തിരുനബി(സ്വ)യിൽ നിന്ന് നേരിട്ട് മതം പഠിച്ചവരാണ് കേരളീയർ എന്നതിന് ചരിത്രം സാക്ഷിയാണ്. കേരളീയ ഉമ്മത്തിന്റെ വിജയഗാഥയുടെ അടിസ്ഥാനവും ഇത് തന്നെയായിരുന്നു. എക്കാലത്തും കേരളത്തിൽ ഉമ്മത്തിന് ശക്തമായ നേതൃത്വം ഉണ്ടായിരുന്നു. ആധ്യാത്മിക രംഗത്ത് ആ മഹാമനീഷികൾ തീർത്ത പാതയിൽ മുസ്ലിം കൈരളി മുന്നേറി. പള്ളികളും പള്ളിദർസുകളും ഉപയോഗിച്ച് അവർ വിശ്വാസികളിൽ ഇസ്ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു. ഒന്നാം മഖ്ദൂം മുതൽ അധിനിവേശത്തിനും പാരതന്ത്ര്യത്തിനുമെതിരെ പോരാടിയ ഖിലാഫത്ത് സമര നേതാക്കൾ വരെയുള്ള സയ്യിദുമാരും പണ്ഡിതരും തന്നെയാണ് കഴിഞ്ഞ കാലത്തിന്റെ ഗതി നിർണ്ണയിച്ചതും സവിശേഷമായ ഒരു സമൂഹമായി വളരാൻ നമ്മെ പ്രാപ്തരാക്കിയതും.
കേരളീയ പൈതൃകത്തെ കുറിച്ച് മുജാഹിദുകൾ തന്നെ എഴുതുന്നതു കാണുക: “പ്രവാചകന്റെ ജീവിതകാലത്തുതന്നെ ഇസ്ലാമിക സന്ദേശം കേരളത്തിൽ വന്നിട്ടുണ്ട്. മാലിക് ബ്നു ദീനാർ, ഹബീബ് ബ്നു മാലിക് തുടങ്ങിയ ആദ്യകാല പ്രബോധകരുടെ വിശുദ്ധ പാദമുദ്രകൾ പതിഞ്ഞ മണ്ണാണ് മലബാർ. അതുകൊണ്ടുതന്നെ കേരളീയർ പരിചയപ്പെട്ട ഇസ്ലാം തീർച്ചയായും ഖുർആനും സുന്നത്തും അനുസരിച്ചുള്ള ഇസ്ലാം തന്നെയായിരുന്നു.” (അന്നദ്വ: പേജ് 103. എടവണ്ണ ജാമിഅ പ്രസിദ്ധീകരണം)
ഇരുപതാം നൂറ്റാണ്ടുവരെയുള്ള ദഅ്വത്തിന് പ്രാസ്ഥാനിക രൂപം കാണാനാകില്ലെങ്കിലും സമൂഹത്തിൽ സ്വാധീനമുണ്ടായിരുന്ന കുടുംബങ്ങളിലൂടെയും വ്യക്തികളിലൂടെയും അത് വ്യാപിച്ചത് പ്രകടമായിത്തന്നെ കാണാനാകും. കലാപകലുഷിതമായ ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ സമുദായത്തിൽ വിഭാഗീയതയുടെ സംഘടിത രൂപം പ്രത്യക്ഷപ്പെട്ടു. നൂറ്റാണ്ടുകളോളം കലർപ്പേൽക്കാതെ വിശ്വസിച്ച് പോന്ന ആദർശ പാരമ്പര്യത്തിൽ നിന്നും സമുദായത്തെ അടർത്തിയെടുക്കാനുള്ള കുത്സിത ശ്രമങ്ങൾ ആസൂത്രിതമായി അരങ്ങേറി.
കാലുഷ്യങ്ങളുടെ 1921
മലബാർ സമരത്തിന്റെ അടിസ്ഥാന കാരണങ്ങളെ വിശകലനവിധേയമാക്കിയവർ താൽപരിത ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് സഞ്ചരിച്ചതെന്ന് കാണാം. വില്യം ലോഗനും മലബാർ ഡെപ്യൂട്ടി ജഡ്ജി എച്ച്.വി. ഗ്രാമും സമരത്തെ കാർഷിക വീക്ഷണത്തിലൂടെയാണ് നിരീക്ഷിച്ചത്. 1882-ൽ ലോഗൻ സമർപ്പിച്ച മലബാർ ലാൻഡ് ടെന്വർസ് എന്ന റിപ്പോർട്ടിലാണ് സമരങ്ങളുടെ കാർഷിക പശ്ചാത്തലം നിരീക്ഷണവിധേയമാക്കുന്നത്. എന്നാൽ 1887-ൽ ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക താൽപര്യത്തിൽ പുറത്തിറക്കിയ മലബാർ മാന്വലിൽ മാപ്പിള കലാപങ്ങളെ ഇതേ ലോഗൻ തന്നെ വർഗീയപരമായി വ്യാഖ്യാനിക്കുന്നത് കാണാം. ലോഗന്റെ മലബാർ ലാൻഡ് ടെന്വർസ്നെ മുൻനിർത്തിയാണ് പിൽക്കാല ചരിത്രകാരന്മാർ മാപ്പിള മുന്നേറ്റങ്ങൾക്ക് കാർഷിക വ്യാഖ്യാനങ്ങൾ നൽകിയത്. ‘The Moplah Rebellion and Its Genesis’ എന്ന കൃതിയിലൂടെ കോൺറാഡ് വുഡും അടിസ്ഥാനപരമായി കാർഷിക പ്രശ്നങ്ങളെയാണ് പ്രക്ഷോഭകാരണമാക്കി സമർത്ഥിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിലെ മാപ്പിളമാർ പോർവിളി ഉയർത്തിയത് മലബാറിൽ വൈദേശിക ഭരണത്തിന്റെ തുടക്കത്തിൽ സമ്മാനിച്ച പ്രത്യാഘാതങ്ങളുടെ ഫലമായാണെന്ന് നിരീക്ഷിക്കുന്ന അദ്ദേഹം കാർഷിക വിഷയത്തിൽ ജന്മിമാർ നടത്തിയ അനീതികളും അതിന് ഭരണകൂടം നൽകിയ പിന്തുണയും പോരാട്ടങ്ങളുടെ അടിസ്ഥാനമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കാർഷിക പ്രശ്നങ്ങളെ മുൻനിർത്തി മാപ്പിള മുന്നേറ്റങ്ങളെ വിശകലനവിധേയമാക്കിയ പ്രമുഖരിൽ ഗായത്രി വല്ലഭ അയ്യർ, സൗമേന്ദ്രനാഥ ടാഗോർ, ഡോ. കെ. എൻ. പണിക്കർ തുടങ്ങിയവരെയും കാണാം.
എന്നാൽ കാർഷിക പ്രശ്നങ്ങളേക്കാളുപരി 1921-ലെ സമരത്തിന്റെ പ്രധാന കാരണം ഇന്ത്യയിലുടനീളം ആഞ്ഞടിച്ച ഖിലാഫത്ത് പ്രക്ഷോഭമായിരുന്നു. സമരത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര അടിത്തറ തന്നെയായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. റോളണ്ട് ഇ. മില്ലർ എഴുതുന്നു, “മാപ്പിളമാരുടെ സാമ്പത്തിക അസംതൃപ്തി, ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബ്രിട്ടീഷ് അടിച്ചമർത്തൽ എന്നിവയോ ഇവയിൽ പലതും കൂടിച്ചേർന്നതോ പ്രക്ഷോഭത്തിന് കാരണങ്ങളായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ മാപ്പിള കലാപങ്ങളുടെ കാരണങ്ങളായി പറയപ്പെടുന്നതും അതോടൊപ്പം മറ്റു ചിലതും കൂടിച്ചേർന്നതാണ് ഈ പട്ടിക. മുൻ കലാപങ്ങളിൽ എന്നപോലെ 1921-ലെ കലാപവും പൊട്ടിപ്പുറപ്പെടുന്നതിൽ വിവിധ സ്വാധീനങ്ങൾ പ്രതിപ്രവർത്തിച്ചു. ഇവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ പുതിയ ഘടകം ഖിലാഫത്ത് പ്രസ്ഥാനമാണ്.” (മാപ്പിള മുസ്ലിംകൾ, റോളണ്ട് ഇ. മില്ലർ, പേജ് 130).
ലോക മുസ്ലിംകളെ ഒരുമിച്ചു നിർത്തുന്ന ഘടകമായി നൂറ്റാണ്ടുകളോളം വർത്തിച്ച ഉസ്മാനി (ഓട്ടോമൻ) ഖിലാഫത്തിനോട് ഒന്നാം ലോകയുദ്ധാനന്തരം ബ്രിട്ടൻ സ്വീകരിച്ച വഞ്ചനാനയത്തിൽ പ്രതിഷേധിച്ച് അബുൽ കലാം ആസാദും അലി സഹോദരന്മാരുമടങ്ങുന്ന മുസ്ലിം നേതാക്കൾ നേതൃത്വം നൽകിയ പ്രക്ഷോഭമായിരുന്നു ഖിലാഫത്ത് സമരം. ലോകമഹായുദ്ധാനന്തരം ഒട്ടോമൻ തുർക്കിയെ വിഭജിക്കുന്ന ‘സെവ്രസ് ഉടമ്പടി’ (1919 ആഗസ്റ്റ്) ഭേദഗതി ചെയ്യാൻ ആസാദിന്റെയും അലി സഹോദരന്മാരുടെയും നേതൃത്വത്തിൽ മുസ്ലിംകൾ രംഗത്തിറങ്ങി. അതിന്റെ ഭാഗമായി 1919 ഒക്ടോബർ 17 ഖിലാഫത്ത് ദിനമായി ആചരിക്കുകയും 1920 ഫെബ്രുവരിയിൽ ബോംബെയിൽ കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 1921 ജൂൺ 30 ആയപ്പോഴേക്കും ഇന്ത്യയൊട്ടുക്കും 200 ഖിലാഫത്ത് കമ്മിറ്റികൾ രൂപീകൃതമായിരുന്നു. 1920 ഏപ്രിൽ 28ന് നടന്ന മഞ്ചേരി സമ്മേളനത്തോടെയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ശ്രദ്ധ നേടുന്നത്.
ഖിലാഫത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലിം നേതാക്കൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഇതിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ കോൺഗ്രസ് പ്രവർത്തകരും ഖിലാഫത്ത് വളണ്ടിയർമാരും ചേർന്ന് സമരം നടത്താൻ തീരുമാനിച്ചു. 1920 ആഗസ്റ്റ് 18ന് ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട് വന്നു പ്രസംഗിച്ചു. അതിന്റെ തുടർച്ചയെന്നോണം 1921 ഏപ്രിൽ 23 മുതൽ 27 വരെ ഒറ്റപ്പാലത്ത് കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും സമ്മേളനങ്ങൾ നടത്തി. കോൺഗ്രസ്-ഖിലാഫത്ത് ധാരണയുടെ അടിസ്ഥാനത്തിൽ 1921 ആഗസ്റ്റ് 21ന് തീർത്തും സമാധാനപരമായി മലബാറിൽ സമരം ആരംഭിച്ചു. എന്നാൽ ഈ സംയുക്ത പ്രക്ഷോഭം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭമായി മാറുന്നത് ഭീതിയോടെ വീക്ഷിച്ച ബ്രിട്ടീഷ് ഭരണകൂടം ആസൂത്രിതമായി അതിനെ അടിച്ചമർത്താനുള്ള നീക്കം നടത്തി. സമരത്തെ സായുധ സമരത്തിലേക്ക് തിരിച്ചുവിട്ടു.
കോൺഗ്രസിനെപ്പോലെ കിട്ടുന്നതെല്ലാം വാങ്ങിവെക്കുക, തിരിച്ചടിക്കാതെ മൗനികളാകുക എന്ന അഹിംസാ സൈദ്ധാന്തികമൊന്നുമില്ലാത്ത മാപ്പിള പോരാളികൾ ബ്രിട്ടീഷുകാരോട് സായുധ ചെറുത്തുനിൽപ്പിന് തയ്യാറായതോടെ സമരം അക്രമാസക്തമായെന്ന് പറഞ്ഞു കോൺഗ്രസ് പിന്മാറുകയും സമരരംഗത്ത് മാപ്പിളമാർ തനിച്ചാവുകയും ചെയ്തു. നീണ്ട ചെറുത്തുനിൽപ്പിനൊടുവിൽ മാപ്പിള പോരാളികൾ ബ്രിട്ടീഷുകാരാൽ ക്രൂരമായി അടിച്ചമർത്തപ്പെടുന്നതിലാണ് അത് കലാശിച്ചത്. ആർ.സി. മജുംദാറിനെ പോലുള്ളവർ നിരീക്ഷിച്ചത് പോലെ വ്യക്തമായ കാലുവാരൽ തന്നെയായിരുന്നു കോൺഗ്രസ് നടത്തിയത്. തുടർന്ന് മലബാറിലെ മാപ്പിളമാർ ഒറ്റപ്പെട്ടു.
അധിനിവേശ സാമ്രാജ്യത്വ കൊളോണിയൽ ശക്തികൾക്കെതിരെ നിന്ന പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന സമുദായമാണ് മാപ്പിളമാരുടേത്. 1498 മുതൽ 1921 വരെയുള്ള മാപ്പിള മലബാറിലെ ചരിത്രത്തിലെ നല്ലൊരു ഭാഗവും സമരങ്ങളുടെയും പോരാട്ടങ്ങളുടെയുമാണ്. വാസ്കോഡഗാമ 1498 മെയ് 17ന് കാപ്പാട് കടപ്പുറത്ത് കപ്പൽ ഇറങ്ങിയപ്പോൾ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പൊന്നാനി പള്ളിയിൽ വെച്ച് നടത്തിയ സമരപ്രഖ്യാപനത്തിൽ നിന്നാണ് മാപ്പിളമാരുടെ പോരാട്ട ചരിത്രം തുടങ്ങുന്നത്. പതിനഞ്ചാം നൂറ്റാണ്ടുമുതൽ അധിനിവേശ ശക്തികൾക്കെതിരെ അരങ്ങേറിയ മുഴുവൻ പോരാട്ടങ്ങളെയും സമുദായം ഒന്നിച്ചാണ് ഏറ്റെടുത്തത്. മലബാറിലെ അക്കാലത്തെ ഏറ്റവും വലിയ മതപണ്ഡിതന്മാരും ആത്മീയ ആചാര്യന്മാരുമായിരുന്നു അന്ന് അതിനെല്ലാം നേതൃത്വം നൽകിയത്. കേവലം രാഷ്ട്രീയ സാഹചര്യങ്ങളോ പ്രേരകങ്ങളോ അല്ല പണ്ഡിത കുലപതികളെ വൈദേശിക ആധിപത്യത്തിനെതിരേയുള്ള പോരാട്ടത്തിലേക്ക് എത്തിച്ചത്. വിശ്വാസപരമായ പല കാരണങ്ങളും അതിൽ പ്രധാനമായി വർത്തിച്ചിട്ടുണ്ട് എന്ന് കാണാം.
സായുധപോരാട്ടം വേണമെന്ന് ശഠിച്ചവരും സായുധരായ സംഘത്തോട് പരിമിതി മനസിലാക്കി വേണം പോരാട്ടമെന്ന് മുന്നറിയിപ്പ് നൽകിയവരും പണ്ഡിതരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുകയും എന്നാൽ സായുധസമരം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തവരാണ് വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ തുടങ്ങിയവർ.
ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ഒരുനിലക്കും പോരാടേണ്ടതില്ലെന്ന നിലപാടുകാരും പണ്ഡിതരിൽ ഉണ്ടായിരുന്നു. സമുദായത്തെ ഇനിയുമൊരു സായുധ സമരത്തിലേക്ക് തള്ളിവിടുന്നത് ആത്മഹത്യാപരമാണെന്നും രാഷ്ട്രീയലാഭം മുൻപിൽ കണ്ടുകൊണ്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഖിലാഫത്ത് കളി മാത്രമാണെന്നും അവർ നിരീക്ഷിച്ചു.
മജ്ലിസുൽ ഉലമ
കലക്കവെള്ളത്തിൽ മീൻപിടിച്ച് പാരമ്പര്യമുള്ള മതപരിഷ്കരണവാദികൾ ഈ സാഹചര്യത്തിൽ ശക്തമായ നീക്കം നടത്തി. പിൽക്കാലത്ത് ഐക്യസംഘമെന്ന പേരിൽ മറനീക്കി പുറത്തുവന്ന ചില തീവ്ര ചിന്താഗതിക്കാരായ മൗലവികൾ ആസൂത്രിതമായി പണ്ഡിതരെ ഒറ്റുകൊടുത്തതു കാണാം.
ഖിലാഫത്ത് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ദേശീയ നേതാക്കൾ പങ്കെടുത്ത സമ്മേളനം 1921 ഏപ്രിൽ 2, 3 തിയ്യതികളിൽ തമിഴ്നാട്ടിലെ ഈറോഡിൽ വെച്ച് നടന്നു. പ്രസ്തുത സമ്മേളനത്തിൽ കേരളത്തിൽ നിന്ന് മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ, കെ.എം. മൗലവി തിരൂരങ്ങാടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങിയവർ സംബന്ധിച്ചിരുന്നു. മജ്ലിസുൽ ഉലമയുടെ ഒരു ശാഖ കേരളത്തിൽ രൂപീകരിക്കുന്നതിനെ കുറിച്ചാലോചിക്കാനായി കെ.എം. മൗലവിയും മറ്റും മൗലാന അബ്ദുൽ ബാരി മുസ്ലിയാരെ സമീപിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ‘നമുക്ക് കേരളത്തിലേക്ക് മടങ്ങിയ ശേഷം നമ്മുടെ ഗുരുവര്യൻമാരോടും മറ്റും കൂടിയാലോചിച്ചു വേണ്ടതു ചെയ്യാം.’ എന്നാൽ പ്രസ്തുത അഭിപ്രായത്തോട് കെ.എം. മൗലവിക്കും കൂട്ടുകാർക്കും വിയോജിപ്പായിരുന്നു. അബ്ദുൽ ബാരി മുസ്ലിയാർ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയും അവർ കൊണ്ടുവന്ന ലിസ്റ്റിൽ ഒപ്പുവെക്കാതെ മാറിനിൽക്കുകയും ചെയ്തു. അവർ പിന്നീട് കെ.എം. മൗലവി പ്രസിഡന്റായി മജ്ലിസുൽ ഉലമ രൂപീകരിച്ചു. (കെ.എം. മൗലവി സ്മാരക ഗ്രന്ഥം, പേജ് 109)
1921 ഏപ്രിൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന കോൺഗ്രസ്-ഖിലാഫത്ത് സമ്മേളനത്തിൽ വച്ചായിരുന്നു ഈ രൂപീകരണം. കേരളത്തിലെ പണ്ഡിത പ്രമുഖന്മാരിൽ ഒരാളെപ്പോലും അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാതെയായിരുന്നു രൂപീകരണം എന്നത് വിഭാഗീയതയുടെ വഹാബി അജണ്ടകളുടെ ആഴം വ്യക്തമാക്കുന്നു. മജ്ലിസുൽ ഉലമയുടെ പേരിൽ 1921 ജൂലൈ 24-ന് പുതുപൊന്നാനിയിൽ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു. സംഘത്തിന്റെ ഗതി തിരിച്ചറിയാതെ ചില ഉലമാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിൽ മലബാർ കലാപം ആരംഭിച്ചതോടെ പ്രസ്തുത സംഘടന നാമാവശേഷമായി.
ഒളിച്ചോട്ടവും ഛിദ്രചിന്തകളും
ഖിലാഫത്ത് പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായിരുന്നു നെല്ലിക്കുത്ത് ആലി മുസ്ലിയാർ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ, തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ എന്ന കെ.എം. മൗലവി എന്നിവർ. 1921 ഓഗസ്റ്റ് 16-ന് കലക്ടർ ഇ.എഫ്. തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ ലഹളയുടെ കാരണക്കാരായി ഈ മൂന്ന് പേരുമുണ്ടായിരുന്നു. ആലി മുസ്ലിയാർ വിചാരണ നേരിട്ട് കോയമ്പത്തൂർ ജയിലിലേക്കു നീങ്ങി. അവിടെ വെച്ച് വഫാത്തായി. പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ ഒളിവിൽ കഴിഞ്ഞു പ്രക്ഷോഭകാരികളെ ശാന്തരാക്കാൻ അവിശ്രമ പരിശ്രമം നടത്തി. വികാരഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അക്രമത്തിനെതിരെ ഉദ്ബോധനം നടത്താനുമായി ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു. മലപ്പുറത്തെ തുക്കിടി കച്ചേരി കൊള്ളയടിക്കാനെത്തിയ ജനസഞ്ചയത്തെ സംബോധനം ചെയ്തു അദ്ദേഹം നടത്തിയ പ്രസംഗം സുവിദിതവും ശ്രദ്ധേയവുമാണ്. മലപ്പുറം കുന്നുമ്മലിൽ വെച്ച് നടന്ന പ്രസ്തുത പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം: ‘പ്രിയ സഹോദരങ്ങളെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്; വെള്ളക്കാർ നമ്മുടെ ശത്രുക്കളും. അവർ ഇന്ത്യ വിട്ടു പോവണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ നാം അക്രമം കാണിക്കരുത്, അക്രമരഹിതമായ ഒരു സമരമാണ് നാമുദ്ദേശിക്കുന്നത്. ഗവൺമെന്റ് ഓഫീസുകൾ കൊള്ളയടിക്കരുത്, ഗവൺമെന്റിനെതിരെ യുദ്ധത്തിനൊരുങ്ങിയാൽ നാം കുറ്റക്കാരായി തീരും. സമാധാനപരമായി നാം യുദ്ധം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം.’
അദ്ദേഹം രോഗബാധിതനായി പെരിന്തൽമണ്ണക്കടുത്ത് മുള്ള്യാകുർശിയിലെ ഒരു സുഹൃദ് ഭവനത്തിൽ ശയ്യാവലംബിയായി. മലപ്പുറത്തെ പൗരപ്രധാനിയും, തന്റെ ആത്മമിത്രവുമായ കിളിയമണ്ണിൽ മൊയ്തു സാഹിബിന്റെ ശ്രമഫലമായി ചികിത്സ ലഭ്യമാക്കുകയും അറസ്റ്റ് വാറണ്ട് പിൻവലിക്കുകയും ചെയ്തു.
അറസ്റ്റ് ഭീതി നിമിത്തം കെ.എം. മൗലവി തന്റെ ഭാര്യാസഹോദരൻ എം.സി.സി. അബ്ദുറഹ്മാൻ മൗലവിയുടെ ക്ഷണപ്രകാരം കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി. നാട്ടുരാജ്യമായതിനാൽ അവിടെ ബ്രിട്ടീഷുകാരുടെ ഉപദ്രവം ഭയപ്പെടേണ്ടിയിരുന്നില്ല. വർഷങ്ങൾക്കു മുമ്പേ അധ്യാപകനായി അവിടെ എത്തിയ ഇ.കെ. മൗലവിയുടെയും 1921 ഓഗസ്റ്റ് 20-ന് കൊടുങ്ങല്ലൂരിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിന് മലബാറിൽ നിന്നെത്തി പിന്നീട് അവിടെ തങ്ങിയ എം.സി.സി. അബ്ദുറഹ്മാൻ മൗലവിയുടെയുമാെപ്പം സംഘാടകനും വാഗ്മിയുമായ കെ.എം. മൗലവി കൂടി എത്തിയതോടെ നവീന ചിന്താഗതികൾക്ക് സംഘടിത രൂപമായി. വഹാബിസം നേരത്തെ ബാധിച്ച ദക്ഷിണകേരളത്തിലെ വക്കം മൗലവിയുടെ നിർദ്ദേശങ്ങൾ മലബാറിൽ നിന്നെത്തിയ മൗലവിമാർക്ക് കരുത്ത് പകർന്നു.
ഐക്യസംഘത്തിന്റെ പേരിൽ അനൈക്യം
കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്ലിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷിവഴക്കുകളും അവസാനിപ്പിക്കാനായി മൗലവിമാർ സമ്മേളിച്ചു. 1922-ൽ എറിയാട്ട് വെച്ച് ഒരു സമ്മേളനം നടത്തി; മുസ്ലിംകൾക്കിടയിലെ ഭിന്നിപ്പ് തീർക്കാനും ഗോത്രങ്ങൾക്കിടയിൽ നിഷ്പക്ഷത പാലിക്കാനും ഒരു സ്ഥിരം സംവിധാനമായി ‘നിഷ്പക്ഷ സംഘം’ എന്ന പേരിൽ ഒരു വേദി ഉണ്ടാക്കി. പതിനൊന്നംഗ സമിതിയായിരുന്നു അത്. എന്നാൽ കൊടുങ്ങല്ലൂരിലെ ഗോത്രകലഹത്തിനു അറുതി വരുത്താൻ പ്രസ്തുത സംഘത്തിന് കഴിഞ്ഞില്ലെന്നത് വേറെ ചരിത്രം. (കേരള മുസ്ലിം നവോത്ഥാന ചരിത്രം പേ.120). സംഘത്തിന്റെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുന്നതിനായി പേര് കേരള മുസ്ലിം ഐക്യസംഘം എന്നാക്കി. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം. സീതി സാഹിബ്, പിതാവ് സീതി മുഹമ്മദ്, കെ.എം. മൗലവി, ഇ.കെ. മൗലവി, ടി.കെ. മുഹമ്മദ് മൗലവി, എം.സി.സി. അബ്ദുറഹ്മാൻ മൗലവി തുടങ്ങിയവരായിരുന്നു സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖർ. ശാഫിഈ, ഹനഫീ, ഹമ്പലി, മാലികി മദ്ഹബുകളിൽ ഏതെങ്കിലുമൊന്ന് വച്ച് പുലർത്തുന്നവർക്ക് സംഘത്തിൽ അംഗങ്ങളാവാമെന്നതായിരുന്നു വ്യവസ്ഥ. അതിനാൽ മൗലാനാ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ ഉൾപ്പെടെയുള്ള ഏതാനും പണ്ഡിതന്മാർ സദുദ്ദേശ്യപൂർവ്വം സംഘത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ‘ഐക്യസംഘം’ നിഗൂഢ ലക്ഷ്യത്തോടെയാണ് നീങ്ങിയത്. അക്കാലത്ത് ഈജിപ്തിലും തുർക്കിയിലും പ്രചാരം നേടിയിരുന്ന പുത്തൻ ചിന്തകളെ കേരളത്തിലും പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കം നടത്തി. മതപരിഷ്കരണമെന്ന ലേബലിൽ പാരമ്പര്യ മൂല്യങ്ങളിൽ നിന്ന് സമുദായത്തെ അകറ്റാനായിരുന്നു സംഘത്തിന്റെ ഗൂഢ ലക്ഷ്യം.
“തത്വത്തിൽ കേരള മുസ്ലിംകളുടെ കൂട്ടായ്മയായിരുന്നു സംഘമെങ്കിലും പ്രയോഗത്തിൽ ഇസ്ലാഹി ഉൽപതിഷ് ചിന്തകളാണ് സംഘത്തെ നയിച്ചിരുന്നത്. സംഘത്തിന്റെ തണലിൽ രൂപീകരിക്കപ്പെട്ട ജംഇയ്യത്തുൽ ഉലമാ പൂർണ്ണമായും സലഫി ആശയഗതിക്കാരായിരുന്നു” (ഇസ്ലാമിക വിജ്ഞാനകോശം – ഐ.പി.എച്ച്: 8,1.591).
ഐക്യസംഘത്തിന്റെ ഒന്നാം വാർഷിക സമ്മേളനം 1923-ൽ എറിയാട്ട് വെച്ചു നടക്കുന്നതുവരെ അവരുടെ യഥാർഥ നിറം പ്രകടമായിരുന്നില്ല. വഹാബി ചിന്തകനായ വക്കം മൗലവി അധ്യക്ഷനായി സമ്മേളനം നടത്തിയതും പ്രസ്തുത സമ്മേളനത്തിൽ ഇസ്ലാമിക ആചാരാനുഷ്ഠാനങ്ങൾക്കെതിരേ പ്രമേയങ്ങളും പ്രസംഗങ്ങളും നടന്നതും മുസ്ലിം ബഹുജനങ്ങൾക്ക് ഐക്യസംഘത്തിന്റെ ഉള്ളിരിപ്പ് മനസ്സിലാക്കാൻ സഹായകമായി. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്ന മുസ്ലിം ഐക്യം, അൽ ഇർഷാദ് എന്നിവയിലൂടെയും പുത്തൻ സിദ്ധാന്തങ്ങൾ പുറത്തുവന്നിരുന്നു.
“നേരത്തെ തന്നെ വഹാബിയായി മുദ്രകുത്തപ്പെട്ട വക്കം മൗലവിയുടെ സാന്നിധ്യം യാഥാസ്ഥികരെ പ്രകോപിതരാക്കി. യാഥാസ്ഥിക പണ്ഡിതൻമാരിൽ നിന്ന് എതിർപ്പുകളുയർന്ന പശ്ചാത്തലത്തിൽ കേരള മുസ്ലിംകൾക്കിടയിൽ പൊതുസമ്മതനായ ഒരു പണ്ഡിതന്റെ നേതൃത്വത്തിൽ സമ്മേളനം നടത്താൻ ഐക്യസംഘം തീരുമാനിക്കുകയും തദടിസ്ഥാനത്തിൽ കേരളത്തിലെ അനേകം പണ്ഡിതൻമാരുടെ ഗുരുനാഥനും വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളേജ് പ്രിൻസിപ്പാളുമായിരുന്ന ശൈഖ് അബ്ദുൽ ജബ്ബാർ ഹസ്രത്തിനെ ക്ഷണിക്കുകയും ചെയ്തു” (കേരള മുസ്ലിം നവോത്ഥാന ചരിത്രം 121).
1923-ൽ വക്കം മൗലവിയുടെ അധ്യക്ഷതയിൽ ഏറിയാട്ട് ചേർന്ന ഒന്നാം സമ്മേളനത്തിന്റെ ഒന്നാം പ്രമേയം ഇങ്ങനെ വായിക്കാം: “…ആ സമ്മേളനത്തിൽ വെച്ച് കൊടികുത്ത്, ചന്ദനക്കുടം തുടങ്ങിയ അനാചാരങ്ങൾ മുസ്ലിംകൾ നടത്തരുതെന്ന പ്രമേയം ഏകകണ്ഠേന പാസാക്കി” (കെ.എം. മൗലവി ജീവചരിത്രം. പുറം: 145). “ഖബറാരാധനയെ (ഖബർ സിയാറത്ത്) ശക്തിയുക്തം എതിർത്തുകൊണ്ടാണ് ഐക്യസംഘം രംഗത്തു വന്നത്” (ശബാബ് വാരിക. വാ:32, ല:32). “കേരള മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്ന ചന്ദനക്കുടം പള്ളിയിലേക്കു കൊണ്ടുപോകൽ, കൊടിയേറ്റം തുടങ്ങിയ അനാചാരങ്ങളെ ധ്വംസിക്കാനായിരുന്നു ഐക്യസംഘം പ്രവർത്തിച്ചിരുന്നത്. ഇവർക്ക് പ്രചോദനം നൽകിയിരുന്നത് അറേബ്യയിലെ നജ്ദി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ഉണ്ടായ മുസ്ലിം നവീകരണ പ്രസ്ഥാനമായിരുന്നു” (മുഹമ്മദ് അബ്ദുറഹ്മാൻ ജീവചരിത്രം. പു:267).
“അറേബ്യയിലെ ഇബ്നു അബ്ദിൽ വഹാബ്, ഈജിപ്തിലെ മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയ പരിഷ്കർത്താക്കളുടെ പാതയാണ് ഐക്യസംഘം ഏറെക്കുറെ സ്വീകരിച്ചിരുന്നത്… ഇബ്നു അബ്ദിൽ വഹാബിന്റെ ആശയങ്ങളോടു സാദൃശ്യം കണ്ടതിനാൽ എതിരാളികൾ ഐക്യസംഘക്കാരെ ‘വഹാബി സംഘം’ എന്നു വിശേഷിപ്പിക്കുമായിരുന്നു” (ശബാബ്. 2:32, 2:32).
“സാധാരണ മുസ്ലിംകൾക്കിടയിൽ കാര്യമായ സ്വാധീനം നേടാൻ അവർക്ക് (സംഘത്തിന്) കഴിഞ്ഞില്ല. കാലാകാലങ്ങളിലായി ആചരിച്ചുവന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ എതിർത്തുവെന്നതും യാഥാസ്ഥിക പണ്ഡിതന്മാർക്ക് സാധാരണക്കാർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനവും ഇതിനു കാരണമായി” (ശബാബ്. വാ:32 ല:32). തികച്ചും നിഗൂഢമായിരുന്നു ഈ വഹാബി പതിപ്പിന്റെ നീക്കം എന്ന് വ്യക്തം. ഒറ്റ മനസ്സോടെ ഒന്നിച്ചുനിന്നിരുന്ന കേരള മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിന്റെ വിഷവിത്ത് പാകിയത് ഐക്യസംഘം എന്നു പേരിട്ട അനൈക്യസംഘത്തിന്റെ വരവോടെയാണ്. 22-ന് മുമ്പ് കേരള മുസ്ലിംകൾക്ക് ഒരു നേതൃത്വമേ ഉണ്ടായിരുന്നുള്ളൂ. ഒരു നാട്ടിൽ ഒരു മഹല്ല് ജമാഅത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളികളും മതപാഠശാലകളും കൂട്ടായ്മകളും ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഐക്യസംഘത്തിന്റെ വരവോടെ ഈ ഒരുമ തകർന്നു.
ആലുവയിൽ വെച്ച് 1924 മെയ് 10-12 തിയ്യതികളിൽ നടന്ന സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഉലമാ കോൺഫ്രൻസ് സംഘടിപ്പിച്ചിരുന്നു. തങ്ങൾ പ്രചരിപ്പിക്കുന്ന പുത്തൻ വാദങ്ങൾക്ക് പണ്ഡിതൻമാരുടെ പിന്തുണയുണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. വെല്ലൂർ ബാഖിയാത്ത് മുദരിസ് മൗലാനാ അബ്ദുറഹീം ഹസ്രത്തിന്റെ അധ്യക്ഷതയിൽ നടന്ന കോൺഫ്രൻസിൽ ഉലമാ സംഘടന വേണമെന്ന ആഹ്വാനവുമായി ഇ. മൊയ്തു മൗലവി പ്രമേയം അവതരിപ്പിച്ചു. വൈകുന്നേരം നടന്ന പൊതുയോഗത്തിൽ വെച്ച് ‘കേരള ജംഇയ്യത്തുൽ ഉലമ’ രൂപീകൃതമായതായി പ്രഖ്യാപിക്കപ്പെട്ടു.
1925-ൽ ഐക്യസംഘത്തിന്റെ മൂന്നാം വാർഷികം കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചതോടെയാണ് ഈ വിഷബീജം മലബാറിലേക്കെത്തുന്നത്. ഇതിന്റെ ഭവിഷത്ത് മുൻകൂട്ടി കണ്ട ദീർഘദക്കുകളായ ഉലമാക്കൾ മൗലാനാ അഹമ്മദ് കോത്തി(ന:മ)യുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ പൗരപ്രമുഖരെയും സ്വാഗതസംഘം ഭാരവാഹികളെയും നേരിൽ കണ്ടു അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രബുദ്ധരാക്കി പ്രതിരോധം തീർത്തു.
അഹ്ലുസ്സുന്നയുടെ പണ്ഡിതർ സംഘടിക്കുന്നു
മലബാറിലേക്കുള്ള അനൈക്യക്കാരുടെ കുടിയേറ്റം പണ്ഡിതന്മാർ ഗൗരവത്തോടെ കണ്ടു. കാരണം അതുവരെ കേരളീയ സമൂഹത്തിനു പരിചയമില്ലാത്ത അപകടകരമായ ആശയങ്ങളും വാദഗതികളുമാണ് പുതിയ സംഘടനയിലൂടെ അവർ പ്രചരിപ്പിച്ചിരുന്നത്. അക്കാലമത്രയും കേരള മുസ്ലിംകൾ സ്വീകരിച്ച വിശ്വാസാചാരങ്ങളെ അവർ തള്ളിപ്പറഞ്ഞു. ലോകമുസ്ലിംകൾ അംഗീകരിച്ച മദ്ഹബുകളെ നിരാകരിക്കാനും ഖുർആനും സുന്നത്തും സ്വന്തമായി വ്യാഖ്യാനിച്ച് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും നീക്കങ്ങൾ നടന്നു. ഇസ്ലാമിക പൈതൃകത്തെ വികലമാക്കുകയും യഥാർത്ഥ സുന്നത്ത് ജമാഅത്തിന്റെ വക്താക്കൾ തങ്ങളാണെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്ത് അവരുടെ പ്രവർത്തനം പ്രതിരോധിക്കൽ അനിവാര്യമായി വന്നു. ഐക്യക്കാരെ പ്രതിരോധിക്കാനുള്ള അജണ്ടകൾക്ക് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ പണ്ഡിതർ വരക്കൽ മുല്ലക്കോയ തങ്ങളുടെ വസതിയിൽ ഒരുമിച്ച് കൂടി. പിന്നീട് അതിന്റെ ഭാഗമായി 1925-ൽ കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയിൽ പ്രമുഖ പണ്ഡിതന്മാരും സമുദായ നേതാക്കളും സംഗമിച്ചു. ബിദ്അത്തിന്റെ സംഘടിത രൂപത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനെക്കുറിച്ചും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങളുടെ പ്രചാരണത്തിന് സംഘടിത രൂപം നൽകുന്നതു സംബന്ധിച്ചും സമഗ്രമായ ചർച്ചകൾ നടന്നു. ഇനിയും നിഷ്ക്രിയമായാലുണ്ടാവുന്ന പ്രത്യാഘാതം തിരിച്ചറിഞ്ഞു അവർ കർമനിരതരായി. അങ്ങനെ അഹ്ലുസ്സുന്നയുടെ ആദ്യ പണ്ഡിത സംഘടന ജനിച്ചു. ബേപ്പൂർ ജുമുഅത്ത് പള്ളിയിലെ മുദരിസും പണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായിരുന്ന കെ.പി. മുഹമ്മദ് മീറാൻ മുസ്ലിയാർ പ്രസിഡന്റും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന പാറോൽ ഹുസൈൻ മൗലവി സെക്രട്ടറിയുമായി ‘കേരള ജംഇയ്യത്തുൽ ഉലമ’ എന്നൊരു പണ്ഡിത സംഘടനക്ക് രൂപം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാപനത്തിന്റെ മുന്നൊരുക്കമായിരുന്നു അത്.
ഐക്യസംഘത്തിന്റെ വികല ആശയങ്ങളെ തുറന്ന് കാണിക്കാനും സുന്നത്ത് ജമാഅത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്താൻ സംഘം തീരുമാനിക്കുകയും അതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ പ്രസ്തുത സംഘടന കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ സുന്നി സമ്മേളനങ്ങൾ നടത്തി. മുസ്ലിം പാരമ്പര്യത്തെ നിരാകരിക്കുന്ന പുത്തൻ ചിന്തകളെക്കുറിച്ച് മുസ്ലിം ബഹുജനത്തെ ബോധവൽക്കരിക്കാൻ അന്നത്തെ സാഹചര്യത്തിൽ വളരെ ത്യാഗം ചെയ്താണ് ഈ സമ്മേളനങ്ങൾ അവർ സംഘടിപ്പിച്ചത്.
കോഴിക്കോട് ടൗൺഹാളിൽ പണ്ഡിതന്മാരുടെ ഒരു മഹാസംഗമം നടത്താൻ തീരുമാനിച്ചതോടെ അതിനായി പണ്ഡിതരെ ക്ഷണിക്കാനും തുടങ്ങി. പാങ്ങിലിന്റെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ നടന്നത്. ആദ്യമായി അദ്ദേഹം സന്ദർശിച്ചത് തന്റെ ഖാദിരീ ത്വരീഖത്തിലെ ശൈഖായ വാളക്കുളം കോയാമുട്ടി മുസ്ലിയാരെയായിരുന്നു. സംഘടനാ രൂപീകരണത്തിന് പൂർണ്ണമായ ആശീർവാദം നൽകിയ മഹാനവർകൾ പ്രായാധിക്യം മൂലം വരാനാവില്ലെന്നും പകരം മകൻ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരെ കൂടെക്കൂട്ടിക്കോളൂ എന്നും അറിയിച്ചു. അതോടെ അബ്ദുൽ ബാരി മുസ്ലിയാർ അഹമ്മദ് കുട്ടി മുസ്ലിയാർക്കൊപ്പം പൂർണ്ണമായും പ്രവർത്തനമണ്ഡലത്തിലേക്കിറങ്ങി. കേരളത്തിലെ പ്രതാപമുള്ള ദർസുകളിലെല്ലാം സന്ദർശനം നടത്തി അവരെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചു. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, മുഹമ്മദ് മീറാൻ മുസ്ലിയാർ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നൽകിയത്. പല പണ്ഡിതരും പൊതുഇടങ്ങളിലേക്ക് ഇറങ്ങിവരാൻ മടിക്കുന്നവരായിരുന്നു. സംഘടനാ സംവിധാനം അനാവശ്യമാണെന്ന് വാദിക്കുന്ന, എല്ലാ പുരോഗമനശ്രമങ്ങളെയും അന്ധമായി എതിർക്കുന്നവരും പുരോഗമനം തലക്ക് പിടിച്ച് യാഥാസ്ഥിക നിലപാടുകളോട് പുഛഭാവം പുലർത്തുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരെയെല്ലാം സാഹചര്യത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി ഗോഥയിലിറക്കാൻ ആത്മാർഥമായ പ്രവർത്തനം ഫലം കാണുക തന്നെ ചെയ്തു.
(തുടരും)
Read Part 2


[…] Continuation of Part 1 […]