മംഗലാപുരത്തുകാരുടെ മനമറിഞ്ഞ ഖാസി ശൈഖുനാ ത്വാഖ അഹ്മദ് മുസ്‌ലിയാർ വിട പറഞ്ഞിരിക്കുന്നു. ഒരായുഷ്ക്കാലം മുഴുവൻ ദീനിന്റെ പ്രഭക്ക് പ്രൗഢി പകർന്ന പണ്ഡിത സാന്നിധ്യം ഇനി വിശ്രമങ്ങളുടെ ലോകത്തേക്ക് യാത്രയാവുകയാണ്. തന്റെ അമ്മാവൻ കൂടിയായ ശൈഖുനാ സി. എം. ഉസ്താദിന്റെ പിൻഗാമിയായി കാസർഗോഡ് മംഗലാപുരത്ത് ഉസ്താദിന്റെ സാന്നിധ്യം ഏറെയുണ്ടായിരുന്നു. ഒമാനിലെ സലാലയിലെ ത്വാഖ എന്ന സ്ഥലത്ത് നിരവധി വർഷക്കാലം ഖത്തീബായി സേവനം ചെയ്തത് കൊണ്ടാണ് പേരിന്റെ ആദ്യത്തിൽ ത്വാഖ എന്ന് വന്ന് ചേർന്നത്. ത്വാഖയിൽ നീണ്ട വർഷങ്ങളോളം മതപഠന ക്ലാസുകൾ നടത്തി. മലയാളികൾക്കിടയിലും വിദേശികൾക്കിടയിലും അഭിമാനഭാജനമായി. ഒമാനിന്റെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന പല ഡോക്ടർമാരും എൻജിനീയർമാരും ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിച്ചു. സ്വദേശികൾക്ക് ശൈഖ് അഹമ്മദും വിദേശികൾക്ക് ത്വാഖ അഹമ്മദ് മൗലവിയുമായിരുന്നു ഉസ്താദ്.
ഉത്തര കേരളത്തിലും മംഗലാപുരത്തും കർണാടകയുടെ വിവിധ ഭാഗങ്ങളിലും സമസ്തയുടെ സാന്നിധ്യം വേറിട്ടുറപ്പിക്കുന്നതിൽ ഉസ്താദ് നടത്തിയ സേവനങ്ങൾ ഒരിക്കലും മറക്കാവുന്നതല്ല. സുപ്രഭാതത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ സുപ്രഭാതം കന്നഡ എഡിഷൻ ആരംഭിച്ചാൽ ഒരു ലക്ഷം വരിക്കാരെ വാഗ്ദാനം ചെയ്യുന്നു എന്നാണ് ഉസ്താദ് പറഞ്ഞത്.
തന്റെ അടിയുറച്ച ആശയവും തീരുമാനവും ആരുടെ മുമ്പിലും പണയം വെച്ചില്ല. ഒരിക്കൽ ഉസ്താദിനെ കാണാൻ ചെന്ന അവസരത്തിൽ സംസാരത്തിനിടയിൽ പറഞ്ഞത് സമസ്ത ഒരിക്കലും പിളർന്നു എന്ന് പറയാൻ പാടില്ല. കാരണം രണ്ടായി പിളരുന്ന ഇരു വസ്തുക്കളിലും ആ വസ്തു ഒന്നായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ ഗുണങ്ങൾ ഭാഗികമായി ഉണ്ടാവും. ഇവിടെ അതില്ല. ഇവിടെ ഒന്നായിരുന്നപ്പോൾ ഉണ്ടായ മുഴുവൻ നന്മകളും സമസ്തയിൽ മാത്രമാണുള്ളത്.
ഇങ്ങനെ ഓരോ കാര്യങ്ങളെയും താത്വികമായും ബുദ്ധിപരമായും സമർത്ഥിക്കാൻ നല്ല കഴിവുണ്ടായിരുന്നു. അവസാനകാലങ്ങളിൽ സമസ്തയുടെ പല മുശാവറകളിലും രോഗംകാരണവും മറ്റും പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സമസ്തയുടെ സജീവ സാന്നിധ്യമായി ഉസ്താദ് ഉണ്ടായിരുന്നു.
വിജ്ഞാനത്തിന്റെയും അതിന്റെ പ്രസരണത്തെയും ഉസ്താദ് നന്നായി സ്നേഹിച്ചു. വിദ്യാർത്ഥികളെ നന്നായി പ്രിയപ്പെട്ടു. വീട്ടിൽ ഉസ്താദിനെ കാണാൻ ചെന്നപ്പോഴെല്ലാം സ്നേഹത്തിന്റെ തണൽ വിരിച്ചു തന്നു. ജ്ഞാനത്തിന്റെ കിളിവാതിലുകൾ തുറന്നു വെച്ചു. നീണ്ട യാത്രകളും പ്രവാസ ജീവിതവും അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ എട്ടുക്വിന്റലോളം കിതാബുകളാണ് ഉസ്താദ് വിദേശത്തുനിന്നു കൊണ്ടുവന്നത്. അതിലും അധികം ഗ്രന്ഥങ്ങൾ നാട്ടിലും ഉണ്ടായിരുന്നു. വിജ്ഞാനത്തോടുള്ള സ്നേഹമാണ് നാടും വീടും വിട്ട് ഈജിപ്തിൽ ആ കാലത്ത് ചെന്ന് പഠിക്കാൻ ഉസ്താദിനെ പ്രേരിപ്പിച്ചത്.
ശൈഖുനാ ത്വാഖ ഉസ്താദ് ആദ്യകാലങ്ങളിൽ സമസ്‌തയിൽ സജീവമല്ലായിരുന്നു. സമസ്തയാണ് ശരി എന്ന് ബോധ്യപ്പെട്ടപ്പോൾ എല്ലാം വലിച്ചെറിഞ്ഞു സമസ്തയിൽ സജീവമായി. അതിനു കാരണമായ ഒരു സംഭവവുമുണ്ട്.
സലാലയിൽ സാലിം ബാഖിവൈർ (റ) എന്നപേരിൽ അറിയപ്പെടുന്ന ഒരു വലിയ സൂഫിയുടെ മഖ്ബറ ഉണ്ട്. അദ്ദേഹത്തിന്റെ ആത്മീയ ശേഷിപ്പുകൾ ഇന്നും അവിടെ കാണാവുന്നതാണ്. വഫാത്തിന് ശേഷവും പലരെയും അദ്ദേഹം ആത്മീയമായി നിയന്ത്രിക്കുകയും ശിക്ഷണം നൽകുകയും ചെയ്യുന്നു. ത്വാഖാ ഉസ്താദിന്റെ സുഹൃത്ത് വലയത്തിൽ ഈ മഹാനോട് വളരെ ആത്മീയമായി അടുത്ത ഒരാളുണ്ടായിരുന്നു. സ്വപ്‌നത്തിലൂടെയും അല്ലാതെയുമായി അദ്ദേഹം നിരന്തരം അയാൾക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ടായിരുന്നു. ഒരിക്കൽ ശൈഖ് ബാഖിവൈർ (റ) എന്ന മഹാനോടൊപ്പം ശൈഖുനാ ശംസുൽ ഉലമ (ന:മ) ഇരിക്കുന്നതായി സ്വപ്നത്തിൽ ദർശിച്ചു. ശംസുൽ ഉലമയുടെ പേരിൽ ഫാത്തിഹ ഓതുവാനും നിർദ്ദേശം ഉണ്ടായി. അതോടെ ത്വാഖ ഉസ്താദിന്റെ മനസ്സ് മാറുകയും അങ്ങനെ ശംസുൽ ഉലമ എന്ന മഹാലോകത്തേക്ക് അടുക്കുകയും ചെയ്തു.
ഖാസിയാരകത്ത് മുഹമ്മദ് കുഞ്ഞിയുടെയും ആയിശയുടെയും (ചെമ്പരിക്ക സി.എം ഉസ്‌താദിന്റെ സഹോദരി) മകനായി 1947 ഓഗസ്റ്റ് 10 ന് ജനനം. കുടുംബത്തിൽ ധാരാളം ഖാസിമാർ ഉണ്ടായത് കൊണ്ടാണ് തറവാടിന് ഖാസിയാരകം എന്ന പേര് വന്നത്. പ്രാഥമിക പഠനം തളങ്കര മുസ്‌ലിം ഹൈസ്‌കൂളിൽ. അതിന് ശേഷം പടന്നയിലെ മാവിലാട് കടപ്പുറത്ത് യു. കെ. ആറ്റക്കോയ തങ്ങളുടെ ദർസിൽ ചേർന്ന് പഠിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സി. എം. അബ്ദുല്ല മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. പിന്നീട് കെ. കെ. അബ്ദുല്ല മുസ്‌ലിയാർ പൊന്നാനി മഊനത്തിൽ പ്രിൻസിപ്പൽ ആയ സമയത്ത് രണ്ട് മാസം അവസാനത്തോടെ ഓതി. മിത്തബൈൽ ഉസ്താദും നാട്ടിക ഉസ്താദും പൊന്നാനിയിലെ ത്വാഖ ഉസ്‌താദിന്റെ സഹപാഠികളായിരുന്നു. ശേഷം കൊടുങ്ങല്ലൂർ അഴീക്കോട് അൽ ഇർഷാദ് കോളേജിൽ ഒന്നര വർഷത്തോളം പഠനം നടത്തി. ഉപരി പഠനത്തിന് പുറത്ത് പോകാനായിരുന്നു ത്വാഖ ഉസ്‌താദിന് താൽപര്യം. അങ്ങനെ അൽ ഇർഷാദിലെ പഠന ശേഷം ദയൂബന്ദ് ദാറുൽ ഉലൂമിൽ ചേർന്നു ഖാസിമി ബിരുദം കരസ്ഥമാക്കി.
ദയൂബന്ദിൽ നിന്ന് ഇറങ്ങിയ ശേഷം കോട്ടയം തിരുനക്കര പള്ളിയിൽ ഖതീബും മുദരിസുമായി ജോലി ഏറ്റു. മൂന്ന് വർഷം അവിടെ തുടർന്നു. പിന്നീട് അളിയന്റെ സഹായത്തോടെ ഉംറ നിർവ്വഹിക്കാൻ അവസരം കൈവന്നു. എന്തോ ചില കാരണത്താൽ സൗദിയിലേക്ക് നേരിട്ടു ഫ്ലൈറ്റ് ലഭിച്ചില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഈജിപ്ത് വഴി മാത്രമേ സൗദിയിലെത്താർ മാർഗമുള്ളൂ എന്നാണ്. അത് കാരണം ഉസ്‌താദ് തീരുമാനം മാറ്റി. തന്റെ സ്വപ്നമായ ഈജിപ്തിലെ അൽ അസ്ഹറിലേക്ക് പഠനത്തിനായി തിരിച്ചു. ഉസൂലുൽ ഫിഖ്ഹിൽ എം. എ. ബിരുദം നേടി അസ്‌ഹരിയായി.
പഠനം കഴിഞ്ഞ ഉസ്‌താദ് സലാലയിലേക്ക് ജോലി തേടി യാത്ര തിരിച്ചു. അവിടെ പെട്രോളിയം മന്ത്രിയുടെ കമ്പനിയിൽ ജോലി ലഭിച്ചു. സമീപത്തുണ്ടായിരുന്ന പള്ളിയിൽ ഖുതുബയും ഏറ്റെടുത്തു. പിന്നീട് കുറച്ചു കഴിഞ്ഞാണ് സുൽത്താന്റെ ഉമ്മ സലാലയിലെ ത്വാഖ എന്ന സ്ഥലത്ത് പള്ളി നിർമ്മിച്ചത്. ത്വാഖ ഉസ്‌താദിന്റെ ഖുതുബയിൽ ആകൃഷ്ടരായ അവർ ഉസ്‌താദിനെ അവിടുത്തെ ഖതീബായി നിയമിച്ചു. നീണ്ട വർഷങ്ങൾ അവിടെ സേവനം ചെയ്തു. സലാലയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ ഉസ്‌താദ് ശഹീദെ മില്ലത്ത് സി. എം. ഉസ്താദിന്റെ വഫാത്തിന് ശേഷം മംഗലാപുരം ഖാസിയായും ടി. കെ. എം. ബാവ മുസ്‌ലിയാരുടെ വഫാത്തിന് ശേഷം സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റ് ആയും പിന്നീട് സമസ്‌ത കേന്ദ്ര മുശാവറ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
കർണ്ണാടകയിലെ കാശിപട്‌നയിലെ ദാറുന്നൂർ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നെടും തൂണായ ശൈഖുനാ ത്വാഖ് ഉസ്താദ് ഉത്തര കേരളത്തിലും ദക്ഷിണ കന്നടയിലും ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നായകത്വം വഹിച്ചു. മംഗലാപുരം, ദക്ഷിണ കന്നട, കീഴൂർ, ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഉൾപ്പെടെയുള്ള ഇരുന്നൂറിൽപരം മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിച്ചു.
നീണ്ടകാലം ജ്ഞാനപ്രസരണത്തിലും ദീനി സേവനത്തിലുമായി ജീവിച്ച ഉസ്താദ് അവർകൾ വിട പറയുമ്പോൾ ഒരു യുഗമാണ് അവസാനിക്കുന്നത്. നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ. ആമീൻ.


🤲🤲