കിഴക്കേ കടവത്തെ
പാലം കഴിഞ്ഞുള്ള
ജിന്ന് പള്ളിയിൽ
പഴയ ഒരു മിമ്പറുണ്ടായിരുന്നു.

പണ്ട്,
അസ്സ്വലാത്തു അലന്നബി കഴിഞ്ഞ്
വല്ലിമ്മ പറഞ്ഞ നബിക്കഥകളിൽ
മിമ്പറും കയറി കൂടും.

അരമുറിക്കീറായി ചന്ദ്രൻ
ചിരിച്ച കണ്ട് ,
പെരുമാൾ നനഞ്ഞ കാലത്ത്
ആരോ നിർമിച്ചത്.

ചൊല്ലി കഴിഞ്ഞ
ദിക്ർ മാല തൂക്കി
മിമ്പറൊരു
ആഷിഖായി.

മിനാരത്തിനുള്ളിലൂടെ
നിലാവൊളിച്ചാൽ
അകത്തെപള്ളിയിൽ
സലാം ബൈത്ത്
മദീനത്തേക്ക് നീളും.

മഖ്റജ് തെറ്റിച്ചുള്ള
കുഞ്ഞൊച്ചൊകൾക്കൊപ്പം
മിമ്പറും ജവാബ്
ചൊല്ലും.

ഇഅ്തികാഫിട്ട
കഥകളിൽ
നബി സുലൈമാന്റാണ്ട് തൊട്ട്
നിലാവ് പുൽകാൻ
കാത്ത് നിന്ന നാഗമെത്തും.
പടച്ചോനയച്ച പ്രാവും.

ഇടക്ക് ഹിറയിലെ ചിലന്തി
വല നെയ്യും.
അന്നേരം മുക്രിക്കാന്റെ
ചൂല് നീളും.

വെള്ളിയാഴ്ച ഉസ്താദ്
പറഞ്ഞ കഥയില്
ഇരുണ്ട വെളിച്ചത്തിൽ
ഒരു തേങ്ങൽ.

ഉഹ്ദിലെ തിരു പല്ല്,
ത്വാഇഫിലെ കല്ല്,
സുജൂദിലെ കുടൽ മാല.

പഴയയായതിൽ പിന്നെ
മക്കത്തെ
പരിഭവം പറഞ്ഞ മരമാവും,
കരഞ്ഞ ഈന്തപ്പനയും.

പന്ത്രണ്ടിന്റന്ന്
മറിയുന്ന ദിക്ർ
മാലക്കൊപ്പം
നബിയെ കാണാനുള്ള
പൂതി പെരുക്കുമ്പോൾ
നബവിയിലെ മിമ്പറാകും.

മുത്തിന്റെ പാദമേറ്റ്
മേനി കുളിർക്കും.
നൂറ് പരക്കും.!!