Continuation of Part 1
സമസ്ത ജനിക്കുന്നു
1926 ജൂണ് 26-നാണ് ആ ചരിത്ര സംഗമം നടന്നത്. സാദാത്തുക്കളും ഉലമാക്കളും വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും കോഴിക്കോട്ടെത്തി. മഹാപണ്ഡിതരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ സദസ്സോടെ പരിപാടിക്ക് ആരംഭം കുറിച്ചു. വരക്കൽ മുല്ലക്കോയ തങ്ങളുടെ സഹോദരി പുത്രൻ സയ്യിദ് ഹാശിം ചെറുകുഞ്ഞി കോയ തങ്ങളായിരുന്നു അദ്ധ്യക്ഷൻ. പവിത്രമായ ആ സദസ്സിൽ വച്ച് വിഷലിപ്തമായ പുത്തനാശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമ’ എന്ന പണ്ഡിത സഭ അനിവാര്യതയുടെ സൃഷ്ടിയായി പിറവിയടുത്തു. വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ (പ്രസിഡന്റ്), എ.പി. അഹമദ് കുട്ടി മുസ്ലിയാർ പാങ്ങ്, കെ. മുഹമ്മദ് അബ്ദുൽ ബാരി മുസ്ലിയാർ വാക്കുളം, കെ.എം. അബ്ദുൽ ഖാദർ മുസ്ലിയാർ പള്ളിപ്പുറം, കെ.പി മുഹമ്മദ് മീറാൻ മുസ്ലിയാർ (വൈ.പ്രസിഡന്റ്മാർ), പി.വി.മുഹമ്മദ് മൗലവി കോഴിക്കോട് (ജ.സെക്രട്ടറി), വി.കെ. മുഹമ്മദ് മുസ്ലിയാർ പുതിയങ്ങാടി, ജർമ്മൻ അഹമ്മദ് മുസ്ലിയാർ ഫറോക്ക് (ജോ.സെക്രട്ടറിമാർ) എന്നിവരായിരുന്നു പ്രഥമ ഭാരവാഹികൾ.
പണ്ഡിത കുലപതികളുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന ആദർശ പോരാട്ട രംഗത്ത് ശക്തമായി നിലയുറപ്പിച്ചു. സംവാദങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും എഴുത്തുകളിലൂടെയും സമസ്ത പുത്തൻവാദക്കാരെ നിരന്തരമായി എതിരിട്ട് ജനങ്ങളെ ബോധവത്കരിച്ചു. ഒരു നൂറ്റാണ്ടോടടുക്കാറായിട്ടും കേരളത്തിൽ വഹാബി പ്രസ്ഥാനത്തിന് വലിയ സ്വീകാര്യത നേടാൻ സാധിക്കാതിരുന്നത് സമസ്തയുടെ ശക്തമായ പ്രവർത്തനങ്ങൾ കൊണ്ടാണ്. സമസ്ത രൂപീകരിച്ച് ഈ ബിദ്അത്തിന്റെ കരിനാഗങ്ങളെ പിഴുതെറിയാൻ തന്നെയായിരുന്നു. സമസ്ത ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ പൈതൃക താവഴികൾ തച്ചുടയ്ക്കപ്പെടുകയും യഥാർഥ ദീൻ ഇവിടെ നാമാവശേഷമാകുകയും ചെയ്യുമായിരുന്നു. നവോത്ഥാനത്തിന്റെ വീരഗാഥകൾ മുഴക്കുമ്പോഴും നമ്മുടെ അടിസ്ഥാന വിഷയം വിശ്വാസവും കർമവും സംരക്ഷിക്കപ്പെടലാണെന്നും അതിന് കാവൽനിൽക്കുകയാണ് സമസ്ത ചെയ്ത തെന്നും നാം വിസ്മരിച്ചു കൂടാ.
ലക്ഷ്യം മറക്കാത്ത മുന്നേറ്റം
നിരന്തര ചർച്ചകൾക്കൊടുവിൽ അംഗീകരിച്ച ഭരണഘടന 1934 നവംബർ 14-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ലാ രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തു. (എസ്1-1934) പ്രധാനമായി അഞ്ച് ഉദ്ദേശ്യങ്ങളാണു ഭരണഘടന മുന്നോട്ടുവച്ചത്:
1. അഹ്ലുസ്സുന്നയുടെ വിശ്വാസാചാരങ്ങൾ പ്രബോധനം ചെയ്യുക.
2. അഹ്ലുസ്സുന്നയുടെ വിശ്വാസത്തിനെതിരേ പ്രവർത്തിക്കുന്നവരെ നിയമാനുസൃതം പ്രതിരോധിക്കുക.
3. മുസ്ലിം സമുദായത്തിന്റെ അവകാശസംരക്ഷണത്തിനു നിലകൊള്ളുക.
4. മതവിദ്യാഭ്യാസ പ്രവർത്തനം നടത്തുക. മതേതര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
5. അന്ധവിശ്വാസം, അരാജകത്വം, അധാർമികത, അനൈക്യം എന്നിവ ഇല്ലാതാക്കുന്നതിനും സമുദായത്തിന്റെ ഉന്നമനത്തിനുമായി പ്രവർത്തിക്കുക.
നിയമാവലി രജിസ്ട്രേഷനു സമർപ്പിക്കുമ്പോൾ സാക്ഷികളായി ഒപ്പ് വച്ചിരിക്കുന്നത് ഖാൻ സാഹിബ് വി.ആറ്റക്കോയ തങ്ങൾ പൊന്നാനി, മലപ്പുറം ഖാസി ഖാൻ ബഹദൂർ, ഒ.പി.എം. മുത്തുക്കോയ തങ്ങൾ എന്നിവരാണ്.
ഇസ്ലാമിക പ്രബോധനം, മത വിദ്യാഭ്യാസ പ്രചരണം, അന്തവിശ്വസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രവർത്തനം സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളായി സമസ്തയുടെ ഭരണഘടനയിൽ കാണാം. മത വിശ്വാസങ്ങളോട് സമരസപ്പെട്ടു പോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാനും മതസഹിഷ്ണുത, സമാധാന പൂർണ്ണമായ ജീവിതം, ദേശീയ പുരോഗതി എന്നിവക്കുവേണ്ടി നിലകൊള്ളുവാനും ഭരണഘടന പ്രത്യേകം അനുശാസിക്കുന്നുണ്ട്. ഭരണഘടനയിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ഉപര്യുക്ത വകുപ്പുകൾ-ആദർശ പ്രചാരണം, പ്രതിരോധം, അവകാശസംരക്ഷണം, ഭൗതിക പുരോഗതി എന്നീ അടിസ്ഥാന ലക്ഷ്യങ്ങളെ ഉയർത്തിപ്പിടിച്ചാണ് സമസ്ത സ്ഥാപിത കാലം മുതൽ ഇതുവരെ പ്രവർത്തിച്ച് വന്നത്.
ബ്രിട്ടീഷുകാരുടെ ചട്ടുകമായി പ്രവർത്തിച്ചു കൊണ്ടാണ് കേരളത്തിലും വഹാബി പ്രസ്ഥാനം രംഗത്ത് വന്നത്. ഈ ആശയധാരയിൽ ജമാഅത്തെ ഇസ്ലാമി പോലുള്ള പല പ്രസ്ഥാനങ്ങളും ഉദയം ചെയ്തത് കാണാം. പാരമ്പര്യ ഇസ്ലാമിനെ പരിഷ്കരിക്കാനുള്ള നീക്കങ്ങളാണ് ഈ നവീന നവീകരണ സംഘങ്ങൾ ചെയ്തത്. അതിനായി മത ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും കണ്ടുകെട്ടാനുള്ള നീക്കം നടത്തി. മുഹിമ്മാത്തുൽ മുസ്ലിമീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, അൽ അമീൻ പത്രം തുടങ്ങിയവ അങ്ങനെ കണ്ടുകെട്ടിയതിൽ ചിലതുമാത്രം.
പിന്നെ സ്വീകരിച്ച മാർഗം ഈ ഗ്രന്ഥ ശേഖരങ്ങളത്രയും എഴുതപ്പെട്ട അറബി മലയാളം എന്ന ഭാഷയെ ഇല്ലാതെയാക്കുക എന്നതായിരുന്നു. അടിസ്ഥാന ജ്ഞാനം തടയപ്പെടാനും അറബി മലയാളത്തെ നിരുത്സാഹപ്പെടുത്താനും കുത്സിത നീക്കങ്ങൾ തന്നെ പിന്നീട് നടന്നു. പരിഷ്കരണ വാദത്തിന്റെ പേരിൽ വഹാബികളെ കൂട്ട് പിടിച്ച് പുതിയ മതം മുസ്ലിംകളെ പഠിപ്പിക്കാൻ ശ്രമിച്ച കഥ സി.എൻ. അഹ്മദ് മൗലവി തന്നെ കുറിച്ചത് കാണുക: “ബ്രിട്ടീഷുകാർക്ക് എന്തൊക്കെ ദോഷങ്ങളുണ്ടങ്കിലും, അവർ തികഞ്ഞ ഭരണ തന്ത്രജ്ഞൻമാരായിരുന്നു. അവർ സംഗതികളുടെ മർമസ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ അതു തടയാനോ അതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അത് കൂടുതൽ അപകടകരമാണെന്ന് ആ ഭരണതന്ത്രജ്ഞൻമാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഢമായി തീരുമാനിച്ചു. 1921-ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് മാപ്പിള സമുദായത്തിന്റെ നട്ടെല്ലൊടിഞ്ഞു പോയി. അപ്പോൾ മാപ്പിളമാരെ എങ്ങിനെ ‘നന്നാക്കി’യെടുക്കാം എന്നതിനെക്കുറിച്ച് ബ്രിട്ടീഷുകാരുടെ പല മണ്ഡലങ്ങളിലും ചർച്ചകളും കൂടിയാലോചനകളും നടന്നു. ഒടുവിൽ അടിയന്തിരമായ ചില തീരുമാനങ്ങളെടുത്തു. മാപ്പിളമാർക്ക് സ്കൂളുകളിൽ വെച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനു വേണ്ട പുസ്തകങ്ങൾ വിദഗ്ധൻമാരെക്കൊണ്ട് തയ്യാർ ചെയ്യിക്കുക. ആ ചുമതല ഒരേയവസരത്തിൽ രണ്ടുകൂട്ടരെ ഏൽപ്പിച്ചു. 1. കുഞ്ഞിമോയി ഹാജി മഞ്ചേരി 2. അബ്ദുൽ ഗഫൂർഷാ സാഹിബ്. അതുരണ്ടും ഗവൺമെന്റ് അംഗീകരിച്ചു നടപ്പിൽ വരുത്തി. അറബി മലയാളത്തിൽ നിന്നും മലയാള ലിപിയിലേക്കുള്ള മുസ്ലിംകളുടെ കാൽവെപ്പിന്റെ ആരംഭം ഇതാണ്” (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 75).
നോക്കൂ, ഒരു സമുദായത്തിന്റെ അസ്ഥിത്വം തകർക്കാൻ ഇവർ സ്വീകരിച്ച കുതന്ത്രം എത്രമാത്രം ഭയാനകം ആണെന്ന്. സമുദായത്തെ മതത്തിൽ നിന്നും വേർപ്പെടുത്തിയെടുക്കാനുള്ള ഗൂഢ തന്ത്രമാണ് ഇവിടെ മൗലവിമാരെ ഉപയോഗിച്ച് നടത്തിയത്. ജീവനില്ലാ മതത്തിന്റെ വാഹകരായി ശ്ണ്ഡീകരിക്കപ്പെട്ട നാമധാരികളേയാണ് സാമ്രാജ്യത്വ ശക്തികൾക്ക് ആവശ്യം. അതിന് കോപ്പു കൂട്ടുകയായിരുന്നു വഹാബിസം.
പുതിയമതം സമുദായത്തെ പഠിപ്പിക്കാൻ പുതിയ പണ്ഡിതൻമാരെ സ്യഷ്ടിക്കേണ്ടതാവശ്യമായിരുന്നു. ഇതിനായി ബ്രിട്ടീഷുകാരും വഹാബികളും സംഘടിച്ച കഥ സി.എൻ. തന്നെ പറയുന്നത് നോക്കൂ: “ഈ പുസ്തകങ്ങൾ തയ്യാർ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേ കൊല്ലം മറ്റൊരു പ്ലാൻ കൂടി തയ്യാറാക്കി. ‘ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കുവാൻ കഴിവുള്ള ഒരു മുസ്ലിം പണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയുമായിരുന്ന പി.എൻ. വി. മുഹമ്മദ് മൗലവി(പൂളിക്കൽ)യെ, എന്നിട്ട് മുസ്ലിം അധ്യാപകൻമാർക്ക് പരിശീലനം നൽകിപ്പോന്ന മലപ്പുറം ട്രൈനിംഗ് സ്കൂളിൽ അദ്ദേഹത്തെ നിയമിച്ചു. മുസ്ലിം അധ്യാപകൻമാരെ ‘ശരിയായ മതം’ പഠിപ്പിച്ചുവിട്ടാൽ അവർ പിന്നീടു ജോലിക്കു ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്ലിംകളിൽ ഹൃദയ പരിവർത്തനം വരുത്താൻ കഴിയുമല്ലോ, അതായിരുന്നു ലക്ഷ്യം” (പേജ് 76).
കേരളത്തിലെ വിശ്വാസികളുടെ മതം തകർക്കാൻ ഈ നീക്കം പോരാത്തതിനാൽ ഒരു പരിഷ്കർത്താവിനെ മൗലാനയായി വേഷം കെട്ടിച്ച കഥ നോക്കൂ: “മാപ്പിള സമുദായത്തിൽ വ്യാപകമായ ഒരു ചലനം സൃഷ്ടിക്കാൻ ഇതുമാത്രം പര്യാപ്തമല്ലെന്ന് ബ്രിട്ടീഷുകാർ കണ്ടു. 1929-ൽ മദിരാശിയിൽ നിന്ന് ക്യാപ്റ്റൻ അബ്ദുൽ ഹമീദ് സാഹിബിനെ എഡ്യൂക്കേഷണൽ ഓഫീസറാക്കി മലബാറിലേക്കയച്ചു. ഒരു പ്രത്യേക സൂത്രവും പ്രയോഗിച്ചു. വെറും അബ്ദുൽ ഹമീദ് എന്നല്ല, മൗലവി അബ്ദുൽ ഹമീദ് എന്ന പേരിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങോട്ടയച്ചത്. മതഭക്തരായ നമ്മുടെ ജനത ഇത് കേട്ട് തികച്ചും സംതൃപ്തരായി.” സി.എൻ. തുടരുന്നു: “സൂചിന്തിതമായ പ്ലാൻ അദ്ദേഹം നടപ്പാക്കാൻ തീരുമാനിച്ചു. അത് മറ്റൊന്നുമല്ല. മലബാറിലെ മുസ്ലിയാമാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രൈനിംഗ് സ്കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട് അവർക്ക് ‘ശരിയായ മതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ് ആ പോസ്റ്റിൽ നിയമിച്ചത്. 1931-ൽ ക്ലാസ് സംഘടിപ്പിച്ച് നോക്കുമ്പോൾ 25 വയസ്സുള്ള എന്റെ ഇരട്ടി പ്രായമുള്ള ശിഷ്യൻമാർ പോലും ആ കൂട്ടത്തിലുണ്ട്. മുദരിസുകളും ഖാസിമാരും മറ്റുമായി ജോലി ചെയ്തവർ. അവരോട് മല്ലിടേണ്ടി വന്ന കഥ എനിക്കിന്നും ഓർത്തു കൂടാ. ഈ ശിക്ഷ ലഭിക്കാൻ തക്കവണ്ണം ദൈവമേ എന്തു കുറ്റമാണ് ഞാൻ ചെയ്തത് എന്ന് എപ്പോഴും ഞാൻ ഓർത്തു പോയിട്ടുണ്ട്” (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 76). പരിഷ്കാരത്തിന്റെ അണിയറയിലെ വഹാബി ബാന്ധവം എത്രത്തോളം അപകടകരമാണ് എന്ന് ഈ സംഭവങ്ങൾ പരിശോധിച്ചാൽ തന്നെ വ്യക്തം.
പ്രവർത്തനങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്നവിധം പ്രവർത്തനങ്ങൾ ശക്തമാക്കി ചിട്ടപ്പെടുത്തി. നവീനവിശ്വാസങ്ങൾ വരുത്തിവച്ച ആശയവ്യതിയാനങ്ങൾ തീർത്ത വിശ്വാസവിടവുകൾ ഉയർത്തിയ വെല്ലുവിളികൾ നേരിടാൻ 1944 നിടയിൽ 15 പ്രധാന സമ്മേളനങ്ങൾ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളെല്ലാം ആശയസംവാദങ്ങൾക്ക് ഊന്നൽ നൽകുന്നവയായിരുന്നു. അടിസ്ഥാന ദീനീ ദഅ്വത്തുകളാണു നിർവഹിച്ച മുഖ്യദൗത്യം. തുടർന്ന്, 2016 വരെയുള്ള വർഷങ്ങളിൽ 27 മഹാസമ്മേളനങ്ങൾ സമസ്ത സംഘടിപ്പിച്ചു. 2012-ൽ പ്ലാറ്റിനം ജൂബിലി കാസർകോട്, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണു സംഘടിപ്പിച്ചത്. അവസാനമായി ആലപ്പുഴയിൽ 90-ാം വാർഷിക സമ്മേളനം വൻ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായതുപോലെ ആദർശപ്രചാരണരംഗത്തും ഉപകാരപ്പെട്ടു.
ശരീഅത്ത് സംരക്ഷണം പോലുള്ള വിഷയങ്ങളിൽ സാമുദായിക താൽപര്യം മുൻനിർത്തി സമസ്ത നിലകൊണ്ടു. സമീപ കാലത്തെ പല വിഷയങ്ങളും ഈ നിലപാട് തന്നെയാണ് സമസ്ത സ്വീകരിച്ചത്.
വിദ്യാഭ്യാസപ്രവർത്തനങ്ങൾ
1951 മാർച്ച് 25-നു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചു. പ്രഥമ യോഗം 1951 സെപ്തംബർ 17നു ചേർന്നു. 33 മദ്റസകൾക്ക് അംഗീകാരം നൽകി. ഇപ്പോൾ (2017) അംഗീകൃത മദ്റസകളുടെ എണ്ണം 9695-ൽ എത്തിനിൽക്കുന്നു. ഒന്നു മുതൽ 12 വരെ ക്ലാസുകൾ, 158 ടെക്സ്റ്റ് ബുക്കുകൾ, അറബി, അറബി മലയാളം, അറബി തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ പുസ്തകങ്ങൾ, ഇന്ത്യയിലും വിദേശത്തും പ്രവർത്തനപരിധി, 103 വിദ്യാഭ്യാസ ഇൻസ്പെക്ടർമാർ, 427 റെയിഞ്ചുകൾ, 82,560 അധ്യാപകർ അങ്ങനെ കുറ്റമറ്റതും ലോകത്തിലെ തന്നെ ഏറ്റവും വലിയ സംരംഭവുമായി വളർന്നുപന്തലിച്ച പ്രാഥമിക വിദ്യാഭ്യാസ സംവിധാനമാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്.
5, 7, 10, +2 ക്ലാസുകളിലെ പൊതുപരീക്ഷകളിലായി ഇതിനകം അരക്കോടിയിലധികം പഠിതാക്കൾക്കു സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. ഉന്നത കലാലയങ്ങൾ, അത്യുന്നത മത-ഭൗതിക സ്ഥാപനങ്ങൾ, ദർസ് അറബിക് കോളജുകൾ തുടങ്ങിയവ സമസ്ത സ്ഥാപിച്ചു. 1954 ഏപ്രിൽ 25-നു ചേർന്ന സമസ്ത സമ്മേളനം എസ്.വൈ.എസ് രൂപീകരിക്കാൻ തീരുമാനിച്ചു. 1976 ഏപ്രിൽ 26-ന് സുന്നി മഹല്ല് ഫെഡറേഷൻ രൂപീകരിച്ചു. 1989 ഫെബ്രുവരി 19-ന് എസ്.കെ.എസ്.എസ്.എഫ്. നിലവിൽ വന്നു. ജംഇയ്യത്തുൽ മുഅല്ലിമീൻ, ജംഇയ്യത്തുൽ മുദരിസീൻ, ജംഇയ്യത്തുൽ ഖുത്വബാ, മദ്റസ മാനേജ്മെന്റ് അസോസിയേഷൻ, സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങളും രൂപീകൃതമായി. ഈ സംഘടനാ സംവിധാനങ്ങളെല്ലാം സമസ്തയുടെ ചാലകശക്തികളും ഊന്നുവടിയും ഊർജവുമായി വളർന്നുവന്നു.
വിയോജിപ്പുകളും തീർപ്പുകളും
വ്യക്തമായ അജണ്ടകളും മാർഗനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വാഭാവികം. ആദർശപരമായ സംഘം ആണ് എന്നത് കൊണ്ട് തന്നെ വിയോജിപ്പുകളും ആ രൂപത്തിൽ തന്നെയായിരുന്നു. തബ്ലീഗ് ജമാഅത്ത് ആദർശവ്യതിയാനം സംഭവിച്ച പുത്തൻവാദ ഗ്രൂപ്പാണെന്ന് 1965-കളിൽ സമസ്ത തീരുമാനമെടുത്തിരുന്നു. ഇതിൽ വിയോജിച്ച ചിലർ അഖില കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയ്ക്കു രൂപംനൽകി. അധികം താമസിയാതെ ആ സംഘടന നാമാവശേഷമായി. പിന്നീട് 1965-ൽ ഉച്ചഭാഷിണിയിലൂടെ വരുന്ന ശബ്ദം സംബന്ധിച്ച് ഏറെ വിചിത്രമായ വാദമുയരുകയും ഉച്ചഭാഷിണിയുടെ വിലാസത്തിൽ ചിലരുയർത്തിയ നിരർഥകവാദം പൊളിഞ്ഞതിനെത്തുടർന്നു പുറത്തു പോകേണ്ടി വന്നവർ സംസ്ഥാന ജംഇയ്യത്തുൽ ഉലമാ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. വളരെ നാമമാത്രമായ സാന്നിധ്യമായി ഇപ്പോഴും ഈ സംഘടന കേരളത്തിൽ നിലനിൽക്കുന്നുണ്ട്. 1989-ൽ സമസ്തയിൽ നിന്ന് ആറുപേരെ മാറ്റി നിർത്തേണ്ടിവന്നു. സംഘടനാ മര്യാദകൾ ലംഘിച്ചു, ഉലമാഇന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാനായില്ല, ഗുരുജനങ്ങളെ അപമാനിച്ചു, കേരളത്തിലെ മുസ്ലിം സംഘടിത ശക്തിയെ തകർക്കാൻ ശ്രമിച്ചു തുടങ്ങി സാമ്പത്തികവും അല്ലാത്തതുമായ നിരവധി ആരോപണങ്ങൾക്ക് ഇവർ വിധേയരായി. ഇതൊക്കെയാണ് ഇവരെ മാറ്റിനിർത്താൻ കാരണമായത്.
1989-ൽ ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത് ഇവർ പ്രവർത്തിച്ചുവരുന്നു. ഈ വിഭാഗവുമായി ‘സമസ്ത’ ചേർത്തു പ്രവർത്തിക്കാൻ നടത്തുന്ന നീക്കം ഇപ്പോഴും തുടരുകയാണ്.


[…] Read Part 2 […]