വഹ്ദത്തുൽ വുജൂദ്, അദ്വൈതം എന്നിവ ഏറെ തെറ്റിദ്ധാരണകൾക്കു വിധേയമായ രണ്ടു പദങ്ങളാണ്. സ്രഷ്ടാവും സൃഷ്ടിയും ബ്രഹ്മവും ജഗത്തും ഒന്നാണെന്നു വാദിക്കുന്ന അദ്വൈത സിദ്ധാന്തവും ആദ്ധ്യാത്മികതയുടെ ഉന്നതങ്ങളിൽ വിരാചിക്കുന്ന സൂഫി പണ്ഡിതർ ചർച്ച ചെയ്ത വഹ്ദത്തുൽ വുജൂദും ഒരേ ആശയമാണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് തസ്വവുഫിനെതിരിലുള്ള വിമർശനങ്ങൾ ഭൂരിഭാഗവും ഉയർന്നു വന്നത്. അദ്വൈതം മുന്നോട്ട് വെക്കുന്ന ആശയത്തിലെ അപകടകാര്യത മനസ്സിലാക്കിയാലാണ് ആരിഫുകൾ ചർച്ച ചെയ്ത് വഹ്ദത്തുൽ വുജൂദുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് ബോധ്യപ്പെടുക. അദ്വൈതം ബഹുദൈവ വിശ്വാസത്തിന്റെ പരമ രൂപമാകുമ്പോൾ, വഹ്ദത്തുൽ വുജൂദ് തൗഹീദിന്റെ ഉന്നതാവസ്ഥയാണ്. രണ്ടും വേർതിരിച്ചു ചർച്ച ചെയ്യാം.
അദ്വൈത സിദ്ധാന്തം
രണ്ടല്ലാത്തത് എന്നാണ് അദ്വൈതം എന്ന വാക്കിന്റെ അർത്ഥം. പ്രപഞ്ചവും ദൈവവും രണ്ടല്ല; ഒന്നാണ് എന്ന തത്ത്വമാണ് അദ്വൈതം സിദ്ധാന്തിക്കുന്നത്. ശങ്കരാചാര്യനാണ് ഇതിൻ്റെ ഉടമ. ഈ പ്രപഞ്ചത്തിൽ നാം കാണുന്ന വസ്തുക്കളെല്ലാം കേവല തോന്നലുകളാണത്രേ. മരം കാണുമ്പോൾ നമുക്കത് മരമാണെന്നു തോന്നുകയാണ്. ആ തോന്നൽ അസ്തമിക്കുമ്പോൾ എല്ലാം ദൈവമാണെന്നു നമുക്കു ബോധ്യപ്പെടും. രജ്ജു സർപ്പ സങ്കൽപം എന്നാണിതിനു പറയുന്നത്. രജ്ജു എന്നാൽ കയർ എന്നർത്ഥം. ഒരു കയർ ദൂരെ നിന്ന് കാണുന്ന ഒരാൾ പാമ്പാണെന്നു തെറ്റിദ്ധരിക്കുന്നു. അടുത്തെത്തുന്തോറൂം അതിന്റെ യാഥാർത്ഥ്യം ബോധ്യപ്പെട്ടു തുടങ്ങും. കയറിൽ പാമ്പിനെ ആരോപിച്ച പോലെ ഈ ലോകത്തുള്ള മുഴുവൻ വസ്തുക്കളിലും മിഥ്യാ ധാരണ മൂലം നാം പലതിനെയും ആരോപിക്കുകയാണ്. 1896ൽ സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക:
“ജഗത്തിൽ മൂന്നു വസ്തൂക്കളില്ല. രണ്ടുമില്ല. ഒന്നേ ഉള്ളൂ. ആ ഒന്ന് മായയുടെ ഇന്ദ്രജാലത്തിൽ അനേകമായി തോന്നിക്കുന്നു- ഒരു കഷ്ണം കയർ മനസ്സിന്റെ ഭ്രാന്തിഹേതുവായി പാമ്പാണെന്നു തോന്നുന്ന പോലെ. കയർ തന്നെയാണ് പാമ്പായി കാണപ്പെടുന്നത്. കയർ വേറെ, പാമ്പു വേറെ എന്നിങ്ങനെ രണ്ടെണ്ണമില്ല”.
ശേഷം ചില ഉദാഹരണങ്ങളിലൂടെ അദ്ദേഹം ഈ സിദ്ധാന്തത്തെ വിശദീകരിക്കുന്നു: “ഒരു സ്നേഹിതൻ ദൂരെ തെരുവിൽക്കൂടി വരുന്നുവെന്നിരിക്കട്ടെ. നിങ്ങൾക്കയാൾ സൂപരിചിതനാണ്. എന്നാൽ അന്തരീക്ഷത്തിലെ മുടൽമഞ്ഞു നിമിത്തം അതു മറ്റൊരു മനുഷ്യനാണെന്നു നിങ്ങൾക്കു തോന്നുന്നു. സ്നേഹിതനെ വേറൊരാളായി കാണുമ്പോൾ നിങ്ങൾ സ്നേഹിതനെ തീരെ കാണുന്നില്ല. സ്നേഹിതൻ അന്തർദ്ധാനം ചെയ്തിരിക്കുന്നു. നിങ്ങളുടെ സ്നേഹിതൻ മി. ഏ. ആണെന്നിരിക്കട്ടെ. നിങ്ങൾ മി.ഏ.യെ മി. ബി.യായി കാണുമ്പോൾ മി. ഏ.യെ കാണുന്നില്ല. ഓരോ കാഴ്ചയിലും നിങ്ങൾ ഒന്നിനെയേ കാണുന്നുള്ളൂ. ”
ഈ ലോകം വെറും തോന്നലാണെന്നു സിദ്ധാന്തിക്കാൻ വേറെയും ഉദാഹരണങ്ങൾ നിരത്തുന്നു: “വാസ്തവത്തിൽ ആരും ഒരിക്കലും ജനിക്കയോ മരിക്കയോ ചെയ്യുന്നില്ല. സ്വർഗമോ നരകമോ ഈ ലോകം തന്നെയോ ഇല്ല. ഇവ മൂന്നും ഒരിക്കലും തന്നെ നിലവിലില്ലായിരുന്നു. ഒരു കൊച്ചു കുട്ടിയെ പല ഭൂതപ്രേത കഥകൾ കേൾപ്പിച്ചിട്ട് അവനെ രാത്രി തനിച്ചു പെരുവഴിയിൽ നടക്കാൻ വിടുക. വഴിയരികിൽ ഒരു ചെറിയ മരക്കുറ്റി നിൽപ്പുണ്ട്. കുട്ടി എന്തു കാണുന്നു? ഒരു ഭൂതത്തെ, രണ്ടു കൈയും നീട്ടി തന്നെ പിടിക്കാൻ നിൽക്കുന്ന ഒരു ഭൂതത്തെ. ഒരു മനുഷ്യൻ തന്റെ കാമിനിയെ കാണാൻ തിടുക്കപ്പെട്ട് വഴിയുടെ വളവു തിരിഞ്ഞു വന്നെത്തുന്നുവെന്നു വിചാരിക്കുക. അയാൾ ആ മരക്കുറ്റിയെ തന്റെ പ്രണയിനിയായി കാണുന്നു. വഴിയുടെ മൂല തിരിഞ്ഞു വന്ന പോലീസുകാരനാകട്ടെ മരക്കുറ്റിയിൽ കള്ളനെ കാണുന്നു. എതിരേ വന്ന കള്ളനോ പോലീസുകാരനെ കാണുന്നു. ഇങ്ങനെ പലരും കണ്ടത് ഒരേ മരകുറ്റിയാണ്. മരക്കുറ്റിയാണ് വസ്തുസത്യം. അതിന്റെ നാനാ ദർശനങ്ങൾ നാനാ മനസ്സുകളുടെ പ്രസർജനങ്ങളാണ്.”
ഇത്രയും പറഞ്ഞതിൽ നിന്ന് അദ്വൈത സിദ്ധാന്തത്തിന്റെ ആകെത്തുക മനസ്സിലായല്ലോ. ലോകത്ത് നാം കണ്ടു കൊണ്ടിരിക്കുന്ന വസ്തുക്കളെല്ലാം ദൈവം തന്നെയാണെന്ന ഏറ്റവും വലിയ ശിർക്കിന്റെ രൂപമാണത്. ലോകത്തുള്ള വസ്തുക്കൾക്കൊന്നും അസ്തിത്വമില്ലെന്ന സന്ദേഹ വാദികളുടെ അപകടകരമായ വാദത്തിലേക്കാണ് ഈ സിദ്ധാന്തം എത്തിച്ചേരുന്നത്.
വഹ്ദത്തുൽ വുജൂദ്
സൂഫിവര്യന്മാർ ചർച്ച ചയ്ത വഹ്ദത്തുൽ വുജൂദ് അദ്വൈത സിദ്ധാന്തത്തിൽ നിന്ന് എത്രയോ ഭിന്നമാണ് . പ്രപഞ്ചവും ദൈവവും രണ്ടല്ല എന്നാണ് അദ്വൈതം സിദ്ധാന്തിക്കുന്നതെങ്കിൽ വഹ്ദത്തുൽ വുജൂദ് അങ്ങനെയൊരു സിദ്ധാന്തമേയല്ല;അല്ലാഹുവിലേക്ക് സഞ്ചരിക്കുന്ന ഒരു സ്വൂഫിക്ക് ചില സന്ദർഭങ്ങളിലുണ്ടാകുന്ന അനുഭവമാണ്.പ്രപഞ്ചം മായയാണെന്നോ പ്രപഞ്ചത്തിന് അസ്തിത്വമില്ലെന്നോ ബുദ്ധിയുള്ള ആരും പറയില്ലല്ലോ. നമ്മുടെ മുന്നിലുള്ള മരം, അത് മരമാണെന്നത് സത്യം തന്നെയാണ്. കേവല തോന്നലല്ല.പക്ഷേ, അല്ലാഹുവിനെക്കുറിച്ച് ചിന്തിച്ച് ആ ചിന്തയിൽ പൂർണമായും ലയിച്ചു ചേരുന്ന ഒരു സ്വൂഫിയുടെ ദൃഷ്ടിയിൽ നിന്ന് ഈ വസ്തുക്കളൊക്കെ അപ്രത്യക്ഷമായേക്കാം.
ഉദാഹരണത്തിന് യൂസുഫ് നബി (അ) യെ കണ്ടപ്പോൾ മിസ്റിലെ സ്ത്രീകൾ പൂർണമായും അദ്ദേഹത്തിന്റെ ഭംഗിയിൽ ലയിച്ചു ചേരുകയും സ്വന്തം കൈ മുറിഞ്ഞതു പോലും അറിയാതിരിക്കുകയും ചെയ്തു. അഥവാ യൂസുഫ് നബി (അ) യെ കണ്ട ആ നിമിഷം പരിസരങ്ങളും സ്വന്തം ശരീരം പോലും അവരുടെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമാവുകയും കേവലം യൂസുഫ് നബിയുടെ ഉണ്മ മാത്രം അവർക്ക് അനുഭവപ്പെടുകയും ചെയ്തു. ഇതിന്നർത്ഥം പരിസരങ്ങളും സ്വന്തം ശരീരവും കേവലം തോന്നലാണെന്നല്ല; യൂസുഫ് നബിയെന്ന അല്ലാഹുവിന്റെ വിശേഷ സൃഷ്ടിയിൽ ലയിച്ചു ചേർന്നപ്പോഴുണ്ടായ ഒരനുഭവമായിരുന്നു അത്. ഇതു പോലെ അല്ലാഹുവിൽ ലയിച്ചു ചേരുമ്പോൾ ചില സൂഫികൾക്കുണ്ടാകുന്ന വിഭ്രമാവസ്ഥയാണ് വഹ്ദത്തുൽ വുജൂദ്. ഈയവസ്ഥയിൽ അവർക്ക് അല്ലാഹുവിനെക്കുറിച്ച് മാത്രമേ ബോധമുണ്ടാവുകയുള്ളൂ. ആ ബോധം ചിലപ്പോൾ അവർ വിളിച്ചു പറഞ്ഞെന്നും വരും. ‘അനൽ ഹഖ്.’ പോലുള്ള വാക്യങ്ങൾ ഈ ഗണത്തിൽ പെട്ടതാണ്. ഫനാഅ് എന്നാ ണ് തസവ്വുഫിൽ ഇതിനു പറയുന്ന മറ്റൊരു ഭാഷ്യം. ഈ അവസ്ഥ യെയാണ് ഒരു പേർഷ്യൻ സൂഫി ഇങ്ങനെ വിശദീകരിച്ചത്:
മൻ തു ശുദം തൂ മൻ ശുദി മൻ തൻ ശുദം തൂ ജാൻ ശുദി
താ കസ് ന ഗോയദ് ബാദ് അസീൻ മൻ ദീഗറം തൂ ദീഗറീ
(ഞാൻ നീയാണ്, നീ ഞാനുമാണ്. ഞാൻ ശരീരമാണ്, നീ അതിലെ ആത്മാവാണ്. ഞാനും നീയും വേറെയെന്ന് പറയാനാകാത്ത വിധം ഒന്നിച്ചിരിക്കുന്നു).
വഹ്ദത്തുൽ വുജൂദ് എന്ന പേരിലറിയപ്പെടുന്ന ഈ അവസ്ഥയെ ‘ഐനുശ്ശുഹൂദ്’ എന്നാണ് ഇമാം ഗസ്സാലി (റ) വിളിക്കുന്നത്. ഇത്തരക്കാർ ജീവിതത്തിലുടനീളം അല്ലാഹുവിനെ ഓർക്കുന്നവരായിരിക്കും. അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത ഒരിക്കൽ പോലും അവരുടെ മനസ്സിൽ നിന്ന് അപ്രത്യക്ഷമാവുകയില്ല. ജുനൈദുൽ ബഗ്ദാദി (റ) മരണ വക്കിൽ കിടക്കുമ്പോൾ ശിഷ്യന്മാർ പറഞ്ഞു: ഉസ്താദേ, ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലിയാലും. ജുനൈദുൽ ബഗ്ദാദിയുടെ പ്രതി കരണം: ഞാൻ അല്ലാഹുവിനെ ജീവിതത്തിൽ ഒരിക്കലും മറന്നിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്പോൾ പ്രത്യേകമായി ഓർക്കേണ്ട ആവശ്യ മില്ലല്ലോ.
ഉള്ള വസ്തുക്കൾ കൺമുന്നിൽ നിന്ന് അപ്രത്യക്ഷമാവുന്നതിന് ഭൗതികലോകത്തുതന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ഒരാൾ തന്റെ ശരീരാലാവണ്യം കാണാൻ വേണ്ടി കണ്ണാടിയിലേക്ക് നോക്കുന്നു. കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ ശരീരത്തിലായിരിക്കും അദ്ദേഹത്തിന്റെ പൂർണ്ണ ശ്രദ്ധ. അതിനിടയിൽ കണ്ണാടിയുടെ പ്രതലത്തിലിരിക്കുന്ന കീടങ്ങൾ അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെട്ടിട്ടുണ്ടാവുകയില്ല. ഇതിനർത്ഥം കീടങ്ങൾക്ക് അസ്തിത്വമില്ലെന്നല്ല; സ്വന്തം ശരീരത്തിന്റെ പ്രതിബിംബത്തിൽ ലയിച്ചു ചേർന്നപ്പോൾ കീടങ്ങൾ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായി എന്നു മാത്രമാണ്.മറ്റൊരു ഉദാഹരണം. ശാസ്ത്രസാങ്കേതികവിദ്യ വളർന്ന ഇക്കാലത്ത് മനുഷ്യന്റെ ബാഹ്യരൂപങ്ങൾ പകർത്താൻ വേണ്ടി കണ്ടുപിടിക്കപ്പെട്ട ഉപകരണമാണ് കാമറ. ഒരാൾക്കു നേരെ കാമറ പിടിക്കുമ്പോൾ അവന്റെ ബാഹ്യശരീരത്തിലുള്ള വസ്തുക്കളൊക്കെ അതിൽ പതിയുന്നു. പക്ഷേ, ശരീരത്തിനുള്ളിലെന്താണെന്ന് ആ ഉപകരണത്തിന് മനസ്സിലാവുന്നില്ല. എന്നാൽ മറ്റൊരു ഉപകരണമാണ് എക്സ്റേ. എക്സ്റേ മെഷീൻ ഒരാളുടെ നേരെ പിടിച്ചാൽ അവന്റെ ബാഹ്യശരീരത്തിന്റെയപ്പുറത്തുള്ള കിഡ്നിക്കുള്ളിൽ കിടക്കുന്ന കല്ല് അതിന്റെ ദൃഷ്ടിയിൽ പെടുന്നു. എന്നാൽ ആ മനുഷ്യൻ ധരിച്ച വസ്ത്രമോ മറ്റോ അതിന്റെ ദൃഷ്ടിയിൽ പെടുന്നുമില്ല. ഇതിനർത്ഥം അവന്റെ ശരീരത്തിനോ വസ്ത്രത്തിനോ അസ്തിത്വമില്ലെന്നല്ലല്ലോ. ഇതുപോലെ ഒരു സൂഫിയുടെ മേൽ അല്ലാഹുവിന്റെ തജല്ലിയുണ്ടാവുമ്പോൾ ബാഹ്യമായ വസ്തുക്കളുടെയൊക്കെപ്പുറത്ത് അല്ലാഹുവിന്റെ നൂർ പ്രകാശിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു.
“വഹ്ദത്തുൽ വുജൂദ്” എന്ന പദഘടനയെക്കുറിച്ചും അല്പം ആലോചിക്കേണ്ടതായിട്ടുണ്ട്. “വഹ്ദത്ത്” “വുജൂദ്” എന്നീ രണ്ടു പദങ്ങൾ ചേർന്നതാണല്ലോ വഹ്ദത്തുൽ വുജൂദ്. വഹ്ദത്ത് എന്നാൽ ഏകത്വം എന്നർത്ഥം. വുജൂദ് എന്നാൽ ഉണ്മ എന്നും. ഉണ്മയുടെ ഏകത്വം എന്നാണ് ഇതിന്റെ ഭാഷാർത്ഥം. യഥാർത്ഥത്തിൽ വുജൂദ് ഒന്നു തന്നെയല്ലേ ഉള്ളൂ. ഈ ലോകത്തുള്ള വസ്തുക്കളുടെയൊക്കെ വുജൂദ് അല്ലാഹു നൽകിയതാണ്. അല്ലാഹുവിന്റെ വുജൂദ് സ്വയം ഉള്ളതുമാണ്. ഈ അർത്ഥത്തിൽ വുജൂദ് ഒന്നാണെന്നു പറയുന്നതിൽ തെറ്റില്ല. വുജൂദ് ഒന്നാണെങ്കിലും ആ വുജൂദ് ലഭിച്ച മൗജൂദ് (ഉള്ളത്) പലതാകാം. മരം, ചെടി, സസ്യലതാദികൾ തുടങ്ങിയ പ്രപഞ്ചത്തിലുള്ള വസ്തുക്കളഖിലവും വ്യത്യസ്ത മൗജൂദുകളാണ്. അതിൽ തുടിക്കുന്ന വുജൂദ് അല്ലാഹുവിന്റെ വുജൂദിൽ നിന്ന് ലഭിച്ചതും. ഇതിനെ വഹ്ദത്തുൽ വുജൂദ് (ഉണ്മയുടെ ഏകത്വം) എന്നും കസ്രത്തുൽ മൗജൂദ് (ഉള്ളതിന്റെ ബഹുത്വം) എന്നും പറയാം.പക്ഷേ, ഇവിടെ അല്ലാഹുവിന്റെ വുജൂദ് സൃഷ്ടികൾക്കു ലഭിച്ചുവെന്നു പറയുമ്പോഴേക്ക് ഖദീമായ അല്ലാഹുവിന്റെ വിശേഷണം നശ്വരനായ സൃഷ്ടിയിൽ സന്നിവേശിച്ചുവെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഗുരുവിനെ ഉദാഹരണമെടുക്കാം. അദ്ദേഹത്തിന്റെ പേര് അബ്ദുല്ലയാണെന്നു സങ്കല്പിക്കുക. അദ്ദേഹത്തിനു ചില വിശേഷണങ്ങളുമുണ്ട്; വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്നയാൾ എന്ന നിലയിൽ അദ്ദേഹത്തെ മുദർരിസ് എന്നു വിളിക്കപ്പെടുന്നു. പ്രഭാഷണം നടത്തുന്നയാൾ എന്ന നിലയിൽ അദ്ദേഹത്തെ പ്രഭാഷകൻ എന്നും വിളിക്കപ്പെടുന്നു.
നിരവധി വിജ്ഞാന ശാഖകളിൽ കഴിവുള്ളയാൾ എന്ന നിലയിൽ അദ്ദേഹം പണ്ഡിതനുമാണ്. മുദർരിസ്, പ്രഭാഷകൻ, പണ്ഡിതൻ തുടങ്ങിയവയെല്ലാം അബ്ദുല്ല എന്ന ഒരു വ്യക്തിയുടെ വിശേഷണങ്ങളാണ്. ഇതേ അബ്ദുല്ല എന്ന ഗുരു ശിഷ്യന്മാർക്ക് അറിവ് പകർന്നു നൽകുന്നു. അപ്പോൾ ആ ശിഷ്യന്മാരും പണ്ഡിതന്മാരായി മാറുന്നു. ഇവിടെ അബ്ദുല്ലയിലുള്ള അറിവ് എന്ന വിശേഷണത്തിന്റെ അനുരണനമാണ് ശിഷ്യന്മാരിലുള്ളത്. എന്നാൽ അബ്ദുല്ലയിലുള്ള അറിവ് യാതൊരു മാറ്റവും തട്ടാതെ തൽസ്ഥാനത്തു തന്നെയുണ്ട് താനും. ഇതു തന്നെയാണ് അല്ലാഹുവിന്റെ വുജൂദാണ് ലോകത്തിന്റെ വുജൂദ് എന്നു പറയുന്നതിന്റെയും അർത്ഥം.
ലോകത്തുള്ള മുഴുവൻ വസ്തുക്കളിലും പ്രതിഫലിച്ചു നിൽക്കുന്ന അല്ലാഹുവിൻ്റെ നൂർ ദർശിക്കുമ്പോൾ സ്വൂഫിക്കുണ്ടാകുന്ന അനുഭവത്തെ അക്കാദമികമായി അവതരിപ്പിക്കുക മാത്രമാണ് ശൈഖ് മുഹ്യിദ്ദീനിബ്നു അറബി, ശൈഖ് ശറഫുദ്ദീനിബ്നുൽ ഫാരിള്, ശൈഖ് അഫീഫുത്തൽ മസാനി, ശൈഖ് അബ്ദുൽ ഹഖിബ്നു സബ്ഈൻ, ശൈഖ് അബ്ദുൽ കരീമിൽ ജീലി തുടങ്ങിയ മഹാന്മാരായ സൂഫി വര്യന്മാർ ചെയ്തത്. പക്ഷേ, അവരുടെ ഗ്രന്ഥങ്ങളിലെ സൂചനകൾ മനസ്സിലാക്കാൻ പറ്റാത്തവർ അതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നു മാത്രം. ഇമാം ഗസാലി (റ) അല്ലാഹുവിൽ ലയിച്ചു ചേരുമ്പോൾ സൂഫിക്കുണ്ടാകുന്ന ഈ അവസ്ഥ മനോഹരമായ നിലയിൽ ഇഹ്യാഇൽ ഉപന്യസിച്ചിട്ടുണ്ട്. മഹാൻ പറയുന്നു: “ഒരാളുടെ ഉൾക്കാഴ്ച ശക്തിപ്പെടുകയും ആത്മീയ ശക്തി ബലഹീനമാവാതിരിക്കുകയും ചെയ്താൽ അവൻ തന്റെ സാധാരണ നിലയിൽ അല്ലാഹുവിനെയല്ലാതെ കാണുകയില്ല. അല്ലാഹുവിനെയല്ലാതെ അറിയുകയുമില്ല. ലോകത്ത് അല്ലാഹുവല്ലാതെ യാതൊന്നുമില്ലെന്ന് അവൻ മനസ്സിലാക്കും. തന്റെ പ്രവൃത്തികൾ അല്ലാഹുവിന്റെ ഖുദ്റത്തിന്റെ അടയാളങ്ങളിൽ നിന്നുള്ള ഒരു അടയാളമാണ്. അതിനാൽ അത് ആ ഖുദ്റത്തിൽ നിന്നുണ്ടാകുന്നതാണെന്നും യഥാർത്ഥത്തിൽ അല്ലാഹുവിന്നല്ലാതെ അതിന്നൊന്നും യാതൊരു യാഥാർത്ഥ്യവുമില്ലെന്നും ഏകനായ അല്ലാഹുവിന്നു മാത്രമേ യാഥാർത്ഥ്യമുള്ളൂവെന്നും അവൻ മനസ്സിലാക്കുന്നു. ഇത് ഒരാളുടെ അവസ്ഥയായി മാറിയാൽ ഏതൊരു പ്രവൃത്തിയിലേക്ക് നോക്കുമ്പോഴും ആ പ്രവൃത്തിയുടെ കർത്താവിനെയാണ് അവൻ അതിൽ കാണുക. ആകാശഭൂമികളെയും ജീവജാലങ്ങളെയും വൃക്ഷലതാദികളെയും അല്ലാഹുവിന്റെ സൃഷ്ടികളെന്ന നിലയിലാണ് അവൻ നോക്കുന്നത്. ഇങ്ങനെയാകുമ്പോൾ അവന്റെ നോട്ടവും ചിന്തയും അല്ലാഹുവിനെ വിട്ട് മറ്റൊന്നിലേക്ക് കടക്കുകയില്ല. ഒരു കവിതയോ ലേഖനമോ ഗ്രന്ഥമോ കാണുന്നയാൾ അവയിലൂടെ കവിയേയും ലേഖകനെയും ഗ്രന്ഥകാരനേയും കാണുന്ന പോലെയാണിത്. യഥാർത്ഥത്തിൽ വെള്ളക്കടലാസിലുള്ള മഷി എന്ന നിലയിലല്ല അവ അവനെ അത്ഭുതപ്പെടുത്തിയത്. അതിന്റെ കർത്താക്കളുടെ കഴിവിലാണ് അവൻ അത്ഭുതം കൂറുന്നത്”.
ഇമാം ഗസാലി (റ) തുടരുന്നു: “ലോകം മുഴുവൻ അല്ലാഹുവിന്റെ കൃതിയാണ്. അപ്പോൾ അത് അല്ലാഹുവിന്റെ കൃതിയാണെന്നുള്ള നിലയിൽ അതിലേക്ക് ഒരാൾ നോക്കുകയും അല്ലാഹുവിന്റെ പ്രവൃത്തിയാണെന്നുള്ള നിലയിൽ അതിനെ മനസ്സിലാക്കുകയും അതിനോട് സ്നേഹം വെക്കുകയുമാണെങ്കിൽ, യഥാർത്ഥത്തിൽ അവൻ സ്നേഹം വെക്കുന്നത് അല്ലാഹുവിനോടാണ്. അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും കാണാത്ത മുവഹ്ഹിദായി അവൻ മാറുകയും ചെയ്യും. സ്വന്തം ശരീരത്തെപ്പോലും ശരീരമെന്ന നിലയിലല്ല; അല്ലാഹുവിന്റെ അടിമയാണെന്നുള്ള നിലയിലാണ് അവൻ കാണുന്നത്. ഇത്തരക്കാരെക്കുറിച്ചാണ് ‘ഇന്നഹൂ ഫനിയ ഫിത്തൗഹീദി വ ഇന്നഹൂ ഫനിയ അൻ നഫ്സിഹി’ (അവൻ തൗഹീദിൽ ലയിച്ചു ചേർന്നിരിക്കുന്നു. സ്വന്തം ശരീരത്തെത്തൊട്ടു പോലും അശ്രദ്ധനായിരിക്കുന്നു) എന്നു പറയപ്പെടുക.”
വഹ്ദത്തുശ്ശുഹൂദ്
ഏകനായ അല്ലാഹുവിൽ ലയിച്ചു ചേരുന്നതോടെ ഈ ലോകം ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായി അല്ലാഹുവിനെ മാത്രം കാണുന്ന അവസ്ഥയാണ് വഹ്ദത്തുൽ വുജൂദ് എന്നു നാം പറഞ്ഞല്ലോ. ഇവിടെ അല്ലാഹു മാത്രമേയുള്ളൂ, രണ്ടാമതൊന്നില്ല എന്ന് സ്വൂഫിക്ക് തോന്നുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഒരാൾ കത്തിജ്വലിക്കുന്ന സൂര്യനെ നോക്കിക്കൊണ്ടിരിക്കുന്നു. സുര്യന്റെ പ്രകാശത്താൽ നക്ഷത്രങ്ങളെ അവന്ന് കാണാൻ സാധിക്കുന്നില്ല. ഇതിന്നർത്ഥം നക്ഷത്രങ്ങളില്ലെന്നല്ല; സൂര്യപ്രകാശം കാരണം നക്ഷത്രങ്ങളെ കാണാൻ കഴിയുന്നില്ലെന്നാണ്. അഥവാ കാഴ്ചയിൽ ഒരു വസ്തുവേ ഉള്ളൂ. യഥാർത്ഥത്തിൽ വേറെയും വസ്തുക്കളുണ്ടെങ്കിലും. തൗഹീദിന്റെ അനുഭവത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. അല്ലാഹുവിന്റെ പ്രകാശത്തിൽ ലോകത്തുള്ള മറ്റു വസ്തുക്കളൊക്കെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ സൂഫിക്ക് തോന്നുകയാണ് അല്ലാഹു മാത്രമേയുള്ളൂ എന്ന്. ഇതിന് വഹ്ദത്തുൽ വുജൂദ് എന്ന് പറയുന്നു. അല്ലാഹുവിനെ മാത്രമേ കാണുന്നുള്ളൂ എന്ന തിരിച്ചറിവിന് വഹ്ദത്തുശ്ശഹൂദ് (കാഴ്ചയിലെ ഏകത്വം) എന്നും പറയുന്നു. തൗഹീദ് വൂജൂദി, തൗഹീദ് ശൂഹൂദി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
അല്ലാഹുവിനെ കാണുക എന്നതാണ് സൂഫികളുടെ ഏകമായ ആഗ്രഹം. അതിനുവേണ്ടി എല്ലാം ത്യജിക്കാൻ അവർ തയ്യാറാവുന്നു. റാബിഅത്തുൽ അദവിയ്യ (റ) യുടെ ജീവിതം അങ്ങനെയായിരുന്നു. അല്ലാഹുവിനോടുള്ള സ്നേഹമായിരുന്നു മനസ്സ് നിറയെ. സുഫ്യാനുസ്സൗരി (റ) മഹതിയോട് ചോദിച്ചു: “നിങ്ങളുടെ ഈമാനിന്റെ അന്തസ്സത്ത എന്താണ്?”. മഹതി മറുപടി പറഞ്ഞു: “നരകത്തെ ഭയന്നുകൊണ്ടോ സ്വർഗത്തെ ആഗ്രഹിച്ചുകൊണ്ടോ ഞാൻ അല്ലാഹുവിനെ ആരാധിച്ചിട്ടില്ല. കാരണം, അങ്ങനെ ആരാധിക്കുന്ന പക്ഷം ഞാൻ വെറുമൊരു കൂലിത്തൊഴിലാളിയായി മാറിപ്പോകും. അല്ലാഹുവിനോടുള്ള അതിയായ സ്നേഹം കൊണ്ടും അവനെ കാണാനുള്ള ഉൽക്കടമായ ആഗ്രഹം കൊണ്ടുമാണ് ഞാൻ അവനെ ആരാധിക്കുന്നത്.” ദൈവസ്നേഹത്തെക്കുറിച്ച് മഹതി ഇങ്ങനെ പാടാറുണ്ടായിരുന്നു:
ഉഹിബ്ബുക്ക ഹുബ്ബനി ഹുബ്ബൽ ഹവാ
വ ഹുബ്ബുൻ ലി അന്നക്ക അഹ്ലുൻ ലി ദാകാ
ഫ അമ്മല്ലദീ ഹുവ ഹുബ്ബുൽ ഹവാ
ഫ ശുഗ്ലീ ബി ദിക്രിക അമ്മൻ സിവാകാ
വ അമ്മല്ലദീ അന്ത അഹ്ലുൻ ലഹൂ
ഫ കശ്ഫുക ലിൽ ഹുജുബി ഹത്താ അറാകാ
(രണ്ട് തരത്തിലുള്ള പ്രേമം ഞാൻ നിന്നെ പ്രേമിക്കുന്നു; നിന്നോടുള്ള പ്രതിപത്തി കൊണ്ടുള്ളതും, നീയാണ് അതിന് അർഹൻ എന്ന നിലയിലുള്ളതും. നിന്നോടുള്ള പ്രതിപത്തിയാലുള്ള സ്നേഹമെന്നാൽ നിന്റെ സ്മരണ മറ്റെല്ലാ വസ്തുക്കളിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നു എന്നതാണ്. അർഹതയ്ക്കുള്ള സ്നേഹമെന്നാൽ നിന്റെ തിരുവദനം കാണത്തക്കവിധം എനിക്ക് നീ മറകൾ നീക്കിത്തന്നു എന്നതുമാണ്.)
സുഹ്ദ്, സന്യാസം
വഹ്ദത്തുൽ വുജൂദ് പോലെത്തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് സുഹ്ദ്. ഭൗതിക ലോകം ഒഴിവാക്കി ഭാര്യാ സന്താനങ്ങളെ അനാഥകളാക്കി ഏകാന്തമായി താമസിക്കലാണ് സുഹ്ദ് എന്നു ചിലർ തെറ്റിദ്ധരിക്കുന്നു. ഏകാന്തമായി അല്ലാഹുവിനെ ഇബാദത്തെടുക്കുന്നതിൽ മുഴുകലാണ് സൂഫിസത്തിന്റെ ഒരു പ്രകട ഭാവം. “നാൽപത് ദിവസം ഒരാൾ ധ്യാനമിരുന്നാൽ അവന്റെ നാവിൽ നിന്ന് ജ്ഞാന നിർഝരി ഒഴുകിത്തുടങ്ങും” എന്ന ഹദീസാണ് സൂഫികൾ ഇതിന് തെളിവായി എടുക്കുന്നത്. നബി (സ്വ) യുടെ ഹിറാ ഗുഹയിലെ താമസ കാലഘട്ടം ഇതിന്റെ അടിസ്ഥാനമാണ്. ഇഖ്ബാൽ പറയുന്നുണ്ട്:
മുസ്തഫാ അൻദർ ഹിറാ ഖൽവത്ത് ഗുസീദ്
മുദ്ദത്തീ ജുസ് ഖേശ്തൻ കസ് റാ ന ദീദ്
നഖ്ശ് മാറാ ദർ ദിലെ ഊ രീഖ്തൻദ്
മില്ലത്തീ അസ് ഖൽവത്തശ് അംഗീഖ്തൻദ്
(മുസ്തഫാ നബി (സ്വ) ഹിറാ ഗുഹയിൽ ഏകാന്ത വാസം അനുഷ്ഠിച്ചു. കുറച്ച് കാലം സ്വന്തത്തെയല്ലാതെ മറ്റാരെയും കണ്ടില്ല. അത് കൊണ്ട് ഒരു പുതിയ സമൂഹത്തെ കെട്ടിപ്പടുക്കാൻ അങ്ങേയ്ക്ക് സാധിച്ചു).
ധ്യാനനിരതനായി അല്ലാഹുവിനെ കണ്ടെത്തി സമൂഹത്തിൽ മാറ്റം പരത്തലാണ് സൂഫികളുടെ പ്രധാന ലക്ഷ്യം. നിരവധി ദിക്റുകൾ അതിന് വേണ്ടി അവർ പതിവാക്കുകയും ദിക്റ് ചൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ നബി തിരുമേനി (സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇമാം തിർമിദി (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) പറഞ്ഞു: “നിങ്ങൾ സ്വർഗീയാരാമങ്ങൾക്കരികിലൂടെ നടന്നു പോയാൽ അതിൽ മേഞ്ഞ് നടക്കുക. സ്വഹാബത്ത് ചോദിച്ചു: ‘ഏതാണ് നബിയേ, സ്വർഗീയാരാമം’. നബി (സ്വ) പറഞ്ഞു: ദിക്റിന്റെ സദസ്സുകളാണത്” (മുസ്നദ് അഹ്മദ് 3510).
വിശപ്പു സഹിച്ചും ഉറക്കമൊഴിച്ചും ഇബാദത്തിൽ വ്യാപൃതനാകാൻ തസവുഫ് നിർദേശിക്കുന്നു. ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു: “ഞങ്ങൾ ഈ തസ്വവുഫ് തർക്കങ്ങളിലൂടെയും അനാവശ്യ വാക്കുകളിലൂടെയും നേടിയെടുത്തതല്ല; വിശപ്പ് സഹിച്ചും ഉറക്കൊഴിച്ചും നിരന്തര കർമങ്ങളിലൂടെയും നേടിയെടുത്തതാണ്” (ഈഖാളുൽ ഹിമം 1/95). ആഇശാ ബീവി (റ) പറയുന്നു: “നബി (സ്വ) മദീനയിൽ വന്നതിന് ശേഷം തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ വയറ് നിറയെ ഭക്ഷണം കഴിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല. വഫാത്ത് വരെയും അത് തന്നെയായിരുന്നു സ്ഥിതി”. (ബുഖാരി 6454).
മറ്റൊരു ഹദീസിൽ ആഇശാ ബീവി(റ) പറയുന്നു: “വീട്ടിൽ തീ കത്തിക്കാതെ പല മാസവും ഞങ്ങൾക്ക് കഴിഞ്ഞു പോയിട്ടുണ്ട്. കാരക്കയും വെള്ളവും മാത്രമായിരുന്നു ഞങ്ങളുടെ ഭക്ഷണം” (ബുഖാരി 6458). ദാരിദ്ര്യം മുഖ മുദ്രയാക്കിയുള്ള ജീവിതമായിരുന്നു അവിടുത്തേത്. യഥാർത്ഥ സ്വൂഫിയുടെ ലക്ഷണവും അത് തന്നെയാണ്. പണം മനുഷ്യനെ ഭരിക്കുന്ന കാലമാണിത്. പണഭ്രമമാണ് എല്ലാ പ്രശ്നത്തിന്റെയും കാരണം. അത് ഒഴിവാക്കലാണ് തസ്വവുഫിൻ്റെ ഏറ്റവും വലിയ അടിസ്ഥാനം. ഈസാ നബി (അ) യോട് ശിഷ്യർ ചോദിച്ചു: നിങ്ങൾ എങ്ങനെയാണ് വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നത്? ഞങ്ങൾക്ക് അതിന് സാധിക്കുന്നില്ലല്ലോ?. ഈസാ നബി (അ) തിരിച്ചു ചോദിച്ചു: ദീനാറിനും ദിർഹമിനും നിങ്ങൾ നൽകുന്ന സ്ഥാനമെന്താണ്? ശിഷ്യർ പറഞ്ഞു: ഞങ്ങൾ അവ രണ്ടിനും നല്ല സ്ഥാനം നൽകുന്നുണ്ട്. ഈസാ നബി (അ) പറഞ്ഞു: എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ദീനാറും ദിർഹമും മണ്ണും ഒരേ സ്ഥാനത്താണ്. ഈ മാനസികാവസ്ഥയാണ് മനുഷ്യനെ ആത്മീയമായി ഉയർത്തുന്നത്. ഒരു കവി വാക്യം ശ്രദ്ധേയമാണ്:
“തുന്നിച്ചേർത്ത നീളൻ കുപ്പായവും മുട്ട് വരെയെത്തുന്ന വസ്ത്രവും നെറ്റിത്തടത്തിലെ അടയാളവും കണ്ട് നീ വഞ്ചിതനാവേണ്ട; ഒരാൾ യഥാർത്ഥ വലിയ്യാണോ എന്നറിയാൻ അദ്ദേഹത്തിനു നേരെ പണം വച്ച് നീട്ടിയാൽ മതി”.
ഇത്രയും പറഞ്ഞതിൽ നിന്ന് സുഹ്ദ് ഒരു മാനസികാവസ്ഥയാണെന്നു ബോധ്യപ്പെട്ടല്ലോ. പണക്കാരനാകൽ തസ്വവുഫിനെതിരല്ല; അതുമായി ഹൃദയ ബന്ധമുണ്ടാകാൻ പാടില്ല. ജലാലുദ്ദീൻ റൂമി പറയുന്നുണ്ട്: “ദുൻയാവ് എന്നാൽ അല്ലാഹുവിൽ നിന്ന് അശ്രദ്ധനാവലാണ്. നല്ല വസ്ത്രം ധരിക്കലോ സമ്പാദിക്കലോ ഭാര്യാ സന്താനങ്ങളുമൊത്ത് ജീവിക്കലോ അല്ല”.
ഇപ്പറഞ്ഞ കാര്യങ്ങളൊക്കെയുണ്ടാകുമ്പോഴും ഹൃദയ ബന്ധം അല്ലാഹുവിനോട് മാത്രമായിരിക്കണം.
സമ്പത്തിന്റെ ആധിക്യത്തിൽ ഒരിക്കലും സന്തോഷിച്ചിരുന്നില്ല പ്രവാചകർ (സ്വ). അബൂ ഹുറൈറ (റ) യിൽ നിന്ന് നിവേദനം, നബി (സ്വ) പറയുന്നു: എന്റെ കയ്യിൽ ഉഹ്ദ് മലയോളം സ്വർണമുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അത് ധർമം ചെയ്ത് തീരലാണ് എനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യം. (ബുഖാരി: 6445). ദരിദ്രരെ അങ്ങ് അളവറ്റ് സ്നേഹിച്ചു. അവരോടൊപ്പം ജീവിക്കാനും മരിക്കാനും പുനർജനിക്കാനും ആഗ്രഹിച്ചു.
ഒരിക്കൽ ഒരു ധനികനായ മനുഷ്യൻ നബി (സ്വ) യുടെ സമീപത്തു കൂടെ നടന്നു പോയി. അടുത്തുണ്ടായിരുന്ന സ്വഹാബിയോട് നബി (സ്വ) ചോദിച്ചു: ഇദ്ദേഹത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?. സ്വഹാബി പറഞ്ഞു: ഇദ്ദേഹം ജനങ്ങളിൽ പ്രധാനിയാണ്. ഇദ്ദേഹം ആർക്കെങ്കിലും വേണ്ടി ശുപാർശ ചെയതാൽ പെട്ടെന്ന് അംഗീകരിക്കപ്പെടും. വിവാഹാലോചന നടത്തിയാൽ പെട്ടെന്ന് സ്വീകരിക്കപ്പെടും. ആളുകൾക്കിടയിൽ നിലയും വിലയുമുള്ള ആളാണെന്ന് സാരം. ഇത് കേട്ടപ്പോൾ നബി (സ്വ) മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞതിന് ശേഷം ദരിദ്രനായ ഒരു മനുഷ്യൻ തങ്ങളുടെ അടുത്ത് കൂടെ നടന്നു പോയി. അവിടുന്ന് നേരത്തെ ചോദിച്ച സ്വഹാബിയോട് ചോദിച്ചു: ഇദ്ദേഹത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?. സ്വഹാബി പറഞ്ഞു: ഇദ്ദേഹം ജനങ്ങൾക്കിടയിൽ വിലയില്ലാത്ത മനുഷ്യനാണ്. ആർക്കെങ്കിലും വേണ്ടി ശിപാർശ ചെയ്താൽ സ്വീകരിക്കപ്പെടുകയില്ല. വിവാഹാലോചന നടത്തിയാൽ തള്ളപ്പെടും. വല്ലതും പറഞ്ഞാൽ അത് ശ്രവിക്കാൻ ആളെ കിട്ടുകയില്ല. ഇത് കേട്ടപ്പോൾ നബി (സ്വ) പറഞ്ഞു: നീ ആദ്യം കണ്ട ആളെക്കാളും പതിന്മടങ്ങ് നല്ലയാളാണ് ഇദ്ദേഹം. പണമല്ല തഖ്വയാണ് പ്രധാനം എന്നാണ് ഇപ്പറഞ്ഞതിന്നർത്ഥം.
ഭൗതിക ലോകവുമായുള്ള ബന്ധം പുറത്തുണ്ടാകുന്നതോടൊപ്പം അത് ഹൃദയത്തിൽ കടക്കാതെ സൂക്ഷിക്കണമെന്ന് സൂഫികൾ പഠിപ്പിക്കുന്നു. ജലാലുദ്ദീൻ റൂമി പറയുന്നു:
ആബ് ദർ കശ്തീ ഹലാകെ കശ്തി അസ്ത്
ആബ് അന്ദർ സേറെ കശ്തി പുശ്തി അസ്ത്
ഒരു കപ്പലിന് സഞ്ചരിക്കാൻ അതിൻറെ അടിയിൽ വെള്ളം ആവശ്യമാണ്. പക്ഷേ, വെള്ളം അകത്തേക്ക് പ്രവേശിച്ചാൽ കപ്പൽ മുങ്ങിപ്പോകും. ഇത് പോലെ മനുഷ്യന് ജീവിക്കാൻ ദുൻയാവ് ആവശ്യമാണ്. പക്ഷേ, ദുൻയാവ് ഹൃദയത്തിൽ കടന്നാൽ മനുഷ്യൻ നശിച്ചു പോകും.
നബി തിരുമേനി (സ്വ) ക്ക് ഭാര്യമാരുണ്ടായിരുന്നു. സന്താനങ്ങളുണ്ടായിരുന്നു. പക്ഷേ, ഹൃദയ ബന്ധം അല്ലാഹുവുമായിട്ടായിരുന്നു. “ദുൻയാവിൽ നിന്ന് സുഗന്ധവും ഭാര്യമാരും എനിക്ക് പ്രിയമുള്ളതാക്കപ്പെട്ടു. എന്റെ കൺകുളിർമ നിസ്കാരത്തിലാണ്” എന്ന് നബി തിരുമേനി (സ്വ) പറഞ്ഞിട്ടുണ്ട്.
അവലംബം
1. ഇഹ്യാഉ ഉലൂമിദ്ദീൻ – ഇമാം ഗസാലി
2. മസ്നവി – ജലാലുദ്ദീൻ റൂമി
3. മക്തൂബാത്ത് – ശൈഖ് സർഹിന്ദി
4. അൽവുജൂദുൽ ഹഖ് – ശൈഖ് അബ്ദുൽ ഗനി നാബുൽസി
5. ഈളാഹുൽ മഖ്സൂദ് ബി മഅ്നാ വഹ്ദത്തിൽ വുജൂദ് – ശൈഖ് അബ്ദുൽ ഗനി നാബുൽസി
6. വഹ്ദത്തുൽ വുജൂദ് – സയ്യിദ് ശരീഫുൽ ജുർജാനി
7. ഫൽസഫയെ വഹ്ദത്ത് വുജൂദ് – ഡോ. വഹീദ് ഇശ്റത്ത്
8. അദ്വൈത ചിന്താ പദ്ധതി – ചട്ടമ്പി സ്വാമി

