അനുപമ വ്യക്തിത്വം
ബഹു. കൈപറ്റ ഉസ്താദി(ന:മ)ന്റെ മാതൃകാ ജീവിതത്തിന്റെ മഹനീയ ഏടുകൾ മറിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുപമ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന ധാരാളം സംഭവങ്ങൾ കണ്ടെത്താൻ കഴിയും. മഹാനായ ശൈഖുനാ അവർകൾ അധ്യാപനം ഏറ്റെടുത്തത് മുതൽ ഒരു മുദരിസ് എന്നതിലുപരി ഒരു വിദ്യാര്‍ഥി എന്ന നിലയിലാണ് ജീവിച്ചത് എന്ന് കാണാം. തന്റെ മഹത്തുക്കളായ ഗുരുവര്യരിൽ നിന്ന് നേടിയ വിജ്ഞാന മുത്തുകൾ ധാരാളം ഉണ്ടായിട്ടും വിജ്ഞാന സമ്പാദനത്തിൽ മതിവരാതെ പിന്നെയും പിന്നെയും അറിവ് ശേഖരിക്കുന്നതിൽ വ്യാപൃതനായിരുന്നു ശൈഖുനാ. ദർസിനെയും കിതാബുകളെയും സ്നേഹിക്കുന്നതിലും കിതാബുകൾ മുത്വാലഅ ചെയ്യുന്നതിലും അദ്ദേഹത്തെ കവച്ചുവെക്കാൻ കേരളത്തിൽ മറ്റൊരാൾ ഉണ്ടായിരുന്നോ എന്നു സംശയമാണ്. സദാ കിതാബുകൾ മുത്വാലഅ ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. തനിക്ക് എന്തെങ്കിലും ഒരു സംശയം നേരിട്ടാൽ അത് തീരുന്നത് വരെ കിതാബുകൾ മുത്വാലഅ ചെയ്യുകയും അല്ലെങ്കിൽ അറിവുള്ളവരെ സമീപിച്ച് പ്രശ്‌ന പരിഹാരം തേടുകയും ചെയ്തിരുന്നു. ഒരു വിഷയത്തെക്കുറിച്ച് അതിന്റെ തഹ്ഖീഖ് വരാതെ പിന്മാറിയിരുന്നില്ല. ഒരു വിജ്ഞാനം ആരുടെ കയ്യിലുണ്ടെങ്കിലും അത് അദ്ദേഹത്തോട് ചോദിച്ച് മനസ്സിലാക്കുന്നതിലും ഒരു പുതിയ കിതാബ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നറിഞ്ഞാൽ അല്ലെങ്കിൽ തന്റെ കൈവശമില്ലാത്ത പ്രധാനപ്പെട്ട ഒരു ഗ്രന്ഥം എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ അത് തേടിപ്പിടിക്കുന്നതിലും അദ്ദേഹം കാണിച്ചിരുന്ന ഔൽസുക്യം പ്രശംസനീയമായിരുന്നു. ജലാലൈനിയുടെ ‘തർവീഉൽ അർവാഹ്’ എന്ന പേരിലുള്ള അപ്രകാശിത നോട്ട് നാദാപുരം പള്ളിയിൽ ഉണ്ടെന്നറിഞ്ഞു. താൻ പോയ് സ്വന്തം ചെലവിൽ അവിടെനിന്ന് അത് പകർത്തിയെഴുതിക്കൊണ്ട് വന്ന സംഭവം പ്രസിദ്ധമാണ്. ഒരു ‘ളമീറി’ന്റെ ‘മർജിഅ് ഇലൈഹി’യും തേടി പടന്നയിൽ നിന്ന് ഓമച്ചപ്പുഴയിലേക്ക് യാത്ര ചെയ്ത അനുഭവം തന്റെ ശിഷ്യന്മാർ പലരും അനുസ്മരിക്കാറുണ്ട്.
അധ്യാപനത്തിൽ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന സവിശേഷത അദ്ദേഹത്തിനുണ്ടായിരുന്നു. താൻ വിദ്യാര്‍ഥിയായിരിക്കുമ്പോൾ ഇൽമ് സമ്പാദിക്കുന്നതിന് അനുഭവിച്ച ത്യാഗവും ക്ഷമയും ആഗ്രഹവും വിദ്യ പകർന്ന് നൽകുന്നതിലും അദ്ദേഹം കാണിച്ചിരുന്നു. മഹാനവർകൾ ദർസ് നടത്തുമ്പോൾ ഒരു സംശയം നേരിട്ടാൽ അത് തീർന്നിട്ടല്ലാതെ മുന്നോട്ട് പോയിരുന്നില്ല. കിതാബുകളിൽ ചില സ്ഥലങ്ങൾ ബഹസ് ചെയ്യുമ്പോൾ മണിക്കൂറുകളോളം അതിനെക്കുറിച്ചുള്ള വിശദീകരണം നീണ്ടുപോയിരുന്നു. മുബ്‌തദഅയെക്കുറിച്ചു ബഹസ് ചെയ്‌ത് കഴിഞ്ഞു പിന്നീട് യോഗമുണ്ടെങ്കിൽ ‘ഖബർ’ ബഹസ് ചെയ്യാം എന്നായിരുന്നു കൈപറ്റ ഉസ്‌താദിന്റെ അധ്യാപന രീതി. അതായത് കിതാബിന്റെ ഒരു ഇബാറത്ത് വായിച്ച് അത് ശരിക്കും ‘ഹല്ല്’ ചെയ്ത് വിശദീകരണം നടത്തി വല്ല ഇസ്തിറാളകളുമുണ്ടെങ്കിൽ അതും ചർച്ച ചെയ്ത് ആ ഇബാദത്തിന്റെ ഖാലദു വമാ അലൈഹിയെക്കുറിച്ച് പറഞ്ഞ് വിദ്യാര്‍ഥികളുടെ മുഴുവൻ സംശയങ്ങളും തീർത്ത് അവർക്ക് തൃപ്തിവരുന്ന രീതിയിൽ ആ ഭാഗം തഹ്ഖീഖാക്കിയിട്ടായിരുന്നു മുന്നോട്ട് പോയിരുന്നത്. പിന്നീട് വിദ്യാര്‍ഥികൾക്ക് ആ ഭാഗത്ത് ഒരു സംശയവും ബാക്കിയുണ്ടായിരുന്നില്ല.
കടുപ്പമുള്ള കിതാബിന്റെ ഇബാറത്തുകൾ ഹല്ല് ചെയ്‌ത് മനസ്സിലാക്കലാണ് എനിക്ക് ദുനിയാവിൽ ഏറ്റവും ഇഷ്‌ടമുള്ള കാര്യമെന്നും ബഹുമാനപ്പെട്ട ശൈഖുനാ പറയാറുണ്ടായിരുന്നുവത്രെ. മുഹല്ലി പോലെയുള്ള കിതാബുകൾ എട്ട് വർഷംകൊണ്ടാണ് തീർത്തിരുന്നതെന്ന് മഹാനവർകളുടെ ശിഷ്യന്മാർ പറയാറുണ്ട്. ഇൽമു കരസ്ഥമാക്കാക്കാന്‍ പറഞ്ഞ നിബന്ധനകളാൽ ذكاء وحرص والاصطبار، وبلغة وارشاد استاذ و طول زمان സൂചിപ്പിച്ച മുഴുവൻ കാര്യങ്ങളും ഒത്തിണങ്ങിയതായിരുന്നു ശൈഖുനായുടെ വിദ്യാര്‍ഥി ജീവിതവും അതനുസരിച്ച് തന്നെയായിരുന്നു തന്റെ അധ്യാപനവും. ഇവിടെ സൂചിപ്പിച്ച طول زمان അഥവാ ദീർഘകാലം പഠിക്കൽ അന്നത്തെ വിദ്യാര്‍ഥികളുടെ പതിവായിരുന്നു. അത്കൊണ്ടാണ് അവർക്ക് കിതാബുകളിൽ തഹ്‌ഖീഖുണ്ടായിരുന്നത്. പഴയകാല ഉലമാക്കൾക്ക് കിതാബ് തിരിയുന്നവരാകാൻ പ്രധാന കാരണം മുകളിൽ സൂചിപ്പിച്ച വരികളിൽ പറഞ്ഞ കാര്യങ്ങളാണ്. കിതാബ് തിരിയണം എന്ന് മഹാന്മാരായ ആലിമീങ്ങൾ പറയുന്നതിന്റെ പിന്നിൽ വലിയ അര്‍ഥങ്ങളുണ്ട്. ഓരോ കിതാബുകൾ ഓതുമ്പോഴും അതിൽ തഹ്ഖീഖില്ലാതെയും തിരിയാതെയും പോയാൽ പിന്നീട് വട്ടം കറങ്ങേണ്ടിവരും. ചുരുങ്ങിയ കാലം കൊണ്ട് ഏതെങ്കിലും ബിരുദം നേടിയത് കൊണ്ടോ, ഗുളിക രൂപത്തിൽ ഇൽമ് വിഴുങ്ങിയത് കൊണ്ടോ കിതാബ് തിരിയുകയോ ഇൽമ് കരസ്ഥമാകുകയോ ചെയ്യില്ല. അതിന് മഹാന്മാരായ പഴയകാല ഉലമാക്കളുടെ മാതൃക സ്വീകരിക്കണം.
ദർസ് നടത്തുന്നതിലും പഠിക്കുന്നതിലും പഴയകാല ഉലമാക്കളുടെയും മുദർരിസുമാരുയടെയും ‘Teaching Method’ സ്വീകരിക്കണമെന്നാണ് ഈ വിനീതന്റെ വ്യക്തിപരമായ അഭിപ്രായം. അത് കൊണ്ട് മാത്രമേ കിതാബ് തരിയുകയും ഇൽമ് വർദ്ധിക്കുകയും ചെയ്യുകയുള്ളൂ. ദർസിന്റെ തനിമയും പഴമയും അതേപടി നിലനിർത്തണം.’കിതാബ് നന്നാക്കുക’ എന്നൊരു ഏർപ്പാട് മുൻകാല ദർസുകളിൽ ഉണ്ടായിരുന്നു. കിതാബുമായി കൂടുതൽ ബന്ധപ്പെടാനും വിവിധ ഹാഷിയത്തുകളും ശർഹുകളും പരിചയപ്പെടാനും, കയ്യെഴുത്ത് മെച്ചപ്പെടുത്താനും കിതാബിന്റെ ഇബാറത്തുകൾ കൂടുതൽ പരിചയം വരാനും അത് ഉപകരിച്ചിരുന്നു. പക്ഷെ, ഇന്നത്തെ വിദ്യാര്‍ഥികൾക്ക് അതൊക്കെ അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. കിതാബുകളിൽ ആഴത്തിലുള്ള പഠനം സാധ്യമാകണമെങ്കിൽ പഴയകാല ഉലമാക്കൾ സ്വീകരിച്ച മാർഗ്ഗം നാം പിന്തുടരണം. അവരുടെ ത്യാഗ മനസ്ഥിതിയും ക്ഷമയും ഇഖ് ലാസും ഇൽമ് സമ്പാദിക്കുന്നതിലുള്ള അവരുടെ അതിയായ താൽപര്യവും കഠിനാദ്ധ്വാനവും നമുക്ക് വേണം. ചില ലൈബ്രറികളിൽ കാണുന്ന കിതാബുകളുടെ കയ്യെഴുത്ത് പ്രതികൾ കണ്ടാൽ അന്നത്തെ ഉലമാഇന്റെ ഇൽമിനോടുള്ള താൽപര്യം വ്യക്തമാകും. ഇൽമിന്റെ നിലനിൽപിന്നും വളർച്ചക്കും അവരുടെ മാതൃകയാണ് നമുക്കാവശ്യം. وقت تزاد كان في حشوكما كان اصح علم من تقدم എന്ന് ഇബ്നു മാലിക്ക് പറഞ്ഞതിൽ ഇത്തരം കാര്യങ്ങൾക്കൂടി ഉൾക്കൊണ്ടിട്ടുണ്ട്. അൽഫിയയില്‍ നഹ്‌വിന്റെ ഒരു നിയമം വിവരിക്കാൻ പറഞ്ഞ വരിയാണിതെങ്കിലും വളരെ പ്രാധാന്യമുള്ള അണ്ടർലൈൻ ചെയ്‌ത് മനസ്സിലാക്കേണ്ടതാണിത്. അൽഫിയയില്‍ നഹ്‌വിന്റെ നിയമങ്ങൾ വിവരിക്കുന്നതിനിടയിലും ഇങ്ങനെ ചില ഫാഇദകൾ ഇബ്നു മാലിക്(റ) ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻഗാമികളുടെ ഇൽമിന്ന് അത്ര പ്രാധാന്യമുണ്ടെന്നർത്ഥം.
ബഹു. കൈപറ്റ ഉസ്താദിന്റെ ഇൽമിനോടുള്ള താൽപര്യവും ദർസിന്റെ രീതിയും വിവരിച്ചപ്പോൾ ഇടക്ക് ചില ജുംലതുൽ മുഅ്‌തരിളകൾകൊണ്ട് വന്നതാണിവിടെ. ശൈഖുനാ കൈപറ്റ ഉസ്‌താദിന് ഓരോ ദർസീ കിതാബുകൾക്കും തന്റെ മഹാന്മാരായ ഉസ്താദ്മാരില്‍ നിന്ന് ലഭിച്ച തഹ്ഖീകാത്തുകൾ അടങ്ങിയ നോട്ടുകൾ ഉണ്ടായിരുന്നു. കിതാബുകളിലെ ഇബാറത്തുകൾ ബഹസ് ചെയ്യുമ്പോൾ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ അവ ശിഷ്യന്മാർക്ക് വായിച്ചു കൊടുത്തിരുന്നു. തന്റെ ശിഷ്യന്മാരുടെ അടുത്ത് മുഹല്ലി നാലു ജുസ്സ്, അത് പോലെ ജംഉൽ ജവാമിഅ്, ശറഹുൽ തഅ്ദീബ്, മുഖ്‌തർ മുതലായ കിതാബുകൾക്ക് പ്രത്യേകം തഹ്ഖീഖാത്തുകളും ഉസ്‌താദിന്റെ ബഅ്സുകളും അടങ്ങിയ കുറിപ്പുകൾ കാണാം. കിതാബുകളെ സംബന്ധിച്ച് ആഴത്തിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്കും കിതാബുകളിൽ പ്രയാസമുള്ള സ്ഥലത്ത് ഇബാറത്തുകൾ ഹല്ല് ചെയ്യാനും ഉദ്ദേശം മനസ്സിലാക്കാനുമൊക്കെ വളരെ ഉപകാരമുള്ളവയാണിവ. ജംഉൽ ജവാമിഅയുടെ രണ്ട് ഹാശിയകളാണല്ലോ അത്വാറും ബനാബും. ഇതിൽ പ്രധാനപ്പെട്ടതും കൂടുതൽ തഹ്ഖീഖുള്ള ശറഹുകൾ അടങ്ങിയതും അത്വാർ ആണ്. ശൈഖുനാ അത്വാർ മുഴുവൻ പരിശോധിച്ചു കൂടുതൽ പ്രാധാന്യമുള്ള ശറഹ്കൾക്കൊടുവിൽ മൂന്ന് കുത്ത് വെച്ചതായി കാണാം. ‘കുത്ത് വെച്ച ശറഹ് എന്നാണ് ഇതിന് തന്റെ ശിഷ്യന്മാർ പറഞ്ഞിരുന്നത്. അഥവാ, കൂടുതൽ പ്രാധാന്യവും, അംഗീകാരവുമുള്ളതെന്നർത്ഥം.
ഉസ്താദുമാരെ ബഹുമാനിക്കുന്നതിൽ മാതൃക ആയിരുന്നു ശൈഖുനാ. താൻ ഏറ്റവും സ്നേഹിക്കുന്ന തന്റെ പ്രധാനപ്പെട്ട ഉസ്‌താദ് ശൈഖുനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ(ന:മ) അടുത്ത് തന്റെ നില്പും അദബോടെയുള്ള പെരുമാറ്റവും കണ്ടാൽ ഇത് വ്യക്തമാകുമെന്ന് മഹാനവർകളുടെ ശിഷ്യന്മാർ പറഞ്ഞതായി ഓർക്കുന്നു. ഉസ്താദുമാരെ ബഹുമാനിക്കൽ കൊണ്ടല്ലാതെ ഇൽമ് കരസ്ഥമാകുകയോ, അതിൽ ഉയർച്ച ലഭിക്കുകയോ ചെയ്യില്ല. വിദ്യാര്‍ഥികളോട് വലിയ സ്നേഹമായിരുന്നു മഹാനവർകൾ കാണിച്ചിരുന്നത്. ബുദ്ധിയും കഴിവുമുള്ളവരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായിരുന്നു ശൈഖുനാ. അറബിക് ഭാഷക്ക് പുറമെ ഇംഗ്ലീഷ്, ഉറുദു, ഫാർസി ഭാഷകളിൽ അദ്ദേഹത്തിന് വ്യുൽപത്തിയുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും വലിയ പരിജ്ഞാനമാണ് ശൈഖുനാക്കുണ്ടായിരുന്നത്. തന്റെ വീട്ടിലുള്ള ഗ്രന്ഥശേഖരത്തിൽ കിതാബുകൾക്ക് പുറമെ വിവിധ ഭാഷകളിലുള്ള പുസ്‌തകങ്ങളും പ്രത്യേകിച്ചു ഇംഗ്ലീഷ് ഗ്രന്ഥങ്ങളും ഡിക്ഷണറികളുമുണ്ടായിരുന്നു. കിതാബുകളിൽ തഹ്ഖീഖും ആഴത്തിലുള്ള അറിവും ഉണ്ടായിരുന്നതിനോടൊപ്പം വിവിധ ഭാഷകളിലും ഭൗതിക വിജ്ഞാനീയങ്ങളിലും മഹാന്മാരായ മുൻകാല ഉലമാക്കൾ പരിജ്ഞാനം നേടിയിരുന്നു എന്നതിന് തെളിവാണിത്. ഇത് നമുക്കൊരു പാഠമാകണം. മതവിജ്ഞാനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നമുക്ക് വേണം. ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാക്കി ആ ഭാഷയിൽ നാം കഴിവു നേടണം. ധാരാളം ഇസ്‌ലാമിക വിജ്ഞാനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ ഇംഗ്ലീഷ് ഭാഷയിലുണ്ട്. ഏറ്റവും കൂടുതൽ പരസ്‌പര ബന്ധമുള്ള ഭാഷയാണ് ഇംഗ്ലീഷും അറബിയും. അത്കൊണ്ട് ആ രണ്ട് ഭാഷയുടെയും കാലിക പ്രസക്തി മനസ്സിലാക്കി അതിൽ പ്രാവീണ്യം നേടാൻ നാം ശ്രമിക്കണം.
ബഹു കൈപറ്റ ഉസ്‌താദിന്റെ ബഹുഭാഷാ പാണ്ഡിത്യത്തിന് തെളിവായി ഒരു സംഭവം ഉദ്ധരിക്കാറുണ്ട്: ഒരു ദിവസം ഉസ്‌താദ് തീവണ്ടിയാത്ര ചെയ്യുകയായിരുന്നു. തൊട്ടടുത്ത് ആധുനിക വേഷവിധാനങ്ങളുള്ള കുറച്ച് ചെറുപ്പക്കാർ ഇരിക്കുന്നു. കൈപറ്റ ഉസ്താദിന്റെ ലളിത വേഷവും താടിയും തലപ്പാവും കണ്ടപ്പോൾ ചെറുപ്പക്കാർക്ക് പരിഹാസ്യമായി. അവർ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഈ തലപ്പാവുകാർക്ക് ഒരു വിവരവുമില്ലെന്നായിരുന്നു സംസാരത്തിന്റെ ആകെത്തുക. അവർ ശൈഖുനായെ നോക്കി പരിഹസിച്ചു. അദ്ദേഹത്തിന് ഇതൊന്നും മനസ്സിലാകുകയില്ല എന്നായിരുന്നു ആ അവിവേകികളുടെ ധാരണ. പക്ഷെ, ഉസ്‌താദ് അവരെ നോക്കി അവർ സഹതാപമർഹിക്കുന്നു എന്ന മട്ടിൽ ഒന്നൂറിച്ചിരിച്ച് കൊണ്ട് മനോഹരമായ ഇംഗ്ലീഷ് സാഹിത്യത്തിൽ സംസാരിച്ചു തുടങ്ങി. അവസാനം ശൈഖുനായുടെ സംസാരം അവർക്ക് മനസ്സിലാകാതെ വന്നു. അത്രക്കും സാഹിത്യ സ്‌ഫുടതയുള്ള സംസാരമായിരുന്നു അത്. അപ്പോഴാണവർക്ക് അമളി പിണഞ്ഞത് മനസ്സിലായത്. അവർ ശൈഖുനായുടെ അടുത്ത് വന്നു ഞങ്ങൾക്ക് മാപ്പു നൽകണമെന്നും ഞങ്ങൾ അലീഗഢിൽ പഠിക്കാൻ പോകുന്ന വിദ്യാര്‍ഥികളാണെന്നും വിവരക്കേടുകൊണ്ട് സംഭവിച്ച് പോയതാണെന്നും പറഞ്ഞു. ഉടനെത്തന്നെ ശൈഖുനാ അവരെ അടുത്ത് വിളിച്ചു കൊണ്ട് ഉപദേശം നൽകി: ജീവിതത്തിൽ ആരെയും അവഗണിക്കുകയോ ചെറുതായികാണുകയോ ചെയ്യരുതെന്നു പ്രത്യേകം ഉണർത്തുകയും അവർക്ക് മാപ്പു നൽകി അനുഗ്രഹിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷയിൽ കൈപറ്റ ഉസ്‌താദിനുണ്ടായിരുന്ന കഴിവാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
വിനയത്തിന്റെ പര്യായമായിരുന്നു ശൈഖുനാ. ഇൽമ് കൂടുംതോറും വിനയം കൂടുകയാണല്ലോ വേണ്ടത് رزانة العلم من كانت تثقله لا يشى بها خاضعا مقدار اثقال എന്ന ‘റസാനത്ത്’ എന്ന കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ വരികളെ അന്വർഥമാക്കുന്നതായിരുന്നു ശൈഖുനായുടെ ജീവിതം. കർമ്മശാസ്ത്രത്തിന്റെ അടിവേരുകണ്ട മഹാനായിട്ടു പോലും ഏതെങ്കിലും വിഷയത്തിൽ ഫത്‌വക്ക് തന്നെ സമീപിച്ചവരോട് കേരളത്തിലെ മറ്റ് ഉലമാക്കളോട് ചോദിച്ച് മനസ്സിലാക്കാൻ ഉപദേശിക്കുകയായിരുന്നു ചെയ്തിരുന്നത്. താൻ ഫത്‌വ നൽകാൻ അർഹനല്ല എന്ന വിനയ സ്വഭാവമായിരുന്നു ഇതിലൂടെ പ്രകടമായിരുന്നത്. നിർബന്ധിക്കുന്നവരോട് കിതാബുകൾ മറിച്ച് പ്രസ്‌തുത വിഷയം പ്രതിപാദിക്കുന്ന ഇബാറത്തുകൾ കാണിച്ച്കൊടുത്ത് ബോധ്യപ്പെടുത്തുകയായിരുന്നു പതിവ്. തന്റെ വിനയത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ താൻ രചിച്ച കിതാബുകൾ പ്രസിദ്ധീകരിക്കാൻ താൽപര്യം കാണിച്ചവരോട് കിതാബുകളുടെ പുറം ചട്ടയിൽ وي بيران كوتي الكيبتيഎന്ന് മാത്രം എഴുതിയാൽ മതിയെന്ന് പ്രത്യേകം നിർദ്ദേശം കൊടുത്ത ഒരൊറ്റ സംഭവം മതി. അതിൽ വല്ല പാളിച്ചകളുമുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചു തരാൻ മുതഅല്ലിമുകളോട് പോലും ആ മഹാത്മാവ് ആവശ്യപ്പെട്ടിരുന്നു. തന്റെ രചനകളിൽ ‘അൽ അഹ്ഖർ’ (അതി നിസ്സാരൻ) എന്നായിരുന്നു ശൈഖുനാ സ്വീകരിച്ചിരുന്ന തൂലികാനാമം. ‘വിനയം വിദ്യതൻ ഫലം’ എന്ന പഴമൊഴി എത്ര പരമാർഥം
‘വിജ്ഞാനമാകും ഫലങ്ങൾ നിറഞ്ഞൊരു വിദ്വാൻ ശിരസ്സ് കുനിച്ചിടലായ’ എന്ന കവിതയിൽ പറഞ്ഞത് പോലെ യഥാർത്ഥത്തിൽ ഇൽമുള്ള പണ്ഡിതന്റെ ശിരസ്സ് വിനയം കൊണ്ട് കുനിഞ്ഞ് പോകുകയാണ് ചെയ്യുക. അഹങ്കരിക്കുകയല്ല.
വിജ്ഞാനം വലിയ സമുദ്രമാണ്. ശാന്തസമുദ്രം പോലെ പരന്ന് കിടക്കുന്ന സാഗരം. അതിൽ നിന്നു അല്പം മാത്രമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഓരോ മേഖലയിലും ഓരോ വിഷയത്തിലും പഠനം നടത്താനൊരുങ്ങുമ്പോൾ ആ ഭാഗം തന്നെ വളരെ വിശാലമാണെന്ന് കാണാം. അപ്പോൾ മുഴുവൻ ഇൽമിന്റെയും സ്ഥിതി പറയേണ്ടതില്ലല്ലോ. അത്കൊണ്ട് ഇൽമിന്റെ കൂടെ വരുന്ന ‘കിബ്ർ’ എന്ന സ്വഭാവം ഉൾക്കൊള്ളുകയും വേണം. ഏത് ചെറിയവനേയും ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. ഒരാളെയും വിലകുറച്ച് കാണുകയോ, തരംതാഴ്ത്തുകയോ ചെയ്യരുത്. എന്തെങ്കിലും രണ്ടക്ഷരം പഠിച്ചു ഹിമാലയം കീഴടക്കി എന്ന ധാരണ വരാതെ കൂടുതൽ വിനയത്തോടും താൽപര്യത്തോടും കൂടി അറിവ് സമ്പാദിക്കുവാൻ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ മനസ്സ് മറാളിൽ ഖുലൂബിൽ നിന്ന് പരിപൂർണ്ണമായി മുക്തമാവണം. ഒരറിവ് എവിടെയുണ്ടെന്ന് കേട്ടാലും അതെത്ര ചെറിയവനാണെങ്കിലും അദ്ദേഹത്തെ തേടിപ്പിടിച്ച് നാമത് കരസ്ഥമാക്കണം. മഹാന്മാരുടെ മാതൃകയായിരുന്നു അത്. ബഹു. കൈപറ്റ ഉസ്‌താദിന് (നഃമ) ഇൽമിനോടും കിതാബുകളോടും ഇൽമിന്റെ അഹ്‌ലുകാരോടും അതിരറ്റ സ്നേഹവും ബഹുമാനവുമാണ് ഉണ്ടായിരുന്നത്. പ്രശസ്‌തി ആഗ്രഹിക്കാത്ത പണ്ഡിതനായിരുന്നു അദ്ദേഹം. പള്ളിദർസിനെ അദ്ദേഹം അതിരറ്റ് സ്നേഹിച്ചിരുന്നു. ദർസ് നമുക്കുള്ളതാണെന്നും നാട്ടുകാർക്കോ കമ്മറ്റിക്കാർക്കോ ദർസിന്റെ മഹത്വമറിയില്ലെന്നും വിദ്യാര്‍ഥികൾക്ക് ചിലപ്പോൾ ശ്രദ്ധയുണ്ടാവില്ലെന്നും അത്കൊണ്ട് ദർസ് നിലനിർത്താൻ നാം പരിശ്രമിക്കണമെന്നും മഹാനവർകൾ എപ്പോഴും പറയാറുണ്ടായിരുന്നുവത്രെ. പള്ളിദർസിൽ വിദ്യാര്‍ഥിയായിരിക്കുമ്പോൾ ഈ വിനീതൻ കൈപറ്റ ഉസ്താദി(ന:മ)നെ കണ്ട് ദുആ ചെയ്യിപ്പിക്കാൻ ചെന്നപ്പോൾ കിതാബുകളെക്കുറിച്ചും പള്ളിദർസുകളെക്കുറിച്ചും സംസാരിച്ച കൂട്ടത്തിൽ കിതാബിന്റെ മണം അതിന്റെ രുചി ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പരിതപിച്ചത് ഓർത്ത് പോകുകയാണ്.
രചനകൾ
ദർസീ കിതാബുകൾക്കുള്ള തഹ്ഖീകാത്തുകൾ അടങ്ങിയ അപ്രകാശിത നോട്ട്‌സുകൾക്ക് പുറമെ അഞ്ച് ഗ്രന്ഥങ്ങൾ ശൈഖുനാ കൈപറ്റ ബീരാൻകുട്ടി മുസലിയാർ (ന:മ) രചിച്ചിട്ടുണ്ട്. നിരവധി കിതാബുകൾ മുത്വാലഅ ചെയ്തും തന്റെ ഗുരുനാഥന്മാരിൽനിന്ന് ലഭിച്ച വിശദീകരണങ്ങൾ ചേർത്തും രചിച്ചവയാണവ. മുദരിസുമാർക്കും ദർസ് വിദ്യാര്‍ഥികൾക്കും ഏറെ പ്രയോജനകരമായ അമൂല്യങ്ങളും അതിസൂക്ഷ്‌മങ്ങളുമായ വിവരങ്ങൾ അടങ്ങിയവയാണ് ഈ അഞ്ച് കൃതികൾ.
الورقات
വിശുദ്ധ ഖുർആനിൽ പ്രതിപാദിച്ച ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ ചരിത്രം, നുബുവ്വത്തിൽ അവരുടെ ക്രമീകരണം, അവരുടെ വയസ്സ്, അവർ ഇസ്‌ലാമിക പ്രബോധനം നിർവഹിച്ചിരുന്ന അവരുടെ ജനത, അവരുടെ വാസസ്ഥലം, അവരുടെ ഖബറിടം, ഭാഷ, കുടുംബം ഓരോ പ്രവാചകന്റെയും ഇടയിലുള്ള കാല ദൈർഘ്യം എന്നിവയെക്കുറിച്ച് പ്രബലമായ തഫ്‌സീറുകളുടെയും, ചരിത്ര ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ, അപൂർവ്വമായ വിവരങ്ങൾ അടങ്ങിയ ഒരു കൃതിയാണിത്. തിരുരങ്ങാടിയിലെ തന്റെ സ്നേഹിതൻ അലി ബിൻ അബ്‌ദുറഹ്‌മാനുൽ ഹബ്‌ശി എന്നവരുടെ ആവശ്യപ്രകാരമാണ് ഈ ഗ്രന്ഥം തയ്യാറാക്കിയതെന്ന് മഹാനവർകൾ തന്റെ കിതാബിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

