അലിയ്യുബ്നു അബീ ത്വാലിബ് (റ) (ഹി: 35-40/ ക്രി: 655-660)
ഉസ്മാൻ (റ) ശഹീദായതിന് ശേഷം ഖലീഫ ആരായിരിക്കണമെന്ന അനിശ്ചിതത്വം തുടർന്നു. വിപ്ലവകാരികൾ ഖിലാഫത് ഏറ്റെടുക്കാൻ ത്വൽഹ (റ), സുബൈർ (റ), അലി (റ) തുടങ്ങിയ പലരേയും നിർബന്ധിച്ചെങ്കിലും അവരാരും അത് സ്വീകരിക്കാൻ തയ്യാറായില്ല. ഈ മൂന്ന് പേരും സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോൾ സബഇകൾ സഅദ്ബ്നു അബീവഖാസ്(റ)നേയും, ശേഷം ഇബ്നു ഉമറി(റ)നേയുമൊക്കെ സമീപിച്ചു. അവരും സമ്മതിക്കുന്നില്ലെന്ന ഘട്ടമായപ്പോൾ പരിഭ്രാന്തരായ സബഇകൾ മദീനക്കാരോട് പറഞ്ഞു: മദീനാ വാസികളെ, ആരാണ് ഖലീഫയാകേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ തീരുമാനം എല്ലാവരും അംഗീകരിക്കും. നിങ്ങൾ ഒരാളെ കണ്ടെത്തുക. ഞങ്ങൾ നിങ്ങളെ പിന്തുണക്കും.’ ഭൂരിപക്ഷം അൻസ്വാറുകളും അലി(റ)യെ പിന്തുണച്ചു. അവർ അദ്ദേഹത്തോട് നിജസ്ഥിതി ബോധ്യപ്പെടുത്തി. ആദ്യം വിസമ്മതിച്ച അലി(റ)യെ അവർ നിർബന്ധിച്ചു. അന്നേരം ഇങ്ങനെ പറഞ്ഞു: ‘ഞാൻ സമ്മതിക്കുന്നു. പക്ഷെ, ഒരു കാര്യമുണ്ട്. ഞാൻ ഖലീഫയായി തിരഞ്ഞെടുക്കപ്പെടുകയാണങ്കിൽ എന്റെ അറിവ് അനുസരിച്ച് ഭരണകാര്യങ്ങൾ ഞാൻ നടപ്പിലാക്കും. അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരിക്കും. ഇല്ലെങ്കിൽ ഞാൻ നിങ്ങളിൽ ഒരുവൻ മാത്രം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഖലീഫയെ ഞാൻ പൂർണ്ണമായി അംഗീകരിക്കും.’ അങ്ങിനെ ത്വൽഹ (റ), സുബൈർ (റ) തുടങ്ങിയവരടക്കം അലി (റ) ഖലീഫയായി ബൈഅത് ചെയ്തു.
നബി(സ്വ)യുടെ പിതൃസഹോദര പുത്രനായ അലി (റ) ചെറുപ്പത്തിലേ നബി(സ്വ)യുടെ സംരക്ഷണത്തിൽ വളരുകയും വളരെ നേരത്തെ ഇസ്ലാം സ്വീകരിക്കാൻ സൗഭാഗ്യം സിദ്ധിച്ചയാളുമായത് കൊണ്ട് അജ്ഞതാകാലത്തെ അന്ധവിശ്വാസങ്ങൾ കൊണ്ട് ഹൃദയം മലിനപ്പെടാത്ത വ്യക്തിത്വമായിരുന്നു. ജനങ്ങൾക്കിടയിൽ വിശ്വസ്തനായി ജീവിച്ച അലി(റ)യെ അല്ലാഹുവും റസൂലും തൃപ്തിപ്പെട്ടിരുന്നുവെന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട്. തന്റെ കരളിൻ കഷ്ണമെന്ന് മുത്ത്നബി (സ്വ) വിശേഷിപ്പിച്ച ഫാത്വിമതുസ്സഹ്റ(റ)യെ വിവാഹം ചെയ്ത് കൊടുത്തതും അഹ്ലുബൈതിൽ പെട്ടതും ഹിജ്റ പോയപ്പോൾ വിരിപ്പിൽ കിടത്തിയതും ഖൈബർ യുദ്ധത്തിൽ പതാകവാഹകനാക്കിയതും ജ്ഞാനലോകത്തിന്റെ കവാടമെന്ന് വിശേഷിപ്പിച്ചതുമെല്ലാം ചില സൂചനകൾ മാത്രം.
അഗാധജ്ഞാനിയായിരുന്ന അലി (റ) മുൻ ഖലീഫമാരുടെ കാലത്ത് പ്രത്യേക ഉപദേഷ്ടാവായിരുന്നു. ഭാഷാ സാഹിത്യത്തിലും, കലാകായിക രംഗത്തും അദ്യുതീയനായ അലി (റ) വ്യക്തി വിശുദ്ധിയും കാത്തു സൂക്ഷിച്ചുപോന്നു.
ഉമർ (റ) നടപ്പിൽ വരുത്തിയ ഭരണരീതി പിന്തുടരണമെന്ന് തീരുമാനിച്ച അലി(റ)വിന്, ഉസ്മാൻ(റ)ന്റെ കാലത്ത് തുടക്കം കുറിച്ച വിഘടനവാദങ്ങൾ വലിയ വിഘാതമായി മാറി. സാമ്പത്തിക നയങ്ങളിൽ കണിശത പുലർത്തിയ അദ്ദേഹത്തിന് കുടുംബാംഗങ്ങളിൽ നിന്ന് പോലും എതിരഭിപ്രായമുയരുകയും അവരിൽ ചിലർ മുആവിയക്ക് കൂടെ നിൽക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
തനിക്ക് ദോഷമായി ഭവിക്കുമെന്നുറപ്പുണ്ടായിട്ടും ശരിയെന്ന് ബോധ്യപ്പെട്ട കാര്യങ്ങളിൽ നിന്ന് അണുവിട പിന്നോട്ടു പോവാൻ തയ്യാറായിരുന്നില്ല. ഉസ്മാൻ(റ)ന്റെ കാലത്ത് പല ഗവർണർമാർക്കെതിരെയും ആക്ഷേപമുയർന്നപ്പോൾ അവരെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടങ്കിലും അത് നടക്കാതെ പോയി. താൻ ഖലീഫയായി അവരോധിക്കപ്പെട്ടപ്പോൾ ആ ഗവർണർമാരെ മാറ്റുന്ന നടപടികളാരംഭിച്ച അദ്ദേഹത്തെ, കലുഷ സാഹചര്യം പരിഗണിച്ചെങ്കിലും അൽപം സാവകാശം കാണിക്കണമെന്ന് പലരും പറഞ്ഞെങ്കിലും അദ്ദേഹം പിൻമാറിയില്ല. മുആവിയ അടക്കമുള്ള പരിണിതപ്രജ്ഞരായ ഗവർണർമാരെപ്പോലും സ്ഥാന ഭ്രഷ്ടനാക്കിയുള്ള കത്ത് അദ്ദേഹം അയച്ചു. വിശ്വസ്ത സഹായികൾക്കെതിരെ ആരോപണമുയർന്നപ്പോൾ അവരെ വിളിച്ചു ചോദ്യം ചെയ്യാനും അദ്ദേഹം മടികാണിച്ചില്ല.
ഉമർ(റ)ന്റെ കാലത്തും ഉസ്മാൻ(റ)ന്റെ ആരംഭഘട്ടത്തിലും നിലനിന്നിരുന്ന ആഭ്യന്തര ഭദ്രതയും ഐക്യബോധവും അലി(റ)വിന്റെ കാലത്തുമുണ്ടായിരുന്നുവെങ്കിൽ ഇസ്ലാമിക രാഷ്ട്രങ്ങളുടെ രാജ്യാതിർത്തികൾ ഭൂപടത്തിൽ ഏറെ മാറിമറിയുമായിരുന്നു. ഉസ്മാൻ(റ)ന്റെ വഫാതിന് ശേഷം ഉടലെടുത്ത പ്രത്യേക സാമൂഹിക സ്ഥിതി വിശേഷവും ഖവാരിജുകൾ, സബഇകൾ തുടങ്ങിയ അവാന്തര വിഭാഗങ്ങളും പുതിയ രാജ്യങ്ങൾ കീഴടക്കുന്നതിനും മറ്റും പ്രശനമായി നിലകൊണ്ടു. തന്റെ കാലത്തുണ്ടായ ജമൽ, സ്വിഫ്ഫീൻ തുടങ്ങിയ യുദ്ധങ്ങൾ നടക്കാതിരിക്കാൻ ആവതു ശ്രമിച്ച അലി (റ) യുദ്ധത്തിൻ കെടുതികൾ കുറക്കാനും ശ്രമിച്ചതായിക്കാണാം.
നീതിയും സത്യവും പുലരണമെന്ന ആഗ്രഹമുള്ള ഖലീഫ കോടതികളെ ബഹുമാനിക്കുകയും പക്ഷമില്ലാതെ സത്യസന്ധമായി വിധി പറയുന്ന ജഡ്ജിമാരെ പ്രശംസിക്കുകയും ചെയ്തു. ഒരിക്കൽ തന്റെ അങ്കി നഷ്ടപ്പെട്ട കേസിൽ ഖലീഫക്ക് തന്നെ കോടതി കയറേണ്ടി വന്നു. തന്റെ രാഷ്ട്രത്തിൽ ജിസ്യ നൽകി ജീവിച്ചിരുന്ന ഒരു കൃസ്ത്യാനിയായിരുന്നു പ്രതി. കോടതിയിൽ ഖാസി ശുറൈഹിന്റെ മുന്നിൽ അലി(റ)വിന് കൃത്യമായ തെളിവ് ബോധ്യപ്പെടുത്താൻ സാധിക്കാത്തതിന്റെ പേരിൽ കൃസ്ത്യാനിക്ക് അനുകൂലമായി വിധി വന്നു. വിധിയെ സ്വാഗതം ചെയ്ത് പുഞ്ചിരി തൂകി ‘വളരെ നല്ല നിലപാടാണ് ഖാസിയുടേതെന്ന്’ പറഞ്ഞ് ഖലീഫ കോടതിയിൽ നിന്നിറങ്ങി. എല്ലാം കഴിഞ്ഞിറങ്ങിയ കൃസ്ത്യൻ സഹോദരൻ അൽപം കഴിഞ്ഞ് തിരിച്ച് വന്ന് ശഹാദത് ചൊല്ലി ഇസ്ലാം സ്വീകരിച്ചു.
അലി(റ)ന്റെ കാലത്തുണ്ടായ സുപ്രധാന ചുവടുവെപ്പുകളിൽ ശ്രദ്ധേയമായ ഒന്നാണ് അറബി വ്യാകരണ ക്രോഡീകരണം. അറബി ഭാഷയിൽ അപകടകരമായ വായനാ രീതിയെല്ലാം ഉയർന്നു വന്ന സാഹചര്യത്തിൽ അബുൽ അസ്വദു ദ്ദുവലി(റ)യെ സുപ്രധാന നിയമങ്ങൾ പഠിപ്പിച്ചു കൊടുത്ത് നഹ്വിന്റെ നിയമങ്ങൾ സമാഹരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അറബി ഭാഷക്ക് ഇത് വഴി അലി (റ) നൽകിയ സേവനവും ഖുർആനിനും ഹദീസിനും ലഭിച്ച സംരക്ഷണവും സുവിദിതമാണ്.
അലി(റ)ന്റെ ഖിലാഫത് അഞ്ച് വർഷത്തോളമായിരുന്നു നിലനിന്നത്. അക്കാലത്ത് നടന്ന, സ്വഹാബികൾക്കിടയിലെ പ്രശ്നങ്ങളെ നാം മുടിനാരിഴകീറി പരിശോധിക്കരുതെന്നാണ് പണ്ഡിതമതം. ‘എന്റെ അനുയായികളെ കുറിച്ചുള്ള (മോശം) പരാമർശങ്ങൾ നിങ്ങൾ ഒഴിവാക്കണം’ എന്ന തിരു വചനമാണിതിന്റെ ആധാരം. മുൻഗാമികൾ ഈ വിഷയത്തിൽ നമുക്ക് മാതൃകയാണ്. ഉമറുബ്നു അബ്ദിൽ അസീസ് (റ) സ്വഹാബികൾക്കിടയിലെ യുദ്ധങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പ്രതികരിച്ചതിപ്രകാരമാണ്: “ആ രക്തത്തിൽ നിന്ന് എന്റെ കരങ്ങൾ അല്ലാഹു ശുദ്ധമാക്കിയിട്ടുണ്ട്. എന്റെ നാവും അതിൽ നിന്ന് മുക്തമാവുകയല്ലേ വേണ്ടത്. നബി(സ്വ)യുടെ അനുചരർ കണ്ണു പോലെയാണ്. കണ്ണുകൾ രോഗാതുരമാകുമ്പോൾ സ്പർശനം തടയലാണതിന്റെ ചികിത്സ.” ഹസനുൽ ബസ്വരി(റ)വും മറ്റു പ്രമുഖരുമെല്ലാം ഈ വിഷയത്തിൽ മൗനം ദീക്ഷിച്ചിരിക്കുകയാണ്.
ഹസനുബ്നു അലിയ്യ് (റ)
അലി(റ)ന്റെ കാലശേഷം അവരുടെ പ്രഥമ പുത്രൻ ഹസൻ(റ)വാണ് ഖിലാഫതിൽ അവരോധിതനായത്. കൂടുതൽ കാലം ആ പദവിയിൽ ഇരുന്നില്ലെങ്കിലും ഏറ്റവും വലിയ അപകടത്തിൽ നിന്ന് മുസ്ലിം സമുദായത്തെ രക്ഷപ്പെടുത്തിയ നേതാവാണദ്ദേഹം. ഹിജ്റ മൂന്നാം വർഷം റമദാൻ 15 ന് മദീനയിൽ ജനിച്ച അവർ പിതാമഹനോട് കൂടുതൽ സാദൃശ്യമുള്ള വ്യക്തിത്വമായിരുന്നു. ചെറുപ്പത്തിൽ ഹസൻ(റ)വിനെ സംബന്ധിച്ച് നബി (സ്വ) പറഞ്ഞതിപ്രകാരമാണ്: “എന്റെ ഈ മകൻ നേതാവാണ്. അവൻ മുഖേന സത്യവിശ്വാസികളിലെ വലിയ രണ്ട് വിഭാഗങ്ങൾക്കിടയിൽ അല്ലാഹു രഞ്ജിപ്പ് ഉണ്ടാക്കും.”
അലി(റ)ന് ശേഷം കൂഫക്കാർ ഹസൻ(റ)വിനെ ഖലീഫയായി ബൈഅത് ചെയ്തു. അതി സൂക്ഷ്മതയും വിട്ടുവീഴ്ചാമനോഭാവവും വെച്ചുപുലർത്തിയ അദ്ദേഹം അധികാരവും ആഢംബരവും ത്യജിക്കാൻ ജാഗ്രതപുലർത്തി. ‘അധികാരത്തിന് വേണ്ടി മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിന്റെ ഒരു തുള്ളി രക്തം പോലും ചിന്താൻ ഞാനിഷ്ടപ്പെടുന്നില്ല’ എന്ന് എപ്പോഴും പറയുമായിരുന്നു.
ഖലീഫയായി അവരോധിതനായി ഇറാഖ്, ഖുറാസാൻ, ഹിജാസ്, യമൻ തുടങ്ങിയ പ്രദേശങ്ങളുടെ ഭരണാധികാരിയായി ഏകദേശം ആറുമാസം അദ്ദേഹം തുടർന്നു. മുആവിയ(റ)വിന്റെ സൈന്യം ഇറാഖിലേക്ക് ഹസൻ(റ)വുമായി ഏറ്റുമുട്ടാൻ വരുന്നുണ്ടെന്ന വിവരമറിഞ്ഞപ്പോൾ സാഹചര്യങ്ങളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ഖൈസ്ബ്നു സഅദ്ബ്നു ഉബാദ(റ)യുടെ നേതൃത്വത്തിൽ 12000 സൈന്യവുമായി പുറപ്പെട്ടു.
യുദ്ധയാത്രയിലുടനീളം ഹസൻ(റ)വിന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു. ഏത് വിഭാഗം പരാജയപ്പെട്ടാലും കൊല്ലപ്പെടുന്നത് മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തായിരിക്കുമല്ലോ. അത് കൊണ്ട് തന്നെ യുദ്ധം ഒഴിവാക്കാൻ പരമാവധി ആലോചിക്കുകയും മുആവിയ(റ)വുമായി കത്തിടപാടുകൾ നടത്തുകയും ചെയ്തു. തന്റെ അധികാരം വിട്ട് കൊടുത്ത് വിട്ട് വീഴ്ച ചെയ്യാൻ തയ്യാറായ അദ്ദേഹം ഈ വിഷയത്തിൽ തന്റെ സൈന്യത്തിന്റെ നിലപാട് കൂടിയറിയാൻ അവരോട് അഭിമുഖമായി നിന്ന് ഉജ്വലമായ ഒരു പ്രഭാഷണം നടത്തി. ‘അല്ലാഹുവാണേ, ശാമുകാരോട് യുദ്ധം ചെയ്തതിൽ ദുഃഖമോ, യുദ്ധം ചെയ്യാമോ എന്ന ശങ്കയോ നമുക്കില്ല. ക്ഷമയോടെയും ആത്മാർത്ഥതയോടെയുമാണ് നാം അവരെ നേരിട്ടത്. ഇന്നിപ്പോൾ ക്ഷമ ഉത്കണ്ഠക്കും ആത്മാർത്ഥത ശത്രുതക്കും വഴിമാറിയിരിക്കുന്നു. സ്വിഫ്ഫീനിലേക്ക് പോയപ്പോൾ ദീനായിരുന്നു ഭൗതികതയേക്കാൾ നിങ്ങളിൽ മികച്ചിരുന്നത്. ഇന്ന് നേരെ മറിച്ചാണ്. വധിക്കപ്പെട്ട ഇരു വിഭാഗങ്ങൾക്കിടയിലാണ് നിങ്ങളുള്ളത്. ഒന്ന് സ്വിഫ്ഫീനിലെ രക്തസാക്ഷികൾ. അവർക്ക് വേണ്ടി ഇന്നും നിങ്ങൾ കരഞ്ഞുകൊണ്ടിരിക്കുന്നു. നഹ്റവാനിൽ കൊല്ലപ്പെട്ടവരാണ് രണ്ടാം വിഭാഗം. അവർക്ക് വേണ്ടി പ്രതികാരത്തിന് നങ്ങൾ കാത്തിരിക്കുന്നു. ചുരുക്കത്തിൽ പ്രതികാരമനോഭാവമാണ് ഇപ്പോൾ നിങ്ങളെ നയിക്കുന്നത്. മാന്യതയും മര്യാദയുമില്ലാതെയാണ് മുആവിയ (റ) ഒരു അപകടത്തിലേക്ക് നമ്മെ ക്ഷണിച്ചിരിക്കുന്നത്. മരണമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ആ ക്ഷണം നമുക്ക് നിരസിക്കാം. വാള് കൊണ്ട് അല്ലാഹുവിന്റെ നീതിപീഠത്തിലേക്ക് അദ്ദേഹത്തെ നമുക്ക് ക്ഷണിക്കാം. ജീവിതമാണ് നിങ്ങൾ കൊതിക്കുന്നതെങ്കിൽ അദ്ദേഹം പറയുന്നത് നമുക്ക് കേൾക്കാം.’
‘ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു’ എന്നാണ് സൈനികർ ഇതിനോട് പ്രതികരിച്ചത്. അങ്ങിനെ, തന്റെ പിതാവ് കൂടിയായിരുന്ന അലി(റ)വിന്റെ പക്ഷത്ത് നിന്നവരോട് പ്രതികാരം ചെയ്യരുതെന്നടക്കമുള്ള ചില ഉപാധിയോടെ അദ്ദേഹം മുആവിയ (റ) അധികാരം വിട്ടുകൊടുത്തു. കൂഫയിൽ വെച്ച് ഹസൻ(റ)വും അനുയായികളും മുആവിയ(റ)വിനെ ബൈഅത് ചെയ്തു.
പ്രബലാഭിപ്രായത്തിൽ ഹിജ്റ നാൽപ്പതിൽ നടന്ന ഈ സംഭവം ചരിത്രത്തിലെ വലിയ വഴിത്തിരിവാണ്. ആമുൽജമാഅ (രജ്ഞിപ്പ് വർഷം) എന്നാണ് ഈ വർഷം അറിയപ്പെടുന്നത്. ഭരണ പരിഷ്കരങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാൻ സാധ്യമാവാത്ത ഒരു കാലത്ത് ഭരണം നടത്തിയത് കൊണ്ട് തന്നെ ഹസൻ(റ)വിന്റെ ഭരണ പരിഷ്കരണത്തെ സംബന്ധിച്ചൊന്നും കൂടുതൽ ലഭ്യമല്ല.
അധികാരകൈമാറ്റത്തിന് ശേഷം ഹസൻ (റ), ഹുസൈൻ (റ) മറ്റ് സഹോദരർ, പിതൃവ്യ പുത്രൻ അബ്ദുല്ലാഹി ബ്നുജഅ്ഫർ (റ) ഉൾപ്പടെ സകുടുംബം മദീനയിലേക്ക് താമസം മാറി. ശിഷ്ടകാലം ആരാധനാ നിമഗ്നനായിക്കഴിഞ്ഞ അദ്ദേഹം ഹിജ്റ നാൽപത്തിഒമ്പതാം വർഷം നാൽപത്തിഏഴാം വയസ്സിൽ ഇഹലോക വാസം വെടിഞ്ഞു. ജന്നതുൽബഖീഇൽ മാതാവിന് സമീപമാണ് അദ്ദേഹം മറവ് ചെയ്യപ്പെട്ടത്.
മുആവിയത് ബ്നു അബീസുഫ്യാൻ (റ)
ഹസൻ (റ) അധികാരം വിട്ടൊഴിഞ്ഞ ശേഷം മുആവിയ (റ) ആയിരുന്നല്ലോ ഭരണാധികാരി. ഖലീഫമാർ തിരഞ്ഞെടുക്കപ്പെട്ട രീതികളിൽ നിന്ന് വ്യത്യസ്തമായി അവരോധിതനായ അദ്ദേഹത്തെ ഖലീഫയായി വിശേഷിപ്പിക്കുന്നതിന് പകരം രാജാവ് (മലിക്) ആയിട്ടാണ് ചരിത്രം വാഴ്ത്തിയത്. അധികാരമുറപ്പിച്ച ശേഷം അദ്ദേഹത്തെ കണ്ട സഅദ് ബ്നു അബീ വഖാസ് (റ) അസ്സലാമുഅലൈക അയ്യുഹൽമലിക് (രാജാവേ, അങ്ങേക്ക് സലാം) എന്നാണ് അഭിസംബോധനം ചെയ്തത്.
അജ്ഞാന യുഗത്തിലും ഇസ്ലാമിക യുഗത്തിലും വരേണ്യനായിരുന്ന അബൂ സുഫ്യാൻ(റ)ന്റെ പുത്രനായ മുആവിയ (റ) മക്കയിൽ ഹിജ്റയുടെ 15 വർഷം മുമ്പ് ജനിക്കുകയും ഫത്ഹ് മക്കയുടെ ദിവസം ഇസ്ലാം സ്വീകരിക്കുകയുമുണ്ടായി. വഹ്യ് എഴുത്തുകാരനായിരുന്ന അദ്ദേഹം സ്വിദ്ദീഖ്(റ)ന്റെ കാലത്ത് സഹോദരൻ യസീദ്ബ്നു അബീസുഫ്യാന്റെ സഹായിയായി സൈനിക നേതൃത്വം അലങ്കരിച്ചു. യസീദിന്റെ കാലശേഷം ഉമർ (റ) മുആവിയയെ ദിമശ്ഖിന്റെയും മറ്റും അധികാരമേൽപിച്ചു. അന്ന് മുതൽ അദ്ദേഹം ഭരണ രംഗത്ത് തിളങ്ങാൻ തുടങ്ങി.
ഉസ്മാൻ (റ) കൊല്ലപ്പെട്ട ശേഷം ഖലീഫയായ അലി(റ)വിനെ മുആവിയ (റ) ബൈഅത് ചെയ്തിരുന്നില്ല. ഉസ്മാൻ(റ)ന്റെ ഘാതകരെ വളരെ വേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അത് ചോദിക്കാനുള്ള അവകാശി (വലിയ്യ്) താനാണെന്നും വിശ്വസിച്ച വ്യക്തിയായിരുന്നു മുആവിയ (റ). എങ്കിലും ഹസൻ (റ) അധികാരം കൈമാറിയത് മുതൽ ഏറ്റവും നല്ല ഒരു ഭരണാധികാരിയായി അദ്ദേഹം കർമ്മനിരതനായി. അദ്ദേഹം അടിത്തറയിട്ട ഭരണം ‘ഖിലാഫത് ബനീ ഉമയ്യ’ എന്ന് പിന്നീടറിയപ്പെട്ടു. 20 കൊല്ലം ഭരിച്ച അദ്ദേഹത്തിന്റെ കാലത്ത് ശാന്തിയും സമാധാനവും നിലനിൽക്കുകയും പുതിയ പ്രദേശങ്ങൾ ചേർക്കപ്പെടുകയും ചെയ്തു. പ്രധാന സൈനികനേതാവായിരുന്ന ഉഖ്ബതുബ്നു നാഫിഇന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് വരെ പടയോട്ടം എത്തി. ‘അല്ലാഹുവേ, ഈ സമുദ്രം തടസ്സമായില്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ അങ്ങേയറ്റം വരെ നിന്റെ നാമം ഞാൻ ഉയർത്തുമായിരുന്നു’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തരാഫ്രിക്കയിൽ ഖൈറുവാൻ നഗരം നിർമ്മിച്ച അദ്ദേഹം ബുസ്കറ എന്ന സ്ഥലത്താണ് മറപെട്ടു കിടക്കുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുകയും വേണ്ടത്ര പരിഗണന നൽകുകയും ചെയ്ത നല്ല ഭരണാധികാരിയായിരുന്നു മുആവിയ (റ). അദ്ദേഹം തന്നെ പറയുന്നു: “ചാട്ടവാർ മതിയായ സ്ഥലത്ത് ഞാൻ ഖഡ്ഗം പ്രയോഗിക്കില്ല. നാവ് മതിയായ സ്ഥലത്ത് ചാട്ടവാറും പ്രയോഗിക്കില്ല. എനിക്കും ജനങ്ങൾക്കുമിടയിൽ ഒരു മുടിനാരിഴ ബന്ധമുണ്ടങ്കിൽ അത് ഞാൻ മുറിച്ചു കളയില്ല. ജനങ്ങൾ പിടിച്ചു വലിക്കുമ്പോൾ ഞാൻ അയച്ചു കൊടുക്കും. അവർ അയച്ചിടുമ്പോൾ ഞാൻ പിടിച്ചു വലിക്കും.” ഇതിൽ നിന്ന് അദ്ദേഹത്തിന്റെ നിലപാട് കൃത്യമായി അളന്നെടുക്കാം.
നീതിനിർവ്വഹണത്തിൽ ബദ്ധശ്രദ്ധനായ അദ്ദേഹം ഹസൻ, ഹുസൈൻ എന്നിവരോടും അവരുടെ കുടുംബത്തോടും ഉദാരമായിത്തന്നെ വർത്തിച്ചു. പലപ്പോഴും നിർലോഭം സാമ്പത്തിക സഹായങ്ങളും നൽകി. നദികൾ നിർമ്മിക്കുക, കുളം കുഴിക്കുക തുടങ്ങി നിരവധി ജനക്ഷേമ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ കാലത്ത് നടന്നിട്ടുണ്ട്. നാവികപ്പട എന്ന സംവിധാനം തുടങ്ങിയത് മുആവിയായിരുന്നു എന്ന് നാം മുമ്പ് വിശദമാക്കിയിട്ടുണ്ട്.
നിരവധി കാലം ഗവർണറായി വർത്തിച്ച ഡമസ്കസ് തന്നെയായിരുന്നു മേലാധികാരിയായ ശേഷവും അദ്ദേഹത്തിന്റെ ആസ്ഥാനം. സംസ്കാരത്തിന്റെയും നാഗരികതയുടേയും അതിപുരാതന കേന്ദ്രമായ ഡമസ്കസ് ഇസ്ലാമിക ഭരണത്തിൽ മദീനയും കൂഫയും കഴിഞ്ഞ് മൂന്നാം ആസ്ഥാനമായി മാറി.
നബി(സ്വ)യുടെ കാലത്ത് ചില പ്രദേശങ്ങളിലെ നിയമകാര്യങ്ങളും മതകാര്യങ്ങളും മേൽനോട്ടം വഹിക്കാൻ നിയമിതരായ സ്വഹാബികളുണ്ടായിരുന്നു. മുആദ്ബ്നു ജബൽ (റ), അബൂമുസൽ അശ്അരി (റ) തുടങ്ങിയവർ പിന്നീട് ഖലീഫമാരുടെ കാലത്തും ഗവർണർമാരായി നിയമിതരായിട്ടുണ്ട്.
അബൂമുസൽ അശ്അരി (റ)
നബി(സ്വ)യുടെ നിയോഗ വാർത്ത അറിഞ്ഞ് മക്കയിൽ വന്ന് മുസ്ലിമായ അബൂമുസൽ അശ്അരി (റ) സ്വദേശത്തേക്ക് മടങ്ങി സ്വസമുദായത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഖൈബർ യുദ്ധം കഴിഞ്ഞ ശേഷം വീണ്ടും തിരുസന്നിധിയിലെത്തി. സ്വരമാധുരിയാൽ ഖുർആൻ പാരായണത്തിൽ പ്രസിദ്ധിയാർജിച്ച അദ്ദേഹത്തെ നബി (സ്വ) യമനിലെ സബീദ്, അദൻ എന്നിവിടങ്ങളിലും ഉമർ (റ) ബസ്വറയിലും ഉസ്മാൻ (റ) കൂഫയിലും ഗവർണറാക്കി. കർമ്മശാസ്ത്രത്തിലും, നിയമത്തിലും വൈദഗ്ധ്യം തെളിയിച്ച അദ്ദേഹം ഭക്തനും പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം കിട്ടുന്ന വ്യക്തിയുമായിരുന്നു.
സമർത്ഥനായ സൈനികനും ഭരണ നിപുണനുമായിരുന്ന അബൂമൂസൽ അശ്അരി(റ)വിനെ ‘കുതിരപ്പടയാളികളുടെ നേതാവ്’ എന്ന് നബി (സ്വ) വിശേഷിപ്പിച്ചിട്ടുണ്ട്. ബസ്വറ ഗവർണറായിരിക്കെ ഖൂസിസ്താൻ കീഴടക്കുകയും തലസ്ഥാനമായ അഹ്വാസ് സ്വന്തം നിയന്ത്രണത്തിലാക്കുകയും ചെയ്തു. പേർഷ്യൻ സൈന്യാധിപൻ ഹുർമുസാനെ കീഴ്പെടുത്തിയത് അദ്ദേഹത്തിന്റെ ചരിത്രത്തിലെ പൊൻതൂവലാണ്. ഇസ്ലാമിക ചരിത്രത്തിലെ നിരവധി പോരാട്ടങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. മുആവിയ(റ)വിന്റെ കാലത്ത് അറുപത്തിമൂന്നാം വയസ്സിലാണ് അന്ത്യം.
അബൂ ഉബൈദതുബ്നുൽ ജർറാഹ് (റ)
പ്രമുഖസ്വഹാബിയും നബിയുടെ വിശ്വസ്തനെന്ന് ചരിത്രത്തിൽ അറിയപ്പെടുകയും സ്വർഗ്ഗം കൊണ്ട് സുവാർത്ത അറിയിക്കപ്പെട്ടവരുമായ അബൂ ഉബൈദതുബ്നുൽ ജർറാഹ്(റ)വും തന്റെ ജീവിതത്തിൽ സൈനിക നേതൃത്വവും ഭരണനേതൃത്വവും മത നേതൃത്വവും അലങ്കരിച്ചവരാണ്. നജ്റാനിൽ നിന്ന് വന്ന നിവേദക സംഘം മുസ്ലിമായ ശേഷം തങ്ങൾക്ക് മതകാര്യങ്ങൾ പഠിപ്പിച്ചു തരാൻ ഒരാളെ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘ഞാൻ നിങ്ങളുടെ കൂടെ വിശ്വസ്തനായ ഒരാളെ അയച്ചു തരാം’ എന്ന് പറഞ്ഞു. അബൂഉബൈദ (റ) അതിനർഹരായത്.
നബി(സ്വ)ക്ക് ശേഷം അബൂ ഉബൈദയോ ഉമറോ ഖലീഫയാകണമെന്നായിരുന്നു സിദ്ദീഖ്(റ)ന്റെ താത്പര്യം. അവർ വിസമ്മതിക്കുകയാണുണ്ടായത്. ഒന്നാം ഖലീഫയുടെ കാലത്ത് പൊതുഖജനാവിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന അബൂഉബൈദ (റ) ഖുർആൻ ക്രോഡീകരണത്തിൽ നിർണായക പങ്ക് വഹിച്ചു. ആ കാലത്ത് തന്നെ സൈന്യാധിപനായും സൈനികനായും അദ്ദേഹം പ്രവർത്തിച്ചു.
ഹിജ്റ 13 ൽ ഉമർ (റ) അദ്ദേഹത്തെ ശാമിലെ ഗവർണറാക്കി. ലളിത ജീവിതം നയിച്ച അദ്ദേഹം ഉമറിന്റെ ഇഷ്ട കൂട്ടുകാരനായിരുന്നു. ഒരിക്കൽ ശാം സന്ദർശനത്തിനിടയിൽ ഗവർണറുടെ വീട് സന്ദർശിച്ച ഖലീഫക്ക് അത്യാവശ്യ വീട്ടുപകരണങ്ങൾ പോലും അവിടെ കാണാനായില്ല. ‘മറ്റുള്ളവർക്കുള്ള സാധാരണ സൗകര്യങ്ങൾ അങ്ങേക്കുമാവാമല്ലോ’ എന്ന് ചോദിച്ച ഖലീഫയോട് ‘എനിക്കുറങ്ങാൻ ഇത്ര സൗകര്യം മതി’ എന്നായിരുന്നു. ഖലീഫ കൊടുത്തയച്ച 4000 ദീനാറിൽ നിന്ന് ഒരു അണ പോലുമെടുത്തുവെക്കാതെ പാവപ്പെട്ടവർക്ക് അദ്ദേഹം സ്വദഖ നൽകി.
ഫലസ്തീനിലെ അമവാസിൽ വ്യാപിച്ച പ്ലേഗ് രോഗം ബാധിച്ചാണ് അബൂഉബൈദ (റ) ഇഹലോകവാസം വെടിഞ്ഞത്. മരണവാർത്തയറിഞ്ഞ ഖലീഫ ഉമർ (റ) പൊട്ടിക്കരയുകയും ‘ആശിച്ചത് നടക്കുമെങ്കിൽ അബൂ ഉബൈദയെപ്പോലുള്ളവരൊത്തുള്ള ജീവിതമല്ലാതെ ഞാൻ മോഹിക്കുകയില്ല’ എന്ന് പറയുകയുമുണ്ടായി. മരണ ശയ്യയിലും ഉമർ (റ) ഇങ്ങനെ പറഞ്ഞു: ‘അബൂ ഉബൈദ (റ) ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തെ എന്റെ പിൻഗാമിയാക്കാമായിരുന്നു. അതേ കുറിച്ച് അല്ലാഹു ചോദിച്ചാൽ നിന്റെ വിശ്വസ്തസേവകനേയും നബിയുടെ വിശ്വസ്ത അനുചരനേയുമാണ് ഞാൻ പിൻഗാമിയാക്കിയത് എന്ന് പറയുകയും ചെയ്യും.’
അബ്ദുല്ലാഹിബ്നു സ്സുബൈർ (റ)
ഉന്നതമായ കുടുംബത്തിൽ ഉത്തമരുടെ പുത്രനായ ജനിച്ച അബ്ദുല്ലാഹിബ്നുസ്സുബൈർ (റ) ഹിജ്റക്ക് ശേഷം മദീനയിൽ വെച്ച് മുസ്ലിംകൾക്കുണ്ടായ ആദ്യ കുഞ്ഞായിരുന്നു. കുട്ടിയുടെ കാതിൽ വാങ്ക് വിളിച്ചത് മാതാമഹൻ കൂടിയായ സിദ്ദീഖ് (റ) ആയിരുന്നുവെങ്കിൽ, മുത്ത് നബിയുടെ ഉമിനീര് പുരണ്ട ഈത്തപ്പഴമാണ് ആദ്യ ഭക്ഷണമായി കഴിച്ചത്.
മാതാമഹൻ അബൂബക്ർ സിദ്ദീഖ്(റ)വിനോട് രൂപ സാദൃശ്യമുണ്ടായിരുന്ന അദ്ദേഹത്തിന് ശൈശവത്തിൽ തന്നെ നബിയോടും മാതൃസഹോദരി ആഇശ(റ)യോടും സഹവാസം പുലർത്താൻ സാധിച്ചത് കൊണ്ട് ഇസ്ലാമിക ജ്ഞാനം ആർജ്ജിക്കാൻ സാധിച്ചു.
ഖലീഫ ഉമർ(റ)ന്റെ കാലത്ത് പിതാവ് സുബൈർ ബ്നുൽ അവ്വാം(റ)ന്റെ കൂടെ യർമുക്ക് യുദ്ധത്തിലും ഉസ്മാൻ(റ)ന്റെ കാലത്ത് ആഫ്രിക്കൻ വൻകരയിലെ പടയോട്ടങ്ങളിലും പങ്കെടുത്തു. ജമൽ യുദ്ധത്തിൽ ആഇശ(റ)യുടെ പക്ഷത്തായിരുന്നുവെങ്കിലും സ്വിഫ്ഫീൻ യുദ്ധത്തിൽ ആരുടെ പക്ഷത്തും ചേരാതെ നിന്നു. മുആവിയ (റ) പുത്രൻ യസീദിനെ കിരീടവകാശിയാക്കാൻ തീരുമാനിച്ചപ്പോൾ ശക്തമായി എതിർക്കുകയും ബൈഅത് ചെയ്യാതെ വിട്ടുനിൽക്കുകയും ചെയ്തു.
മദീനയിൽ യസീദിന്റെ ഗവർണറായിരുന്ന ഉസ്മാനുബ്നു മുഹമ്മദിബ്നി അബീസുഫ്യാനെ മദീന നിവാസികൾ ബഹിഷ്കരിച്ചതിനെ തുടർന്ന് അവരെയും മക്കയിലുള്ള ഇബ്നുസ്സുബൈറിനേയും നേരിടാൻ മുസ്ലിമ് ബ്നു ഉഖ്ബയെ യസീദ് ചുമതലപ്പെടുത്തു. വഴിമധ്യേ ഇദ്ദേഹം മരിച്ചപ്പോൾ ഹുസൈന് ബ്നു നുമൈറിന്റെ നേതൃത്വത്തിലാണ് സൈന്യം പിന്നീട് യുദ്ധം ചെയ്തത്. യസീദിന്റെ മരണവാർത്ത ഹുസൈൻ യുദ്ധം നിർത്തി തിരിച്ചുപോയി. അനന്തരം ജനങ്ങൾ അബ്ദുല്ലാഹിബ്നു സ്സുബൈർ(റ)നെ ഖലീഫയായി ബൈഅത് ചെയ്തു. പ്രധാന നഗരങ്ങളിലേക്കെല്ലാം തന്റെ ബൈഅത് സ്വീകരിക്കാൻ കത്തെഴുതി. ഹിജാസ്, യമൻ, ഇറാഖ്, ഈജിപ്ത്, ഖുറാസാൻ, ഡമസ്കസ് തുടങ്ങിയ ശാമിന്റെ ചില ഭാഗങ്ങൾ ഒഴികെ നിരവധി സ്ഥലങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായി. ഹി: 64 മുതൽ 73 വരെയുള്ള ഭരണകാലയളവിൽ അൽഹിജ്റ് കൂടി ഉൾപ്പെടുത്തി കഅ്ബ അദ്ദേഹം പുതുക്കിപ്പണിതു.
മർവാനുബ്നുൽഹകം ഇറാഖ് ഇബ്നുസ്സുബൈറിൽ നിന്ന് മോചിപ്പിക്കാൻ സൈന്യത്തെ അയച്ചു. മർവാന് ശേഷം വന്ന അബ്ദുൽമലിക് ബ്നി മർവാൻ അബ്ദുല്ലാഹിബ്നു സ്സുബൈറിന്റെ സഹോദരനും ഇറാഖിലെ പ്രതിനിധിയുമായ മുസ്വഅബുബ്നു സ്സുബൈറിനെ വധിക്കുകയും മക്കയിലേക്ക് അബ്ദുല്ലാഹ്(റ)നെ നേരിടാൻ ഹജ്ജാജിനെ പറഞ്ഞയക്കുകയും ചെയ്തു. ഹജ്ജാജിനോടുളള പോരാട്ടത്തിൽ ഏകാംഗനായി മാറിയ അദ്ദേഹം അവസാനം ശഹീദായി. ഹി: 13ൽ ജുമാദൽഊലാ 17 ന് ചൊവ്വ അദ്ദേഹം ശഹീദായി.
സമാപ്തം
വിശ്വാസിയുടെ മാതൃകയായി മുത്ത് നബി (സ്വ) നമുക്ക് കാണിച്ചു തന്ന അനുചരവൃന്ദത്തിൽ ഓരോ വ്യക്തിയും സമുദായം കണക്കെ ജീവിച്ച് അനുപമ വ്യക്തിത്വങ്ങളായി മാറി. അവരിൽ അധികാരത്തിലേറിയവർ തീർത്തും നീതിയുക്തമായി ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുകയും മാതൃകാപരമായി ഭരണം നടത്തുകയും ചെയ്തു. നാല് ഖലീഫമാരെയും അവരുടെ കാലത്ത് ചില പ്രദേശങ്ങളിൽ ഗവർണർമാരായി നിയുക്തരായവരിൽ സുപ്രധാനികളുമാണ് ഇവിടെ ചർച്ച ചെയ്യപ്പെട്ടത്. അവരിലെ നന്മകൾ അനുധാവനം ചെയ്യുന്ന ഭരണാധികാരികൾ നാടു ഭരിച്ചാൽ സുഭിക്ഷവും, സമാധാനപൂർണ്ണവുമായ രാഷ്ട്രം രൂപപ്പെടുമെന്നതിൽ തർക്കമില്ല.
അധികവായനക്ക്:
1- മുസ്വന്നഫ് അബ്ദിറസാഖ്
2- മുസ്നദ് അബീയഅ്ലാ
3- മുഖദ്ദിമ – ഇബ്നു ഖൽദൂൻ
4- താരീഖുബഗ്ദാദ് – അബൂബകരിൽ ബഗ്ദാദി
5- അദ്ദൗലതുൽ അമവിയ്യ- മുഹമ്മദ് ഖുള്രിബക്
6- സുവറുൻ മിൻ ഹയാതി സ്വഹാബ- അബ്ദുറഹിമാൻ റഅ്ഫത് ബാഷ
7- ഖിലാഫതിന്റെ 30 സംവത്സരങ്ങൾ- വി. മുഹമ്മദ്(കുട്ടി)ഫൈസി
8- ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം- സർവ്വത് സൗലത്

