വളരെ നേരത്തെ തന്നെ ഇന്ത്യയിൽ മുഹദ്ദിസുകളുടെ ആഗമനവും ഹദീസ് പഠനവും തുടങ്ങിയിട്ടുണ്ടെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. അവയത്രയും വിശദീകരിക്കാൻ ചുരുങ്ങിയ പേജുകൾ മതിയാവുകയില്ല. ചില പ്രധാന വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താനുള്ള എളിയ ശ്രമം മാത്രമാണിത്. ഹദീസ് നിരൂപകർക്കിടയിൽ പ്രബലനല്ലെങ്കിലും 400-ൽ പരം ഹദീസുകളുടെ നിവേദകനും ഇസ്‌ലാമിക ലോകത്തുതന്നെ ആദ്യ ഗ്രന്ഥ രചയിതാവായി ഗണിക്കപ്പെടുന്നവരുമായ റബീഅ് ബ്നു സ്വബീഹ് അസ്സഅദി (റ) വഫാത്തായതും അന്ത്യവിശ്രമം കൊള്ളുന്നതും ഇന്ത്യയിലാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചരിത്രകാരനായ അബ്ദുൽ ഹയ്യ് ഹസനി എഴുതുന്നു: “അബ്ബാസീ ഖലീഫയായിരുന്ന മഹ്ദീ ബില്ലാഹ് ഹിജ്റ 159-ന് അബ്ദുൽ മലിക് ബ്നു ശിഹാബ് അൽ മിസ്മഇയുടെ നേതൃത്വത്തിൽ ജിഹാദാവശ്യാർഥം ഒരു സൈന്യത്തെ ഗുജറാത്തിലേക്ക് അയച്ചു. താബിഈ പണ്ഡിതനായ റബീഅ് ബ്നു സ്വബീഹ് സഅ്ദിയും സൈന്യത്തിലുണ്ടായിരുന്നു. ഹദീസിൽ ആദ്യ ഗ്രന്ഥരചന നടത്തിയ പണ്ഡിതനാണ് അദ്ദേഹം. പ്രമുഖ പണ്ഡിതനായ ഹാജി ഖലീഫ ‘കശ്ഫുള്ളുനൂൻ’ ൽ പറഞ്ഞതനുസരിച്ച് ഇസ്‌ലാമിക ലോകത്തുതന്നെ ആദ്യ ഗ്രന്ഥ രചന നടത്തിയ വ്യക്തിയാണദ്ദേഹം. ഹി. 160-ൽ ഈ സൈന്യം ‘ബാർബദ്’ എന്ന സ്ഥലത്തെത്തി. ഖംബാത്ത് ഉൾക്കടലിൽ (Gulf of Khambhat) സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ബാർബദ് എന്നാണ് എന്റെ അനുമാനം. ഈ ഉദ്യമത്തിൽ സൈന്യത്തിന് വൻവിജയം ലഭിച്ചു. കടൽ ക്ഷോഭമുള്ള സമയമായതിനാൽ കുറച്ചുകാലം അവർ അവിടെത്തന്നെ തങ്ങാൻ തീരുമാനിച്ചു. പക്ഷേ, കാലാവസ്ഥ മോശമായതിനെത്തുടർന്ന് ആയിരത്തോളം ആളുകൾ രോഗബാധിതരായി. റബീഅ് ബ്നു സ്വബീഹും രോഗം പിടിപെട്ട് വഫാത്തായി. ഗുജറാത്തിന്റെ മടിത്തട്ടിൽ എവിടെയോ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.” (ഗുജറാത്ത് നാം അറിയാത്ത മുഖം 14,15).

ആദ്യ കാല മുഹദ്ദിസുകൾ

വിശ്രുത പണ്ഡിതനായ അബ്ദുൽ ഹഖ് ദഹ്‌ലവി(റ)യാണ് വ്യവസ്ഥാപിതമായി ഇന്ത്യയിൽ ഹദീസ് പ്രചരിപ്പിച്ചത്. പക്ഷേ, അദ്ദേഹത്തിന് മുമ്പുതന്നെ ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ)യുടെയും ഇബ്നു ഹജരിനിൽ ഹൈതമി(റ)യുടെയും ശംസുദ്ദീനിസ്സഖാവി(റ)യുടെയും ശിഷ്യഗണങ്ങളുടെ നേതൃത്വത്തിലുള്ള ദർസുകളും പഠനകേന്ദ്രങ്ങളും ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഗുജറാത്ത് കേന്ദ്രീകരിച്ചായിരുന്നു അവയിൽ കൂടുതലും ഹി. 929-ൽ വഫാത്തായ അല്ലാമ വജീഹുദ്ദീൻ മുഹമ്മദ് ബ്നു മുഹമ്മദ് (റ) ഇവരിൽ പ്രസിദ്ധനാണ്. ഇമാം സഖാവി(റ)യുടെ ശിഷ്യനായ ഇദ്ദേഹം ‘മലികുൽ മുഹദ്ദിസീൻ’ എന്ന പേരിൽ പ്രസിദ്ധനായി. സഖാവി(റ)യുടെ തന്നെ ശിഷ്യനായ ജമാലുദ്ദീൻ മുഹമ്മദ് ബ്നു ഉമർ അൽ ഹദ്റമി (റ) -‘ബഹ്റഖ്’ എന്ന പേരിൽ പ്രസിദ്ധൻ – ഗുജറാത്തിൽ ജീവിച്ച മറ്റൊരു മുഹദ്ദിസായിരുന്നു. ഭരണാധികാരിയായിരുന്ന മുളഫ്ഫർ ശാഹ് ഒന്നാമന്റെ ഉസ്താദ് കൂടിയായ അദ്ദേഹം ഹി. 930-ൽ വഫാത്തായി. അഹമ്മദാബാദിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഹദീസിനു പുറമെ തസ്വവ്വുഫ്, നഹ്‌വ്‌, വൈദ്യശാസ്ത്രം, സാഹിത്യം, ഗോളശാസ്ത്രം തുടങ്ങി നിരവധി വിജ്ഞാന ശാഖകളിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു. ‘അൽ അസ്റാറുന്നബവിയ്യ ഫിഖ്തിസ്വാരിൽ അദ്കാരിന്നബവിയ്യ’, ‘മുഖ്തസ്വറുത്തർഗീബ് വത്തർഹീബ്’ എന്നിവ ഹദീസിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.

ഹി. 983-ൽ വഫാത്തായ മറ്റൊരു ഇന്ത്യൻ മുഹദ്ദിസാണ് ശൈഖ് അബ്ദുൽ മുഅത്വിയ്യ് ബ്നു ഹസൻ ബാകസീർ അൽ മക്കിയ്യ് (റ). സ്വഹീഹുൽ ബുഖാരിയിൽ ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ)യുടെ ശിഷ്യനാണ് അദ്ദഹം. സ്വഹീഹുൽ ബുഖാരിയിൽ ഉന്നത സനദുള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിൽ നിന്ന് ഹദീസ് കേൾക്കാൻ നിരവധിയാളുകൾ വരാറുണ്ടായിരുന്നു. ‘അസ്മാഉ രിജാലിൽ ബുഖാരി’ എന്ന ഒരു ഗ്രന്ഥം എഴുതിത്തുടങ്ങുകയും ഒരു വാള്യം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ശൈഖ് സയ്യിദ് അബ്ദുൽ അവ്വൽ ഹുസൈനി (റ) ഗുജറാത്തിലും അവസാന കാലം ഡൽഹിയിലും ജീവിച്ച വലിയൊരു മുഹദ്ദിസാണ്. ‘ഫൈദുൽ ബാരി ശർഹ് സ്വഹീഹിൽ ബുഖാരി’ എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്.

ഇന്ത്യയിൽ ജനിക്കുകയും മക്കയിൽ വഫാത്താവുകയും അവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ശൈഖ് അലിയ്യുൽ മുത്തഖിയ്യുൽ ഹിന്ദി (റ) ഇന്ത്യയ്ക്ക് അഭിമാനിക്കാൻ പറ്റുന്ന ഹദീസ് പണ്ഡിതനാണ്. ‘കൻസുൽ ഉമ്മാൽ’ എന്ന ബൃഹത്ഗ്രന്ഥത്തിന്റെ കർത്താവാണ് അദ്ദേഹം. ഹി. 975-ൽ വഫാത്തായി. ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

മുഹമ്മദ് ത്വാഹിർ ഫതനി (റ) ഇന്ത്യയിൽ ജീവിച്ച പ്രതിഭാധനനായ പണ്ഡിതനും മുഹദ്ദിസുമായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹിജാസിലെയും യമനിലെയും പണ്ഡിതന്മാർപോലും അവ വായിച്ച് അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ പഠനങ്ങൾക്ക് ശേഷം മക്കയിൽ ചെന്ന് ശൈഖ് അബ്ദുൽ ഹസൻ ബക്രി (റ), അല്ലാമ ഇബ്നു ഹജരിനിൽ ഹൈതമി (റ), ശൈഖ് അലിയ്യുബ് ഇറാഖി (റ) തുടങ്ങിയവരിൽ നിന്ന് ഹദീസ് പഠിച്ചു. ശേഷം ശൈഖ് അലിയ്യുൽ മുത്തഖി (റ) എന്ന മഹാപണ്ഡിതന്റെ ഒപ്പംകൂടി അറിവുനുകർന്നു. ഹി. 986-ൽ മഹ്ദവി വിഭാഗത്തിന്റെ ആക്രമണത്തിൽ രക്തസാക്ഷിയായി. ‘മജ്മഉ ബിഹാരിൽ അൻവാർ’ എന്ന വിശ്വവിഖ്യാത കൃതിയുടെ രചയിതാവ് ഇദ്ദേഹമാണ്. ‘അൽ മുഗ്നീ ഫീ അസ്മാഇരിജാൽ’, ‘തദ്കിറത്തുൽ മൗളൂആത്ത്’ തുടങ്ങി ഹദീസിൽ വേറെയും കൃതികളുണ്ട്.

ഹി. 1003-ൽ വഫാത്തായ ശൈഖ് യഅഖൂബ് ബ്നു ഹസൻ അൽ കശ്മീരി (റ) ഇബ്നു ഹജരിനിൽ ഹൈതമി(റ)യിൽ നിന്ന് ഹദീസ് പഠിച്ച ഇന്ത്യൻ പണ്ഡിതനാണ്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ശൈഖ് അബ്ദുൽ ഹഖ് മുഹദ്ദിസ് ദഹ്‌ലവി

ഇന്ത്യയിലെ ഹദീസ് പഠനത്തിന് വ്യവസ്ഥാപിതമായി തുടക്കം കുറിച്ചത് ശൈഖ് അബ്ദുൽ ഹഖ് മുഹദ്ദിസ് ദഹ്‌ലവിയായിരുന്നു. ‘ഇമാമെ മുഹദ്ദിസാനെ വഖ്ത്’ (കാലഘട്ടത്തിലെ മുഹദ്ദിസുകളുടെ നേതാവ്) എന്നാണ് ഇന്ത്യൻ ചരിത്രകാരന്മാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘രണ്ടാം അബൂഹനീഫ’ എന്നും അറിയപ്പെടുന്നു. ഉത്തരേന്ത്യയിൽ ഹദീസ് വിജ്ഞാനീയങ്ങൾ അസ്തമിച്ചു കൊണ്ടിരുന്ന കാലത്ത് അവയ്ക്ക് പൂതുജീവൻ നൽകാൻ അദ്ദേഹം ശ്രമിച്ചു. ഹദീസ് ഗ്രന്ഥങ്ങൾക്ക് അന്നത്തെ പൊതു ഭാഷയായിരുന്ന പേർഷ്യൻ ഭാഷയിൽ പരിഭാഷയും വ്യാഖ്യാനവും നിർവ്വഹിച്ചു. ഹി. 958 മുഹറം മാസത്തിൽ ഡൽഹിയിലാണ് ജനനം. പിതാവ് സൈഫുദ്ദീനിൽ നിന്ന് നിരവധി ഗ്രന്ഥങ്ങൾ പഠിച്ചു. ശേഷം മക്കയിലേക്ക് പോയി ഹജ്ജും മദീനയിൽ പോയി സിയാറത്തും നിർവഹിച്ചു. മക്കയിൽ ശൈഖ് അലിയ്യുൽ മുത്തഖിയുടെ ശിഷ്യനായിരുന്ന ശൈഖ് അബ്ദുൽ വഹ്ഹാബ് മുത്തഖിയിൽ നിന്ന് ഹദീസ് പഠിച്ചു. മിശ്കാത്ത് പൂർണമായും അദ്ദേഹത്തിൽ നിന്നാണ് ഓതിയത്. ഹി. 996 മുതൽ 1000 വരെയുള്ള നാലു വർഷമാണ് അബ്ദുൽ വഹ്ഹാബ് മുത്തഖിയുടെ ശിക്ഷണത്തിൽ വളർന്നത്. ശേഷം അദ്ദേഹത്തിന്റെ കൽപനപ്രകാരം ജന്മനാടായ ഇന്ത്യയിലേക്ക് വന്ന് ഹദീസ് പ്രചരണത്തിലും ഗ്രന്ഥ രചനയിലും വ്യാപൃതരായി. ഹി. 1052 റബീഉൽ അവ്വൽ 21-ന് തന്റെ 94-ാം വയസ്സിൽ വഫാത്താകുന്നതുവരെ സേവന നിരതനായിരുന്നു. ഡൽഹിയിലെ മഹ്റോലിക്കടുത്ത് ഇസ്‌ലാം കോളനി എന്ന കൊച്ചു ഗ്രാമത്തിൽ ഈ മഹാപണ്ഡിതൻ അന്ത്യ വിശ്രമം കൊള്ളുന്നു. 2006-ൽ ആത്മീയത സ്ഫുരിക്കുന്ന ആ തിരുസവിധത്തിൽ ചെന്ന് ദുആ ചെയ്യാൻ ഈയുള്ളവന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തികഞ്ഞ പ്രവാചക പ്രേമിയായിരുന്നു മഹാനർ. ‘മദാരിജുന്നുബുവ്വ വ ദറജാത്തുൽ ഫുതുവ്വ’ എന്ന പേരിൽ രണ്ടു വാള്യമുള്ള പ്രവാചക ചരിത്ര ഗ്രന്ഥം പേർഷ്യൻ ഭാഷയിൽ രചിച്ചിട്ടുണ്ട്. വേറിട്ട ശൈലിയാണ് ആ ഗ്രന്ഥത്തിനുള്ളത്. പല വിഷയങ്ങളിലും വേറിട്ട അഭിപ്രായങ്ങളും വെച്ചുപുലർത്തുന്നു.

ഗ്രന്ഥങ്ങൾ

പല വിജ്ഞാന ശാഖകളിലും നിരവധി ഗ്രന്ഥങ്ങൾ മഹാനർ രചിച്ചിട്ടുണ്ട്. ഹദീസുമായി ബന്ധപ്പെട്ട് മാത്രം പത്തിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയെക്കുറിച്ച് ചെറുതായി വിശദീകരിക്കാം.

  1. അശിഅത്തുല്ലമആത്ത് ഫീ ശർഹിൽ മിശ്ക്കാത്ത് – മിശ്ക്കാത്തുൽ മസ്വാബീഹിന്റെ പേർഷ്യൻ വ്യാഖ്യാനമാണ് ഇത്. പെഷവാറിലെ ഇസ്‌ലാമിയ കോളേജ്, കൽക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം, അലിഗഡിലെ മൗലാനാ ആസാദ് ലൈബ്രറി തുടങ്ങിയ സ്ഥലങ്ങളിൽ ഈ ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതികൾ സൂക്ഷിപ്പുണ്ട്. പാക്കിസ്താനിലെ മക്തബ റശീദിയ്യ നാലു വാള്യങ്ങളിലായി ഇതു പ്രസിദ്ധീകരിച്ചിരുന്നു. തികച്ചും സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളനുസരിച്ചു കൊണ്ടുള്ള നല്ല ഒരു വ്യാഖ്യാനമാണിത്. ബറകത്തെടുക്കലും മരിച്ചവരുടെ കേൾവിയും തവസ്സുലും ഇസ്തിഗാസയുമൊക്കെ സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്. ഇസ്തിഗാസയെക്കുറിച്ച് മൂന്നു പേജോളം ഉപന്യസിച്ചിട്ടുണ്ട്. (3/421-424 നോക്കുക).
  2. ലമആത്തുത്തൻഖീഹ് ഫീ ശർഹി മിശ്കാത്തിൽ മസ്വാബീഹ് – മിശ്ക്കാത്തിന്റെ അറബി വ്യാഖ്യാനമാണിത്. ഫാരിസി വ്യാഖ്യാനത്തിൽ ഉൾപ്പെടുത്താത്ത പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹി. 1025 റജബ് 24നാണ് രചന പൂർത്തിയാക്കിയത്. ഹദീസിനെ ഹനഫീ ഫിഖ്ഹിന് അനുസൃതമായി വ്യാഖ്യാനിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. ഇബ്നു ഹജർ അസ്ഖലാനിയുടെ ഫത്ഹുൽ ബാരി, ഇബ്നു ഹജർ ഹൈതമിയുടെ ശർഹുൽ മിശ്കാത്ത്, മുഹമ്മദുബ്നു ത്വാഹിർ ഫതനിയുടെ മജ്മഉൽ ബീഹാർ, ഖാളി ഇയാളിന്റെ മശാരിഖുൽ അൻവാർ തുടങ്ങിയ ഗ്രന്ഥങ്ങളും നാലു മദ്ഹബിൽ നിന്നുള്ള വ്യത്യസ്ത ഗ്രന്ഥങ്ങളും അവലംബിച്ചാണ് ഈ വ്യാഖ്യാനം എഴുതിയത്. ഇതിന്റെ കയ്യെഴുത്ത് പ്രതികൾ റസാ ലൈബ്രറി രാംപൂർ, ആസ്വഫിയ്യ ലൈബ്രറി ഹൈദരാബാദ്, ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ കൽക്കത്ത, സുബ്ഹാനല്ലാഹ് കലക്ഷൻ അലീഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 1972-ൽ കിതാബുൽ ജനാഇസ് വരെയുള്ള ഭാഗം നാലു വാള്യങ്ങളിലായി ലാഹോറിലെ മക്തബത്തുൽ മആരിഫ് പ്രസിദ്ധീകരിച്ചിരുന്നു. മുസഫ്ഫർപൂർ ജാമിഅ ഇസ്‌ലാമിയ ലൈബ്രറിയിൽ പ്രസ്തുത കോപ്പികൾ സൂക്ഷിച്ചിട്ടുണ്ട്. കിതാബുൽ മനാസിക് അവസാനം വരെയുള്ള ഭാഗം താഴെ ലിങ്കിലും ലഭ്യമാണ്: http://ia600808.us.archive.org/17/items/ΜΑΚΗΤΟΤΑΤ-274/MAKHTOTAT-274.rar

ഹദീസിന്റെ ഉസ്വൂലുകൾ വിവരിക്കുന്ന നല്ല ഒരു മുഖദ്ദമിയും ഈ ഗ്രന്ഥത്തിനുണ്ട്. മുഖദ്ദിമത്തു മിശ്കാത്തിൽ മസ്വാബീഹ് എന്ന പേരിൽ മിശ്കാത്തിന്റെ തുടക്കത്തിൽ ഈ മുഖദ്ദിമ അച്ചടിച്ചുവരുന്നുണ്ട്.

  • ജംഉൽ അഹാദീസിൽ അർബഈൻ – 40 ഹദീസുകളുടെ സമാഹാരം
  • ജാമിഉൽ ബറകാത്ത് മുൻതഖബു ശർഹിൽ മിശ്കാത്ത് – മിശ്ക്കാത്തിന്റെ സംക്ഷിപ്ത വ്യാഖ്യാനമാണിത്.
  • മാ സബത ബിസ്സുന്നത്തി ഫീ അയ്യാമി സ്സനഃ – ഒരു വർഷത്തെ വ്യത്യസ്ത മാസങ്ങളിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഹദീസിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന കൃതി. മുഹറം മാസത്തിൽ ശിയാക്കൾ നടത്തുന്ന അനിസ്‌ലാമികമായ ആചാരങ്ങളെ ശക്തമായ ഭാഷയിൽ എതിർക്കുന്നുണ്ട്. അൽ അഅ്മാലുൽ മഅ്സൂറ ഫിൽ അയ്യാമിൽ മശ്ഹൂറ എന്നും ഈ ഗ്രന്ഥത്തിന് പേരുണ്ട്. ഡൽഹിയിലെ മുജ്തബാ ഇ പ്രസ്സിൽ നിന്ന് ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. റബീഉൽ അവ്വലിലെ പ്രവർത്തനങ്ങൾ പറയുന്ന കൂട്ടത്തിൽ നബിദിനാഘോഷത്തെ പ്രോൽസാഹിപ്പിച്ചുകൊണ്ട് എഴുതുന്നു:

“മുസ്‌ലിംകൾ കാലങ്ങളായി നബി (സ്വ) ജനിച്ച മാസം ആഘോഷമാക്കിക്കൊണ്ടിരിക്കുന്നു. ദാന ധർമ്മങ്ങൾ കൊണ്ടും സദ്യകൾ കൊണ്ടും രാത്രികളെ അവർ ധന്യമാക്കുന്നു. സന്തോഷം പ്രകടിപ്പിച്ചും നന്മ വർധിപ്പിച്ചും മൗലിദ് പാരായണം നടത്തിയും അവർ ആ മാസത്തെ ബഹുമാനിക്കുന്നു. അതുകാരണം വലിയ അനുഗ്രഹങ്ങളാണ് അവരുടെ മേൽ വർഷിക്കുന്നത്. ആ വർഷത്തേക്കുള്ള രക്ഷാകവചമാണ് മൗലിദ് എന്ന കാര്യം അനുഭവത്തിലൂടെ സ്ഥിരപ്പെട്ടതാണ്. നബി (സ്വ) ജനിച്ച രാത്രികളെ ആഘോഷങ്ങളാക്കുകയും അതുകാരണമായി ഹൃദയത്തിൽ ശത്രുതയും പകയും കൊണ്ടു നടക്കുന്നവരുടെ പ്രയാസം വർധിപ്പിക്കുകയും ചെയ്യുന്നവരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കട്ടെ.” (പേജ് 79).

  • അസ്മാഉരിജാലി വർറുവാത്തിൽ മദ്കൂരീന് ഫീ കിതാബിൽ മിശ്കാത്ത്
  • ശർഹു സിഫ്തി സ്സആദഃ – ഫൈറൂസാബാദിയുടെ സിഫ്റുസ്സആദഃ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.
  • തഹ്ഖീഖുൽ ഇശാറ ഫീ തഅ്മീമിൽ ബിശാറ – സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരെക്കുറിച്ച് വന്ന ഹദീസുകളുടെ സമാഹാരം.

ഇവയ്ക്കു പുറമെ രിസാല അഖ്സാമു ഹദീസ്, രിസാല ശബെ ബറാഅത്ത്, തർജമത്തു മക്തബിന്നബി തുടങ്ങിയ ഗ്രന്ഥങ്ങളുമുണ്ട്.

പുത്രനായ നൂറുൽ ഹഖ് പിതാവിനെ പോലെത്തന്നെ ഹദീസിൽ നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങളും അബ്ദുൽ ഹഖ് ദഹ്‌ലവിക്കുണ്ടായിരുന്നു.

വിവിധ വിജ്ഞാനശാഖകളിൽ ഗ്രന്ഥരചന നടത്തിയ പ്രസിദ്ധ പണ്ഡിതനാണ് ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (റ). ഖുതുബുദ്ദീൻ അഹ്മദ് വലിയുല്ലാഹ് ബ്നു അബ്ദിർറഹീം എന്നാണ് പൂർണ്ണ നാമം. ഹി. 1114-ൽ യു.പി. യിലെ മുസഫ്ഫർ നഗറിലെ ഫുലത്ത് എന്ന പ്രദേശത്ത് ജനിച്ചു. ഹി. 1143-ൽ ഹജ്ജിന് വേണ്ടി മക്കയിലേക്ക് പോയി. ഈ യാത്രയിൽ നിരവധി ഗുരുനാഥന്മാരിൽ നിന്ന് അറിവ് നുകർന്നു. ശേഷം ഇന്ത്യയിലേക്ക് മടങ്ങി ഹദീസ് പ്രചാരണത്തിൽ മുഴുകി. ഹദീസിലെ പ്രധാന ഗ്രന്ഥങ്ങൾ:

  1. അൽ അർബഊൻ
  2. അൽ ഇർശാദ് ഇലാ മുഹിമ്മാത്തി ഇൽമിൽ ഇസ്‌നാദ്
  3. ശർഹു തറാജിമി അബ്വാബി സ്വഹീഹിൽ ബുഖാരി – സ്വഹീഹുൽ ബുഖാരിയിലെ തലക്കെട്ടുകളുടെ വ്യാഖ്യാനമാണിത്.
  4. അൽ ഫദ്ൽ മുബീൻ ഫിൽ മുസൽസലി മിൻ ഹദീസിന്നബിയ്യിൽ അമീൻ
  5. അന്നവാദിർ മിൻ അഹാദീസി സയ്യിദിൽ അവാഇലി വൽ അവാഖിർ.
  6. അദ്ദുർറുസ്സമീൻ ഫീ മുബശ്ശറാത്തിന്നബിയ്യിൽ അമീൻ – നബി(സ്വ)യിൽ നിന്ന് സ്വപ്നത്തിലൂടെ ലഭിച്ചതോ അല്ലെങ്കിൽ നബി(സ്വ)യുടെ ആത്മാവിനെ ദർശിക്കുമ്പോൾ കിട്ടിയതോ ആയ 40 ഹദീസുകളാണ് ഇതിലുള്ളത്. 1954-ൽ ഇശാഅത്തുൽ ഉലൂം ദയൂബന്തിൽ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെറെ ഒപ്പം തന്നെ നവാദിർ, മുസൽസലാത്ത് എന്നീ രണ്ടു ഗ്രന്ഥങ്ങളുമുണ്ട്.
  7. അൽ മുസവ്വാ – ഇമാം മാലികി(റ)ന്റെ മുവത്വയുടെ അറബി വ്യാഖ്യാനമാണിത്. ഡൽഹിയിൽ നിന്നും മക്കയിൽ നിന്നും 1983-ൽ ബൈറൂത്തിലെ ദാറുൽ കുതുബിൽ ഇൽമിയ്യയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
  8. മുസ്വഫ്ഫാ – മുവത്വയുടെ ഫാരിസി വ്യാഖ്യാനമാണിത്.

ഹുജ്ജത്തുല്ലാഹിൽ ബാലിഗയും ഇസ്വാലത്തുൽ ഖഫാ അൻ ഖിലാഫത്തിൽ ഖുലഫായുമാണ് ദഹ്‌ലവിയുടെ ഏറ്റം പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങൾ. ഹുജ്ജഃ ഹദീസിന്റെ അന്തസത്തയാണ്. ഖിലാഫത്തുമായി ബന്ധപ്പെട്ട ഹദീസുകളുടെയും ആയത്തുകളുടെയും വ്യാഖ്യാനമാണ് ഇസ്വാലത്തുൽ ഖഫാ. അതിൽ പല ഹദീസുകളെയും സ്വന്തം രീതിയിൽ മറ്റു ഹദീസുകളുടെ പിൻബലത്തിൽ മഹാനർ വ്യാഖ്യാനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ‘ഖൈറുൽ ഖുറൂനി ഖർനീ’ എന്ന ഹദീസിലെ ആദ്യത്തെ ഖർന് എന്നതിന് മഹാനർ കൊടുക്കുന്ന വ്യാഖ്യാനം നബി(സ്വ)യുടെ ഹിജ്റ മുതൽ വഫാത്തു വരെയുള്ള കാലയളവ് എന്നാണ്. രണ്ടാം ഖർന് അബൂബക്ർ (റ), ഉമർ (റ) എന്നിവരുടെ ഭരണകാലം. മൂന്നാമത്തെ ഖർന് ഉസ്മാൻ(റ)ന്റെ ഭരണകാലം. ഖർന് എന്ന വാക്കിന്റെ ഭാഷാർഥവും മറ്റു ഹദീസുകളുടെ പിൻബലവുമാണ് ഈ വ്യാഖ്യാനത്തിന്നാധാരം. തുല്യമായ, സദൃശമായ എന്നൊക്കെയാണ് ഖർന് എന്നതിന്റെ ഭാഷാർഥം. ഈ പറഞ്ഞ മൂന്നു ഖർനും ഏകദേശം 12 വർഷം വീതം വരും. തുല്യമായ എന്ന അർഥം അപ്പോൾ യോജിക്കുകയും ചെയ്യും.

ഹി. 1176-ൽ ശാഹ് വലിയുല്ലാഹ് ദഹ്‌ലവി വഫാത്തായി. ഡൽഹിയിലെ ഡൽഹി ഗൈറ്റിന് സമീപം മഹ്ദിയാൻ ഖബ്റിസ്താനിൽ പിതാവിനും കുടുംബക്കാർക്കുമൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്റെ പുത്രന്മാരും മറ്റു വിജ്ഞാന ശാഖകളെ പോലെ ഹദീസിനും കാര്യമായ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്. പുത്രനായ അബ്ദുൽ അസീസ് ദഹ്‌ലവി(റ)യുടെ ബുസ്താനുൽ മുഹദ്ദിസീൻ പ്രസിദ്ധമാണ്.

ഫറങ്കി മഹൽ ഉലമാ

ഹി. 1161 (ക്രി. 1747) ൽ വഫാത്തായ മുല്ലാ നിസാമുദ്ദീൻ എന്ന പണ്ഡിതന് ഔറംഗസീബ് നൽകിയ ഒരു കൊട്ടാരമായിരുന്നു ലഖ്നൗവിലെ ഫറങ്കി മഹൽ. നമ്മുടെ മതസ്ഥാപനങ്ങളിൽ ഇന്ന് നിലവിലുള്ള നിസാമി സിലബസിന്റെ ഉപജ്ഞാതാവാണ് മുല്ലാ നിസാമുദ്ദീൻ. ഇവിടെ നിന്ന് നിരവധി പണ്ഡിതർ വിവിധ വിജ്ഞാന ശാഖകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹി. 1264-ൽ ജനിച്ച് 1304-ൽ തന്റെ 39-ാമത്തെ വയസിൽ വഫാത്തായ മഹാപണ്ഡിതനായിരുന്ന അബ്ദുൽ ഹയ്യ് ലഖ്നവി(റ)യാണ് അവരിൽ പ്രസിദ്ധൻ. ചുരുങ്ങിയ ആയുസിനുള്ളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. പ്രസിദ്ധ ശാഫിഈ മുഫ്തിയായിരുന്ന സയ്യിദ് അഹ്മദു ബ്നു സൈനീ ദഹ്‌ലാൻ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. ഇമാം മാലികി(റ)ന്റെ മുവത്വയുടെ വിശദീകരണമായ ‘അത്തഅ്‌ലീഖുൽ മുമജ്ജദ് അലാ മുവത്വഇൽ ഇമാം മുഹമ്മദ്’ എന്നതാണ് ഹദീസിലെ ശ്രദ്ധേയ കൃതി. അതിന്റെ ആമുഖത്തിൽ പറയുന്നു: “ഇമാം മാലികി(റ)ന്റെ മുവത്വയ്ക്ക് ഒരു വ്യാഖ്യാനം എഴുതാൻ ചിലർ നിർദേശിച്ചപ്പോൾ ഹി. 1288-ൽ ഞാൻ കണ്ട ഒരു സ്വപ്നം ഓർമ്മ വന്നു പോയി. ഞാൻ മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവേശിച്ചിരിക്കുന്നു. അപ്പോഴതാ ഇമാം മാലിക് (റ) അവിടെ ഇരിക്കുന്നു. ഞാൻ ചെന്ന് മുസാഫഹത്ത് ചെയ്തു. എന്നിട്ട് പറഞ്ഞു: അങ്ങയുടെ മുവത്വയിൽ എനിക്ക് ചില സംശയങ്ങളുണ്ട്. അതുകൊണ്ട് അങ്ങേയ്ക്ക് ഓതിത്തന്നുകൊണ്ട് ആ സംശയങ്ങൾ തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇമാം മാലിക് (റ) സസന്തോഷം ആ ആഗ്രഹം സ്വീകരിച്ചു. ഞാൻ മുവത്വ എടുക്കാൻ പോയി. അതോടെ സ്വപ്നം അവസാനിച്ച് ഞാൻ ഉണർന്നു. ഈ സ്വപ്നം മുവത്വയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ എന്നെ പ്രേരിപ്പിച്ചു.”

ദയൂബന്ത് പണ്ഡിതർ

അഭിപ്രായ ഭിന്നതകൾ മാറ്റി വെച്ചാൽ ഹദീസിന്റെ മേഖലയിൽ വലിയ സേവനങ്ങൾ ദയൂബന്ത് ഉലമാക്കൾ അർപ്പിച്ചിട്ടുണ്ടെന്ന കാര്യം നിഷേധിക്കാൻ കഴിയില്ല. ബുഖാരി, തിർമിദി, മിശ്കാത്ത് തുടങ്ങിയ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനമെഴുതിയ അഹ്മദ് അലി സഹാറമ്പൂരി, അബൂദാവൂദിന് വ്യാഖ്യാനമെഴുതിയ ഖലീൽ അഹമദ് സഹാറമ്പൂരി, മുസ്‌ലിമിന് വ്യാഖ്യാനമെഴുതിയ ശബീർ അഹ്മദ് ഉസ്മാനി, ബുഖാരി, തിർമിദി, അബൂദാവൂദ്, ഇബ്നുമാജ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനമെഴുതിയ പ്രസിദ്ധ പണ്ഡിതൻ അൻവർ ശാഹ് കശ്മീരി, മുവത്വയ്ക്ക് വ്യാഖ്യാനമെഴുതിയ സകരിയ്യാ കാന്ദ്‌ലവി, മിശ്കാത്തിന് വ്യാഖ്യാനമെഴുതിയ ഇദ്‌രീസ് കാന്ദ്‌ലവി, ശൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസൻ തുടങ്ങി നിരവധി പണ്ഡിതർ ഈ വിഭാഗത്തിൽ വന്നിട്ടുണ്ട്.

ബറേൽവി ഉലമാക്കൾ

ബിദ്അത്തിനോട് ഒരു നിലയ്ക്കും സന്ധിയാവാതെ പോരാടിയ മഹാപണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ് അഹ്മദ് രിദാ ഖാൻ ബറേൽവി (റ). ഹദീസുമായി ബന്ധപ്പെട്ട് വലുതും ചെറുതുമായി 72 ഗ്രന്ഥങ്ങളോളം ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ 12 എണ്ണം മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. ഹി. 1382 (ക്രി 1962) ൽ വഫാത്തായ സഫറുദ്ദീൻ ബീഹാരിയാണ് ഈ ശ്രേണിയിൽ എടുത്തു പറയേണ്ട പണ്ഡിതൻ. അഹ്മദ് രിദാ ബറേൽവിയുടെ ഇഷ്ട ശിഷ്യനായ അദ്ദേഹം ‘മലികുൽ ഉലമാ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ മതസ്ഥാപനങ്ങളിൽ കാലങ്ങളോളം ശാഫിഈ മദ്ഹബിലെ നിയമങ്ങൾക്ക് പിന്തുണ നൽകുന്ന ഹദീസ് ഗ്രന്ഥങ്ങളാണ് പഠിപ്പിക്കപ്പെട്ടിരുന്നത്. അബ്ദുൽ ഹഖ് ദഹ്‌ലവി(റ)യാണ് ഹനഫീ മദ്ഹബിന്റെ തെളിവുകളുള്ള ഹദീസ് ക്രോഡീകരണത്തിന് തുടക്കം കുറിച്ചത്. 1322-ൽ വഫാത്തായ സഹീർ അഹ്സൻ ശൗഖ് ഇതേ ലക്ഷ്യത്തോടെ ‘ആസാറുസ്സുനൻ’ എന്ന ഗ്രന്ഥം ക്രോഡീകരിച്ചു. സഫറുദ്ദീൻ ബീഹാരിയാണ് ഈ ലക്ഷ്യം പൂർത്തിയാക്കിയത്. ‘സ്വഹീഹുൽ ബീഹാരി’ എന്ന ബൃഹദ് ഗ്രന്ഥം അദ്ദേഹം രചിച്ചു. ഹനഫീ മദ്ഹബിന്റെ തെളിവുകളുള്ള പരമാവധി ഹദീസുകൾ തിരഞ്ഞുപിടിച്ചാണ് ഈ ദൗത്യം നിർവ്വഹിച്ചത്. ആറു വാള്യങ്ങളുള്ള ഈ ബൃഹദ് ഗ്രന്ഥം പതിനായിരക്കണക്കിന് ഹദീസുകൾ ഉൾക്കൊള്ളുന്നുണ്ട്. ഒന്നാം വാള്യം അഖീദയുമായി ബന്ധപ്പെട്ട ഹദീസുകൾ മാത്രമാണ്. അഹ്മദ് രിദാ ബറേൽവിയുടെ വിവിധ ഗ്രന്ഥങ്ങളിലുള്ള വിശ്വാസശാസ്ത്രവുമായി ബന്ധപ്പെട്ട ഹദീസുകൾ അധ്യായം തിരിച്ച് ക്രോഡീകരിച്ചതാണ് ഈ വാള്യം. രണ്ടാം വാള്യം കിതാബുത്ത്വഹാറ, കിതാബുസ്സ്വലാത്ത് എന്നിവയുൾക്കൊള്ളുന്നതാണ്. ഈ വാള്യത്തിൽ മാത്രം 960 പേജും 9285 ഹദീസുകളുമുണ്ട്. സൗകര്യത്തിന് ഈ രണ്ടാം വാള്യം നാലു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവയിൽ ആദ്യ ഭാഗം 1931-ൽ ആഗ്രയിൽ നിന്നും മറ്റു മൂന്നു ഭാഗങ്ങൾ 1937 മുതൽ പട്നയിൽ നിന്നും പ്രസിദ്ധീകൃതമായി ബാക്കിയുള്ള 3,4,5,6 വാള്യങ്ങൾ റസാ ഫൗണ്ടേഷൻ ലാഹോർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.

സൂഫികൾ

ഓരോ കാലത്തും ജനങ്ങൾക്ക് മാർഗ ദർശനം നടത്താൻ സൂഫിയാക്കളും ഔലിയാക്കളും രംഗത്തുവരാറുണ്ട്. ഗ്രന്ഥരചനയേക്കാൾ കൂടുതൽ ജനങ്ങളെ സംസ്കരിക്കുന്നതിലാണ് അവർ സമയം കണ്ടെത്താറ്. പല വിജ്ഞാനശാഖകളും അവരുടെ എഴുത്തു കുത്തുകളിലും മറ്റും കടന്നുവരാറുണ്ട്. ഇന്ത്യയിൽ വന്ന നിരവധി സൂഫിയാക്കളുടെ മക്തൂബാത്തുകളും മൽഫൂളാത്തുകളും ഇതിന് തെളിവാണ്.

നിസാമുദ്ദീൻ ഔലിയാ (റ) ഹദീസിന് പ്രാധാന്യം കൊടുത്ത സൂഫിവര്യനായിരുന്നു. കമാലുദ്ദീൻ സാഹിദ് എന്ന പേരിൽ പ്രസിദ്ധനായ ശൈഖ് മുഹമ്മദു ബ്നു അഹ്മദ് മാരീകലി(റ)യിൽ നിന്നാണ് അല്ലാമ സ്വഗാനി(റ)യുടെ മശാരിഖുൽ അൻവാർ എന്ന ഗ്രന്ഥത്തിന്റെ സനദ് അദ്ദേഹത്തിന് ലഭിച്ചത്. കമാലുദ്ദീൻ സാഹിദ്(റ) അല്ലാമ സ്വഗാനി(റ)യുടെ നേരെ ശിഷ്യനായതുകൊണ്ട് ഈ സനദിന് വലിയ പ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്. മഖാമാത്തെ ഹരീരി എന്ന അറബി സാഹിത്യത്തിലെ പ്രസിദ്ധ ഗ്രന്ഥം സിലബസ്സുകളിലുള്ള കാലമായിരുന്നു അത്. പ്രയാസമുള്ള പദങ്ങളുടെ ശേഖരമായിരുന്നതുകൊണ്ടു തന്നെ ആ ഗ്രന്ഥം മനഃപ്പാഠമാക്കുന്ന പതിവ് അധികമാർക്കും ഉണ്ടായിരുന്നല്ല. പക്ഷേ, നിസാമുദ്ദീൻ ഔലിയാ (റ) അതിലെ 40 മഖാമുകൾ മനഃപ്പാഠമാക്കി. പിൽക്കാലത്ത് അദ്ദേഹത്തിന് ഇത് ഒരു അധികപ്പറ്റായി തോന്നുകയും അതിന്റെ പ്രായശ്ചിത്തമെന്നോണം സ്വഗാനിയുടെ മശാരിഖുൽ അൻവാർ പൂർണമായും മനഃപ്പാഠമാക്കുകയും ചെയ്തു. മഹാനരുടെ വാമൊഴിയായ ഫവാഇദുൽ ഫുആദിലും പല ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മുരീദായിരുന്ന ശൈഖ് നസ്വീറുദ്ദീൻ ചിറാഗേ ദഹ്‌ലി(റ)യാണ് ഈ ശ്രേണിയിലെ എടുത്തുപറയേണ്ട മറ്റൊരു വ്യക്തിത്വം. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സയ്യിദ് മുഹമ്മദ് ഗേസൂ ദറാസ് (റ) ഹദീസിൽ ഗ്രന്ഥരചന നടത്തിയ പ്രഗത്ഭ സൂഫീവര്യനാണ്. വിവിധ വിജ്ഞാന ശാഖകളിലായി നൂറിൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മശാരിഖുൽ അൻവാറിന്റെ വ്യാഖ്യാനമായ ശർഹു മശാരിഖിൽ അൻവാർ, അതിന്റെ പേർഷ്യൻ മൊഴിമാറ്റമായ തർജമയെ മശാരിഖുൽ അൻവാർ, കിതാബുൽ അർബഈൻ, സ്വിറാത്തുന്നബി എന്നിവയാണ് ഹദീസിലെ ഗ്രന്ഥങ്ങൾ. മഖ്ദൂമെ ബീഹാരി എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ശറഫുദ്ദീൻ യഹ്‌യാ മനേരി (റ) (വഫാത്ത് ഹി. 782) യുടെ മക്തൂബുകളിലും നിരവധി ഹദീസുകൾ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഹദീസിന്റെ പദം ഉദ്ധരിക്കുന്നതിന് പകരം അർഥം ഉദ്ധരിക്കുന്ന (മഅ്ന കൊണ്ട് രിവായത്ത് ചെയ്യുന്ന) ശൈലിയാണ് സൂഫി ഗ്രന്ഥങ്ങളിൽ കാണപ്പെടുന്നത്. മനേരി(റ)യുടെ മക്തൂബാത്തിൽ ഈ ശൈലി നല്ല തോതിൽ കാണപ്പെടുന്നുണ്ട്.

ഹദീസ് കേരളത്തിൽ

ഹദീസിനേക്കാൽ ഫിഖ്ഹിന് പ്രാധാന്യം കൊടുക്കുന്ന ശൈലിയാണ് കേരളീയ ഉലമാക്കളിൽ പണ്ടുമുതലേ കാണപ്പെടുന്നത്. എന്നാലും പള്ളി ദർസുകളിലും മറ്റും ഹദീസ് പഠനത്തിനും മറ്റും വലിയ പ്രാധാന്യമുണ്ടായിരുന്നു. രിയാളുസ്സ്വാലിഹീനും മിശ്കാത്തുൽ മസ്വാബീഹും മിക്ക ദർസുകളിലും പഠിപ്പിക്കപ്പെട്ടു. ഫിഖ്ഹിലും മറ്റു ശാഖകളിലുമുള്ള പോലെ കൂടുതൽ രചനകളൊന്നും ഹദീസിൽ കാണപ്പെടുന്നില്ല. വെല്ലൂർ ബാഖിയാത്തിൽ മുദർരിസായിരുന്ന ശൈഖ് ഹസൻ ഹസ്റത്തും അടുത്തിടെ വഫാത്തായ കെ.സി. ജമാലുദ്ദീൻ മുസ്‌ലിയാരുമൊക്കെ ഹദീസിന് പ്രാധാന്യം കൊടുത്തു. സ്വതന്ത്ര രചനകളൊന്നും അവരുടേതായില്ല. അടുത്ത കാലത്ത് അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരും ഹദീസിൽ വലിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. മിശ്ക്കാത്തിന് അദ്ദേഹം ഒരു വ്യാഖ്യാനവും തയ്യാറാക്കി. ഹി. 1374-ൽ വഫാത്തായ പ്രസിദ്ധ പണ്ഡിതനായിരുന്ന അഹ്‌മദ് കോയ ശാലിയാത്തി (റ) അസ്സൈറുൽ ഹസീസ് ഫീ തഖ്‌രീജി അർബഈനൽ ഹദീസ് എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

ഹി. 1393-ൽ വഫാത്തായ തൃശൂർ ജില്ലയിലെ ചേറ്റുവയ്ക്കടുത്ത് വാടാനപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അൽ ഹാജ് മുഹമ്മദ് ബ്നു ഹസൻ എന്ന പണ്ഡിതൻ ശർഹു ഉജാലത്തിൻ നുഖത്വിയ്യ അലൽ മൻളൂമത്തിൽ ബീഖുനിയ്യ ഫി മുസ്ത്വലഹിൽ ഹദീസ് എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അനന്തരവകാശം, വൃത്തശാസ്‌ത്രം, നഹ്‌വ്‌, മൗലിദ് തുടങ്ങിയ  വിവിധ ശാഖകളിലുള്ള 13 ഓളം ഗ്രന്ഥങ്ങൾ വേറെയുമുണ്ട്. ഹി. 1980-ൽ വഫാത്തായ പെരുമ്പടപ്പിനടുത്ത് പരൂർ ജനിച്ച മൗലവി കുഞ്ഞഹമ്മദ് അൽ ഫരൂരിയാണ് ഹദീസിൽ ഗ്രന്ഥരചന നടത്തിയ മറ്റൊരു ശ്രദ്ധേയ വ്യക്തിത്വം. അൽഫിയ്യത്തുൻ ഫിസ്ത്വിലാഹിൽ ഹദീസ് എന്നതാണ് ആ ഗ്രന്ഥം. ഇതിനു പുറമെ തസ്വവ്വുഫ്, അനന്തരാവകാശം, അറബിക് നിഘണ്ടു, അനുശോചന കാവ്യം തുടങ്ങി വിവിധ ശാഖകളിൽ 9 കൃതികൾ വേറെയുമുണ്ട്.

മൗലാനാ മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ

ഹദീസിൽ വലിയ സംഭാവനകൾ നൽകിയ മഹാപണ്ഡിതനാണ് മൗലാനാ അബ്ദുൽ ബാരി മുസ്‌ലിയാർ (റ). ഹി. 1298 (ക്രി. 1881) മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് വാളക്കുളത്താണ് ജനനം. മുഹമ്മദ് എന്നാണ് യഥാർഥ നാമം. വെല്ലൂർ ബാഖിയാത്തിലെ ഉസ്താദായിരുന്ന ശൈഖ് ആദം ഹസ്റത്താണ് അബ്ദുൽ ബാരി എന്ന് പേരിട്ടത്. ‘അബ്ദുൽഹഖ്’ എന്നാണ് അപര നാമം. സന്താനങ്ങളില്ലെങ്കിലും ഈ പേരു വരാൻ കാരണം സത്യത്തിന്റെ നിലനിൽപിനുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തതതാണ്. പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർക്ക് ശേഷം സമസ്തയുടെ പ്രസിഡണ്ടായിരുന്ന മഹാനർ. ഹി. 1385 (ക്രി. 1965) ജമാദുൽ ഊലാ രണ്ടിന് വഫാത്തായി. മൊത്തം ഒമ്പതു ഗ്രന്ഥങ്ങളിൽ രണ്ടെണ്ണം ഹദീസുമായി ബന്ധപ്പെട്ടവയാണ്.

1- ജം‌ൽ ബാരി 2- സ്വിഹാഹുശൈഖൈൻ.

ജം‌ൽ ബാരിയിൽ ഖുർആനും ഹദീസും ഫിഖ്ഹും മറ്റും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 122 പേജുള്ള ഈ ബൃഹദ് ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടാതെ കയ്യെഴുത്തുപ്രതി മാത്രം സൂക്ഷിക്കപ്പെടുന്നു. ഹി. 1364 ഞായറാഴ്‌ച രാവിലെയാണ് ഈ ഗ്രന്ഥം എഴുതി പൂർത്തിയാക്കിയത് എന്ന് തുടക്കത്തിൽ പറയുന്നുണ്ട്. ഖുർആൻ, ഹദീസ് എന്നിങ്ങനെ രണ്ടു ഖിസ്‌മും മഖാസ്വിദ് തവാബിഅ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. മൊത്തം 1200-ൽ പരം ഹദീസുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യാത്രയിലും അല്ലാത്തപ്പോഴും മുഴുസമയവും ഈ ഗ്രന്ഥം നമ്മോടൊപ്പമുണ്ടാകണമെന്ന് തുടക്കത്തിൽ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.

സ്വിഹാഹുശൈഖൈനിയാണ് ഹദീസിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതി ഇമാം ബുഖാരിയും മുസ്‌ലിമും ഏകോപിച്ചതോ രണ്ടിൽ ഏതെങ്കിലും ഒരാൾ ഉദ്ധരിച്ചതോ ആയ ഹദീസുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തന്റെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ സ്വന്തമായി നിർമ്മിച്ച മൗലവി പ്രസ്സിൽ നിന്ന് 1964 നവംബർ 15-നാണ് ഇത് അച്ചടിച്ചത്. തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് ജാമിഅ നൂരിയ്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ടവർ സംഭാവന ചെയ്‌തത് ഈ കിതാബിന്റെ ആയിരം കോപ്പികളായിരുന്നു. അത് വിറ്റു കിട്ടുന്ന പണം പ്രസ്‌തുത ലക്ഷ്യത്തിലേക്ക് തിരിക്കാൻ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. മിശ്കാത്തുൽ മസ്വാബീഹിലെ ബുഖാരി-മുസ്‌ലിം ഉദ്ധരിച്ച ഹദീസുകൾ മാത്രം തിരഞ്ഞെടുത്താണ് ഈ ഗ്രന്ഥം തയാറാക്കിയത്. ഓരോ ബാബും മൂന്നു ഫസ്വ്‌ലുകളാണ്. ഒന്നാം ഫസ്വ്‌ലിൽ ഇമാം ബുഖാരിയും മുസ്‌ലിമും ഏകോപിച്ച ഹദീസുകളും രണ്ടാം ഫസ്വ്‌ലിൽ ഇമാം ബുഖാരി മാത്രം റിപ്പോർട്ട് ചെയ്തവയും മൂന്നാം ഫസ്വ്‌ലിൻ ഇമാം മുസ്‌ലിം തനിച്ച് റിപ്പോർട്ട് ചെയ്‌തവയുമാണ് ചേർത്തിട്ടുള്ളത്. മൊത്തം 2547 ഹദീസുകളാണ് ഇതിലുള്ളത്. ഈ മഹാപണ്ഡിതന്റെ വെളിച്ചം കാണാത്ത ഗ്രന്ഥങ്ങൾ സമൂഹത്തിൽ എത്തിക്കാൻ നാം ശ്രമിക്കണം. ഹദീസുകളുടെ അന്തസത്ത ഉൾക്കൊണ്ട് ജീവിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ.

 റഫറൻസ്

1- നുസ്ഹത്തുൽ ഖവാതിർ – അബ്ദുൽ ഹയ്യ് ഹസനി

2- ജുഹൂദ് മുഖിലസ്വ ഫീ ഖിദ്മത്തിസ്സുന്നത്തിൽ മുത്വഹ്ഹറ – അബ്‌ദുർറഹ്‌മാൻ അബ്ദുൽ ജബ്ബാർ

3- ഹയാത്ത് വ ഖിദ്മാത്തെ ശൈഖ് അബ്‌ദുൽ ഹഖ് – ഡോ. അലീം അശറഫ് ഖാൻ

4- യാദെ അയ്യാം – അബ്ദുൽ ഹയ്യ് ഹസനി

5- ലമആത്തുത്തൻഖീഹ് – ശൈഖ് അബ്ദുൽ ഹഖ് ദഹ്‌ലവി

6- അശിഅത്തുല്ലമആത്ത് – ശൈഖ് അബ്ദുൽ ഹഖ് ദഹ്‌ലവി

7- തുഹ്ഫത്തുൽ അഖ്യാർ ഫീ അഅയാനി മലൈബാർ – നെല്ലികുത്ത് മുഹമ്മദലി മുസ്‌ലിയാർ

4- ഇസ്വാലത്തുൽ ഖഫാ അൻ ഖിലാഫത്തിൽ ഖുലഫാ – ശാഹ് വലിയുല്ലാഹ് ദഹ്‌ലവി

9- താരീഖെ ദഅ്‌വത്ത്‌ വ അസീമത്ത് – അബുൽ ഹസൻ നദ്‌വി

10- India’s Contribution To The Study of Hadith Literature – മുഹമ്മദ് ഇസ്ഹാഖ്.

എ.പി. മുസ്തഫ ഹുദവി അരൂര് – Al muneer 2014

AP MUSTHAFA HUDAWI AROOR