ഇസ്‌ലാമിൽ ജാതി വ്യവസ്ഥ ഇല്ല. ജന്മം അടിസ്ഥാനത്തിൽ തൊഴിലും പദവിയും നിർണ്ണയിക്കപ്പെടുന്ന (ascribed attributes) രീതിയാണത്. അത് സാമൂഹികമായ ഒരു തരം തിരിവാണ്. ഈ പദവിതിരിക്കൽ ജാതിവ്യവസ്ഥ പ്രകാരം ഒരിക്കലും മാറില്ല. മനുസ്മൃതി പ്രകാരമുള്ള ചാതുർവർണ്ണ സങ്കൽപ്പത്തിന്റെ പ്രായോഗിക വ്യവസ്ഥയാണത്.

ഇസ്‌ലാമിൽ പദവികളിൽ ആത്മീയമായ ഏറ്റവ്യത്യാസങ്ങളുണ്ട്. അത് സാമൂഹികമായി വിലയിരുത്തപ്പെടേണ്ടതല്ല; ആത്മീയ മാനങ്ങളാണവ. എന്നാൽ ഒരാൾക്കും സ്ഥായിയായ സാമൂഹിക തൊഴിലോ പദവിയോ ഇല്ല. മാറാത്ത ജന്മാർജിത ദോഷങ്ങളോ ആദിപാപ ഭാരമോ ഇസ്‌ലാമിൽ ഇല്ല. സാമൂഹികമായി ആർക്കും ഏതു സ്ഥാനത്തും എത്താം. ജാതീയതയുടെ ദുരന്തങ്ങളെ ഇല്ലാതാക്കുവാൻ ഇസ്‌ലാമിക ജ്ഞാനബോധത്തിൽ ഊന്നിയേ പരിഹാരം സാധ്യമാവൂ എന്ന തിരിച്ചറിവാണ്, കേരള തീയ്യ യൂത്ത് ലീഗ് 1936-ൽ ‘അസവർണ്ണർക്ക് നല്ലത് ഇസ്‌ലാം’ എന്ന തലക്കെട്ടിൽ ഒരു ലഘുപുസ്തകം പുറത്തിറക്കുന്നതിലേക്ക് നയിച്ചത്.

അക്കാലത്തെ കീഴാള ബുദ്ധിജീവികളും നേതാക്കളുമായിരുന്ന കെ. സുകുമാരൻ, ഡോ. കെ. പി. തയ്യിൽ, പി. കെ. കുഞ്ഞിരാമൻ, കെ. അയ്യപ്പൻ, എ. കെ. ഭാസ്കരൻ എന്നിവരുടെ ലേഖന സമാഹാരമാണ് ഈ പുസ്തകം. മുപ്പതുകളിലെ കേരളത്തിലെ സാമൂഹികാന്തരീക്ഷം പഠനവിധേയമാക്കുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമായ സോഷ്യൽ ലബോറട്ടറിയാണ് ഈ പുസ്തകം. 1988-ൽ കേരള ദളിത് സാഹിത്യ അക്കാദമി ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു. (ഈയിടെ ഇത് നിരോധിക്കപ്പെട്ടു.)

അക്കാലത്ത് ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും പിന്നീട് അത് വിവാദത്തിലേക്കാണ് ചെന്നെത്തിയതെന്നത് ദൗർഭാഗ്യകരമാണ്. സാമുദായിക ധ്രുവീകരണം അപകടകരമായ സമകാലിക സാഹചര്യത്തിൽ മുപ്പതുകളിലെ ആ പുസ്തകം ക്രിയാത്മകമായ ചർച്ചയ്ക്ക് വഴിയൊരുക്കിയില്ലെന്നത് നേരാണ്. കൊച്ചി മഹാരാജാവിന്റെ പ്രജാസഭയിലെ അംഗമായിരുന്ന പണ്ഡിറ്റ് കറുപ്പന് — ജാതിയുടെ പേരിൽ — ഒരു രാജകീയ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ല. എന്നാൽ കുറച്ചുകാലം മുൻപ് ഇസ്‌ലാം സ്വീകരിച്ച ഒരു പുലയ സമുദായാംഗത്തെ ക്ഷണിക്കുകയും ചെയ്തു. ഇസ്‌ലാം സ്വീകരിച്ച പല കീഴാള ജാതിക്കാർക്കും സവർണ്ണരുടെ വീടുകളിൽ പ്രവേശനം ലഭിച്ചിരുന്നു. സവർണ്ണരുടെ വഴിയിൽ നിന്ന് മാറി നടക്കേണ്ട ഗതികേട് അവർക്കുണ്ടായിരുന്നില്ല.

ഇതിനെപ്പറ്റി പണ്ഡിറ്റ് കറുപ്പൻ ഇങ്ങനെ എഴുതി:

“അല്ല, ഇവനിന്നൊരു പുലയനല്ലേ —

അള്ളാ മതം നാളെ

സ്വീകരിച്ചാൽ ഇല്ലാ തടസ്സം;

ഇല്ലില്ലായിടത്തും പോകാം, ഇല്ലത്തും പോയിടാം —

ജ്ഞാനപ്പെണ്ണേ, നോക്ക്

സുന്നത്തും മാഹാത്മ്യം,

യോഗപ്പെണ്ണേ.

ഈ സാമൂഹിക യാഥാർഥ്യത്തെ കുമാരനാശാൻ ഇങ്ങനെ കവിതയാക്കി:

“എത്രയോ ദൂരം വഴി തെറ്റി നിൽക്കേണ്ടോ —

രേഴച്ചെറുമൻ പോയി തൊപ്പിയിട്ടാൽ

ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം;

ചെറ്റും പേടിക്കേണ്ട, തമ്പുരാനേ —

ഇത്ര സുലഭ ആശ്ചര്യവുമായി സിദ്ധിക്കും

സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ

ബുദ്ധിയുള്ളോരിങ്ങാശ്രേയസ്സുപേക്ഷിച്ചു

ബദ്ധരായി മേവുമോ ജാതിമേലിൽ

(അസവർണ്ണർക്ക് നല്ലത് ഇസ്‌ലാം, പേജ് 7)

കീഴാള വിമോചന പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ മനസ്സിലാക്കിയ അക്കാലഘട്ടത്തിലെ ദളിത്-കീഴാള നേതാക്കൾ ഇസ്‌ലാമിന്റെ മഹത്ത്വം ഉൾക്കൊണ്ടു. എന്നാൽ അത് കേവലം വോട്ട് വർദ്ധിപ്പിക്കാനുള്ള ഒരു പരീക്ഷണം ആയിരുന്നില്ല; മറിച്ച്, ഒരു മനുഷ്യനായി സാമൂഹിക അംഗീകാരം നേടാനുള്ള മാനസിക തയ്യാറെടുപ്പായിരുന്നു മതപരിവർത്തനം. സമുദായത്തിന്റെ അംഗബലം വർദ്ധിപ്പിക്കാനുള്ള മാർഗമായി മുസ്‌ലിം നേതാക്കളും അതിനെ കണ്ടിരുന്നില്ല.

തമിഴ്നാട്ടിലെ മീനാക്ഷി പുരം എന്നൊരു ഗള്ളിയുണ്ടായിരുന്നു, ഒരു ദളിത് ഹിന്ദുക്കളുടെ നാട്. അവിടെ ഒരു സ്ത്രീ ഇസ്‌ലാം സ്വീകരിച്ചു. ദരിദ്രയും അശക്തയുമായ ആ സ്ത്രീ മരണമടഞ്ഞപ്പോൾ, ചുറ്റുവട്ടത്തെ മുസ്‌ലിം ജനങ്ങൾ അവരുടെ കുടിലിലേക്ക് സംഘം സംഘമായി വന്ന് ആദരപൂർവ്വം സംസ്കരണ ചടങ്ങുകൾ നടത്തി. ഈ മാനുഷിക സമത്വത്തിൽ ആകൃഷ്ടരായി ഗള്ളി നിവാസികൾ ഒന്നടങ്കം മുസ്‌ലിംകളായി. ഇന്ന് ആ പ്രദേശം ‘റഹ്മത്ത് നഗർ’ ആണ്.

140 മില്യണ്‍ വരുന്ന ഇന്ത്യന്‍ മുസ്‌ലിം ജനസംഖ്യയിലെ മഹാ ഭൂരിപക്ഷവും ഹിന്ദുമതത്തിലെ കീഴാള ജാതികളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണ്. ഹിന്ദു സവര്‍ണ്ണാധിപത്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സാമൂഹ്യനീതി കൊതിച്ചുകൊണ്ടാണ് അവരൊക്കെ ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ 75 ശതമാനവും ‘ദളിത് മുസ്‌ലിംകള്‍’ ആണെന്നാണ് മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രതിനിധിയായ ഇഅ്ജാസ് അലി പറയുന്നത്. തറവാടിത്തം കൊണ്ട് ഗര്‍വ് നടിക്കുന്നവനെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന ഉമര്‍ ഖാസി(റ)യുടെ കവിത ഏറെ പ്രസിദ്ധമാണ്.

‘അയാ ഫാഖിറന്‍ ബിന്നസബി കൈഫത്തഫാഖുറു/

വഅസ്വലുകും മിന്‍ ഖബ്‌ലു തിയ്യനു നായരു/

വ ആശാരി മൂശാരി വ മന്നാനു പാണരു/

വ കൊയപ്പാനു ചെട്ടി വ നായാടി പറയരു’/

(ആഭിജാത്യം കൊണ്ട് ഹുങ്ക് നടിക്കുന്നവനെ, നിങ്ങള്‍ക്കെങ്ങനെ ഹുങ്ക് നടിക്കാന്‍ കഴിയും? മുമ്പ് നിങ്ങളുടെ അടിവേര് തിയ്യനും നായരും ആശാരിയും മൂശാരിയും മണ്ണാനും പാണനും കുശവനും ചെട്ടിയും നായാടിയും പറയരുമൊക്കെയായിരുന്നുവല്ലോ ?)

ഗോത്രനീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തിലേക്കാണ് പ്രവാചകന്‍(സ്വ) നിയോഗിക്കപ്പെടുന്നത്. കലയിലും സാഹിത്യത്തിലും മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്ന ആ സമുഹത്തെ ‘ജാഹിലിയ്യകാലം’ എന്ന് വിശേഷിപ്പിച്ചിരുന്നത് കേവല അജ്ഞത അവരെ മുച്ചൂടും മൂടിയിരുന്നത് കൊണ്ടല്ല, മാനവികതയായിരുന്നു അവര്‍ക്ക് അന്യമായിരുന്നത്. ഏറ്റവും നീചമായ കീഴാളത്വം അറിവിന് മേലുള്ള അജ്ഞതയുടെ അധിനിവേശമാണെന്ന് അബ്ദുര്‍റഹ്‌മാന്‍ അല്‍കിവാകിബി തന്റെ പ്രസിദ്ധമായ ത്വബാഇഉല്‍ ഇസ്തിബാദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ജനങ്ങളെ വിവിധ തട്ടുകളാക്കി അധികാരം അനുഭവിച്ചിരുന്ന ആ സമൂഹത്തോടുള്ള ദൈവത്തിന്റെ ആദ്യകല്പന തന്നെ അറിവ് നേടാനായിരുന്നു. അധികാരം നിലനിര്‍ത്തുന്നതിനായി കാലങ്ങളായി സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ സൃഷ്ടിച്ചുവെച്ച ഒരു സമ്പ്രദായമാണ് കീഴാളത്വം. ‘മലഅ്’ എന്നാണ് ഖുര്‍ആനില്‍ ഇത്തരത്തിലുള്ള മേലാളന്മാരെ വിശേഷിപ്പിച്ചിട്ടുള്ളത്. (2:246, 7:60)

വിവിധങ്ങളായ ആചാരാനുഷ്ടാനങ്ങളിലൂടെ നിലനിര്‍ത്തിയിരുന്ന ഭൗതികമായ എല്ലാവിധ അടിമത്തത്തെയും നിരാകരിച്ചുകൊണ്ടാണ് ഇസ്‌ലാം അറേബ്യയില്‍ വേരുന്നിയത്. പലതരത്തിലുള്ള ദൈവങ്ങള്‍ക്ക് കീഴ്‌പ്പെട്ടിരുന്ന അവരെ ഏകദൈവത്തിലേക്ക് ക്ഷണിക്കുക വഴി കീഴാളത്വത്തിന്റെ ആണിക്കല്ല് തകര്‍ത്തു കളഞ്ഞു. വാണിജ്യകേന്ദ്രമായ മക്കയിലെ സമ്പന്നവിഭാഗത്തോട്, നിങ്ങളുടെ സ്വത്തില്‍ ദരിദ്രര്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് സാമ്പത്തിക ഉച്ച നീചത്വത്തിന് അറുതിവരുത്തി. യജമാനന്‍ കഴിക്കുന്ന ഭക്ഷണം തന്നെ അടിമക്ക് നല്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് മിശ്രഭോജനത്തിന് തുടക്കമിട്ടു. കറുത്തവനാകട്ടെ വെളുത്തവനാകട്ടെ ദൈവത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് തീര്‍ത്തു പറഞ്ഞു. അതുകൊണ്ടും അവസാനിച്ചില്ല; കുടുംബ മഹിമ ശ്രേഷ്ഠതയുടെ അടിസ്ഥാനമല്ലെന്നും അധികാരവും സമ്പത്തും നേടാനുള്ള വഴിയായി അത് മാറരുതെന്നും ഇസ്‌ലാം ശഠിച്ചു. അഹ്‌ലുബൈത്തിന് ദാന ധര്‍മങ്ങള്‍ക്കവകാശമില്ലെന്ന പ്രഖ്യാപനത്തിലൂടെ പ്രവാചകനും അദ്ദേഹവുമായി രക്തബന്ധമില്ലാത്ത അബുബക്കറി(റ)നെ ആദ്യ ഖലീഫയാക്കി അവരോധിച്ചുകൊണ്ട് ചരിത്രവും മാതൃക കാണിച്ചു. പിന്നീട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചന ദര്‍ശനമായി ഇസ്‌ലാം മാറുകയും കീഴാള സമൂഹം ഇസ്‌ലാമില്‍ ആശ്വാസംകണ്ടെത്തുകയും ചെയ്തു.

സമൂഹത്തിന്റെ ഒപ്പമായിരുന്നു പ്രവാചകന്റെ സഞ്ചാരം. ആടിനെ മേച്ച ബാല്യവും പോരാട്ടത്തിനിറങ്ങിയ കൗമാരവും കച്ചവടത്തിന് പോയ യൗവ്വനവും പിന്നിട്ടശേഷം വെളിപാടിറങ്ങി. അനിര്‍വ്വചനീയമായ മഹത്വങ്ങളിലേക്ക് ആനയിക്കപ്പെട്ടു. പക്ഷേ ചന്തയില്‍ പോയി ചരക്ക് വാങ്ങിയും തണുപ്പില്‍ ആളുകളോടൊപ്പം തീക്കൂട്ടിക്കാഞ്ഞും ഭക്ഷണങ്ങളെ കുറിച്ച് ഇഷ്ടങ്ങള്‍ പങ്കുവെച്ചും കൂട്ടത്തിലൊരാളായി ജീവിക്കുകയായിരുന്നു പ്രവാചകന്‍. ഒരു യാത്രാമധ്യേ, ഭക്ഷണം ഉണ്ടാക്കുന്ന നേരമായപ്പോള്‍ കൂടെയുള്ളവര്‍ ഓരോരോ ജോലികള്‍ വേഗം വേഗം ഏറ്റെടുത്തു. ഒരാള്‍ അറവ്, അടുത്തയാള്‍ തൊലിയുരിയല്‍, അടുത്തയാള്‍ പാചകം. തന്നെ ഫ്രീയാക്കലാണ് ഇവരുടെ ഉള്ളിലിരിപ്പ് എന്ന് മനസ്സിലാക്കിയ നബി ഞെട്ടിച്ചു കളഞ്ഞു. ഉടനെ ‘ഞാന്‍ പോയി വിറക് പെറുക്കി വരാം’ എന്നാല്‍ വിസമ്മതിച്ച സഹചാരികളോട് അവിടുന്ന് കുട്ടിച്ചേര്‍ത്തു:

“നിങ്ങളില്‍ ഒരു സവിശേഷക്കാരനായി മാറി നില്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല”

ഇതാണ് ഇസ്‌ലാമിന്റെ സാമുഹിക മുഖം. പ്രവാചകരു(സ്വ)ടെ കുടുംബത്തിന് ഇസ്‌ലാമില്‍ കല്‍പ്പിക്കപ്പെട്ട മഹത്വങ്ങള്‍ ഇതിനോട് ചേര്‍ക്കപ്പെടേണ്ടതല്ല. കാരണം മതത്തിന്റെ സാമൂഹിക മുഖങ്ങളാണ് പൊതുസമൂഹത്തില്‍ വിളംബരപ്പെടുത്തേണ്ടത്. ആത്മീയാര്‍ത്ഥങ്ങള്‍ അകത്തുള്ളവരുടെ അകത്ത് സൂക്ഷിക്കേണ്ട അനര്‍ഘ മൂല്യങ്ങളാണ്. അവയെ നിരത്തിലെ ബഹളത്തിന് വിട്ട് നല്‍കി അഹ്‌ലുബൈത്തിനെ പരിഹാസ്യരാക്കരുതെന്ന് നമുക്ക് വിനീതമായി പറയാം.

ക്രിസ്ത്യാനികളും മുസ്‌ലികളും ഇന്ത്യയില്‍ നടത്തിയ മതപരിവര്‍ത്തനങ്ങള്‍ ബലപ്രയോഗത്തിലൂടെ ആയിരുന്നു എന്ന ആര്‍.എസ്.എസ് പ്രചാരണം അതേപടി വെട്ടിവിഴുങ്ങുന്ന ശുദ്ധഗതിക്കാരായ ചില മതേതരവാദികളും നമുക്കിടയിലുണ്ട്. മതേതര ചരിത്രകാരൻ എം. എന്‍. റോയി എന്ന ബംഗാളി ബ്രാഹ്മണന്‍ എഴുതിയ ‘ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്‌ലാം’ എന്ന ഗ്രന്ഥവുമായി അത്തരക്കാര്‍ ഒന്നു പരിചയപ്പെടുന്നത് നന്നായിരിക്കും. അദ്ദേഹം ഒരു പ്രഖ്യാപിത നിരീശ്വരവാദിയും റാഡിക്കല്‍ ഹ്യൂമനിസ്റ്റും ലോകം അംഗീകരിച്ച ദാര്‍ശനികനും ആയിരുന്നു. മേല്‍പറഞ്ഞ പുസ്തകത്തില്‍ ‘ഇസ്‌ലാമും ഇന്ത്യയും’ എന്ന പേരില്‍ ഒരധ്യായം തന്നെയുണ്ട്. അദ്ദേഹം തന്റെ പഠനത്തിന് മുഖ്യമായും ആശ്രയിച്ചിരിക്കുന്നത് ഹാവെല്‍ എന്ന ബ്രിട്ടീഷ് ചരിത്രകാരന്റെ ‘Aryan Rule in India’ എന്ന ഗ്രന്ഥത്തെയാണ്. ഹാവേല്‍ ഒരു ഇസ്‌ലാം അനുകൂലി ആയിരുന്നില്ലെന്നു മാത്രമല്ല, അദ്ദേഹം ഇസ്‌ലാമിന്റെ ഒരു വിമര്‍ശകന്‍ കൂടി ആയിരുന്നു. എന്നിട്ടും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇസ്‌ലാം എങ്ങനെയാണ് ഇന്ത്യന്‍ ജനജീവിതത്തെ സ്വാധീനിച്ചത് എന്നതിനെക്കുറിച്ച് സത്യസന്ധമായ വിവരണം നല്‍കുന്നതില്‍ ഹാവെന്‍ വിജയിച്ചിരിക്കുന്നു. എം. എന്‍. റോയി ഹാവെലിനെ ഉദ്ധരിച്ചു കൊണ്ട് മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങളോട് എങ്ങനെയാണ് പെരുമാറിയതെന്നു വിശദീകരിച്ചിട്ടുണ്ട്. ബ്രാഹ്മണരെ ഇണക്കിനിർത്തുക എന്ന ലക്ഷ്യത്തോടെ അവരെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചു. കേടുപാടുകള്‍ സംഭവിച്ച ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിതും മറ്റും ഹിന്ദുക്കള്‍ക്കവരുടെ മതവിശ്വാസം അഭംഗുരം തുടര്‍ന്നു പോകാനും അവസരം ഒരുക്കി.

16-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെയാണ് വടക്കേ ഇന്ത്യയുടെ ഭൂരിഭാഗവും മുഗള്‍ ആധിപത്യത്തിനു കീഴിലായിരുന്നത്. മുഗള്‍ ചക്രവത്തിര്‍മാര്‍ ഇന്ത്യന്‍ ഹൈന്ദവ പാരമ്പര്യങ്ങളെ ആകെ ചവിട്ടിമെതിച്ചെന്നും അമ്പലങ്ങള്‍ തകര്‍ത്തു പള്ളികള്‍ പണിതെന്നുമൊക്കെയുള്ള വ്യാജ ചരിത്രം നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുമുള്ള നിഗൂഢനീക്കങ്ങളാണ് നടക്കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ പലതും സത്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണ്. മുഗള്‍ പരമ്പരയിലെ ഏഴു തലമുറയിലെ ഭരണാധികാരികള്‍ അനിതരസാധാരണമായ കഴിവുറ്റവരായിരുന്നു എന്നാണ് നിയമപരമായ ചരിത്രപഠനം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും സമന്വയിപ്പിച്ച് ഒരു ഏകീകൃത ഇന്ത്യ നിര്‍മിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തിമാരുടെ ശ്രമം ശ്ലാഘനീയമായിരുന്നു.

മുഗളന്മാര്‍ ഇന്ത്യന്‍ ഭൂപ്രദേശത്ത് അധീശത്വം സ്ഥാപിച്ച ചരിത്ര സാഹചര്യവും എം. എന്‍. റോയി വിവരിക്കുന്നുണ്ട്. ദീര്‍ഘകാലത്തെ ചരിത്രവും പൗരാണികമായ ഒരു സംസ്‌കാരവും സ്വന്തമായുള്ള ഒരു രാജ്യവും പെട്ടെന്നുണ്ടാകുന്ന ഒരു വിദേശാക്രമണത്തിനു മുമ്പില്‍ തലകുനിച്ചു കൊടുക്കാറില്ല. കുറഞ്ഞപക്ഷം ആക്രമണത്തിനിരയാകുന്ന ജനതയുടെ ആദരവും സംതൃപ്തിയും ആര്‍ജ്ജിക്കാതെ ഇത്തരം ഒരു കീഴടങ്ങല്‍ സാധ്യമാകുകയില്ല. ബ്രാഹ്മണ മതയാഥാസ്ഥിതികതക്കെതിരെ ബുദ്ധമതം അഴിച്ചു വിട്ട വിപ്ലവത്തിന്റെ അനന്തരഫലമെന്നോണം 11-ാം നൂറ്റാണ്ടിലും 12-ാം നൂറ്റാണ്ടിലും വേദവിപരീതികളെന്നു മുദ്രകുത്തി മുഖ്യധാരാ ഹിന്ദു മതം അഥവാ ബ്രാഹ്മണ മതം അകറ്റി നിർത്തിയിരുന്ന വിപ്ലവകാരികള്‍ ഉള്‍പ്പെടെയുള്ള ബഹുജനങ്ങള്‍ ഇസ്‌ലാമിന്റെ സന്ദേശത്തെ ഹൃദയം തുറന്നു സ്വാഗതം ചെയ്യുകയായിരുന്നു എന്നതാണ് വാസ്തവം.

ഇന്ത്യയിലെ ഇസ്‌ലാമിന്റെ വ്യാപനത്തെ വിലയിരുത്തിക്കൊണ്ട് പൗരാണിക ഹിന്ദു സംസ്‌കാരത്തിന്റെ ആരാധകനായ ഹാവെല്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതിനെ എം. എന്‍. റോയി ഉദ്ധരിച്ചിരിക്കുന്നത് നോക്കുക: “ഇസ്‌ലാം മതം സ്വീകരിച്ചവര്‍ക്ക് അതേതുടര്‍ന്ന് ഖുര്‍ആനില്‍ അനുശാസിക്കുന്ന നിയമസംഹിതകളുടെ സര്‍വ്വപരിരക്ഷയും ലഭിക്കുകയുണ്ടായി. അങ്ങനെ അല്ലാത്തവരാകട്ടെ കൂടുതല്‍ പ്രാകൃതമായ ആര്യന്‍ നിയമസംഹിതകളുടെ കീഴിലായിരുന്നു. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ കീഴാള സമൂഹത്തില്‍ നിന്നും ഇസ്‌ലാമിലേക്കു മതം മാറാനുള്ള പ്രേരണ വര്‍ധിച്ചു വന്നു.” (പേജ് 74)

ഇസ്‌ലാമിന്റെ ഇന്ത്യന്‍ അധിനിവേശം എളുപ്പമാക്കി തീര്‍ന്നത് ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ബ്രാഹ്മണ മേധാവിത്തവുമാണെന്ന കാര്യത്തില്‍ എല്ലാ ചരിത്രകാരന്മാര്‍ക്കും യോജിപ്പാണുള്ളത്. ബ്രാഹ്മണ ഹിന്ദുയിസത്തിന്റെ യാഥാസ്ഥിതിക പാരമ്പര്യങ്ങളോടും വിശ്വാസ പ്രമാണങ്ങളോടും കൂറുപുലര്‍ത്തി മുന്നോട്ടുപോകുക എന്നത് ഇവിടുത്തെ കീഴാള വര്‍ഗ്ഗത്തിനു ശ്വാസംമുട്ടലുളവാക്കിയിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടെ തങ്ങളുടെ ചുമലിലെ നുകം കുടഞ്ഞെറിഞ്ഞുകളയാന്‍ അവര്‍ക്കൊരവസരം സംജാതമായി. മുസ്‌ലിം ആക്രമണ കാലത്ത് ഹിന്ദുനിയമങ്ങളിലും ബ്രാഹ്മണ പാരമ്പര്യങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ട ജനകോടികള്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നു. ഹിന്ദുപ്രതിലോമ ശക്തികളുടെ മര്‍ദ്ദക ഭരണത്തിനെതിരെ സംരക്ഷണം നൽകിയ ഇസ്‌ലാമിനെ സ്വീകരിക്കാനും അഭിശപ്തമായ സ്വന്തം പൈതൃകങ്ങളോടു വിട പറയാനും അവര്‍ തയ്യാറായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോള്‍ ഒരു കൂട്ടര്‍ ഘര്‍വാപസി, വീട്ടിലേക്കു മടങ്ങുക എന്ന പ്രസ്ഥാനത്തിന് ശംഖുനാദം മുഴക്കുന്നത്. ഏതു വീട് ?, എന്തിനങ്ങോട്ട് മടങ്ങണം? ഒരിക്കല്‍ വീടുവിട്ടു പോകാനുണ്ടായ സാഹചര്യം അതേപടി നിലനിർത്തിക്കൊണ്ടു വേണോ ഈ മാടി വിളിക്കല്‍?

എം. എന്‍. റോയി വീണ്ടും ഹാവേലിനെ ഉദ്ധരിക്കുന്നു: “ഇസ്‌ലാമിന്റെ തത്വചിന്തയല്ല; അതിന്റെ സാമൂഹിക വീക്ഷണമാണ് ഇന്ത്യയില്‍ നിന്നു ഇത്രയേറെ അനുയായികളെ നേടാനായത്. ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം തത്വചിന്തയല്ല; സാമുഹിക വീക്ഷണമാണ് പ്രധാനം. അവരുടെ തല്‍ക്കാല ദുരവസ്ഥക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു വ്യവസ്ഥയെക്കുറിച്ചുള്ള സന്ദേശം അവരെ തീര്‍ച്ചയായും ആകര്‍ഷിക്കും. താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കാശ്വാസം പകരുന്ന ഒരു സാമൂഹിക പരിപാടി മുന്നോട്ടുവെക്കുന്ന ഒരു പ്രസ്ഥാനത്തിന് പ്രതിലോമപരമായ ഒരു ജീവിത ദര്‍ശനം വെച്ചു പുലര്‍ത്താനാകുകയില്ലെന്നതാണ്. സാമൂഹികമായ ക്രമക്കേടുകളുടെ ഇരയായി ജീവിതാന്ത്യം വരെയും കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും ജീവിക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ സാമുഹിക വീക്ഷണം മാത്രമല്ല, തത്വചിന്തയും എല്ലാ അര്‍ഥത്തിലും അവരെ കീഴടക്കിവെച്ചിരുന്ന ഹിന്ദു ദര്‍ശനത്തേക്കാള്‍ പുരോഗമനപരമായിരുന്നു. ഇസ്‌ലാം എല്ലാ അര്‍ഥത്തിലും അവരുടെ ജീവിത ദുരിതങ്ങളില്‍ നിന്നും പുറത്തേക്കുള്ള ഒരു വഴികാട്ടിയായിരുന്നു.”

ഇസ്‌ലാമിക ചരിത്രത്തെ ഇത്രമേല്‍ പ്രകീര്‍ത്തിച്ചെഴുതിയ ഹാവെല്‍ എന്ന ചരിത്രപണ്ഡിതന്‍ ഇന്തോ-യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഒരു സ്തുതിപാടകന്‍ കൂടിയായിരുന്നു എന്നോര്‍ക്കണം. ഇത്തരക്കാരുടെ അഭിപ്രായത്തില്‍ മനുഷ്യന്റെ  സര്‍ഗാത്മപ്രതിഭയുടെ ഏറ്റവും മികച്ച ഉത്പന്നമാണ് ഇന്തോ-യൂറോപ്യന്‍ സംസ്‌കാരം. ഈ കാഴ്ചപ്പാട് മറയില്ലാതെ പ്രകടിപ്പിച്ചിട്ടുള്ള ഹാവെല്‍ പോലും ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തെ ഇന്ത്യന്‍ അവസ്ഥയുടെ ജീര്‍ണ്ണതയെ ഏറെക്കുറെ സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് എം. എന്‍. റോയിയുടെ നിരീക്ഷണം. അദ്ദേഹം എഴുതിയിരിക്കുന്നു: “ഇന്ത്യയില്‍ ഇസ്‌ലാം നേടിയ വിജയം ഒരിക്കലും ബാഹ്യവര്‍ത്തികളുടെ വിജയമായിരുന്നില്ല. ആര്യാവര്‍ത്തത്തിന്റെ രാഷ്ട്രീയ അധഃപതനം പ്രത്യേകിച്ചും ഹര്‍ഷന്‍ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ആകര്‍ഷണം വര്‍ധിപ്പിച്ചു. പ്രവാചകന്റെ പ്രസ്ഥാനം എല്ലാ വിശ്വാസികള്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ തുല്യത ഉറപ്പ് നല്കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാം ബഹുജനങ്ങള്‍ക്കുള്ള ഒരു തുരുത്തായി ഭവിച്ചു. ബുദ്ധമത തത്വചിന്തയും യാഥാസ്ഥിതിക ബ്രാഹ്മണ മതവും തമ്മിലേറ്റുമുട്ടി വടക്കെ ഇന്ത്യയിലാകെ അഭിപ്രായഭിന്നതകളുടെ കൊടുങ്കാറ്റ് വീശിയടിക്കുന്ന കാലം കൂടിയായിരുന്നു അത്.” (പേജ്75)

കൂടുതല്‍ യുക്തിഭദ്രമായ ഒരു സംസ്‌കാരത്തിന്റെ പ്രാഥമികഘട്ടം മാത്രം പിന്നിട്ട ഇന്ത്യന്‍ കീഴാളവര്‍ഗത്തിന്റെ ബുദ്ധിയും ശ്രദ്ധയും തിരിച്ചു വിടാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം കൈവരിച്ച പ്രധാന നേട്ടം, മുസ്‌ലിംകളുടെ ഇന്ത്യന്‍ അധിനിവേശത്തില്‍ ബാഹ്യവും ആഭ്യന്തരവുമായ കാരണങ്ങള്‍ വിശകലനം ചെയ്യാനും ഹിന്ദു-മുസ്‌ലിം വൈരം എന്ന ജീര്‍ണിച്ചഴുകിയ പൂര്‍വ്വനിലപാടുകളില്‍ നിന്ന് മുക്തി പ്രാപിക്കാനും ഉതകുന്ന തരത്തില്‍ ഇപ്പോഴത്തെ മതപരിവര്‍ത്തന മേളയോടനുബന്ധിച്ചു നടക്കുന്ന ചര്‍ച്ചയെ വികസിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതു നന്നായിരിക്കും. അതിനു പകരമുള്ള തെരുവു പ്രകടനങ്ങളും പരസ്പരമുള്ള ഗ്വോ-ഗ്വോ വിളികളും കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയും ഇന്ത്യന്‍ അവസ്ഥയെ മുഗള്‍ പൂര്‍വ്വകാലത്തെ ദുരവസ്ഥയിലേക്കു തള്ളിയിടുകയുമേ ചെയ്യൂ. മുസ്‌ലിംകള്‍ക്കെതിരായി മുന്‍വിധിയിലധിഷ്ഠിതമായ വെറുപ്പ് ഹിന്ദു സഹോദരങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. മുസ്‌ലിംകള്‍ തരംതാണ ഏതോ ജീവികളാണെന്ന മുന്‍വിധിയാണ് തന്റെ കാലത്തെ ബംഗാളികള്‍ പുലര്‍ത്തുന്നതെന്ന് എം. എന്‍. റോയി കുറ്റപ്പെടുത്തുന്നുണ്ട്. കാലം ഏറെ കഴിഞ്ഞിട്ടും ഇന്ത്യയൊട്ടാകെ ഇതേ അവസ്ഥ തന്നെ തുടരുന്നുവെങ്കില്‍ സംഗതി പരിതാപകരമാണ്. മുസ്‌ലിം അധിനിവേശം ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ സംജാതമാക്കിയ ഗുണഫലങ്ങളെ ചരിത്രപാഠങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രഹിക്കാത്തതാണ് ഇവിടെ നിലനില്‍ക്കുന്ന വര്‍ഗ്ഗീയവിദ്വേഷത്തിന്റെ അടിസ്ഥാന കാരണം.

ഇനി ക്രിസ്ത്യാനികളുടെ കാര്യത്തിലേക്കുവന്നാല്‍, ഇന്ത്യന്‍ ജനസംഖ്യയില്‍ കേവലം 2.5 ശതമാനം മാത്രമാണ് ക്രിസ്തുമതാനുയായികളുളളത് എന്ന കാര്യം മാത്രം പരിഗണിച്ചാല്‍ മതി നിര്‍ബന്ധിത പരിവര്‍ത്തനം എത്ര അസംബന്ധമാണെന്ന് മനസ്സിലാക്കാന്‍. പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍, ബ്രിട്ടിഷുകാര്‍ തുടങ്ങിയ യൂറോപ്പിലെ ക്രിസ്ത്യന്‍ അധിനിവേശശക്തികള്‍ക്ക് അവരുടെ സാമാജ്യത്വ താത്പര്യങ്ങള്‍ പോഷിപ്പിക്കുക എന്ന ലക്ഷ്യമല്ലാതെ ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നൊരു ലക്ഷ്യമേ ഉണ്ടായിരുന്നില്ല. മറിച്ച്, അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ നാല് നൂറ്റാണ്ട് നീണ്ടു നിന്ന അവരുടെ ഭരണത്തിന്റെ മറവില്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ ഇന്നത്തേതിന്റെ പത്തിരട്ടിയായി വര്‍ധിക്കുമായി രുന്നു. അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല, ബ്രിട്ടീഷുകാരും മറ്റും തദ്ദേശീയ മതങ്ങള്‍ക്കും എല്ലാ ആദരവുകളും നല്‍കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്തുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

ക്രിസ്തു മതസംസ്‌കാരത്തിന്റെ ഭാഗമായി യൂറോപ്പില്‍ വികസിച്ച ആധുനിക ഉന്നത വിദ്യാഭ്യാസത്തിന്റെ കാറ്റും വെളിച്ചവും ഇന്ത്യയിലേക്കു കടത്തിവിടുകയും വിദ്യാഭ്യാസം ആഗ്രഹിച്ചവര്‍ക്ക് അതിനിവിടെത്തന്നെ അവസരം ഒരുക്കിക്കൊടുക്കുകയും ഇന്ത്യന്‍ ജനസാമാന്യത്തെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്ന ഒരു തെറ്റേ മതപരമായ വിഷയങ്ങളില്‍ പാശ്ചാത്യ ക്രിസ്ത്യന്‍ മിഷനറിമാര്‍ നമ്മുടെ നാട്ടില്‍ ചെയ്തുള്ളൂ. തികഞ്ഞ സത്യാന്വേഷികളും സമജീവികളുടെ ക്ഷേമത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ചവരുമായിരുന്നു ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ മതപ്രചാരണം നടത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍. അവരുടെ പേരില്‍ ആകെ നടത്താവുന്ന ഒരേയൊരു ആരോപണം തദ്ദേശീയമായി വേരോട്ടം ഉണ്ടായിരുന്നതും യേശുക്രിസ്തുവിന്റെ ജന്മനാടിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ടവരുമായിരുന്ന സുറിയാനി ക്രിസ്ത്യാനികളെ പോര്‍ച്ചുഗീസ് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തോടെ റോമന്‍ കത്തോലിക്കരായി പരിവര്‍ത്തനപ്പെടുത്തുകയും അവരുടെ പുരാതനപാരമ്പര്യങ്ങളെ നശിപ്പിക്കുകയും ചെയ്തു എന്നതു മാത്രമാണ്. അത് കേവലം ക്രിസ്തുമതത്തിനുള്ളിലെ ഒരു ആഭ്യന്തരകലഹം മാത്രമായിരുന്നു. അതില്‍ ഹിന്ദുക്കളോ മറ്റ് മതവിഭാഗങ്ങളോ കക്ഷി ചേരേണ്ട യാതൊരാവശ്യവും ഉദിക്കുന്നില്ല.

വസ്തുതകളിതായിരിക്കെ, എങ്ങനെയാണ് ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനം നിലനിൽക്കൂക.! പ്രലോഭനങ്ങളിലൂടെ അവിടവിടെ ചില്ലറ മതം മാറ്റങ്ങള്‍ യൂറോപ്യന്‍ മിഷനറിമാരും അവരുടെ ഇന്ത്യന്‍ പിന്‍ഗാമികളും നടത്തിയിട്ടുണ്ടാകും. അതില്‍തന്നെ മതപരിവര്‍ത്തനത്തിനു മുന്നോടിയായി സംഭവിക്കേണ്ട മനഃപരിവര്‍ത്തനം നടത്തിയവരായിരുന്നു അവരെന്നാണ് അവരുടെ മതപരമായ ശുഷ്‌കാന്തിയും സംഘടിതബലവും തെളിയിക്കുന്നത്. അവരും അവരുടെ പൂര്‍വ്വികരും അനുഭവിച്ചുപോന്ന ജാതീയമായ അവഗണന, സാമുഹിക നിന്ദ, പാര്‍പ്പിടമില്ലായ്മ, വിദ്യാവിഹീനത, രോഗം, ദാരിദ്ര്യം ഇതിനൊക്കെയുള്ള പരിഹാരനിര്‍ദേശങ്ങളുമായി അവരുടെ ജീവിതത്തിലേക്കു കടന്നുചെന്നവരായിരുന്നു ക്രിസ്ത്യന്‍ മിഷനറിമാര്‍. ഇന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പല ഉള്‍പ്രദേശങ്ങളിലും ഇത്തരം മിഷനറിപ്രവര്‍ത്തനം സജീവമാണ്. അവര്‍ക്കെതിരായി ആസൂത്രണം ചെയ്ത ഒരക്രമപദ്ധതിയുടെ ഭാഗം കുടിയാണിപ്പോഴത്തെ ഈ ഘര്‍വാപസി പ്രചരണം. ‘വണ്ടേ നീയും തുലയുന്നു വിളക്കും കെടുത്തുന്നു’ എന്നല്ലാതെ ഇതേക്കുറിച്ച് മറ്റൊന്നും നമുക്കു പറയാനാകില്ല.

ദിവസങ്ങള്‍ക്കു മുമ്പ് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം അതിന്റെ മുന്‍ പേജില്‍ കേരളത്തിലെ മതപരിവര്‍ത്തനത്തെക്കുറിച്ച് വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഇസ്‌ലാമിലേക്കുള്ള മാറ്റത്തെപ്പറ്റി മാത്രമേ വിശദീകരിച്ചിട്ടുള്ളൂ. പ്രമുഖ മതപ്രബോധകന്‍ സാകിര്‍ നായിക്കിനെ മുന്നില്‍നിര്‍ത്തി വിവാദങ്ങളുണ്ടാക്കി മതപരിവര്‍ത്തന നിരോധന നിയമമുണ്ടാക്കാനുള്ള പശ്ചാത്തലമൊരുക്കാന്‍ തല്‍പരകക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2011 നും 2015 നും ഇടയില്‍ 5 വര്‍ഷത്തിനകം 5793 പേരാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് പത്രം പറയുന്നു.

ഇസ്‌ലാം സ്വീകരണത്തിന് നിയമസാധുത നല്‍കാന്‍ അനുവാദമുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളായ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയിലെയും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയിലെയും കണക്കുകളാണ് പത്രം ഉദ്ധരിച്ചത്. മതംമാറ്റത്തിന് ഗവണ്‍മെന്റ് അനുമതിയുള്ള നിരവധി ഹൈന്ദവ ക്രൈസ്തവ കേന്ദ്രങ്ങളെ സംബന്ധിച്ച പരാമര്‍ശമൊന്നും റിപ്പോര്‍ട്ടിലില്ല. ഇസ്‌ലാം സ്വീകരിച്ചവരില്‍ 4719 പേര്‍ ഹിന്ദുക്കളും 1074 പേര്‍ ക്രിസ്ത്യാനികളുമാണെന്നും പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. മതം മാറിയ സ്ത്രീകളില്‍ 76 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണെന്നും കാണിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐ.എസ് വേട്ടയുടെ പേരില്‍ പൊലീസും മറ്റന്വേഷണ ഉദ്യോഗസ്ഥരും ഇസ്‌ലാമിക പ്രബോധകരെയും ഇസ്‌ലാം സ്വീകരിച്ചവരെയും അകാരണമായി പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്‌കൊണ്ടിരിക്കുകയാണ്.

മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷത മനനംചെയ്യാനുള്ള കഴിവാണല്ലോ. ചിന്തിക്കാനും മനസ്സിലാക്കാനും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഈ കഴിവ് ഉപയോഗിക്കുന്നില്ലെങ്കില്‍ മനുഷ്യന്‍ ജന്തുവിതാനത്തിലായിരിക്കും. വായനയും പഠനവും അറിവും ചിന്തയും മാനവ മനസ്സിനെ സ്വാധീനിക്കുക സ്വാഭാവികം. അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയുകയില്ല. മതം വിശ്വാസത്തിലധിഷ്ഠിതമാണ്. അറിവും ചിന്തയും അതില്‍ സ്വാധീനം ചെലുത്തുന്നു. പുതിയ കാര്യങ്ങള്‍ മനസ്സിലായാലും അതിനനുസരിച്ച് വിശ്വാസ വീക്ഷണങ്ങളില്‍ മാറ്റംവരുത്താന്‍ പാടില്ലെന്ന് ശഠിക്കുന്നത് മനുഷ്യബുദ്ധിയെ കൊഞ്ഞനംകുത്തലാണ്.

ഇപ്രകാരംതന്നെ തനിക്ക് ഏറ്റവും ശരിയെന്ന് ബോധ്യമായ കാര്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞ് പഠിപ്പിക്കാനും അത് പ്രബോധനംചെയ്യാനും എല്ലാവര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതിന് വിലക്കേര്‍പ്പെടുത്തുന്നത് മൗലിക മനുഷ്യാവകാശങ്ങളുടെ നിഷേധമത്രെ. അതിനാലാണ് നമ്മുടെ രാജ്യത്തെ ഭരണഘടന ഏതു പൗരനും ഇഷ്ടമുള്ള വിശാസവും മതവും സ്വീകരിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അനുവാദവും സ്വാതന്ത്ര്യവും നൽകിയത്. മനുഷ്യബുദ്ധിക്കും ചിന്താസ്വാതന്ത്ര്യത്തിനും മുന്തിയ പരിഗണന നൽകുന്ന ഏതൊരു പരിഷ്‌കൃത സമൂഹത്തിനും രാഷ്ട്രത്തിനും മറിച്ചൊരു നിലപാട് സ്വീകരിക്കുക സാധ്യമല്ല. മത സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയാണ് മതംമാറ്റ സ്വാതന്ത്ര്യമെന്ന വസ്തുത വിസ്മരിക്കാവതല്ല.

പുരാതന കാലം മുതൽക്കേ ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും മതംമാറ്റ സ്വാതന്ത്ര്യം നിലനിന്നിരുന്നു. ഇന്ത്യയുടെ മണ്ണില്‍ പിറവിയെടുത്ത ബുദ്ധ-ജൈന മതങ്ങളുടെ പ്രചാരണവും ഇസ്‌ലാം-ക്രൈസ്തവ മതങ്ങള്‍ക്ക് ഇവിടെ ലഭിച്ച വ്യാപകമായ സ്വാധീനവും ഇതാണ് തെളിയിക്കുന്നത്. പ്രാക്തന സമുഹങ്ങളനുഭവിച്ചിരുന്ന സ്വാതന്ത്ര്യംപോലുമിന്ന് നിഷേധിക്കണമെന്ന് വാദിക്കുന്നത് മനുഷ്യബുദ്ധിയെയും ചിന്തയെയും ഭയപ്പെടുന്നതുകൊണ്ടാവാനേ തരമുള്ളൂ. ഇന്ത്യയിലെ മതപരിവര്‍ത്തനത്തിന്റെ പ്രധാന കാരണം സാമൂഹിക ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥയും തദടിസ്ഥാനത്തിലുള്ള വിവേചനവുമാണെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഭൗതികതയുടെ അതിപ്രസരവും ആത്മീയ ദാരിദ്ര്യവുമാണ്. അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെ പടിഞ്ഞാറന്‍ നാടുകളില്‍ ഈ മതംമാറ്റ മനസ്സിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലെ ഹൈന്ദവ സന്യാസിമാരും സ്വാമിമാരും ആചാര്യന്മാരും ശ്രമിക്കുന്നു. പുറം നാടുകളില്‍ മതംമാറ്റത്തിനായി പാടുപെടുന്നവര്‍ ഇവിടെ അത് പാടില്ലെന്ന് പറയുന്നത് തികഞ്ഞ വൈരുധ്യം മാത്രം.

ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഹിന്ദുമതവിശ്വാസികളല്ല. അവരുടെ വിശ്വാസ വീക്ഷണങ്ങളും ആചാരാനുഷ്ഠാനങ്ങളും തീര്‍ത്തും വ്യത്യസ്തവും വ്യതിരിക്തവുമത്രെ. അവരെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വരാന്‍ വര്‍ഷങ്ങളായി സംഘ്പരിവാര്‍ തീവ്രശ്രമത്തിലാണ്. അതിനായി ‘വനവാസ് കല്യാണ്‍ ആശ്രമം’ എന്ന പ്രത്യേക വിഭാഗത്തെതന്നെ ആര്‍.എസ്.എസ് സജ്ജമാക്കിയിട്ടുണ്ട്. ഗിരി വര്‍ഗ്ഗക്കാരെ ഹിന്ദുമതത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മതം മാറിയവരുടെ പിന്മുറക്കാരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ബഹളംവെക്കുന്നത് വിചിത്രംതന്നെ.

ഇന്ത്യയിലെ മുസ്‌ലിംകള്‍ ഏറെ ദുര്‍ബലരും ന്യൂനപക്ഷവുമാണ് സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നാക്കം നിൽക്കുന്നവരാണ്; ഏറ്റവും അരക്ഷിതബോധം അനുഭവിക്കുന്നവരും അവര്‍ തന്നെ. അതുകൊണ്ടുതന്നെ മുസ്‌ലിംള്‍ക്ക് ആരെയും നിര്‍ബന്ധിച്ച് മതംമാറ്റാനാകില്ല. ഇസ്‌ലാം അതനുവദിക്കുന്നില്ലെന്നു മാത്രമല്ല കണിശമായി വിലക്കുകയും ചെയ്യുന്നു. മതംമാറ്റത്തെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സ്ത്രീസാന്നിധ്യത്തെ സംബന്ധിച്ചും അവരുടെ പ്രായത്തെപറ്റിയും പരാമര്‍ശിച്ചത് ലൗ ജിഹാദ് പ്രചാരണത്തിന് ശക്തിപകരാനുദ്ദേശിച്ചാകാനേ തരമുള്ളൂ. ഇസ്‌ലാം സ്ത്രീകളുടെ സമസ്താവകാശങ്ങളും കവര്‍ന്നെടുക്കുകയും അവരെ അടിമസമാനരാക്കുകയും ചെയ്യുന്നതായി ആരോപിക്കുന്നു. മുസ്‌ലിംകള്‍ തോന്നുന്നതു പോലെ മൊഴിചൊല്ലുന്നവരും മൂന്നും നാലും സ്ത്രീകളെ വിവാഹം കഴിക്കുന്നവരും അവരെ അടുക്കളയില്‍ തളച്ചിടുന്നവരുമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. അതോടൊപ്പം അവര്‍ ഹിന്ദുസ്ത്രീകളെ പ്രണയിച്ച് മതംമാറ്റുന്നതായി ആരോപിക്കുകയും ചെയ്യുന്നു. അപ്പോള്‍ തങ്ങളെ അടിമകളാക്കി ചൂഷണംചെയ്യുന്ന പുരുഷന്മാരുടെ കാമുകിമാരാകാന്‍ വെമ്പല്‍ പൂണ്ട് കാത്തിരിക്കുകയാണോ വിദ്യാസമ്പന്നമായ സ്ത്രീകള്‍.

എന്നാല്‍, വസ്തുത മറ്റൊന്നാണ്. ലോകത്തെങ്ങും പുരുഷന്മാരെക്കാള്‍ ഇസ്‌ലാമില്‍ ആകൃഷ്ടരാകുന്നതും അത് അംഗീകരിക്കുന്നതും സ്ത്രീകളാണ്. അമേരിക്കയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണ്. ബ്രിട്ടനില്‍ ഇസ്‌ലാം സ്വീകരിക്കുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗവും സ്ത്രീകളാണ്. കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ലെയിസ്റ്ററിലെ നവ മുസ്‌ലിംകളുടെ സഹായത്തോടെ, ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളെ സംബന്ധിച്ച പഠനം പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത പഠനം ഇസ്‌ലാം സ്വീകരിക്കാനുള്ള പ്രധാന കാരണമായി കാണിക്കുന്നത് പടിഞ്ഞാറന്‍ സംസ്‌കാരത്തിലെ അനിയന്ത്രിതമായ സ്വാതന്ത്ര്യം സൃഷ്ടിച്ച കുടുംബ ജീവിത തകര്‍ച്ചയാണ്. അരാജക ജീവിതവും കുടുംബ ശൈഥില്യവുമാണ് പാശ്ചാത്യ ലോകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്നും അതിനുള്ള പരിഹാരമായാണ് അവര്‍ ഇസ്‌ലാം സ്വീകരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന ഉയര്‍ന്ന പരിഗണനയിലും കുടുംബ ജീവിതത്തിലെ ഭദ്രതയിലും ആകൃഷ്ടരായാണ് സ്ത്രീകള്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. തടവില്‍നിന്ന് വിട്ടയച്ചപ്പോള്‍ താലിബാൻകാര്‍ നല്‍കിയ ഖുര്‍ആന്‍ പരിഭാഷ വായിച്ച് ഇസ്‌ലാം സ്വീകരിച്ച പ്രമുഖ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്‌ലി ഇതിന്റെ മികച്ച ഉദാഹരണമാണ്.

ശുഹൈബുല്‍ ഹൈതമി

Almuneer 2019