അമ്പിയാക്കൾക്ക് ശേഷം ഇസ്‌ലാമിൽ കൂടുതൽ ശ്രേഷ്‌ഠതയും മഹത്വവുമുള്ളവരാണ് സ്വഹാബികൾ. ഋഷി തുല്യ ജീവിതത്തിലൂടെ വിശ്വാസിക്ക് മാതൃകാവര്യരായിത്തീർന്ന അവരിൽ ഏതെങ്കിലും വ്യക്തിയെ അനുധാവനം ചെയ്തവർ വിജയിക്കുമെന്നാണ് തിരുവചനം. നുബുവ്വത്തിലുടെ റസൂൽ (സ്വ) സ്വാംശീകരിച്ച ഇലാഹീപ്രഭയിൽ നിന്ന് ഊർജ്ജം പകർന്ന അനുചരർ നടപ്പിലും ഇരിപ്പിലും അടക്കാനക്കങ്ങളിലും സമൂഹത്തിന് മാതൃക തന്നെ.

‘സമൂഹത്തിൽ എന്റെ സ്വഹാബികളുടെ ഉപമ ഭക്ഷണത്തിലുള്ള ഉപ്പ് പോലെയാണ്, ഉപ്പില്ലാതെ ഭക്ഷണം നന്നാവുകയില്ല’ എന്ന നബിവചനവും (മുസ്വന്നഫ് അബ്ദുർറസാഖ്, മുസ്‌നദ് അബീയഅ്‌ലാ), ‘എന്റെ അനുചരർ നക്ഷത്രതുല്യരാണ്, അവരിൽ ആരെ പിൻപറ്റിയാലും നിങ്ങൾ സൻമാർഗികളാകും’ എന്ന വചനവും ഏറെ ചിന്തനീയമാണ്. സമൂഹം നന്മയുടെ പാതയിലൂടെ സഞ്ചരിക്കാൻ സ്വഹാബതിനെ മാതൃകയാക്കണം.

പൊതുപ്രവർത്തനത്തിലും സാമൂഹിക സേവനത്തിലും ഉത്തമമാതൃകകൾ സൃഷ്‌ടിച്ച സ്വഹാബികളെ ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. ‘അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങളും അല്ലാഹു വെറുക്കുന്ന രണ്ട് സ്വഭാവങ്ങളുമുണ്ട്. ഔദാര്യവും വിട്ടുവീഴ്ച‌യും അവൻ ഇഷ്ടപ്പെടുന്നവയാണെങ്കിൽ ദുസ്വഭാവവും പിശുക്കുമാണ് അവൻ വെറുക്കുന്ന സ്വഭാവങ്ങൾ. ഏതെങ്കിലും ഒരുവനിൽ അല്ലാഹു നൻമ ഉദ്ദേശിച്ചുവെങ്കിൽ സമൂഹ സേവനത്തിന് അവനെ അല്ലാഹു നിയോഗിക്കുന്നതാണ്.’

‘ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യപൂർത്തീകരണത്തിന് ശ്രമിക്കുകയും അത് നേടിയെടുക്കുകയും ചെയ്‌താൽ പത്ത് വർഷം ഇഅ്‌തികാഫ് ഇരുന്ന പ്രതിഫലം ഉണ്ടായിരിക്കും; അല്ലാഹുവിന്റെ പ്രീതി കൊതിച്ച് ഒരു ദിവസം ഇഅ്‌തികാഫ് ഇരുന്നാൽ അവനും നരകത്തിനുമിടയിൽ മൂന്ന് കിടങ്ങുകളുടെ അകലമുണ്ടാകും’ തുടങ്ങിയ ഹദീസുകൾ പൂർണ്ണമായും ഉൾക്കൊണ്ടുള്ള സേവനപ്രവർത്തനങ്ങളിൽ സ്വഹാബത് വ്യാപൃതരായി.

അല്ലാഹു മുസ്‌ലിം ഉമ്മത്തിന് അനുഗ്രഹമായി നൽകിയ ഇസ്‌ലാമിന്റെ ഭരണരംഗത്തെപ്രയോഗവൽക്കരണമാണ് ഖിലാഫത്. ഭാഷാർത്ഥപ്രകാരം പ്രാതിനിധ്യം, പിന്തുടർച്ച എന്നൊക്കെയാണ് ഈ വാചകം സൂചിപ്പിക്കുന്നത്. നബി (സ്വ) നിർവ്വഹിച്ചിരുന്ന ദൗത്യം (ശരീഅത്ത് നിയമങ്ങളുടെ സംരക്ഷണവും പ്രായോഗികവത്കരണവും) അവിടുത്തെ കാലശേഷം നിർവ്വഹിക്കുന്നവരാണ് ഖലീഫമാർ. (മുഖദ്ദിമ: ഇബ്നു ഖൽദൂൻ)

മുഹമ്മദ് നബി(സ്വ)ക്ക് ശേഷം വന്ന നാല് ഖലീഫമാർ, അവരുടെ കാലത്ത് പല രാജ്യങ്ങളിലും നിയമിതരായ ഗവർണർമാർ, ചില പ്രത്യേക സാഹചര്യങ്ങളിൽ നിയമിക്കപ്പെട്ടിരുന്ന പൊതു പ്രവർത്തകർ എന്നിവരാണ് സ്വഹാബികളിലെ ഭരണകാര്യ നിർവാഹകരായി നമുക്ക് വിലയിരുത്താവുന്നവർ.

അല്ലാഹുവിലുള്ള ഭയം, പ്രജാ തത്പരത, തുല്യനീതി, സാമൂഹികക്ഷേമപ്രവർത്തനങ്ങൾ ഇസ്‌ലാമേതരുടെ വിശ്വാസ സ്വാതന്ത്ര്യം തുടങ്ങി ഒരു ഭരണാധികാരിക്കുണ്ടാവേണ്ട എല്ലാ സൽഗുണങ്ങളും ഒത്തിണങ്ങിയവരായിരുന്നു ഇവർ. ഇവരാണ് പാരത്രിക ലോകത്ത് അർശിന്റെ തണൽ കൊണ്ട് അനുഗ്രഹീതരാവുന്ന ഭരണാധിപർ.

തഖ്‌വയാണ് ഇലാഹീഭയത്തിന് നിദാനമാകുന്നത്. നുബുവ്വതിന്റെ പ്രകാശ ധാരയിൽ നിന്ന് ഇലാഹീ നിയമങ്ങൾ കൃത്യമായി സ്വീകരിച്ചവർ തഖ്‌വയുടെ മർമ്മമറിഞ്ഞവരായിരുന്നു. ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള വിസ്‌താരം കഴിയാതെ പാരത്രികകോടതിയിൽ പാദം മുന്നോട്ടു വെക്കാനാവില്ലെന്ന ബോധം അവർക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ, നിർബന്ധിതരായിട്ടേ ചുമതലകൾ അവർ ഏറ്റെടുത്തുള്ളൂ. ഖലീഫമാരായി ചുമതലയേൽക്കുന്ന വേളയിൽ നാല് ഖലീഫമാരും നടത്തിയ കന്നിപ്രഭാഷണങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാകും.

അബൂബക്‌ർ സിദ്ദീഖ് (റ) (ഹി: 11-13/ ക്രി: 632-634)

ഇസ്‌ലാമിലേക്ക് ആദ്യമായി കടന്നുവന്നത് പോലെ, ആദ്യ ഖലീഫയായി നിയമിക്കപ്പെട്ടതും അബൂബക്ർ സിദ്ദീഖാ(റ)ണ്. തന്റെ ശേഷം സിദ്ദീഖായിരിക്കും സമൂഹത്തിന്റെ നേതാവെന്നതിന് നിരവധി സൂചനകൾ നൽകിയാണ് മുത്ത് നബി (സ്വ) കടന്നു പോയത്. തീർത്തും ഇസ്‌ലാമികമായി ഭരണം നടത്തിയ അദ്ദേഹം ഭരണാധികാരികൾക്ക് ഉത്തമ മാതൃക തന്നെ.

ഖലീഫയായി നിയമിക്കപ്പെട്ട ഉടൻ അബൂബക്ർ (റ) നടത്തിയ പ്രഭാഷണം ഇപ്രകാരമാണ്: “ഞാൻ ഉത്തമനല്ലെങ്കിലും നിങ്ങൾക്ക് മേൽ അധികാരമേൽപ്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ നൻമ ചെയ്യുമ്പോൾ നിങ്ങളെന്നെ സഹായിക്കുകകയും എനിക്ക് മാർഗ്ഗഭ്രംശം സംഭവിക്കുമ്പോൾ നിങ്ങളെന്നെ നേരെയാക്കുകയും ചെയ്യുക. സത്യസന്ധത വിശ്വസ്തതയും കളവ് വഞ്ചനയുമാണ്. നിങ്ങളിലെ അബലൻ അവന്റെ അവകാശം ഞാനവന് നേടിക്കൊടുക്കും വരെ ശക്തനും നിങ്ങളിലെ കയ്യൂക്കുകാർ അവരിൽ നിന്നുള്ള അവകാശങ്ങൾ ഞാൻ പിടിച്ചെടുക്കും വരെ അശക്തരുമാണ്. ഞാൻ അല്ലാഹുവിനേയും റസൂലിനേയും വഴിപ്പെടുന്ന കാലത്തോളം നിങ്ങളന്നെ അനുകരിക്കുക. അവർക്കെതിരിലാവുമ്പോൾ അനുസരിക്കേണ്ടതുമില്ല.” മുഹമ്മദ് നബി(സ്വ)ക്ക് ശേഷം സമുദായം ഫിത്നയിൽ അകപ്പെടുമോ എന്ന ഭയം മാത്രമാണ് അധികാരം സ്വീകരിക്കാൻ പ്രചോദനമായതെന്ന് സിദ്ദീഖ് (റ) പറഞ്ഞിട്ടുണ്ട്.

ഖുർആൻ ക്രോഡീകരണം, കള്ളപ്രവാചകരെ ചെറുത്തു തോൽപിക്കൽ, സകാത് നിഷേധത്തിന്റെ ചിറകരിയൽ, മതഭ്രഷ്ഠരെ പരാജയപ്പെടുത്തൽ തുടങ്ങിയവയാണ് സിദ്ദീഖ്(റ)ന്റെ ഭരണകാലത്ത് നടന്ന പ്രധാന ഭരണ നേട്ടങ്ങൾ.

നബി(സ്വ)യുടെ നിർദേശങ്ങൾ അപ്പടി അംഗീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അണുയിട ഇളവ് നൽകാൻ സിദ്ദീഖ് (റ) തയ്യാറായില്ല. നബി(സ്വ)യുടെ വഫാത്തിന്റെ അൽപം ദിവസങ്ങൾക്ക് മുന്നെ സിറിയയിലേക്ക് സജ്ജീകരിച്ച ഉസാമ(റ)യുടെ നേതൃത്വത്തിലുള്ള സൈനിക നടപടി പലരുടെ എതിർപ്പുകളുണ്ടായിട്ടും ഖലീഫ നടപ്പിലാക്കി. ഇരുപതിൽ താഴെ മാത്രമായിരുന്നു അന്ന് ഉസാമ(റ)യുടെ പ്രായം. തന്റെ സൈന്യത്തിലുണ്ടായിരുന്ന ഉമർ(റ)നെ സഹായത്തിന് വേണ്ടി മദീനയിൽ നിലനിർത്താൻ പോലും ഖലീഫ സൈന്യാധിപനോട് സമ്മതം ചോദിച്ചത് ചരിത്രമാണ്.

നബി(സ്വ)യുടെ വഫാത്തിന് ശേഷം പല ഗോത്രങ്ങളും സകാത്ത് നൽകില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. എന്നാൽ നബി(സ്വ)യുടെ കാലത്ത് നൽകിയിരുന്ന ഒട്ടകക്കയർ തടഞ്ഞുവെച്ചാൽ പോലും അതിന്റെ പേരിൽ ഞാൻ നടപടിയെടുക്കുമെന്ന് സിദ്ദീഖ്(റ)വും നിലപാട് കടുപ്പിച്ചു. ഉമർ (റ) അടക്കം പലരും ഖലീഫയെ മയപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും സിദ്ദീഖ് (റ) പിറകോട്ട് പോയില്ല. ശക്തമായ നടപടിയുമായി മുന്നോട്ട് പോയ സിദ്ദീഖ് (റ) ശരിയായിരുന്നുവെന്ന് പിന്നീട് ഏവർക്കും ബോധ്യമായത് നഗ്ന യാഥാർത്ഥ്യമാണ്.

മതഭ്രംശവും കള്ളപ്രവാചകത്വ വാദവും അരങ്ങ് വാഴുന്ന കാലമായിരുന്നു സിദ്ദീഖ്(റ)ന്റേത്. നബി(സ്വ)യുടെ കാലത്ത് തന്നെ പ്രവാചകത്വം വാദിക്കുകയും കൊല്ലപ്പെടുകയും ചെയ്ത അസ്‌വദുൽ അൻസിയുടെ ചുവട് പിടിച്ച് മുസൈലിമതൂൽ കദ്ദാബും തുലൈഹയും സജാഹും ലഖീത്‌ ബ്നു‌ മാലികും രംഗത്ത് വന്നത് ഈ കാലത്താണ്. ഖാലിദ് ബ്നുൽ വലീദി(റ)ന്റെ നേതൃത്വത്തിൽ തുലൈഹതൂൽ അസദിയെ തുരത്താൻ സൈന്യത്തെ നിയോഗിച്ചു. തൂലൈഹ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് പിന്നീട് ഇസ്‌ലാമിലേക്ക് വന്നുവെന്ന് ഗ്രന്ഥങ്ങളിൽ കാണാം. മുസൈലിമയുടെ ഭാര്യയായി മാറിയിരുന്ന സജാഹ് മുസൈലിമയുടെ കാലശേഷം ബസ്വറയിൽ ജീവിക്കുന്നതിനിടയിൽ ഇസ്‌ലാമിലേക്ക് വന്ന് നല്ല ഭക്തയായി ജീവിച്ചു മരിച്ചു. മുസൈലിമയെ ഖാലിദ്(റ)ന്റെ നേതൃത്വത്തിലുള്ള സൈന്യം യമാമയിലെ ഹദീഖതുൽ മൗതിൽ വെച്ച് -വഹ്ശി- കൊലപ്പെടുത്തുകയാണുണ്ടായത്. ഹുദൈഫത് ബ്നു മിഹ്‌സ്വൻ(റ)ന്റെയും ഇക്‌രിമ(റ)യുടേയും നേതൃത്വത്തിലുള്ള സൈന്യമാണ് ഉമാനിലുണ്ടായിരുന്ന ലതീഖിനെയും കൂട്ടരെയും വകവരുത്തിയത്.

പ്രവാചക സന്നിധിയിൽ വന്ന് ഇസ്‌ലാം സ്വീകരിച്ച മുസൈലിമയും മറ്റും മുർതദ്ദായി ഇസ്‌ലാമിന് വരുത്തിയ അപകടത്തിൽ നിന്ന് ഈ സമൂഹത്തെ രക്ഷപ്പെടുത്തിയത് ഖലീഫ അബൂബക്‌ർ (റ) ആണ്. അലിയ്യു ബ്നുൽ മദീനി (റ) പറയുന്നു: “അല്ലാഹു ഈ വിശുദ്ധ മതത്തെ അതുല്യരായ രണ്ടാളുകളെക്കൊണ്ട് പ്രതാപത്തിലാക്കി; രിദ്ദതിന്റെ ഘട്ടത്തിൽ അബൂബക്ർ(റ)നെക്കൊണ്ടും ഖുർആൻ സൃഷ്‌ടിവാദ ഘട്ടത്തിൽ അഹ്‌മദു ബ്‌നു ഹമ്പൽ(റ)നെക്കൊണ്ടുമാണത്” (താരീഖു ബഗ്ദാദ്).

യമാമയുദ്ധമടക്കം സിദ്ദീഖി(റ)ന്റെ കാലത്തുണ്ടായ യുദ്ധങ്ങളിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ നിരവധി ഹാഫിളുകൾ രക്തസാക്ഷികളായി. ഒരു ഗ്രന്ഥരൂപത്തിൽ ക്രോഡീകൃതമാവാത്ത വിശുദ്ധ ഖുർആൻ പിൻതലമുറക്ക് നഷ്ടപ്പെടുമോ എന്ന ആശങ്ക ഉമർ (റ) അബൂബക്‌ർ(റ)മായി പങ്ക് വെക്കുകയും സൈദ്‌ബ്നു സാബിത്(റ)ന്റെ നേതൃത്വത്തിൽ സാലിം മൗലാ അബി ഹുദൈഫയുടെ സഹായത്തോടെ ഖുർആൻ മുസ്ഹഫായി ക്രോഡീകരിക്കപ്പെടുകയുമുണ്ടായി. ഒന്നാം ഖലീഫക്ക് ശേഷം രണ്ടാം ഖലീഫയും പിന്നീട് മകൾ ഹഫ്‌സയുമാണ് ഈ കോപ്പി സൂക്ഷിച്ചു പോന്നത്.

വ്യവസ്ഥാപിതമായ രൂപത്തിൽ ഭരണ സംവിധാനങ്ങൾ നിലവിൽ വന്നില്ലായിരുന്നുവെങ്കിലും ഏതൊരുകാര്യവും പ്രധാനികളുമായി കൂടിയാലോചിച്ച ശേഷമേ അബൂബക്ർ (റ) നടപ്പിൽ വരുത്തിയിരുന്നുവുള്ളൂ. ഭരണ സൗകര്യത്തിന് വേണ്ടി തന്റെ സാമ്രാജ്യത്തെ പത്ത് സംസ്ഥാനങ്ങളായി വിഭജിച്ച് അവിടെയെല്ലാം അമീറുമാരെ നിശ്ചയിച്ചാണ് ഭരണ സൗകര്യം കണ്ടെത്തിയത്. മക്ക, ത്വാഇഫ്, സ്വൻആഅ്, ഹളർമൗത്, ഖൗലാൻ, സബീദ്, ജനദ്, നജ്റാൻ, ജറശ്, ബഹ്റൈൻ എന്നിവയായിരുന്നു ഈ സംസ്ഥാനങ്ങൾ.

ഖലീഫയാകുന്നതിന് മുമ്പ് കച്ചവടം ചെയ്തും ആട് മേച്ചും വരുമാനം കണ്ടെത്തിയ അദ്ദേഹം ഭരണമേറ്റെടുത്ത ശേഷവും അത് തുടർന്നു. ചരക്കുകളുമായി മാർക്കറ്റിലെത്തി വിൽപ്പന നടത്തിയ അദ്ദേഹത്തിന് ഭരണത്തിരക്കുകൾ വർദ്ധിച്ചപ്പോൾ കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. അപ്പോൾ പ്രധാന സ്വഹാബികൾ കൂടിയാലോചിച്ച് അദ്ദേഹത്തിനും കുടുംബത്തിനും ചെലവിനായി വർഷത്തിൽ 6000 ദിർഹം പൊതുമുതലിൽ നിന്ന് അനുവദിച്ചു.

ഒരിക്കൽ ഖലീഫയുടെ ഭാര്യക്ക് ഹലുവ തിന്നാൻ മോഹം. പണമില്ലെന്ന് പറഞ്ഞ ഖലീഫയോട് നിങ്ങളുടെ ശമ്പളത്തിൽ നിന്ന് മിച്ചം സ്വരൂപിച്ച് പണം ഞാൻ കണ്ടെത്തിക്കൊള്ളാം എന്ന് ഭാര്യ പറയുകയും അൽപ ദിവസം കഴിഞ്ഞ് പണം കയ്യിലേൽപ്പിച്ച് ഹലുവ വാങ്ങാൻ പറയുകയും ചെയ്തു. ഉടനെ ആ പണം പൊതുമുതലിൽ നിക്ഷേപിക്കുകയും അത്രയും പണം നമ്മുടെ ആവശ്യത്തിനപ്പുറമാണെന്ന് പറഞ്ഞ് ശമ്പളത്തിൽ നിന്ന് നിശ്ചിത വിഹിതം കുറക്കുകയുണ്ടായി.

നേതാവ് സമുദായ സേവകനാണെന്നതിന്റെ ഉത്തമോദാഹരണമാണ് സിദ്ദീഖ് (റ). മദീനയിലെ വൃദ്ധയായ ഒരു സ്ത്രീയെ എന്നും നേരത്തെ വന്ന് പരിചരിക്കുകയും അവർക്കു വേണ്ടതെല്ലാം ചെയ്തു‌ കൊടുക്കുകയും ചെയ്ത ഖലീഫയെ ചരിത്രത്തിൽ വായിക്കാം.

രണ്ടര വർഷമെന്ന ചുരുക്ക കാലത്തിനിടയിൽ തിരുനബി(സ്വ)ക്ക് ശേഷമുണ്ടായ അനൈക്യം തകർത്ത് ഐക്യം സൃഷ്‌ടിക്കുകയും, പേർഷ്യാ-റോമൻ സാമ്രാജ്യങ്ങളെ തോൽപ്പിച്ച് നിരവധി സ്ഥലങ്ങൾ ഇസ്‌ലാമികാതിർത്തിയിലേക്ക് ചേർക്കുകയും ചെയ്ത അദ്ദേഹം ചരിത്രത്തിൽ ഇടം പിടിച്ച അതുല്യ ഭരണാധികാരിയാണ്.

ഉമറുബ്‌നുൽ ഖത്വാബ് (റ) (ഹി: 13-24/ക്രി 634-645)

അബൂബക്ർസിദ്ദീഖ് (റ) തന്റെ ഭരണം കഴിയുന്നതിനിടയിൽ തന്നെ തന്റെ പിൻഗാമിയെ           -ഉമറിനെ- നിയമിച്ചാണ് വിടപറഞ്ഞത്. നാൽപതാമനായി ഉമർ (റ) ഇസ്‌ലാമിലേക്ക് ആഗതനായതിന്ന് ശേഷം ഇസ്‌ലാമിന്റെ വളർച്ചയും വ്യാപനവുമൊക്കെ ത്വരിതഗതിയിലായി. ജാഹിലിയ്യാഘട്ടത്തിൽ വീരനായിരുന്ന അദ്ദേഹം സത്യത്തിന് വേണ്ടി എന്നും നിലകൊണ്ടു. ‘സത്യം ഉമർ വഴി പ്രചുരപ്രചാരം നേടി’ എന്ന തിരുവചനം ഇതിനുള്ള സത്യസാക്ഷ്യമാണ്.

പന്ത്രണ്ടരക്കൊല്ലം നീതിയുക്തമായി ഭരണം നടത്തിയ അദ്ദേഹത്തിന്റെ കാലയളവിലാണ് വിസ്തൃതിയിലും കെട്ടുറപ്പിലും വലിയ ഇസ്‌ലാമിക സാമ്രാജ്യം കെട്ടിപ്പെടുക്കപ്പെട്ടത്. നീതി നിർവ്വഹണം, പ്രജാക്ഷേമം, ഭരണപരിഷ്‌കരണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഏറെ ശ്രദ്ധേയമായ കാലമാണ് ഉമർ(റ)ന്റേത്.

ഉമർ(റ)ന്റെ കാലത്ത് നടന്ന ഭരണപരിഷ്‌കരണങ്ങൾ പലതും പിന്നീട് ലോകം മാതൃകയായി സ്വീകരിച്ചു. അദ്ദേഹം തുടക്കം കുറിച്ചത് കാരണം ‘അവ്വലിയ്യാത്തു ഉമർ’ എന്നാണീ കാര്യങ്ങൾ അറിയപ്പെടുന്നത്. സുപ്രധാന കാര്യങ്ങൾ ഇവയാണ്.

1- രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ജില്ലകളുമാക്കിത്തിരിച്ചു.

2-പ്രധാന നഗരങ്ങളിൽ ഖാസിമാരെ നിയമിച്ചു – എല്ലായിടത്തും നേരിട്ടെത്തി പ്രശ്‌നപരിഹാരം നടത്താൻ ഖലീഫക്ക് സാധ്യമാവാത്ത സാഹചര്യത്തിലാണ് സുചിന്തിതമായി ഈ കാര്യം നടപ്പിലാക്കിയത്. മദീന, ബസ്വറ, ഈജിപ്ത്, കൂഫ എന്നീ നഗരങ്ങളിൽ യഥാക്രമം അബുദ്ദർദാഅ് (റ), കഅ്‌ബ് ബിനു സൂർ അൽ അസ‌്ദി (റ), ഖൈസ് ബിനു അബിൽ ആസ്വ് (റ), ശുറൈഹ് ബിനു ഹാരിസ് അൽകിന്ദി (റ) തുടങ്ങിയവരെയാണ് ഖാസിമാരായി നിശ്ചയിച്ചത്.

3- സൈനിക രജിസ്‌തർ ഏർപ്പെടുത്തി – ഭരണമേറ്റെടുത്ത് മൂന്നാം വർഷമാണ് ഈ സമ്പ്രദായം തുടങ്ങിയത്.

4- ബൈതുൽമാൽ (പൊതു ഖജനാവ്) വ്യവസ്ഥാപിത രൂപത്തിൽ പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു – ഇസ്‌ലാമിക സാമ്രാജ്യത്തിൻ വിസ്തൃ‌തി വർദ്ധിച്ചപ്പോൾ രാജ്യത്തിന്റെ ധനാഗമന മാർഗ്ഗങ്ങളും വൈവിധ്യമായി. പലരോടും പലവട്ടം ചർച്ച ചെയ്‌ത് വലീദ് ബ്നു ഹിശാമ്‌ ബ്നു മുഗീറ (റ) ഉന്നയിച്ച അഭിപ്രായപ്രകാരമാണ് ബൈതുൽമാൽ സംവിധാനിക്കപ്പെട്ടത്. കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലും, ജില്ലകളിലുമൊക്കെ ബൈതുൽമാൽ നിലവിൽ വന്നു.

5- ശമ്പള, പെൻഷൻ പദ്ധതി നടപ്പിലാക്കി – സൈനിക സേവനം നടത്തിയവരിൽ തന്നെ ബദ്റിൽ പങ്കെടുത്തവർ, ഹിജ്റ ചെയ്‌തവർ, ഖുർആൻ ഹൃദിസ്ഥമാക്കിയവർ തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓരോരുത്തരുടേയും വിഹിതത്തിൽ ഏറ്റക്കുറവ് വരുത്തിയാണ് ശമ്പളവും, പെൻഷനും നൽകപ്പെട്ടിരുന്നത്.

6- സൗജന്യ റേഷൻ വിതരണം – ഒരു ദിവസത്തെ രണ്ടുനേരത്തെ ഭക്ഷണത്തിനാവശ്യമായ ധാന്യങ്ങളും കൂടാതെ സൈതെണ്ണ, സുർക്ക തുടങ്ങിയവയും മാസത്തിൽ നൽകുന്ന സംവിധാനമായിരുന്നു ഇത്. ഓരോ കുടുംബാംഗങ്ങൾക്കും ലഭ്യമായിരുന്നു ഇത്.

7. ശൈശവ പെൻഷൻ – മുലകുടി നിർത്തിയ മക്കൾക്കായിരുന്നു തുടക്കത്തിൽ ഇതു നൽകപ്പെട്ടിരുന്നതെങ്കിലും പിന്നീടൊരു സംഭവത്തിൻ പശ്ചാതലം പരിഗണിച്ച് ജനിച്ചയുടനെ നൽകപ്പെടുന്ന വിധമായി ഉയർന്നു വന്നു. ജനിച്ചയുടനെ 100 ദിർഹമും, വളർന്ന് വലുതായാൽ 200 ദിർഹമും, പ്രായപൂർത്തിയാകുന്നതോടു കൂടി അതിൽ വർദ്ധനവുമുണ്ടാകുന്ന വിധമായിരുന്നു ഈ പദ്ധതി. അനാഥ സംരക്ഷണത്തിന് പ്രത്യേക പാക്കേജും നടപ്പിൽ വരുത്തിയിരുന്നു.

8- കൂഫ, ബസ്വറ, ഫുസ്ത്വാത് തുടങ്ങിയ പുതിയ നഗരങ്ങൾ സംസ്ഥാപിച്ചു. ബൈതുൽമഖ്‌ദിസ് കീഴടക്കി.

ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ രാജ്യത്തിന്റെ ഭരണ സൗകര്യത്തിനായി നടപ്പിൽ വരുത്തിയ ഭരണാധികാരിയായിരുന്നു ഖലീഫ ഉമർ ബ്നുൽ ഖത്താബ് (റ). തപാൽ സമ്പ്രദായം, സെൻസസ്, ലാന്റ് സർവ്വേ, റോഡ് ചുങ്കം, കോടതി, ജയിൽ, ഇമാം, മുഅദ്ദിൻ പദവികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളും അദ്ദേഹം നടപ്പിൽ വരുത്തിയിട്ടുണ്ട്. റമദാനിൽ മാത്രം നിർവ്വഹിക്കപ്പെടുന്ന തറാവീഹ് നിസ്‌കാരം ജമാഅത്ത് സംവിധാനത്തിൽ വ്യവസ്ഥാപിതമായി നടപ്പിൽ വരുത്തിയത് ഉമർ(റ)വാണ്. ഉബയ്യ് ബ്നു കഅ്ബ്(റ)ന്റെ നേതൃത്വത്തിൽ തറാവീഹ് ജമാഅത്തായി നിർവ്വഹിക്കാൻ നിർദ്ദേശിക്കുകയും മറ്റു നഗരങ്ങളിൽ ഇമാമിന്റെ കീഴിൽ തന്നെ നിർവ്വഹിക്കപ്പെടാനുള്ള സംവിധാനം തയ്യാറാക്കാൻ പ്രത്യേകം കത്തുകൾ എഴുതി അറിയിക്കുകയും ചെയ്‌തു.

സോളാർ കലണ്ടറിന് പകരം ചാന്ദ്രിക വർഷപ്രകാരമുള്ള കലണ്ടർ നിർമ്മിക്കപ്പെട്ടത് ഉമർ(റ)ന്റെ കാലത്താണ്. മസ്‌ജിദുൽ ഹറാമിന്റെ ചുറ്റിലുമുണ്ടായിരുന്ന വീടുകൾ വിലക്കുവാങ്ങി ഹറം വിശാലമാക്കിയത് ഹിജ്റ പതിനേഴാം വർഷമായിരുന്നു.

ഭരണാധികാരിക്കും ഭരണീയനും തുല്യനീതി ലഭ്യമായിരിക്കണം എന്ന കർശന ചിന്തയായിരുന്നു ഉമർ(റ)ന്റേത്. ഗവർണർമാരെക്കുറിച്ച് വല്ല പരാതിയും ഉയർന്ന് കേട്ടാൽ ഉടനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആജ്ഞാപിക്കുമായിരുന്നു. എല്ലാ വർഷവും ഹജ്ജിന്റെ ഘട്ടത്തിൽ എല്ലാ ഗവർണർമാരും കേന്ദ്രത്തിലെത്തണമെന്ന് നിർദേശം പുറപ്പെടുവിക്കുകയും ജനമധ്യേ അവർ വിചാരണ നടത്തപ്പെടുകയും ചെയ്യുമായിരുന്നു. ‘യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ഒട്ടകം പരിചരണം ലഭിക്കാതെ കാലിടറിവീണു നഷ്ടപ്പെട്ടാൽ അതിന്റെ പേരിൽ ഞാൻ പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നുവെന്ന്’ പറഞ്ഞവരായിരുന്നു ഖലീഫ ഉമർ (റ).

തുല്യനീതി എന്ന നിയമാതിർത്തി ഭേദിക്കാൻ കുടുംബത്തേയോ സ്വന്തം മക്കളെയോ അനുവദിച്ചിരുന്നില്ല, എന്ന് മാത്രമല്ല, ലംഘനങ്ങൾ ചെയ്യുന്നത് കുടുംബക്കാരാണെങ്കിൽ കൂടുതൽ ശിക്ഷകൾ നൽകിയിരുന്നുവെന്നതും സത്യമാണ്.

തന്റെ ന്യൂനതകൾ പറയുന്നതിനോ വീഴ്‌ചകൾ ചൂണ്ടിക്കാട്ടുന്നതിനോ ഉമർ(റ)ന്റെ കാലത്ത് വിലക്കുണ്ടായിരുന്നില്ല. മാത്രമല്ല, അതിന് വേണ്ടി ജനങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്‌ത ഭരണാധിപനാണ് അദ്ദേഹം. “ഞാൻ നല്ലത് പ്രവർത്തിക്കുമ്പോൾ നിങ്ങൾ എന്നെ സഹായിക്കുക, നേരിൽ നിന്ന് വ്യതിചലിക്കുമ്പോൾ എന്നെ ശരിയാക്കുക” എന്ന് ഒരു വേള പറഞ്ഞ ഖലീഫയോട് സദസ്സിന്റെ മൂലയിലിരുന്നിരുന്ന ഒരാൾ പറഞ്ഞു: “താങ്കളിൽ വല്ല വക്രതയും കണ്ടാൽ ഈ വാള് കൊണ്ട് ഞങ്ങൾ ശരിപ്പെടുത്തും” കേട്ട മാത്രയിൽ ഉമർ അല്ലാഹുവിനെ സ്തിക്കുകയുണ്ടായി. പുരുഷൻമാർ സ്ത്രീകൾക്ക് നൽകേണ്ട മഹ്റ് അധികമായിപ്പോകുന്നുവെന്ന പരാതി ഉയർന്നപ്പോൾ അതിന് പരിധി നിശ്ചയിക്കാൻ തുനിഞ്ഞ ഖലീഫയെ തിരുത്തിയത് ഒരു സ്ത്രീയായിരുന്നുവല്ലോ!! 

ഉമർ(റ)ന്റെ ഭരണ കാലത്ത് ഹിംസ്വിലെ ഗവർണറായിരുന്ന സഈദ്‌ ബ്‌നു ആമിർ  അൽജുമഹി(റ)നെ സംബന്ധിച്ച് ഖലീഫക്ക് നാല് പരാതികൾ ലഭിച്ചു. പകൽ സമയത്ത് ഉച്ചക്ക് ശേഷമല്ലാതെ അദ്ദേഹത്തെ ഞങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, രാത്രി സമയം പരാതി പറയാൻ അദ്ദേഹത്തെ ലഭിക്കുന്നില്ലെന്നും, മാസത്തിൽ ഒരു ദിവസം തീരെ പുറത്തിറങ്ങാറില്ലെന്നും ചിലപ്പോഴൊക്കെ ബോധക്ഷയം സംഭവിക്കാറുണ്ടെന്നുമായിരുന്നു പരാതികൾ. ജനങ്ങൾക്കിടയിൽ വെച്ച് തന്നെ ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാൻ ഖലീഫ തീരുമാനിച്ചു. ഓരോ കാര്യത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഉച്ചക്ക് ശേഷം വെളിയിലിറങ്ങുന്നതിനെ സംബന്ധിച്ച് മടിച്ചാണെങ്കിലും സഈദ് (റ) ഇങ്ങനെയാണ് പറഞ്ഞത് ‘വീട്ടിൽ സേവകനില്ലാത്തത് കൊണ്ട് ഭക്ഷണം സ്വന്തമായിട്ടാണ് പാചകം ചെയ്യാറ്. മാവ് കുഴച്ച് അത് റൊട്ടിയാക്കാൻ പാകമായ ശേഷം റൊട്ടിയാക്കി വേവിച്ച് കഴിഞ്ഞ് വുളൂഅ് ചെയ്ത് പുറത്ത് വരുമ്പോഴേക്ക് സമയം ഉച്ചയായിട്ടുണ്ടാകും’ രാത്രി നേരം പരാതി കേൾക്കാനിരിക്കാത്തതിന് കാരണം ‘പകൽ ജനങ്ങളുടെ ആവശ്യത്തിന് ഞാൻ സമയം കണ്ടെത്തുന്നു. രാത്രിയെങ്കിലും എന്റെ നാഥനു മുന്നിൽ സമയം ചിലവഴിക്കട്ടെ എന്ന് തീരുമാനിച്ചാണ്.’ മാസത്തിൽ ഒരു ദിവസം തീരെ പുറത്തിറങ്ങാത്തതിന് കാരണമായി പറഞ്ഞത് ‘ഞാൻ ധരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രം എനിക്കില്ല. ധരിച്ചത് അലക്കാൻ ഒരു സേവകനുമില്ല. ഞാൻ വസ്ത്രം അലക്കി അത് ഉണങ്ങും വരെ വീട്ടിൽ തനിച്ചിരിക്കും. അത് ഉണങ്ങിക്കഴിഞ്ഞ് ധരിച്ച് മാത്രമേ വെളിയിലി റങ്ങാനാവൂ’, നാലാമത്തെ പരാതിയുടെ മറുപടിയിങ്ങനെയായിരുന്നു ‘മഹാനായ ഖുബൈബ് (റ) കഴുമരത്തിലേറ്റപ്പെടുന്ന സന്ദർഭം ഇടക്കിടെ എന്റെ മനോമുഖരങ്ങളിൽ മിന്നിത്തെളിയും. അന്ന് അവിശ്വാസിയായിരുന്ന ഞാൻ അദ്ദേഹത്തെ സഹായിക്കാതിരുന്നത് അല്ലാഹു എനിക്ക് പൊറുക്കില്ലയോ എന്ന ചിന്ത എന്റെ ബോധം തന്നെ നഷ്ടപ്പെടുത്തും.’ ഇത് കേട്ട ഉമർ ഇത്ര നല്ല മതഭക്തനെയാണല്ലോ ഞാൻ ഗവർണറാക്കിയത് എന്നാലോചനയിൽ സന്തുഷ്ടനായി.

ഈജിപ്ത‌ിന്റെ ഗവർണറായിരിക്കെ അംറു ബ്‌നുൽ ആസ്വ്(റ)നെ സംബന്ധിച്ച് ചില പരാതികൾ ഖലീഫക്ക് ലഭിച്ചു. അതിലെല്ലാം ഖലീഫ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുമുണ്ട്. ഒരിക്കൽ അംറു ബ്നുൽ ആസ്വി(റ)ന്റെ പുത്രനും തദ്ദേശീയനായ ഒരു പൗരനും ഓട്ടമത്സരം നടത്തി; ആ വ്യക്തി വിജയിച്ചു. അതിൽ രോഷാകുലനായ ഗവർണർ പുത്രൻ എതിരാളിയെ ചാട്ടവാർ കൊണ്ട് പ്രഹരിച്ചു. ഈ വിഷയം ഖലീഫയുടെ അടുക്കൽ പൗരൻ പരാതിയായി ബോധിപ്പിച്ചു. ഉടൻ ഈജിപ്തിലെ ഗവർണറോട് പുത്രനുമായി മദീനയിലെത്താൻ പറഞ്ഞു. എത്തിയ ഉടനെ ഖലീഫ പരാതിക്കാരനോട് ഗവർണറുടെ മകനെ അടിക്കാൻ പറഞ്ഞു. വേണ്ടുവോളം അടിച്ച ഈജിപ്ത‌ിയോട് പറഞ്ഞു: “ഉമർ ഇനി വേണമെങ്കിൽ അംറിനേയും നിങ്ങൾക്ക് അടിക്കാം. ആരും അത് ചോദ്യം ചെയ്യില്ല.” വേണ്ടെന്ന് ആ മനുഷ്യൻ പറഞ്ഞു. അപ്പോൾ ഉമർ (റ) തന്റെ ഗവർണറോട് ചോദിച്ച ഒരു വാക്യം ചരിത്ര രേഖയായിക്കാണാം “എന്ന് മുതലാണ് നിങ്ങൾ ജനങ്ങളെ അടിമകളായി കാണാൻ തുടങ്ങിയത് !?, അവരുടെ മാതാക്കൾ അവരെ സ്വതന്ത്രരായിത്തന്നെയാണ് പ്രസവിച്ചിട്ടുള്ളത്.”

തന്റെ ഭരണീയരിൽ ആരെങ്കിലും അവർക്ക് ലഭിക്കേണ്ട അവകാശം കിട്ടാത്തതിന്റെ പേരിൽ താൻ പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന ഭയം ഉമറി(റ)നെ മദിച്ചുകൊണ്ടിരുന്നു. തന്റെ അധികാര പരിധിയിൽ നിശയുടെ നിശബ്ദ‌തയിൽ സഞ്ചരിച്ച് പ്രജകളുടെ ക്ഷേമായ്ശ്വര്യം അന്വേഷിക്കാൻ രണ്ടാം ഖലീഫക്ക് പ്രേരണയായതും റബ്ബിനെ കുറിച്ചുള്ള ഭയം തന്നെ. ആത്മാർത്ഥതയും തഖ്‌വയും ഇന്ധനമായി വർത്തിച്ച ഉമർ(റ)ന്റെ ഈ ഭരണത്തെ കുറിച്ച് കരുണാർദ്രമായിരുന്നുവെന്ന് ഇബ്‌നു മസ്ഊദ് (റ) പറയുകയുണ്ടായി: “ഉമറിന്റെ ഇസ്‌ലാമാശ്ലേഷണം (ഇസ്‌ലാമിന്) വിജയവും അദ്ദേഹത്തിന്റെ പലായനം സഹായവും ഭരണം അനുഗ്രഹവുമായിരുന്നു.”

വളരെ ലളിതമായി ജീവിച്ച്, ഉത്തരവാദിത്വം അലങ്കാരമായിക്കാണാതെ അമാനത്തായി കൊണ്ട് നടന്ന ആ മനീഷി സുബ്ഹി നിസ്‌കാരത്തിന് നേത്യത്വം നൽകവെയാണ് അബൂലുഅ്‌ലുഅത് എന്ന മജൂസിയുടെ കുത്തേറ്റ് വീണതും പിന്നീട് മരണം പുൽകിയതും. തന്റെ ശേഷം ഭരണത്തലവനായി ഒരു വ്യക്തിയെ തിരഞ്ഞെടുക്കാതെ ഖലീഫയെ തിരഞ്ഞെടുക്കാൻ ഇസ്‌ലാമിന് സേവനമർപ്പിച്ച, സ്വർഗ്ഗസ്ഥരെന്ന് സുവാർത്ത നൽകപ്പെട്ട പത്ത് പേരിൽ ആറാളുകളെ ചുമതലപ്പെടുത്തുകയാണ് അദ്ദേഹം ചെയ്‌തത്.

ഉസ്‌മാനുബ്‌നു അഫ്ഫാൻ (റ) (ഹി: 24-35/ക്രി: 645-655)

ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ഉസ്‌മാനുബ്നു അഫ്‌ഫാൻ (റ) ദുന്നൂറൈനി (ഇരട്ടവെളിച്ചത്തിന്നുടമ), ഉസ്‌മാനുൽഗനി (ധനഢ്യനായ ഉസ്‌മാൻ) എന്ന പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിലേക്ക് നേരത്തെ ആഗതനായി. നബി(സ്വ)യുടെ രണ്ടു പുത്രിമാരെ വിവാഹം ചെയ്യാൻ സൗഭാഗ്യമുണ്ടായ അദ്ദേഹം സമ്പത്ത് കൊണ്ട് ഇസ്‌ലാമിനെ സഹായിച്ച് സ്വർഗ്ഗം നേടിയവരാണ്. ലജ്ജയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.

ഉമർ ബ്‌നുൽ ഖത്വാബ് (റ) തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി വിജയങ്ങൾ നേടുകയും രാഷ്ട്രത്തിന്റെ വിസ്തൃതി വർദ്ധിക്കുകയും ചെയ്‌തു. പടിഞ്ഞാറ് ഉത്തരാഫ്രിക്കയിൽ ലിബിയ, തുനീഷ്യ, അൾജീരിയ, മൊറോക്കോയിലെ ത്വഞ്ജ വരെയുള്ള രാജ്യങ്ങളും, കിഴക്ക് ഇറാനും ഇറാനോട് ചേർന്ന് കിടക്കുന്ന ഖുറാസാൻ അഫ്‌ഗാൻ- ഗസ്‌ന വരെയും തുർക്കിസ്ഥാനിന്റെ ഒരു ഭാഗവും, വടക്ക് അർമീനിയയും ജോർജിയയും അസർബൈജാനും ജയിച്ചടക്കി കോക്കസസ് പർവ്വതനിരകൾ വരെ അദ്ദേഹം വിസ്തൃതപ്പെടുത്തി. അവസാനത്തെ പേർഷ്യൻ രാജാവായ യസ്ദഗിർദ് കൊല്ലപ്പെടുന്നതും ഉസ്‌മാൻ(റ)ന്റെ കാലത്താണ്. കാലാനുസൃതമായി മസ്ജിദുൽ ഹറാമും മസ്ജിദുന്നബവിയും വിശാലമാക്കാനും ഉസ്‌മാൻ (റ) ശ്രദ്ധിച്ചിരുന്നു.

നാവികാസേനാ രൂപീകരണം, സിദ്ദീഖ്(റ)ന്റെ കാലത്ത് ക്രോഡീകരിച്ച ഖുർആൻ കോപ്പിയെടുത്ത് മുസ്‌ലിം രാജ്യങ്ങളിലേക്ക് അയച്ചു കൊടുത്ത് ഖുർആൻ പാരായണം ഏകീകരിക്കുക തുടങ്ങിയ സംഭാവനകൾ ഉസ്‌മാൻ(റ)ന്റെതാണ്. റോഡുകളും പാലങ്ങളും സത്രങ്ങളും ധാരാളമായി നിർമ്മിക്കപ്പെട്ടതും എടുത്ത് പറയേണ്ടത് തന്നെ.

ഉമർ(റ)ന്റെ കാലത്ത് സിറിയൻ ഗവർണറായിരുന്ന മുആവിയ (റ) നാവികസേനാ പദ്ധതി മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ഉമർ (റ) അതിന് അനുമതി നൽകിയില്ല. റോമക്കാർ ഈജിപ്ത‌്, സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിഷ്‌കാസിതരായിരുന്നുവെങ്കിലും ശക്തമായ അവരുടെ നാവികപ്പടയുപയോഗിച്ച് ഉഗ്രമായ തിരിച്ച് വരവിന് ശ്രമങ്ങളാരംഭിച്ചിരുന്നു. ഇതിന് തടയിടാനാണ് മുആവിയ (റ) ആ പദ്ധതി സമർപ്പിച്ചത്. ഉസ്‌മാൻ (റ) തന്റെ കാലത്ത് ഈ പദ്ധതിക്ക് പച്ചക്കൊടി വീശി. മുആവിയ(റ)വിന്റെ നേതൃത്വത്തിൽ നല്ലൊരു നാവികപ്പട രൂപീകരിക്കപ്പെട്ടു. സിറിയൻ തീരത്ത് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതോടൊപ്പം സൈപ്രസ് ദ്വീപ് റോമക്കാരിൽ നിന്ന് മോചിപ്പിക്കാനും ഇത് വഴി മുആവിയ(റ)ന് സാധിച്ചു.

സിദ്ദീഖ്(റ)ന്റെ കാലത്ത് ഖുർആൻ ക്രോഡീകരിക്കപ്പെട്ടുവെങ്കിലും അതിന്റെ കോപ്പി വ്യാപകമായി വിതരണം ചെയ്യപ്പെട്ടില്ല. ഖുർആനിലെ ചില പദങ്ങൾ വ്യത്യസ്‌ത രൂപത്തിൽ എഴുതാനും വായിക്കാനും സാധിക്കുന്നത് കൊണ്ട് സ്വഹാബികളിൽ പലരും ഖുർആനിലെ വാക്കുകൾ വ്യത്യസ്തമായി എഴുതുകയും വായിക്കുകയും ചെയ്തു. ഈ വൈവിധ്യം നബി (സ്വ) അംഗീകരിച്ചതു തന്നെയായിരുന്നു.

അനറബികൾ ഇസ്‌ലാമിലേക്ക് കൂടുതലായി കടന്നു വരികയും രാഷ്ട്രാതിർത്തി കൂടുതൽ വികസിക്കുകയും ചെയ്‌തപ്പോൾ പല നാട്ടുകാരും ഖുർആൻ പാരായണത്തിൽ അവരുടെ ഗുരുനാഥരുടെ പാരായണം മാത്രമാണ് ശരിയെന്ന് വാദിക്കാൻ തുടങ്ങി. ഇത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് ശങ്കിച്ച ഹുദൈഫതു‌ബ്നുൽ യമാൻ (റ) പലരോടും തന്റെ ആശങ്ക പങ്കുവെച്ചു. ഇതറിഞ്ഞ ഉസ്‌മാൻ (റ) വിഷയം മദീനക്കാരെ വിളിച്ച് ചർച്ച ചെയ്‌തു ഭിന്നിപ്പ് അവസാനിപ്പിക്കണമെന്ന് ഏകാഭിപ്രായത്തിലെത്തി. ഹഫ്സ (റ) സൂക്ഷിച്ചിരുന്ന ഖുർആൻ പതിപ്പ് കൊണ്ട് വന്ന് സൈദ്ബ്‌നുസാബിത്(റ)ന്റെ നേതൃത്വത്തിൽ നാലംഗ സംഘത്തെ പകർത്താൻ നിയമിച്ചു. ഓരോ രാജ്യങ്ങളിലേക്കും അതിന്റെ കോപ്പി അയച്ചു ബാക്കിയുള്ളതെല്ലാം കരിച്ചു കളയാൻ ഓർഡിനൻസിറക്കി ഈ വലിയ പ്രതിസന്ധി വിജയകരമായി തരണം ചെയ്‌തു.

അദ്ദേഹത്തിന്റെ കാലത്ത് മക്കയിൽ അലാഇബ‌്നു ഹള്റമി(റ)വും, ത്വാഇഫിൽ ഖാസിം ബിൻ റബീഅതുസ്സഖഫി(റ)വും, സൻആഇൽ യഅ്‌ലബ് ബ്നു മുൻയ(റ)വും, ബസ്വറയിൽ അബ്‌ദുല്ലാഹിബ്നു ‌ആമിർ(റ)വും കൂഫയിൽ അബൂ മുസൽ അശ്അരി(റ)വും ഈജിപ്തിൽ അബ്‌ദുല്ലാഹിബ്നു സഅദ്ബ്നു അബീസർഹ്(റ)വും ശാമിൽ മുആവിയ(റ)വുമായിരുന്നു ഭരണ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

ഉസ്മ‌ാൻ(റ)ന്റെ അവസാന കാലവും അന്ത്യവും ഇസ്‌ലാമിക ചരിത്രത്തിൽ കറുത്ത അധ്യായങ്ങളായി നിലനിൽക്കുന്നു. എങ്കിലും ആ ഘട്ടത്തിലെല്ലാം ഖലീഫയായിരുന്ന അദ്ദേഹം സ്വീകരിച്ച നിലപാടുകൾ നീതിമാനും, ഭക്തനുമായ ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന ബോധ്യം സമൂഹത്തിന് പകർന്നു നൽകുന്നുണ്ട്.

അന്യായമായി തനിക്കെതിരെ വാളോങ്ങി മദീനയുടേയും റൗളയിൽ കിടക്കുന്ന മുത്ത്നബിയുടേയും നബിയുടെ പ്രതിനിധിയായ ഖലീഫയുടേയും പവിത്രത മാനിക്കാതെ പ്രശ്ന‌മുണ്ടാക്കുകയെന്ന ഏക ലക്ഷ്യത്തിൽ മുന്നോട്ട് വന്ന അക്രമികളെ ചെറുത്ത്  തോൽപ്പിക്കാൻ മുന്നോട്ട് വന്ന സ്വഹാബികളെയും, ശത്രുക്കൾക്കെതിരെ വാളൂരി നിൽക്കുന്ന തന്റെ അടിമകളെ വാൾ ഉറയിലിട്ടാൽ നിങ്ങൾ സ്വതന്ത്രരാണെന്ന് പറഞ്ഞ് പ്രതിരോധത്തിൽ നിന്ന് പിന്തിരിപ്പിച്ച ഖലീഫയാണ് ഉസ്‌മാൻ (റ). തനിക്കെതിരെ ന്യായമായി വരുന്നവരെപ്പോലും അധികാരവും ശക്തിയുമപയോഗിച്ച് അടിച്ചമർത്തുന്ന ഭരണാധികാരികളിൽ നിന്ന് ഖലീഫമാർ വ്യത്യസ്ത‌രാകുന്നതിവിടെയാണ്. താൻ കാരണം ഒരാളുടേയും രക്തം ഭൂമിയിൽ ഇറ്റിവീഴരുതെന്ന ദൃഢനിശ്ചയമാണ് ഈ നിലപാടിലേക്ക് ഉസ്മാ(റ)നെ കൊണ്ടെത്തിച്ചത്. മസ്‌ജിദുന്നബവിയിൽ നിസ്‌കാരവും പൊതു കിണറിൽ നിന്ന് വെള്ളവും തടഞ്ഞിട്ടുപോലും തന്റെ നിലപാടിൽ അദ്ദേഹം അയവ് വരുത്തിയില്ല. അവസാനം ദുൽഹിജ്ജ 18 ന് വെള്ളിയാഴ്ച്‌ച നോമ്പുകാരനായി, ഖുർആൻ ഓതിക്കൊണ്ടിരിക്കെയാണ് ശഹീദാകുന്നത്. പന്ത്രണ്ട് വർഷമായിരുന്നു ആ ഭരണകാലം. ഹിജ്റ 23 ൽ തുടങ്ങി ഹിജ്റ 35 ൽ ആ കാലം അവസാനിച്ചു.