പേരുകൾ നിർണ്ണയിച്ചു. അബൂസകരിയ്യയുടെ അൽഫലാഹ് എന്ന ഗ്രന്ഥത്തിൽ 585 ചെടികളും അമ്പതിൽ പരം ഫലവൃക്ഷങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. സസ്യ രോഗ ചികിത്സയും ഓരോ ചെടികൾക്ക് അനുയോജ്യമായ മണ്ണും ഉപയോഗിക്കുന്ന വളങ്ങളും അബൂസകരിയ്യ വിശദീകരിക്കുന്നുണ്ട്.

ഔഷധ സസ്യങ്ങൾ കണ്ടെത്താനായി മാത്രം ആഫ്രിക്കയിലും യൂറോപ്പിലും ഏറെ കറങ്ങിയ സ്പെയിൻ ശാസ്ത്രജ്ഞനാണ് ഇബ്നുൽ ബൈത്താർ. അദ്ദേഹത്തിന്റെ ‘അൽ ജാമിഅ് ലി മുഫ്റദാത്തിൽ അദ്വിയ വൽ അഗ്ദിയ’ എന്ന ഗ്രന്ഥത്തിൽ 1400 ഇനം ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

മണ്ണിന്റെ സവിശേഷതകളും വളം ചേർക്കേണ്ട രൂപങ്ങളും സ്പെയിനിലെ മുസ്‌ലിം പണ്ഡിതപടുക്കൾ ഗഹനമായി പഠിക്കുകയും കൃഷിക്കും ജലസേചനങ്ങൾക്കും ആധുനിക മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്തു.

സ്പെയിനിലെ അമവി ഭരണ സ്ഥാപകനായ അബ്ദു റഹ്മാൻ ഒന്നാമൻ കോർഡോവയിൽ ഒരു ഔഷധോദ്യാനം വളർത്തിയിരുന്നു. വിവിധയിനം ഔഷധ വിത്തുകൾ തേടി ആഫ്രിക്കൻ, ഏഷ്യൻ രാഷ്ട്രങ്ങളിലേക്ക് അദ്ദേഹം ആളുകളെ അയച്ചിരുന്നു.

ഔഷധികൾ പല വിധേനയും അവർ ഉപയോഗപ്പെടുത്തിയിരുന്നു. സ്പെയിനിലെ പ്രസിദ്ധ ഭിഷഗ്വരനായ ഇബ്നു സുഹൈർ മുന്തിരിവള്ളിയുടെ ചുവട്ടിൽ മരുന്നുകൾ ഒഴിച്ചിരുന്നു. ഈ മുന്തിരി കഴിച്ചാൽ സുഖകരമായ ശോധന ലഭിച്ചിരുന്നുവത്രെ. മുസ്‌ലിംകൾ ചെന്നെത്തിയ പ്രദേശങ്ങളിലെല്ലാം അവർ വ്യത്യസ്ത ഇനം ചെടികൾ വെച്ചു പിടിപ്പിച്ചിരുന്നു. കരിമ്പ്, മൾബറി, നെല്ല്, പരുത്തി തുടങ്ങിയ കൃഷികൾ കീടങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ അവർ അവലംബിച്ചിരുന്നു.

ഒട്ടേറെ സസ്യനാമങ്ങൾ ഇന്ന് അറബി പേരുകളിലാണ് അറിയപ്പെടുന്നത്. മുസ്‌ലിം ശാസ്ത്ര ഗവേഷകരുടെ ഈ മേഖലയിലുള്ള സ്വാധീനത്തിന്റെ പ്രകടമായ തെളിവുകളാണിത്. ചുരുക്കം ചില സസ്യനാമങ്ങൾ ഇവിടെ ചേർക്കാം.

Al garrab                                الخروبة

Al handel                                الحنظل

Al henna                                 الحناء

Bonduc                                   بندوق

Artichoke                               الخرشوفا

Ben                                         المبان

Tamarind                                تمر هندي

Saffron                                  زعفران

Sandel                                    صندل

Jasmin                                    الياسمن

Coffee                                    القهوة

Lemon                                    ليمون

Cunphor                                 كافور

Cotton                                    القطن

തർജ്ജമ വിപ്ലവം

മുസ്‌ലിം പണ്ഡിതർ നേടിയ വിജ്ഞാനങ്ങളും ഗവേഷണങ്ങളും തുറന്നുവെച്ച പുസ്തകം പോലെയായിരുന്നു. അതാർക്കും പഠിക്കാനും പകർത്താനും സാധിക്കുമായിരുന്നു. പല യൂറോപ്യരും സ്പെയിനിലെ പാഠശാലകളിൽ പഠിക്കുകയും അറബി ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്തിരുന്നു. അവർ പല അമൂല്യ ഗ്രന്ഥങ്ങളും ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തു. അത് ആരും തടഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ മുസ്‌ലിംകൾ നേടിയെടുത്ത അറിവുകൾ യൂറോപ്യർക്ക് അനായാസം പഠിച്ചെടുക്കാൻ സാധിക്കുന്നതായിരുന്നു.

1085 ൽ ടോളിഡോ ക്രിസ്ത്യാനികൾ കീഴടക്കിയപ്പോൾ ആർച്ച് ബിഷപ്പ് ഒന്നാമന്റെ നേതൃത്വത്തിൽ തർജ്ജമക്കു വേണ്ടി മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. അങ്ങനെ മുസ്‌ലിം സംസ്കാരത്തെക്കുറിച്ച് പഠിക്കുവാനായി യൂറോപ്യന്മാർ ടോളിഡോവിലേക്ക് കുതിച്ചു. ഖവാരിസ്മിയുടെ ഗ്രന്ഥം ഭാഷാന്തരം ചെയ്ത റോബർട്ടും ഇംഗ്ലണ്ടിലെ മൈക്കൽ സ്കോട്ടും അങ്ങനെ വന്നവരിൽ പെടും. പരിശുദ്ധ ഖുർആൻ ഒരു ലാറ്റിൻ പരിഭാഷയും അദ്ദേഹം തയ്യാറാക്കി. മുസ്‌ലിം ശാസ്ത്രജ്ഞരുടെ കരങ്ങളാൽ വിരചിതമായ ഒട്ടനേകം ഗ്രന്ഥങ്ങൾ യൂറോപ്യർ ഭാഷാന്തരം നടത്തി. അവർക്ക് അന്യമായിരുന്ന അനേകായിരം വിജ്ഞാനീയങ്ങൾ ഈ തർജ്ജമകളിലൂടെ അവർ നേടിയെടുത്തു.

യൂറോപ്യർക്ക് അറബി അക്ഷരങ്ങൾ പരിചയപ്പെടുത്തി കൊടുത്ത ഗർബർട്ട്, നിരവധി അറബി ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്ത ഗൈറാഡോഡി മാനോ, ബത്താനിയുടെ ഗോളശാസ്ത്ര ഗ്രന്ഥം ഭാഷാന്തരം ചെയ്ത ടൈബ൪ട്ടിനോ തുടങ്ങിയവർ സ്പെയിനിലെ മുസ്‌ലിം കലാലയങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയവരാണ്.

സ്പെയിനിൽ ഇസ്‌ലാമിക ഭരണം അവസാനിച്ച ശേഷവും 12 മുതൽ 15-ാം നൂറ്റാണ്ടുവരെ ഭാഷാന്തര പ്രക്രിയ തുടർന്നുകൊണ്ടേയിരുന്നു. ഈ ഭാഷാന്തരം നടന്നിരുന്നില്ലായിരുന്നുവെങ്കിൽ യൂറോപ്യൻ ശാസ്ത്രത്തിന്റെ വളർച്ച വളരെ പതുക്കെയായിരിക്കുമെന്നതിൽ സംശയമില്ല. ഭാഷാന്തരം നടത്തിയതിലൂടെ അവർക്ക് പല പഠനങ്ങളും ലഭിച്ചു. അവർ അതിന്റെ തുടർ ഗവേഷണങ്ങൾ മാത്രമാണ് ചെയ്തത്. എല്ലാ പഠനത്തിനും പ്രാരംഭം കുറിച്ചത് മുസ്‌ലിം ശാസ്ത്രജ്ഞരായിരുന്നു. മുസ്‌ലിംകൾക്ക് ഗവേഷണങ്ങൾക്കും നീണ്ട അധ്വാനങ്ങൾക്കും ശേഷം ലഭിച്ച നിരവധി അറിവുകൾ യൂറോപ്യർക്ക് ഒറ്റയടിക്ക് ലഭിക്കുകയായിരുന്നു.

മറ്റു വിജ്ഞാന ശാഖകളിൽ

ലോകത്ത് തലയെടുപ്പുള്ള മതപണ്ഡിതന്മാരായ ഖാസി ഇയാള്, ഇമാം ഖുർതുബി, ശാത്വബി, ഇബ്നു ഹസ്മ്, ഇബ്നു അബ്ദുൽ ബർറ്, ഇബ്നു ഉത്ബ, യഹ്‌യ ബ്നു യഹ്യാലൈസി, അബ്ദുൽ മാലിക് ബ്നു ഹബീബ് തുടങ്ങിയവർ വിവിധ മത വിജ്ഞാന വേദികളിൽ പ്രാഗൽഭ്യമുള്ള സ്പെയിൻ പണ്ഡിതന്മാരാണ്. ഇബ്നു വള്ളാഹ്, ഖാസിം ബിൻ അസ്ബഗ്, ഹുദൈമി, ഇബ്നുൽ ഖത്വാൻ തുടങ്ങിയവർ ഹദീസ് വിജ്ഞാന വേദിയിലും ഇബ്നുൽ അറബി സൂഫിസത്തിലും അലിയ്യുബ്നു മുഖലൂദ്, ഇബ്നു അതിയ്യ തുടങ്ങിയവർ ഖുർആൻ വ്യാഖ്യാന രംഗത്തും മക്കിയ്യു ബ്നു അബീത്വാലിബ്, ശാത്വബി, ഇബ്നു ഹയ്യാൻ തുടങ്ങിയവർ ഖുർആൻ പാരായണ ശാസ്ത്രത്തിലും അദ്വിതീയരായിരുന്നു.

ഇങ്ങനെ ഏത് വിജ്ഞാന ശാഖകൾ നാം പരിശോധിച്ചാലും സ്പെയിനിന്റെ സംഭാവനകൾ കാര്യമായും നമുക്ക് കാണാവുന്നതാണ്.

വിദ്യാദീപമണയുന്നു

വൈജ്ഞാനികമായി ലോകജനതക്ക് ദിശാവെട്ടം കാണിച്ചു കൊടുത്ത സ്പെയിനിന്റെ മുസ്‌ലിം പ്രതാപത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം പേറാനായില്ലെന്നത് പക്ഷാന്തരങ്ങൾക്ക് വകവെക്കാത്ത പ്രസ്താവനയാണ്. സ്പെയിൻ മണ്ണിൽ വിജ്ഞാനത്തിന്റെ പറുദീസകൾ പണിയാൻ പിൻതാങ്ങായി നിന്നത് ഭരണാധിപന്മാരായിരുന്നുവെന്നത് പറഞ്ഞല്ലോ. ദൗ൪ഭാഗ്യകരമെന്നു പറയട്ടെ, അനേകായിരം പണ്ഡിതന്മാരുടെ അധ്വാനങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത സ്പെയിനിന്റെ ജ്ഞാന പ്രതാപത്തെ തച്ചുടക്കാൻ മുഖ്യ ഹേതുവായത് ഭരണാധിപന്മാരുടെ ശൈഥില്യമായിരുന്നു. ക്രിസ്ത്യൻ അധീനതയിൽ വന്നതോടെ അവർ ഇസ്‌ലാമിക ചിഹ്നങ്ങളെല്ലാം തച്ചുടച്ചു. അമൂല്യഗ്രന്ഥങ്ങൾ ചുട്ടെരിച്ചു. ആയിരങ്ങളെ കൊന്നൊടുക്കി. ലക്ഷങ്ങൾ നാടുവിട്ടോടി. 30 ലക്ഷം മുസ്‌ലിംകൾ ഇങ്ങനെ വിവിധ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇസ്‌ലാമിക ചിഹ്നങ്ങൾ നശിപ്പിച്ചു. അങ്ങനെ സ്പെയിൻ തീരങ്ങളിൽ പ്രോജ്ജ്വലിച്ചു നിന്ന വൈജ്ഞാനിക ദീപം പതിയെ അണഞ്ഞു. ഇസ്‌ലാമിക ചിഹ്നങ്ങൾ കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന ഒരു നാടായി ഇന്ന് സ്പെയിൻ മാറിക്കഴിഞ്ഞിരിക്കുന്നു. പൂർവ്വകാല സ്പെയിൻ പണ്ഡിതരുടെ ഗ്രന്ഥങ്ങൾ ഭാഷാന്തരം നടത്തി യൂറോപ്യരിന്ന് ആധുനികശാസ്ത്രത്തിന്റെ അഗ്രേസരരായിരിക്കുന്നു. മുസ്‌ലിം പ്രതിഭകളുടെ നിരവധി ഗ്രന്ഥങ്ങൾ പിന്നീട് നമുക്ക് ലഭിക്കാതെ പോയി. ഇന്നിപ്പോൾ ഇത് മുസ്‌ലിംകളുടേതാണെന്ന് പാശ്ചാത്യർ പറയുന്നത് മാത്രം വിശ്വസിക്കാൻ ഏറെക്കുറെ നാം നിർബന്ധിതരായിരിക്കുകയാണ്. അവർ അംഗീകരിക്കുന്ന ഗ്രന്ഥങ്ങൾ തന്നെ കുറച്ചൊന്നുമല്ല. അതിലടങ്ങിയ ശാസ്ത്രീയ വിജ്ഞാനങ്ങളെ കുറിച്ച് പഠനം നടത്തുമ്പോൾ നമ്മുടെ മുൻഗാമികളുടെ മഹത്തായ സേവനങ്ങളിൽ നമുക്ക് അഭിമാനവും ഇന്ന് എത്തിച്ചേർന്ന ദുരവസ്ഥയിൽ നടുക്കവും ഉണ്ടാകാതിരിക്കില്ല, തീർച്ച.