നബി(സ്വ)യുടെ കാലത്ത് തന്നെ കേരളത്തിൽ ഇസ്‌ലാമിന്റെ മഹനീയ സന്ദേശമെത്തിയിട്ടുണ്ടെന്ന് ചരിത്രരേഖകൾ സാക്ഷ്യം വഹിക്കുന്നു. മക്കത്ത് പോയി ഇസ്‌ലാം മതം സ്വീകരിക്കുകയും കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിൽ വഴി മദ്ധ്യേ ജിഫാറിൽ വെച്ച് മരണപ്പെടുകയും ചെയ്ത ചേരമാൻ പെരുമാളിന്റെ കത്തുമായി കേരളത്തിലെ കൊടുങ്ങല്ലൂരിൽ വന്ന മാലിക് ദീനാറി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം മിഷനറി സംഘം കപ്പലിറങ്ങി. അവർ കൊടുങ്ങല്ലൂർ രാജാവിനെ മുഖം കാണിക്കുകയും അന്തരിച്ച പെരുമാളുടെ കത്ത് കൊടുക്കുകയും ചെയ്തു. രാജാവ് അവരെ ആദരവോടെ എതിരേൽക്കുകയും, അവർക്ക് താമസിക്കാനും പള്ളി പണിയാനുമുള്ള സൗകര്യങ്ങൾ ചെയ്‌ത് കൊടുക്കുകയും ചെയ്തു. പള്ളിപ്പണിക്കാവശ്യമായ ഉറപ്പേറിയ കല്ലുകളും, വിദഗ്‌ധരായ തച്ചന്മാരെയും കൊട്ടാരം വക രാജാവ് തന്നെ നൽകി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെട്ടു. കേസരി ബലകൃഷ്‌ണപിള്ളയെപ്പോലെയുള്ള ചരിത്രകാരന്മാർ ഇതിനെ ‘The first Mosque in India’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
അങ്ങനെ മാലിക് ബ്നു ദീനാറും സംഘവും കേരളത്തിൽ പന്ത്രണ്ട് പള്ളികൾ സ്ഥാപിക്കുകയുണ്ടായി (പള്ളികളുടെ എണ്ണത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്). ദീർഘ വീക്ഷണമുള്ള ബഹുമാനപ്പെട്ട മാലിക് ബ്നു ദീനാറും സംഘവും ഈ പള്ളികളത്രയും സ്ഥാപിച്ചത് രണ്ട് നിലകളിലായിരുന്നു. താഴത്തെ നില നമസ്‌കാരാദി ആരാധനകൾ നിർവഹിക്കാനും, മുകളിലെ നില വിദ്യാർഥികളുടെ മതപഠനം ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു നിർമ്മിച്ചിരുന്നത്. ഇത്കൊണ്ട് മനസ്സിലാകുന്നത് കേരളത്തിൽ ഇസ്‌ലാം മതപ്രചരണത്തിന്റെ തുടക്കം മുതൽ തന്നെ ഇൽമിന്റെ സിരാകേന്ദ്രമായ പള്ളിദർസുകൾ നിലനിന്നിട്ടുണ്ട് എന്നാണ്.
പള്ളിദർസിന് മഹത്തായ പാരമ്പര്യവും അടിത്തറയുമുണ്ട്. ഇസ്‌ലാം നിലനിന്നത് പള്ളിദർസിന്റെ സംഭാവനകളായ മഹാന്മാരായ ഉലമാക്കളിലൂടെയാണ്. നബി (സ്വ) മദീനാ പള്ളിയിൽ വെച്ച് ഉദ്‌ഘാടനം ചെയ്ത നബി (സ്വ) മുദരിസും അബൂഹുറൈറ(റ)യെപ്പോലെയുള്ള മഹാന്മാരായ “സൂഫ്‌ഫത്തിന്റെ അഹ്‌ലുകാർ” എന്നറിയപ്പെട്ടിരുന്ന സ്വഹാബത്ത് ശിഷ്യന്മാരായിട്ടുമായിരുന്നു പള്ളിദർസിന്റെ തുടക്കം. പഴഞ്ചനെന്ന് ചില ആളുകൾ മുദ്ര കുത്താറുണ്ടെങ്കിലും ശരിയായ സനദും അടിസ്ഥാനവുമുള്ള ഒന്നാണ് പള്ളിദർസ്. തലമുറകളായി നടത്തിവരുന്ന ദർസ് സമ്പ്രദായം ഇന്ന് തനതായ രൂപത്തിലും മൂല്യങ്ങൾ ചോർന്ന് പോകാതെയും നിലനിൽക്കുന്നത് കേരളത്തിലാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ വ്യവസ്ഥാപിതമായി പള്ളിദർസ് സമ്പ്രദായം നിലനിൽക്കുന്നില്ല. നബി(സ്വ)യുടെയും സഹാബത്തിന്റെയും പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് പള്ളിദർസിനെ അതിന്റെ തനിമയോടെ നിലനിർത്തുന്നതിലും പോഷിപ്പിക്കുന്നതിലും കേരളത്തിലെ നിഷ്കളങ്കരായ ഉലമാക്കൾ അർപ്പിച്ച സംഭാവനകൾ വലുതാണ്.
ഇസ്‌ലാം മത പ്രചരണത്തിന് കേരളത്തിൽവന്ന ബഹു: സ്വഹാബത്ത് ഇസ്‌ലാമിന്റെ ജീവനാഡിയായ ഇൽമിന്റെ നിലനിൽപിന്ന് പള്ളിദർസുകൾ അത്യന്താപേക്ഷിതമാണെന്ന് കണ്ട്കൊണ്ടാണ് പള്ളി നിർമ്മാണം തന്നെ നടത്തിയത്. പള്ളിദർസിനെ കുറിച്ച് ചർച്ച ചെയ്ത്കൊണ്ട് Dr. Ahamed Kutty എഴുതുന്നു “Dars System is a unique feature of Kerala which is not found any where else in India. This explains why the mosque in Kerala unlike those in other parts of India are built doublestoreyed (Arabic in South India. P-54)”. അഥവാ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കാണപ്പെടാത്ത ദർസ് സമ്പ്രദായം കേരളത്തിന്റെ മാത്രം സവിശേഷതയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പള്ളികൾ രണ്ട് നിലകളിലായി നിർമ്മിക്കപ്പെട്ടത് ഇത് വ്യക്തമാക്കുന്നു.
പള്ളിദർസിനെ കുറിച്ച് പറയുമ്പോൾ പൊന്നാനി മഖ്‌ദൂമുമാരെ ഓർക്കാതിരിക്കാൻ വയ്യ. യമനിലെ മഅ്ബറിൽ നിന്നും മഖ്‌ദൂം കുടുംബത്തിന്റെ ആഗമനത്തോടെയാണ് മതവിജ്ഞാന രംഗത്ത് പുതിയൊരു ഉണർവ് കൈവന്നത്. ഹിജ്റ 871-ൽ ജനിച്ച ശൈഖ് സൈനുദ്ദീൻബ്‌നു അലി (റ) ആണ് പൊന്നാനി കേന്ദ്രീകരിച്ച് മത സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിയ ആദ്യത്തെ മഖ്ദൂം. 15 -ാം നൂറ്റാണ്ടു മുതൽ പൊന്നാനിയും അവിടുത്തെ ജുമുഅത്ത് പള്ളിയും ചരിത്രത്തിൽ ഇടം നേടിയിരുന്നു. അവിടെ നടന്നിരുന്ന ചരിത്ര പ്രസിദ്ധമായ പള്ളിദർസിലൂടെയാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) പൊന്നാനി ഒരു വലിയ വൈജ്ഞാനിക കേന്ദ്രമാക്കി ഉയർത്തിയത്. വിദേശ രാജ്യങ്ങളായ ഇൻന്തോനേഷ്യ, മലായ, ജാവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാര്‍ഥികൾ മഖ്ദൂമിന്റെ ദർസിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. സരസഭാഷണങ്ങളിലൂടെ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത കപ്പപ്പാട്ട്, നൂൽ മദ്ഹ് മുതലായ ആത്മീയത നിറഞ്ഞ് തുളുമ്പുന്ന രചനകൾ കൈരളിക്ക് സമ്മാനിച്ച പ്രസിദ്ധ പണ്ഡിതനും, സൂഫിയുമായിരുന്ന കുഞ്ഞായൻ മുസ്‌ലിയാർ (നഃമ) പൊന്നാനി ദർസിന്റെ സംഭാവനയാണ്. 1875 മുതൽ 1888 വരെ മലബാർ കലക്‌ടറും മജിസ്ട്രേറ്റുമായി സേവനമനുഷ്ഠിച്ച വില്ല്യം ലോഗൻ തന്റെ പ്രസിദ്ധമായ മലബാർ മാന്വലിൽ പൊന്നാനിയിൽ നടന്ന് വന്നിരുന്ന പള്ളിദർസിനെക്കുറിച്ചും അവിടുത്തെ പഠന സമ്പ്രദായത്തെ കുറിച്ചും ‘വിളക്കത്തിരിക്കൽ’ ചടങ്ങിലൂടെ ബിരുദം നേടിയിരുന്നതിനെക്കുറിച്ചുമൊക്കെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.
പൊന്നാനി കഴിഞ്ഞാൽ കോഴിക്കോട്, ചാലിയം, താനൂർ, പരപ്പനങ്ങാടി മുതലായ സ്ഥലങ്ങളിൽ പുരാതനമായ പള്ളിദർസുകൾ നിലനിന്നിരുന്നു. താനൂരിലെ വലിയകുളങ്ങര പള്ളിയിലെ ദർസ് പ്രസിദ്ധമാണ്. ഉമർഖാസി (റ) യെപോലെയുള്ള മഹത്തുക്കൾ ദർസ് നടത്തിയ പള്ളിയാണത്. ‘റൗള’ പോലുള്ള നിരവധി അപൂർവ്വ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികൾ സൂക്ഷിച്ചിട്ടുള്ള പുരാതനമായ ലൈബ്രറിയും ഈ പള്ളിയിലുണ്ട്. കേരളത്തിലെ പള്ളികളുടെ ചരിത്രം പരിശോധിക്കുമ്പോൾ അവിടെ നടന്നിരുന്ന ദർസുകൾ നിരവധി പ്രഗത്ഭരും നിസ്വാര്‍ഥരുമായ പണ്ഡിത മഹത്തുക്കളെ കൈരളിക്ക് സംഭാവന നൽകിയതായികാണാം. ഇസ്‌ലാമിക പ്രബോധന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ഇൽമിനെയും പള്ളിദർസിനെയും കിതാബുകളെയും സ്നേഹിക്കുകയും ചെയ്‌തിരുന്ന ‘തഹ്ഖീഖുള്ള ഉലമാക്കളായിരുന്നു’ അവർ. നൂറും ഇരുനൂറും അതിലധികവും വിദ്യാര്‍ഥികൾ പഠിച്ചിരുന്ന പള്ളിദർസുകൾ ഉണ്ടായിരുന്നു. ഇത്തരം പള്ളിദർസുകളിൽ പഠിച്ച് ആത്മാർത്ഥതയും വിനയവുമുള്ള പണ്ഡിതന്മാർ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ വിസ്ഫോടനം തന്നെ നടത്തുകയും നിരവധി ഗ്രന്ഥങ്ങൾ ഇസ്‌ലാമിക വിജ്ഞാനീയങ്ങൾക്കും അറബി ഭാഷക്കും സംഭാവന ചെയ്തിട്ടുള്ള മഹത്തുക്കളാണ്. അത്തരം ഉലമാക്കളിൽപ്പെട്ട വിനയാനിതനായ തഹ്ഖീഖുള്ള പണ്ഡിതനും ഗ്രന്ഥ കർത്താവുമായിരുന്ന മഹൽ വ്യക്തിത്വമായിരുന്നു ബഹു: കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ(ന:മ)”
ജനനവും വിദ്യാഭ്യാസവും
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ‘കൈപറ്റ’ എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിൽ ഹിജ്റ 1317 – ക്രിസ്‌താബ്ദം 1898 ലാണ് ഉസ്‌താദ് ബീരാൻകുട്ടി മുസ്‌ലിയാർ ജനിച്ചത്. പിതാവ് പൗരപ്രധാനിയും സമ്പന്നനും സമുദായ സ്നേഹിയുമായ അവറുട്ടി അധികാരിയായിരുന്നു. മറ്റത്തൂർ കടമ്പോട്ട് കുഞ്ഞഹമ്മദ് എന്നവരുടെ മകൾ താച്ചുമ്മ എന്നവരാണ് മാതാവ്. അക്കാലത്ത് അംശം അധികാരി എന്ന പദവി സമ്പന്നരായ ഉന്നത കുടുംബങ്ങളിലുള്ളവർക്ക് നൽകപ്പെടുന്ന സ്ഥാനമായിരുന്നു.
തെങ്ങിൻ തോപ്പുകളും കമുകിൻ തോപ്പുകളും മറ്റ് കൃഷിയിടങ്ങളും നിറഞ്ഞ കൈപറ്റ ഗ്രാമം എന്തുകൊണ്ടും പ്രകൃതി സൗന്ദര്യംകൊണ്ടനുഗ്രഹീതമായിരുന്നു. കടലുണ്ടിപ്പുഴ ഈ ഗ്രാമത്തെ തൊട്ട് തലോടിക്കൊണ്ടാണ് ഒഴുകുന്നത്. അനേകം പണ്ഡിതന്മാർക്കും സൂഫീവര്യന്മാർക്കും ജന്മം നൽകിയ ഗ്രാമമാണിത്.
ദീനീ കുടുംബമായിരുന്നു പുരാതനമായ ഉമ്മിണിക്കടവത്ത് കുടുംബം. ഉയർന്ന മതബോധവും തഖ്‌വയും സത്യസന്ധതയും ആത്മാർത്ഥതയും മറ്റ് ഉൽകൃഷ്ട ഗുണങ്ങളും ഒത്തിണങ്ങിയവരായിരുന്നു അവർ. സമ്പന്നതയുടെ മടിത്തട്ടിൽ പിറന്ന് വീണ ശൈഖുനാ ബീരാൻ കുട്ടി മുസ്‌ലിയാരെ വിദ്യാസമ്പന്നനായ പിതാവ് ദീനീചിട്ടയിലും തർബിയത്തിലുമായി വളർത്താനാണ് ഉദ്ദേശിച്ചത്. തദടിസ്ഥാനത്തിൽ കൈപറ്റയിലെ പ്രമുഖ മൊല്ലയും നിഷ്‌കളങ്കനുമായ തോട്ടുങ്ങൽ മരക്കാർ മൊല്ല നടത്തിയിരുന്ന ഓത്തുപള്ളിയിൽ വിദ്യാര്‍ഥിയായി ചേർത്തു. ഖുർആൻ പാരായണവും, തജ്‌വീദും അത്യാവശ്യം മതകാര്യങ്ങളും മരക്കാർ മൊല്ലയിൽ നിന്നും അഭ്യസിച്ചു. ആത്മീയ കുറ്റാളൂരിലെ മാപ്പിള എൽ.പി. സ്‌കൂളിൽ നാലാംതരം വരെ പഠിച്ചു. കെ.ടി. കുഞ്ഞാമുട്ടി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ. തുടർന്ന് കൈപറ്റ ജുമുഅത്ത് പള്ളിയിലെ അന്നത്തെ മുദരിസായിരുന്ന മറ്റത്തൂർ സ്വദേശി പേഴുംതറയിൽ അഹ്‌മദ് മുസ്‌ലിയാരു (ന:മ) ടെ ദർസിൽ ചേർന്ന് പഠിച്ചു. ദീനീ ബോധവും പക്വതയും തഖ്‌വയുമുള്ള ഈ അധ്യാപകരുടെ ശിക്ഷണം പ്രാഥമിക തലം മുതൽ തന്നെ മതപരമായി ജീവിതം ചിട്ടപ്പെടുത്തുന്നതിനും ഭാവിയിൽ വൈജ്ഞാനികരംഗത്തുള്ള തന്റെ ഉയർച്ചക്കും സഹായകമായി.
പ്രാഥമിക വിദ്യാഭ്യാസകാലത്ത് തന്നെ മറ്റ് വിദ്യാര്‍ഥികളിൽ നിന്ന് വേറിട്ട് നിൽക്കുന്ന സ്വഭാവ പ്രകൃതിയുടെ ഉടമയായിരുന്നു അദ്ദേഹം. ബുദ്ധിശക്തിയിലും ദീനീ ചിട്ടയിലും മര്യാദയിലും മുന്നിട്ട് നിന്നിരുന്ന ഈ വിദ്യാര്‍ഥി ചെറുപ്പക്കാലത്ത് തന്നെ തന്റെ പഠനമികവ് തെളിയിച്ചിരുന്നു. എല്ലാ മേഖലയിലും സഹപാഠികളെക്കാൾ പഠനത്തിൽ മുന്നിട്ട് നിന്നിരുന്ന അദ്ദേഹം ഭൗതിക വിദ്യാഭ്യാസത്തേക്കാൾ മതവിദ്യാഭ്യാസത്തോടായിരുന്നു താൽപര്യം കാണിച്ചിരുന്നത്. ദീനീ ബോധമുള്ള തന്റെ കുടുംബ പാരമ്പര്യവും ഭൗതിക കാര്യങ്ങളേക്കാൾ മതകാര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന തഖ്‌വയുള്ള ആളുകൾ ജീവിച്ചിരുന്ന കൈപറ്റ ഗ്രാമവും അദ്ദേഹത്തിന്റെ കുഞ്ഞു മനസ്സിനെ വളരെയധികം സ്വാധീനിച്ചു. പണവും ഭൗതിക വിദ്യാഭ്യാസമുള്ള പിതാവിന് തന്റെ മകനെ പള്ളി ദർസിൽ ചേർക്കുന്നതിൽ യാതൊരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രാഥമിക മതപഠനം ആരംഭിക്കുന്നത്.
കൈപറ്റയിലെ പ്രാഥമിക മതപഠനത്തിന് ശേഷം ചെന്മാങ്കടവ് ജുമുഅത്ത് പള്ളിയിൽ തയ്യിൽ കാതിബ് മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ ദർസിലും കടവത്തൂർ സ്വദേശി പറമ്പിൽ കുഞ്ഞഹമ്മദ് മുസലിയാരുടെ അടുത്തും ഓതിത്താമസിച്ചു. പിന്നീട് പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ കൈപ്പറ്റ കരിമ്പനക്കൽ മമ്മുട്ടി മുസ്‌ലിയാരുടെ (ന:മ) ദർസിൽ ചേർന്ന് പഠിച്ചു. ഇദ്ദേഹം ഫത്‌ഹുൽ ഖയൂമിന് ദഖാഇഖുൽ ഫഹൂം എന്ന പേരിലും മുർശിദുത്തുല്ലാബിന് 3 വാള്യങ്ങളിലും വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. അറബിയിൽ മറ്റ് രചനകളും അദ്ദേഹത്തിനുണ്ട്. ശേഷം കോടഞ്ചേരി പള്ളിയിൽ മുദരിസായിരുന്ന ഉപ്പുങ്ങൽ കുഞ്ഞഹമ്മദ് എന്ന ബാപ്പുട്ടി മുസ്‌ലിയാരുടെ ദർസിൽ പഠിച്ചു. ഇദ്ദേഹം മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രധാന ശിഷ്യരിൽ ഒരാളാണ്. തുടർന്ന് ചെറുശ്ശോല സ്വദേശിയും മഹാപണ്ഡിതനും ബുദ്ധിശാലിയുമായിരുന്ന കുഞ്ഞീൻ മുസ്‌ലിയാർകൈപ്പറ്റ പള്ളിയിൽ മുദരിസായി വന്നപ്പോൾ സ്‌മര്യ പുരുഷൻ അവിടെ വിദ്യാര്‍ഥിയായി ചേർന്നു. അദ്ദേഹത്തെ മദ്രാസിലെ ജമാലിയാ കോളേജിലേക്ക് അധ്യാപനത്തിന് ക്ഷണിക്കപ്പെട്ടപ്പോൾ ശൈഖുനാ ബീരാൻകുട്ടി മുസ്‌ലിയാരും അദ്ദേഹത്തോടൊപ്പം പോയി. അവിടെ ഒരു കൊല്ലം പഠിച്ചു. കോളേജ് പ്രിൻസിപ്പളായ മൗലാനാ മുഹമ്മദ് മദാർ ആലിം സാഹിബ്, മൗലാനാ യൂസുഫ് ആലിം സാഹിബ്, ചെറുശ്ശോല സ്വദേശി സയ്യിദ് അലവിക്കോയ തങ്ങൾ മുതലായവരായിരുന്നു അവിടത്തെ പ്രധാന ഉസ്‌താദുമാർ.
ശൈഖുനാ ജമാലിയാ കോളേജ് വിട്ടതിനുശേഷം തിരൂരങ്ങാടിക്കടുത്ത് കൊളപ്പുറം ജുമുഅത്ത് പള്ളിയിലെ ദർസിൽ ചേർന്നു പഠിച്ചു. പ്രഗൽഭ പണ്ഡിതനും തഖ്‌രീഹുൽ മുൻത്വഖ് എന്ന കിതാബിന്റെ മാർജിനിൽ ഉള്ള ഹാശിയയുടെ കർത്താവുമായ തിരൂരങ്ങാടി സ്വദേശി കോടഞ്ചേരി കുഞ്ഞി മുഹമ്മദ് ഹാജി ആയിരുന്നു അവിടെ ദർസ് നടത്തിയിരുന്നത്. പിന്നീടദ്ദേഹം പ്രസിദ്ധമായ വാഴക്കാട് ദാറുൽ ഉലൂമിൽ വിദ്യാര്‍ഥിയായി ചേർന്നു. അന്നവിടെ സദർ മുദരിസ് ഹിജ്റ 1385ൽ വഫാത്തായ മൗലാനാ ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാരും (ന:മ) രണ്ടാം മുദരിസ് പ്രസിദ്ധ പണ്ഡിതനായ വൈത്തല അഹമ്മദ് കുട്ടി മുസ്‌ലിയാരുമായിരുന്നു (ന:മ). അവിടെ നിന്നാണ് ശൈഖുനാ ഉയർന്ന കിതാബുകൾ ഓതിപ്പഠിച്ചത്. തന്റെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായ രിസാലതുൽ തദീബിയത്‌ൽ ശൈഖുനായുടെ പ്രധാന ഉസ്താദുമാരായ കൈപ്പറ്റ മമ്മൂട്ടി മുസ്‌ലിയാരെ (ന:മ) യും മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരെ (ന:മ) യും പ്രത്യേകം പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചതായി കാണാം.
വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ് പ്രശസ്‌തിയുടെ ഉത്തുംഗതിയിലെത്തിയ കാലമായിരുന്നു അത്. കേരളത്തിലെ തലയെടുപ്പുള്ള ഉലമാക്കളെല്ലാം അവിടെ മുദരിസുമാരായി വരികയോ ഓതിപ്പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നു. വിജ്ഞാന മധുമതി വരുംവരെ നുകരാൻ തനിക്ക് കിട്ടിയ സുവർണ്ണാവസരമായിരുന്നു വാഴക്കാട്ടെ വിദ്യാര്‍ഥി ജീവിതം. വാഴക്കാട് ദാറുൽ ഉലൂം പക്വമതികളും ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ ആഴത്തിൽ പഠനം നടത്തിയവരുമായ ധാരാളം ഉലമാക്കളെ കേരളത്തിന് സംഭാവന നൽകിയിട്ടുണ്ട്. എന്തുകൊണ്ടും ഒരു വിജ്ഞാന ഗേഹമായിരുന്നു അക്കാലത്ത് ദാറുൽ ഉലൂം. അപ്രകാരം ദാറുൽ ഉലൂമിന്റെ സന്തതികളിൽ പ്രഗൽഭനും തഹ്ഖീഖിന്റെ കാതലും അധ്യാപന കലയിൽ മറ്റുള്ളവരിൽ നിന്നു വ്യതിരിക്തത പുലർത്തിയിരുന്ന ഇൽമിന്റെ നിറകുടവുമായിരുന്നു ബഹു: ശൈഖുനാ കൈപറ്റ ബീരാൻകുട്ടി മുസലിയാർ (നഃമ). കേരളത്തിൽ വൈജ്ഞാനിക പുരോഗതിയിൽ വലിയ പങ്ക് വഹിക്കുകയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്ക് തുടക്കം കുറിക്കുകയും പുതിയ പാഠ്യ പദ്ധതി നടപ്പിൽ വരുത്തുകയും ചെയ്‌ത മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും തന്റെ ഉസ്‌താദുമാരുടെ കൂട്ടത്തിൽ പെടും.
വാഴക്കാട് പഠിക്കുന്ന കാലത്ത് തന്റെ പ്രധാന സഹപാഠികളായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടും മഹാ പണ്ഡിതനും നിഷ്‌കളങ്കനും വറഇന്റെ ഉടമയുമായിരുന്ന വണ്ടൂരിലെ മൗലാനാ മർഹൂം സദഖത്തുള്ള മുസ്‌ലിയാർ (ന:മ), കൊടിയത്തൂർ ഖാസിയായിരുന്ന മർഹൂം അബ്‌ദുൽ അസീസ് മുസ്‌ലിയാർ (ന:മ) മുതലായവർ. ഇവരിൽ ബഹു. ശൈഖുനാ കണ്ണിയത്ത് ഉസ്‌താദ് സ്‌മര്യ പുരുഷന്റെ ഒരു നിലക്ക് ശരീക്കും മറ്റൊരു നിലക്ക് ഉസ്‌താദുമാണ്. വന്ദ്യരായ മർഹൂം കൈപറ്റ ഉസ്താദ് ശൈഖുനാ കണ്ണിയത്ത് ഉസ്‌താദി(ന:മ)ൽ നിന്നും വാഴക്കാട് പഠിക്കുന്ന കാലത്ത് ഉഖുലൈദീസ് മുതലായ ചില കിതാബുകൾ ഓതിയിട്ടുണ്ട്.
വാഴക്കാട് ദാറുൽ ഉലൂമിൽ പഠനം പൂർത്തിയാക്കിയശേഷം കോട്ടക്കൽ പറപ്പൂരിലെ വടക്കുംമുറി ജുമുഅത്ത് പള്ളിയിൽ മുദരിസായി ജോലി ചെയ്‌തു. തുടർന്ന് കാനാഞ്ചേരി, പടന്ന, പൊൻമുണ്ടം, കായംകുളം, ഇരുമ്പുചോല, കൊളപ്പുറം മുതലായ സ്ഥലങ്ങളിൽ അദ്ദേഹം പ്രശസ്‌തമായ ദർസ് നടത്തിയിട്ടുണ്ട്. കൊളപ്പുറം പള്ളിയിൽ ദർസ് നടത്തുമ്പോൾ വിജ്ഞാനദാഹം തീരാത്ത ശൈഖുനാ പഠനത്തിനു വേണ്ടി മഹാരാഷ്ട്ര സംസ്ഥാനത്തിൽപ്പെട്ട സൂറത്തിലെ ‘ദാബിൽ’ എന്ന സ്ഥലത്തെ ‘അൽ ജാമിഅത്തുൽ ഇസ്‌ലാമിയ്യ’യിൽ ചേർന്ന് ഒരു വർഷം പഠിച്ചു. മൗലാനാ മുഹമ്മദ് അൻവർ ശാഹ് കശ്‌മീരിയുടെ പ്രധാന ശിഷ്യനായ മൗലാനാ ശംസുൽ ഹഖുൽ കശ്‌മീരി ആയിരുന്നു കോളേജ് പ്രിൻസിപ്പാൾ. കേരളത്തിന്റെ പല ഭാഗങ്ങളിലായി ദർസ് നടത്തിയ ശൈഖുനാ കൈപറ്റ ഉസ്‌താദ് ധാരാളം പ്രഗത്ഭരായ ശിഷ്യന്മാരെ കേരളത്തിന് സംഭാവന നൽകിയിട്ടുണ്ട്. ദർസ് നടത്തുന്നതിൽ ഉസ്‌താദിനെപ്പോലെത്തന്നെ കഴിവ് തെളിയിച്ച മഹത്തുക്കളായിരുന്നു അവർ. വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിലെ പ്രൊഫസറും പ്രഗൽഭ പണ്ഡിതനുമായിരുന്ന ഊരകം സ്വദേശി മർഹൂം ഒ.കെ. അബ്ദുറഹ്‌മാൻകുട്ടി മുസ്‌ലിയാർ, പാനായിക്കുളം പുതിയാപ്ല അബ്‌ദു റഹ്‌മാൻ മുസ്‌ലിയാർ, കൂരിയാട്, കാനാഞ്ചേരി എന്നീ സ്ഥലങ്ങളിൽ ദീർഘകാലം ദർസു നടത്തിയ വാളക്കുളം ബീരാൻകുട്ടി മുസ്‌ലിയാർമുതലായവർ ശൈഖുനാ യുടെ ശിഷ്യഗണങ്ങളിൽ പ്രധാനികളാണ്. ഊരകം സ്വദേശിനി താഹയാണ് ശൈഖുനായുടെ ഭാര്യ. അവരുടെ ഏക മകനാണ് അവറുട്ടി സാഹിബ്.

