“മഹാപിള്ളയുടെ പിള്ള”യാണ് ‘മാപ്പിള’യെന്ന് പരക്കെ പറഞ്ഞുവരുന്നവർ ഇതൊരു സാങ്കൽപിക ഭാവനയാവാം. ‘ശംഖുവർമ്മൻ’ അല്ലെങ്കിൽ രാജസദസ്സിലെ കാര്യക്കാരൻ മാലിക് ബ്നു ദീനാറിനെ നോക്കി പറഞ്ഞിട്ടുണ്ടെങ്കിൽ അതത്രയും ശരിയാണ്. തെക്കൻ തിരുവിതാംകൂറിൽ മാപ്പിള ബഹുമാനസൂചകമാണ്. അന്നാട്ടിലെ കൃസ്ത്യാനികളെ മാപ്പിള കൂട്ടിയാണവർ വിളിക്കുക. ഉദാഹരണം: വർഗ്ഗീസ് മാപ്പിള, മാമൻ മാപ്പിള.
‘മാപ്പിള’ മഹത്വ വചനമായി മലയാളി ചുണ്ടിൽ സൂക്ഷിക്കാൻ എന്നാണ് തുടങ്ങിയതെന്ന തർക്കം പിടിക്കാൻ മാത്രം സമയമുള്ളവർ ആ വഴിക്ക് നിങ്ങളെ നമുക്ക് “മാപ്പിള (മുസ്ലിം)” എന്ന വിഭാഗത്തിൻ്റെ ഉത്ഥാനവും, പതനവും ഉണ്ടെങ്കിലത് ഇഴപിരിക്കാനൊന്നുമായില്ലെങ്കിൽ ഒന്നെത്തി നോക്കാവുന്നതാണ്. ചേരമാനിൽ നിന്നാണ് കേരളത്തിൻ്റെ ഉൽപ്പത്തിയെന്ന് ചരിത്ര ഭാഷ്യമുണ്ട്. ‘കേര’ത്തിൽ നിന്നാണ് “കേരള”മായതെന്ന് പറഞ്ഞവരും ഉണ്ട്. ചേരമാൻ പെരുമാളിന്റെ സഹോദരി ശ്രീദേവിയുടെ മഹാബലി എന്ന മകൻ ഇസ്ലാം സ്വീകരിച്ച് ‘മുഹമ്മദലി’ എന്ന പേരും സ്വീകരിച്ചു (ഹിജ്റ 24). അവർ സ്ഥാപിച്ച രാജവംശമാണ് അറക്കൽ രാജവംശം’. ‘ധർമ്മട’മായിരുന്നു ആസ്ഥാനം. (‘അൽമുസ്ലിമൂന ഫീ കേരള’ പുറം:46)
കേരളത്തിലേക്കുള്ള ഇസ്ലാമിൻ്റെ വരവ് നബി (സ.അ)യുടെ കാലത്തു തന്നെയാണെന്ന് ചരിത്രകാരന്മാർ തറപ്പിച്ചു പറയുന്നു. ചിലരൊക്കെ ഭിന്നാഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ പള്ളിയും ഒന്നാമത് ഖാസിയും ഹിജ്റ 21ന് മുമ്പാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിജ്റ രണ്ടാം നൂറ്റാണ്ടിലാണ് ഇസ്ലാമിൻ്റെ വരവെന്ന് ചിലർ പറയുന്നു. സിലോണിലെ സാറന്തീപിലേക്കുള്ള (ആദംമല) യാത്രക്കിടയിൽ അറബി സഞ്ചാരികൾ കൊടുങ്ങല്ലൂരിൽ ഇറങ്ങിയതുമായി ബന്ധിച്ചാണ് കേരളത്തിലെ ഇസ്ലാമിക ചരിത്ര പരിസരം ജന്മംകൊള്ളുന്നത്. കൊടുങ്ങല്ലൂർ നാട്ടുരാജ്യ തലസ്ഥാനമായിരുന്നു അന്ന്. അവിടെ നിന്നാണ് കേരളത്തിലെ ഇസ്ലാമിൻ്റെ തുടക്കം. അവർക്ക് ലഭിച്ച ആദ്യാംഗീകാരമാണ് “മാപ്പിള”. അത് അവരുടെ സംസ്കാരത്തിന് ലഭിച്ച സമ്മതിപത്രമാണ്. അംഗീകാരമാണ്; ആദരവാണ്.
കേരളത്തിൽ അക്കാലത്ത് നിലനിന്നിരുന്ന സംസ്കാരം വായിക്കാനോ എഴുതാനോ കൊള്ളുമായിരുന്നോ? ബഹുഭർതൃത്വം, സതി, കടുത്ത ജാതിവ്യവസ്ഥകൾ, കനത്ത ചൂഷണങ്ങൾ അങ്ങനെ എന്തെല്ലാം. മാറു മറക്കാൻ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകൾ, സാക്ഷരത തുലോം പരിമിതം. നാടുവാഴികൾക്ക് നികുതി പിരിക്കുന്നവരും, അവർക്ക് വേണ്ടി യുദ്ധം ചെയ്യുന്നവരും ഒഴിച്ചു നിർത്തിയാൽ മറ്റൊരു തൊഴിലിൽ ഏർപ്പെടുന്നവരും കുറവ്. രാജാക്കന്മാർക്ക് ദൈവിക പരിവേഷം. അന്ധവിശ്വാസത്തിന്റെ അഗാധതയിൽ ആപതിച്ച അധോവർഗ്ഗം. ഇവിടെ ഒരു പുതു സംസ്കാരം ശംഭുവർമ്മനും സംഘവും കാണാനിടയായതാവണം “മാപ്പിള” എന്ന മഹാപിള്ള വിളിക്ക് പ്രേരിതനായത്. കേരളത്തിലെ മുസ്ലിം പാരമ്പര്യം മാലിക് ബിനു ദീനാറിൽ മാത്രം ഒതുങ്ങുന്നില്ല. അവരവിടെ നിർമ്മിച്ച പള്ളികളും, മുസ്ലിം കോളനികളും അംഗീകരിക്കുന്നതൊടൊപ്പം; യമനിൽ നിന്നുള്ള ഇസ്ലാമിക പ്രബോധകരുടെ സാന്നിദ്ധ്യവും പിൽക്കാല കേരളത്തിൻ്റെ ചരിത്ര ഭാഗമായി തീർന്നിട്ടുണ്ട്.
“ഈമാനും, ഹിക്മത്തും യമനിയാണ് (മുസ്ലിം)”. 1745ൽ സയ്യിദ് ശൈഖ് ജിഫ്രി യമനിൽ നിന്ന് കേരളത്തിലെത്തി. മമ്പുറം തങ്ങളുടെ അമ്മാവൻ സയ്യിദ് ഫസൽ ജിഫ്രി 1765ൽ കേരളത്തിലെത്തിയ യമനീ സാദാത്താണ്. ശംസുൽ ഉലമാ ശൈഖുനാ ഇ.കെ. അബൂബക്കർ മുസ്ലിയാർ (ന.മ) യമനീ കുടുംബത്തിൽപ്പെട്ട വിശ്വപ്രസിദ്ധ കേരളീയ പണ്ഡിതനായിരുന്നുവല്ലോ. കേരളത്തിന്റെ ഇസ്ലാമിക പാരമ്പര്യം പ്രവാചകന്റെ ചര്യകളാണ്. പ്രഥമ സംഘം നടപ്പിൽ വരുത്താത്തതൊന്നും മുസ്ലിം കേരളം ഇരുപതാം നൂറ്റാണ്ടിൻ്റെ ഒന്നാം പാദംവരെ നടപ്പിലാക്കിയിട്ടില്ല.
എ.ഡി. 1498 വരെയുള്ള സുവർണ്ണ കാലവും 1947 വരെയുള്ള പോരാട്ട കാലവും പരിശോധിച്ചു നോക്കുക. എന്നാണ് ലോകത്ത് തിരുത്തൽ സംസ്കാരം തുടങ്ങിയത്. മതത്തിന്റെ പ്രമാണങ്ങൾ തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കാനും യുക്തിവാദപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും മുതിർന്നതാണ് തനത് സംസ്കാരത്തിന് ക്ലാവ് പിടിച്ചത്. ഈ ശീലം ‘റാഫിളി’കളാണാദ്യം കൊണ്ടുവന്നത്. അവർക്ക് വ്യക്തിപരമോ കുടുംബപരമോ ആയ സ്വാർത്ഥതകൾക്ക് മതത്തെ ഉപയോഗപ്പെടുത്താൻ ധൈര്യം വന്നു. ഇത് ഇസ്ലാമിക സംസ്കാരത്തോടും, പാരമ്പര്യത്തോടും നടത്തിയ തുറന്ന യുദ്ധ പ്രഖ്യാപനമായിരുന്നു. വിശ്വപ്രസിദ്ധ സഞ്ചാരി ‘ഇബ്നുബതൂത്ത രേഖപ്പെടുത്തിയ ഒരു കൊച്ചു അനുഭവം വായിക്കുക. “ഒരു ദിവസം ഞാൻ വുളു എടുക്കാൻ ഇവിടെ ഒരു കുളക്കടവിൽ ചെന്നു. അപ്പോൾ ഈ വിഭാഗത്തിൽപ്പെട്ട ഒരാളും വുളു എടുക്കാൻ എത്തി ആഗതൻ ആദ്യം കാലുകളും പിന്നെ മുഖവും കഴുകി. കൊപ്ലിക്കുകയോ, മൂക്കിൽ വെള്ളം കയറ്റിചീറ്റുകയോ ചെയതില്ല പിന്നീട് തലയുടെ ചില ഭാഗങ്ങൾ അയാൾ തടവി. ഇങ്ങനെ വുളു എടുക്കുന്നത് ശരിയല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ നിസ്സങ്കോചം പറഞ്ഞു: ഒരു എടുപ്പുണ്ടാക്കുമ്പോൾ ആദ്യം അടിഭാഗമാണ് പണിയുക. വുളൂ എടുക്കുമ്പോൾ ആദ്യം കാൽ കഴുകലാണ് യുക്തി എന്ന് സാരം (ഇബ്നു ബത്തൂത്തയുടെ സഞ്ചാര കഥകൾ പുറം: 28). ഇങ്ങനെ മതത്തിൽ യുക്തിവാദ ചിന്തകൾ കൊണ്ടുവന്നവരാണ് ഇസ്ലാമിക സംസ്കാരത്തിന്നെതിരിൽ പുതിയ ചില രീതികൾ കൊണ്ടുവന്നത്.
കേരളത്തിലെ പരിഷ്കരണ വാദികൾ കടംകൊണ്ടത് ഇസ്ലാമേതര സമൂഹങ്ങളിലെ സംസ്കാരങ്ങളും ശീലങ്ങളുമാണ്. പള്ളി നിർമ്മാണത്തിൽ പോലും ഈമാതിരി കൈകടത്തലുകൾ ഉണ്ടായി. യഥാർത്ഥക്കാരെ യാഥാസ്ഥിതികരെന്നും ഖുറാഫികൾ (അന്ധവിശ്വാസികൾ) എന്നും വിളിച്ചാക്ഷേപിക്കാനും, ഇകഴ്ത്താനും ശ്രമങ്ങൾ ഉണ്ടായി. ഇസ്ലാമിക സംസ്കാരത്തിൻ്റെ’ പ്രത്യക്ഷാടയാളങ്ങൾ തലപ്പാവ്, താടി, വെള്ളവസ്ത്രം, പൗരാണികരുമായി ബന്ധിപ്പിക്കുന്ന ആചാരങ്ങൾ അച്ചടക്കം, സ്ത്രീ-പുരുഷ വിഭാഗങ്ങൾക്കിടയിലെ മതകീയ മതിലുകൾ, ആരാധനാ രീതികൾ, വിശ്വാസാചാരങ്ങൾ ഇതിലെല്ലാം പ്രകടമായ വിധം മറ്റിതര സംസ്ക്കാരങ്ങളിൽ നിന്ന് കടംകൊണ്ടു. കേരളത്തിൽ നിലവിലുണ്ടായിരുന്ന മുസ്ലിംശാക്തീകരണത്തിന്റെ പ്രധാന ഘടകം അവരുടെ സാംസ്കാരിക ഐക്യവും തനിമയുമായിരുന്നു. ഇതു തന്നെയാണ് ലോകമുസ്ലിംകളെയും വേറിട്ടൊരു ജനപഥവും, മാതൃകാ യോഗ്യരുമാക്കിയ ഘടകവും. അവർ മാനിക്കപ്പെടാനും മാതൃകയാക്കപ്പെടാനും നിമിത്തമായതും.ഈ സാംസ്കാരിക ഉന്നതിയും, അതിന്റെ സവിശേഷ പ്രായോഗികതയുമാണ്. എന്നാൽ ഇസ്ലാമിൻ്റെ ഈ പ്രഭാ പൂരിത മുഖം ഉന്നതിയും. എന്നാൽ ഇസ്ലാമിൻ്റെ ഈ പ്രഭാ പൂരിത മുഖം കെടുത്തിക്കളയാനാണ് പരിഷ്കരണ വാദികളെന്ന പേരിൽ പുറപ്പെട്ടവർ പരിശ്രമിച്ചത്.
റാഫിളികൾ, ഇസ്മാഈലികൾ, ശിയാക്കൾ, ഇബാദികൾ, വഹാബികൾ, ഇഖ്വാനികൾ മധ്യപൗരസ്ത്യ നാടുകളിൽ പ്രത്യക്ഷപ്പെട്ട ഗ്രൂപ്പുകൾ ഇസ്ലാമിന്റെ തനത് രീതികളാണ് ചോദ്യം ചെയ്തത്. അവർ പലപ്പോഴും വിശ്വാസ പ്രമാണങ്ങളിൽ പോലും കൈകടത്തി. കാഴ്ച്ചപ്പാടു പോലും ക്രൈസ്തവ-യഹൂദ-ഹൈന്ദവതയോട് സാമ്യം പുലർത്തുന്നതോ കടംകൊണ്ടതോ ആയി. പ്രവാചകൻ (സ.അ) വിശദീകരിച്ചും, പഠിപ്പിച്ചും കൊടുത്ത ശീലങ്ങളും, രീതികളും, വിശ്വാസ പ്രമാണങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ഖുർആൻ-ഹദീസ് വ്യാഖ്യാതാക്കൾ പറയാത്ത അർത്ഥങ്ങളും, അഭിപ്രായങ്ങളും അവർ പ്രകടിപ്പിച്ചു. മുസ്ലിംകളുടെ പാരമ്പര്യവും, പൗരാണിക ബന്ധങ്ങളും നിസ്സങ്കോചം അവർ അറുത്തുമാറ്റി. പുതിയ തിയറിയായി ഇസ്ലാമിനെ തന്നിഷ്ടപ്രകാരം അവതരിപ്പിച്ച് അവമതിക്കാൻ ധാർഷ്ട്യം കാണിച്ചു. ഈ ഗണത്തിൽ ലോകത്ത് പ്രത്യേകിച്ച് മധ്യപൗരസ്ത്യ നാടുകളിൽനിന്ന് ഉയർന്ന ശബ്ദങ്ങളിൽ ‘ഇബ്നു തീമിയ്യ’യുടേത് നിർണ്ണായകമാണ്. അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന തിരുത്തൽവാദങ്ങൾ പല കൈവഴികളായി വികസിച്ച് വിശുദ്ധ ഇസ്ലാമിന് കനത്ത പരിക്കുകൾ പറ്റി. ഇബ്നു ബത്തൂത്തയുടെ സഞ്ചാര കഥകളിൽ അദ്ദേഹത്തിന് നേരിട്ടനുഭവപ്പെട്ട ചില കാര്യങ്ങൾ ഇപ്രകാരമാണ്. “ഡമാസ്കസിലെ പ്രമുഖ ഹമ്പലീ പണ്ഡിതന്മാരിൽപ്പെട്ട ഒരാളാണ് തഖിയ്യുദ്ദീൻ ബിൻ തീമിയ. അദ്ദേഹം സിറിയയിലെ പ്രധാന വ്യക്തിയും കൂടിയാണ്. അദ്ദേഹം വിവിധ വിജ്ഞാനീയങ്ങളെ ആധാരമാക്കി പ്രസംഗിക്കാറുണ്ട്. പക്ഷെ, അദ്ദേഹത്തിന്റെ ബുദ്ധിക്കെന്തോ തകരാറു പറ്റിയിരിക്കുന്നു”. പക്ഷെ, ഡമാസ്കസുകാർ അദ്ദേഹത്തെ അളവറ്റ് ആദരിക്കുന്നു. അവിടത്തെ പള്ളിയിലെ മിമ്പറിൽ നിന്നുകൊണ്ട് അദ്ദേഹം ഉപദേശം നടത്താറുണ്ട്.ഒരു പ്രാവശ്യം അദ്ദേഹം പ്രഭാഷണം നടത്തിയപ്പോൾ അതിൽ പറഞ്ഞ കാര്യങ്ങൾ പണ്ഡിതന്മാർക്കിഷ്ടപ്പെട്ടില്ല. അവർ നാസ്വിർ രാജാവിന് ഇതിന്നെതിരെ ആവലാതി അയച്ചു. രാജാവ് ഇബ്നു തീമിയ്യയെ കൈറോവിൽ ഹാജരാക്കുവാൻ കൽപിച്ചു. സിറിയ അന്ന് ഈജിപ്ഷ്യൻ രാജാവിന്റെ കീഴിലായിരുന്നു. നാസ്വിർ രാജാവ് ദർബാറിൽ ഖാസിമാരെയും വിദ്വാന്മാരെയും ഒരുമിച്ചു കൂട്ടി. മാലിക്കീ മദ്ഹബിലെ പണ്ഡിതനായ ശറഫുദ്ദീൻ സവാവി ഇബ്നു തീമിയ്യക്കെതിരെ ആരോപണങ്ങളുടെ ഒരു പട്ടിക നിരത്തിവെച്ചു. അവക്കുപോൽപലകമായ തെളിവുകളും ഹാജരാക്കി. ഈ വിചാരണക്ക് ആദ്ധ്യക്ഷം വഹിച്ചിരുന്നത് പ്രധാന ന്യായാധിപനായിരുന്നു. അദ്ദേഹം ഇബ്നു തീമിയ്യയോട ചോദിച്ചു: നിങ്ങൾക്ക് വല്ലതും പറയാനുണ്ടോ? “ലാഇലാഹ ഇല്ലല്ലാഹ്” ഇബ്നു തീമിയ്യ പ്രതിവചിച്ചു. ഖാസിൽ ഖുസാത്ത് ചോദ്യം ആവർത്തിച്ചു. ഇബ്നു തീമിയ്യ മറുപടിയും. രാജാവ് അദ്ദേഹത്തെ തടവിലിടുവാൻ കൽപിച്ചു. കുറേ വർഷങ്ങൾ അദ്ദേഹം തടവറയിൽ കഴിച്ചുകൂട്ടി. പക്ഷെ, ജയിലിൽ വെച്ച് നാൽപത് ഭാഗങ്ങളുള്ള ഒരു ഖുർആൻ വ്യാഖ്യാന ബൃഹത് ഗ്രന്ഥം അദ്ദേഹം രചിച്ചു. അതിൻ്റെ പേർ ‘ബഹ്റുൽ മുഹീത്ത് (മഹാസമുദ്രം)’ എന്നാണ്. പിന്നീട് ഇദ്ദേഹത്തിൻ്റെ മാതാവ് രാജാവിന് സങ്കട ഹരജി സമർപ്പിച്ചതിൻ്റെ ഫലമായി അദ്ദേഹത്തെ വിട്ടയച്ചു. പക്ഷെ വീണ്ടും മതപണ്ഡിതന്മാർക്ക് രുചിക്കാത്ത അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചു.
ഈ സമയത്ത് ഞാൻ ഡമാസ്കസിലുണ്ടായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം ഉമയ്യ് പള്ളിയിൽ മിമ്പറിൽ കയറി അദ്ദേഹം പ്രസംഗിച്ചിരുന്ന സന്ദർഭത്തിൽ ഞാനും സന്നിഹിതനായിരുന്നു. പ്രസംഗമധ്യേ അദ്ദേഹം പറഞ്ഞു: അല്ലാഹു അധോവാനിലേക്ക് (ഒന്നാം ആകാശത്തേക്ക്) ഞാൻ ഈ മിമ്പറിൽ നിന്നും ഇറങ്ങുന്നതുപോലെയാണ് ഇറങ്ങുക. എന്നിട്ടദ്ദേഹം മിമ്പറിൻ്റെ ഒരു പടിയിൽ നിന്നും താഴത്തെ പടിയിലേക്ക് ഇറങ്ങി. ഇബ്നു സഹ്റ എന്ന മാലിക്കീ പണ്ഡിതൻ ഇതിനെ എതിർക്കുകയും, ഇബ്നു തീമിയ്യയോടു പ്രതിഷേധിക്കുകയും ചെയ്തു പക്ഷെ, ജനങ്ങൾ ഈ മാലിക്കീ പണ്ഡിതനെ വിട്ടില്ല. അവർ കൈകൾ കൊണ്ട് ചെരിപ്പുകൾ കൊണ്ടും അയാളെ എമ്പാടും പ്രഹരിച്ചു. ഇടതടവില്ലാത്ത അടിയുടെ ശക്തികൊണ്ട് അയാളുടെ തലപ്പാവ് നിലത്തുവീണു. തലപ്പാവു വീണപ്പോൾ താഴെയുണ്ടായിരുന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു. അതു പട്ടുകൊണ്ടുള്ള തൊപ്പിയായിരുന്നു ജനങ്ങൾ അയാൾ (പുരുഷന്മാർക്ക് നിഷിദ്ധമായ) പട്ടുതൊപ്പി ധരിച്ചതു കണ്ടപ്പോൾ വീണ്ടും രോഷാകുലരായി. ജനങ്ങൾ അദ്ദേഹത്തെ ഹമ്പലികളുടെ ഖാസി ഇസ്സുദ്ദീൻ്റെ വീട്ടിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. അയാളെ തടവിലിടുവാനും, അയാൾക്ക് അടിശിക്ഷ നൽകുവാനും ഖാസി കൽപിച്ചു.
മാലികി-ശാഫി പണ്ഡിതന്മാരും ഇയാൾക്ക് അടിശിക്ഷനൽകിയതിൽ രോഷാകുലരായി. അവർ ഗവർണർ തൻസീസിനെ കണ്ടു നിവേദനം നടത്തി. അദ്ദേഹം ഉത്തമനും സൽഗുണ സമ്പന്നനുമായിരുന്നു. ഗവർണർ വിശദമായഒരു റിപ്പോർട്ട് നാസിർ രാജാവിന്നയച്ചു. അതിൽ ഇബ്നു തീമിയ്യയുടെ അസാധാരണ സിദ്ധാന്തങ്ങളുടെ പട്ടികയും സമർപ്പിച്ചു. അവ (1).ഒറ്റ വാക്യത്തിൽ മൂന്നു പ്രാവശ്യം മൊഴി ചൊല്ലിയാൽ ഒരു വിവാഹ മോചനമേ ആകുകയുള്ളൂ. (2).റൗളാ ശരീഫ് -അതിൻറെ മേന്മ അല്ലാഹു വർദ്ധിപ്പിക്കട്ടെ- സന്ദർശിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നവന് യാത്രക്കാരന് നിസ്ക്കാരത്തിൽ ലഭിക്കുന്ന ഇളവിന്നർഹതയില്ല. ഇതനുസരിച്ച് നാസിർ രാജാവ് വീണ്ടും തടവുശിക്ഷക്ക് ഇബ്നു തീമിയ്യയെ വിധേയമാക്കുകയും അദ്ദേഹത്തെ ജയിലിൽ അടക്കുകയും ചെയ്തു. ഇബ്നു തീമിയയുടെ അന്ത്യം ജയിലിൽ വെച്ചാണ് സംഭവിച്ചത് (“ഇബ്നു ബതൂത്തയുടെ സഞ്ചാര കഥകൾ’ പേജ് 37,38,39).
ഏതൊരു സമുദായത്തേയും വേറിട്ടറിയുന്നതും, നിലനിൽക്കുന്നതും, നിലനിർത്തുന്നതും അവരുടെ സാംസ്കാരിക തനിമയാണ്. ഈ വ്യക്തിത്വം അറുത്തുമാറ്റാനാണ് ബോധപൂർവ്വം “ബിദഈ” സംഘങ്ങൾ ശ്രമിച്ചത്. അതുകൊണ്ടു തന്നെ അവരുടെ പിന്നാമ്പുറ ശക്തികൾ ഇസ്ലാമിനോട് യുദ്ധ പ്രഖ്യാപനം നടത്തിയവരാണ്. മധ്യപൗരസ്ത്യ രാഷ്ട്രങ്ങളിൽ നിന്ന് മുളച്ചുപൊന്തിയ സകല വിഘടിത ഗ്രൂപ്പുകൾക്കു പിന്നിലും രാഷ്ട്രീയം ഉണ്ടായിരുന്നു. അധികാരം, ധനം എന്നീ രണ്ടു ലക്ഷ്യങ്ങൾക്ക് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തിയവരാണ് ഇസ്ലാമിലെ സാംസ്കാരികാടയാളങ്ങളെ തള്ളിപ്പറഞ്ഞത്. വിശുദ്ധ ഇസ്ലാമിൻ്റെ ശാന്തവും, മനോഹരവുമായ മുഖം വിശുദ്ധാത്മാക്കളിലൂടെയാണ് ലോകം പരിചയിച്ചത്. സൂഫികളുടെ “ഖാൻഖാഹുകൾ” പോയ നൂറ്റാണ്ടുകളിൽ
ധാരാളമായിരുന്നു. ആത്മീയ പോഷണത്തിനുള്ള ത്വരീഖത്ത് പ്രസ്ഥാനങ്ങളും, ലോക ശ്രദ്ധ പിടിച്ചു പറ്റി. സോവിയറ്റ് പ്രവിശ്യകളിൽ ഇങ്ങനെയുള്ള ത്വരീഖത്ത് പ്രവർത്തനങ്ങൾ വലിയതോതിൽ ഇസ്ലാമിനെ പരിചയപ്പെടുത്തിയതായി നിരീശ്വര വാദികൾ കുറ്റപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധി, ഐഹിക താൽപര്യമില്ലാത്ത പരലോക ചിന്ത തുടങ്ങിയ മഹത്തായ ഇസ്ലാമിക സംസ്കാരം പാരമ്പര്യ വാദികൾ മുറുകെ പിടിച്ചപ്പോൾ പരിഷ്കരണ വാദികളെന്ന വ്യാജേന രംഗത്തുവന്ന രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ് ഇസ്ലാമിക സംസ്കാരം ഇല്ലാതാക്കാൻ ശ്രമിച്ചത്. തീവ്രവാദികളും ഈ രാഷ്ട്രീയ ഗ്രൂപ്പിൻ്റെ ഉൽപ്പന്നങ്ങളാണ്. ഇസ്ലാമിക തീവ്രവാദികൾ എന്ന് വിളിക്കപ്പെട്ടത് ചരിത്ര നീതിയല്ലെന്ന് പറയുന്നതോടൊപ്പം അത്തരം ഒരു ചെറു ഗ്രൂപ്പിന് വളരാനും, അങ്ങനെ വക്രമായി ചിന്തിക്കാനും വളമെറിഞ്ഞവരും വഹാബീ പ്രസ്ഥാനമാണെന്ന് സമ്മതിച്ചേ മതിയാവൂ. വഹാബികളും, ഇഖ്വാനികളുമാണ് സകല തീവ്രവാദ ഗ്രൂപ്പിന്റെയും പാഠാവലി തയ്യാറാക്കിയവരും, സമൂഹ പഥസഞ്ചലനം അക്രമത്തിലേക്ക് തിരിച്ചു വിട്ടവരും. ഇത് തിരിച്ചറിഞ്ഞ നേതൃത്വം സ്ഥാപക നാമം ഉപേക്ഷിച്ച് സലഫികളെന്നും, ജമാഅത്തെ ഇസ്ലാമി എന്നുമൊക്കെ പേര് മാറ്റിയാണ് പെരുമാറുന്നത്. ഇസ്ലാമിക പാരമ്പര്യത്തിന്നെതിരിൽ സംഘം ചേരുകയും, അതിന് പ്രമാണത്തിൽ നിന്ന് തെളിവുകൾ വ്യാജമായി നിർമ്മിച്ചുണ്ടാക്കുകയും മതത്തിന്റെ വിലാസം നൽകുകയുമായിരുന്നു ഇവർ. ഭരണം പിടിക്കാൻ ഗോത്ര ലഹളയും, കൊള്ളയും. കൊലയും സംഘടിപ്പിച്ച വഹാബി പ്രസ്ഥാനം സ്റ്റഡി ക്ലാസുകൾക്ക് ഇസ്ലാമികാദ്ധ്യാപനങ്ങളെ ദുർവ്യാഖ്യാനം ചെയ്തു എന്നത് ഇവരുടെ വഞ്ചനയുടെ മുഖം ആവരണം ചെയ്യുന്നുണ്ട്.
സാംസ്ക്കാരികാധഃപതനത്തിൻ്റെ ധാരാളം കഥകൾ വിശുദ്ധ ഖുർആനിൽ വിശദീകരിച്ചിട്ടുണ്ട്. ജനപഥങ്ങളെ നിലനിർത്തിയ ആസ്തിക്യം നിരാകരിച്ച പ്പോഴാണവർ തകർച്ച രുചിച്ചറിഞ്ഞത്. നാഗരിക മാറ്റം, സാമൂഹിക മാറ്റം, സാംസ്കാരിക മാറ്റം ഇവ മൂന്നും അനിവാര്യങ്ങളാണെന്നും അതാർക്കും തടയാനാവില്ലെന്നുമുള്ള ധാരണ നിലനിൽക്കുന്നു. ആഗോളീകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പ്രാദേശിക സംസ്കാരങ്ങൾ ഇല്ലാതാക്കി സാംസ്കാരികാധിനിവേശത്തിലൂടെ കുത്തകക്കാരുടെ അവകാശം സാധിച്ചെടുക്കലാണ്. അതിന് വേണ്ടി അവർ ഉയർത്തിക്കാണിക്കുന്നതെന്തും കച്ചവട താൽപര്യത്തിന്റെ മറവിൽ മാത്രമുള്ളതാണ്.
സത്യവിശ്വാസിയുടെ ഔന്നിത്യം അവരുടെ ഉദ്ദേശ്യലക്ഷ്യം ഉലയാത്ത വിശ്വാസത്തിന്റെ പിൻബലത്തിലാണ് നിലനിൽക്കുക. അത്തരം വിശ്വാസിയുടെ പ്രൗഢവും, പ്രത്യക്ഷവുമായ കവചമാണവൻ്റെ സാംസ്കാരികത്തനിമ. “നിങ്ങൾ ദുർബലരാവുകയും, വ്യസനിക്കുകയുമരുത്. യഥാർത്ഥ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതി പ്രാപിക്കുന്നവർ” (വി.ഖു – ആലു ഇംറാൻ: 139).
വർഗ്ഗ ബോധത്തിന്റെ അതിപ്രധാന ഘടകമാണ് സാംസ്കാരിക ബോധവും, ആദരവും. മുസ്ലിം സംസ്കാരമെന്നാൽ ഇസ്ലാമിൻ്റെ ചിലങ്ക സ്വീകരിക്കൽ തന്നെയാണ്. മാനവ സമൂഹത്തിൻ്റെ മേൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന പൊതു സംസ്കാരം, അല്ലെങ്കിൽ കിഴക്കൻ സംസ്ക്കാരം ഏതെങ്കിലും തരത്തിലുള്ള ഔന്നിത്യം നൽകുന്നതായി അവകാശപ്പെടുന്നില്ല. എന്നാൽ ഇസ്ലാമിക സംസ്കാരത്തിന്ന് ഉദാത്തമൂല്യം അവകാശപ്പെടാനുണ്ട്.
അധാർമ്മികത, അസഹിഷ്ണുത, ശത്രുത, ഏകാധിപത്യം, പാരതന്ത്ര്യം തുടങ്ങിയ തിന്മകൾക്കെതിരിൽ മഹത്തായ പ്രതിരോധം തീർത്തത് ഇസ്ലാമിക സംസ്കാരമാണ്. നാഗരിക മാറ്റങ്ങൾക്കൊപ്പം മാനവ സമൂഹത്തെ യാഥാർത്ഥ്യ ബോധത്തോടെ ശരിയുടെ തീരം കാണിച്ചു കൊടുക്കാൻ സൃഷ്ടിപരമായ പൊതു പങ്കാളിത്തം ഇസ്ലാമിക സംസ്കാരം വഹിച്ചിരുന്നു. എന്നാൽ, വർഗ്ഗീയ ഭ്രാന്തന്മാരും, അധികാര മല്ലാളന്മാരും, ധനമോഹികളും തീർത്തതെന്താണ്? അവരീ ഭൂമിയിൽ അഗ്നി നിറക്കുക മാത്രമല്ല, മാനവ സമൂഹത്തിൻ്റെ ജീവവായു പോലും തടഞ്ഞു. ശരിക്കൊപ്പം നിന്നവരെ പോലും അവർ കൊന്നു കൊലവിളി നടത്തി.
മത-ജാതി മതിലുകൾക്കിടയിൽ വിഭാഗീയതയുടെ മേൽതട്ടം വിരിക്കാത്ത മഹാത്മ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെക്കുമ്പോൾ അയാളെ മഥിച്ച വികാരം അധർമ്മത്തിൻ്റെ അധോമുഖമുള്ള സംസ്കാരിക ജീർണ്ണതയല്ലാം മറ്റെന്തായിരുന്നു.
“നിങ്ങൾ സ്വയം പൂ1ഴിയിൽ മൂടുക, എന്തെന്നാൽ അവസാനം നിങ്ങളും മണ്ണായിത്തീരും,
കുളിക്കുക, പുതുവസ്ത്രങ്ങൾ ധരിക്കുക, നിങ്ങൾ പോകുന്നിടത്ത് നിന്ന് ഒരിക്കലും മടങ്ങി വരുകയില്ല”
ഇങ്ങനെ ഗാന്ധിജിയുടെ മൃതശരീരത്തിന്നരികിൽ വെച്ച് ഭക്തർ പാടിയിരുന്നു. (‘സ്വാതന്ത്യം അർദ്ധരാത്രിയിൽ’ പുറം: 478). എന്താണീ ആശയം സൂചിപ്പിക്കുന്നത്. വർഗ്ഗീയതയുടെ ആകെത്തുക സാംസ്കാരിക ജഢാവസ്ഥയാണ്. സംസ്കാരമെന്നാൽ മൂല്യങ്ങളെ മാനിക്കാനുള്ള മനസ്സിൻ്റെ സദ്ഭാവമാണ്. അവിടെ ലാളിത്യം അംഗീകരിക്കലും, ആദരിക്കലും, അതിന്നാവശ്യമായ സഹിഷ്ണുതയും മേളിക്കുന്നു. ഇസ്ലാമിക ജാഗരണങ്ങളുടെ പ്രധാന ഇന്ധനം സൂഫികൾ, സൂക്ഷ്മ ശാലികൾ പണ്ഡിതന്മാർ കൊണ്ടുനടന്ന മാതൃകയാക്കാൻ പറ്റാവുന്ന ജീവിത രീതികളും വീക്ഷണങ്ങളുമായിരുന്നില്ലേ. “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറയെ ആഹരിക്കുന്നവൻ മുസ്ലിമല്ല” എന്ന തിരുവചനം ഇസ്ലാമിക സംസ്കാരത്തിന്റെ പ്രായോഗികവും, അതോടൊപ്പം കാലങ്ങളെ നേരിടാനും, സമൂഹങ്ങളിൽ പടർന്നു കയറാനുമുള്ള കരുത്തിൻ്റെ ഉണർത്തു പാട്ടുമാണ്. “മനുഷ്യരോട് കരുണ കാണിക്കാത്തവന് ദൈവത്തിന്റെ കരുണയില്ല” എന്ന തിരുവചനത്തിലും തെളിയുന്നത് ഈ ജനകീയ മാനം തന്നെ. പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ യാതൊരു പരിക്കുമില്ലാതെ ഇസ്ലാമിൻ്റെ വിമർശകർ പോലും പേനയും, നാവും മടക്കിവെച്ച് പിന്തിരിയുന്നതും, ഇസ്ലാമിൻ്റെ ധ്വജം ഉന്നതിയിലേക്കുയർന്നതും ഈ സൗന്ദര്യശാസ്ത്രത്തിന്റെ പ്രതിഫലന ശക്തി തന്നെ.സമൂഹത്തിൽ ഹൈക്ലാസും, മിഡിൽ ക്ലാസും, ലോക്സാസും എന്നിങ്ങനെയുള്ള വേർതിരിവുകളുണ്ടാക്കിയവരാരാണ്? ഈ മതിലുകൾ നിർമ്മിച്ചവർക്ക് തീർച്ചയായും സങ്കുചിത വിചാരം കാണും. ഇത്തരം വിഭജനങ്ങളുടെ മാനദണ്ഡം നിശ്ചയിച്ചതും ചൂഷണ ലക്ഷ്യത്തോടെ തന്നെയല്ലേ. എന്നാൽ ഇസ്ലാം എത്ര മനോഹരമായി ഈ മതിലുകൾ മാത്രമല്ല, മതിലുകളിലെ മാനദണ്ഡവും ചോദ്യം ചെയ്തു. വിശുദ്ധ വചനത്തിലൂടെ ‘സൂക്ഷ്മത’ മാത്രമാണ് വേറിട്ടു നിൽക്കുന്ന മഹത്വ ലക്ഷണമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
വൈവിദ്ധ്യങ്ങളുടെ അരാചകത്വ ലോകത്ത് ഏകത്വത്തിൻ്റെ സംഘബോധത്തിന്റെ സംസ്കാരം ഇസ്ലാം കൈമാറി. കേരളീയൻ്റെ അയൽപക്ക ബന്ധം മുതൽ അങ്ങാടി സൗഹൃദം വരെ ഇസ്ലാമിക സാംസ്കാരിക ഇടപെടലുകളുടെ കണക്കു പുസ്തകത്തിൽ വരവുണ്ടാക്കണം. കേരളത്തിലെ ഗ്രാമങ്ങളിൽ പോലും എത്രകാലം അജ്ഞാത മതിലുകൾ ജാതിയുടെ പേരിൽ നിലനിന്നു. ഇന്നും തിന്മകളെ കളിയാക്കി പറയാൻ ഒരു പക്ഷേ കുഞ്ചൻ നമ്പ്യാർ ശ്രമിച്ചു നോക്കിയിരിക്കാം. “പറയൻ, ശീതങ്കൻ, ഓട്ടൻ” എന്നീ മൂന്നുതരം തുള്ളലുകൾ രചിച്ചു. അമ്പലപ്പറമ്പിൽ ആടിപ്പാടി പറഞ്ഞ നമ്പ്യാർക്ക് ചരിത്രത്തിലിടം കിട്ടി എന്നതൊഴിച്ചാൽ സമൂഹത്തിൽ മാറ്റമുണ്ടാക്കാനായില്ല. “തുള്ളലിലങ്ങനെ പലതും പറയും, തുള്ളരുതാരും പരിഭവമോടെ, അഥവാ തുള്ളി അടുത്തീടുകിലോ, ഇവിടൊരു ചുക്കും വരുവാനില്ല” എന്ന് പാടിയാൽ കുംഭ കുലുക്കി കുലുങ്ങി കുലുങ്ങി ചിരിച്ചു തിമർത്തും പിരിഞ്ഞുപോകുകയല്ലാതെ മറ്റെന്ത് മാറ്റമുണ്ടാക്കാനായി?
മലയാള ഭാഷയെ ധന്യമാക്കുന്നതിലും, പിന്തുടരുന്നതിലും സ്ഥായിയായ പദസമ്പത്ത് നൽകി സൗന്ദര്യവൽക്കരിക്കുന്നതിലും അറബിഭാഷ (ഇസ്ലാമിക സംസ്കാരത്തിന്റെ ലിഖിത ശേഖരം) നൽകിയ സംഭാവന പലരും അനുസ്മരിച്ചിട്ടുണ്ട്. ‘ഖിലാഫത്ത്, സുൽത്താൻ, ജനാബി, ഇനാം, അമീൻ, തഹസിൽദാർ, ഹരജി, ഒസ്യത്ത്, ജപ്തി , ജാമ്യം, മരാമത്ത്, നികുതി, കരാർ, ബാക്കി, റാത്തൽ, വാപ്പ, തകരാർ, ഒപ്പന, കലാശം, മൈതാനം, നാരങ്ങ, കാലി തുടങ്ങി അദാലത്ത് വരെ ധാരാളം പദങ്ങൾ അറബി ഭാഷയിൽ നിന്ന് കടംകൊണ്ടതാണ്. (‘മലയാള സാഹിത്യ ചരിത്രം’ ഡോകൽപ്പറ്റ രാധാകൃഷ്ണൻ-പുറം:14).
സ്വഭാവ രൂപീകരണത്തിൽ പരിസര പങ്ക് പഠന വിധേയമാക്കിയവരൊക്കെ അംഗീകരിച്ചിട്ടുണ്ട്. ശ്രീമതി ഇന്ദിരാ ഗാന്ധിയെ ഉരുക്ക് വനിതയാക്കിയത് കുട്ടിക്കാലത്തെ ഒറ്റപ്പെടലും, ഭവനാന്തരീക്ഷവുമാണെന്ന് പഠിച്ചു പറഞ്ഞവർ ജവഹർലാൽ നെഹ്റുവിനെ സൗമ്യനും, പക്വമതിയുമാക്കിയത് കാശ്മീരി വേരുകളും, പരിസരവുമാണെന്ന് പറയാതെ പോയതാണ്. “1716 അടുത്ത കാലത്ത് ഞങ്ങളുടെ കുടുംബം സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന ഡൽഹിയിലേക്ക് മാറിപ്പാർത്തു. ഒരു തോടിന്റെ വക്കത്തുള്ള ഒരു ജഗീറും, രാജ് കൗളിന്ന് സമ്മാനിക്കപ്പെട്ടിരുന്നു. ആ ഭവനത്തിന്റെ സ്ഥിതി നിമിത്തം നെഹ്റു (നഹർ-തോട്) എന്നു കൂടി അദ്ദേഹത്തിന്റെ പേരിനോട് ചേർത്ത് പറയാനിടവന്നു. കുടുംബപ്പേര് കൗൾ എന്നായിരുന്നു. ഇത് കൗൾ നെഹ്റു എന്നായി മാറി. പിൽക്കാലങ്ങളിൽ കൗൾ വിട്ടുകളയുകയും ഞങ്ങൾ നെഹ്റുമാരായിത്തീരുകയും ചെയ്തു”. (“ജവഹർലാൽ നെഹ്റു ആത്മകഥ’ പുറം.2). സംസ്കാരവും, ശീലങ്ങളും രൂപപ്പെടുന്നതിൽ കാണുന്ന പരിസര ബന്ധവും അത് നൽകുന്ന അഭിമാന ബോധവും ആസ്തിക്യ പ്രഖ്യാപനവും അനിഷേധ്യമാവുന്നു.
നെഹ്റു ചേർക്കാതെ ജവഹർ ലാലിനെ പരിചയപ്പെടുത്താൻ ചരിത്രം അനുവദിക്കുമോ? എന്നല്ല ‘ചാച്ചാ നെഹ്റു’ എന്നു പറയുമ്പോഴുള്ള സൗന്ദര്യ സങ്കൽപ്പം ‘ചാച്ചാ കൗൾ’ എന്നു പറഞ്ഞാലുണ്ടാകുമോ?.
മുസ്ലിം കോളനികൾ സ്ഥാപിതമായി അവിടങ്ങളിൽ പ്രസരിച്ച അനുകരണീയ ശീലങ്ങൾ കേരളത്തിന് നൽകിയ മികച്ച സംഭാവനകൾ എങ്ങനെ വിസ്മരിക്കും. നാദാപുരം, പൊന്നാനി, ചാലിയം, ധർമ്മടം, തലശ്ശേരി, ഏഴിമല, കൊടുങ്ങല്ലൂർ, കൊല്ലം
തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ലഭ്യമായത് അനുകരണീയങ്ങളായ സംസ്കാരങ്ങൾ തന്നെയായിരുന്നില്ലേ.
മാപ്പിള സംസ്കാരവും, പാരമ്പര്യവും എന്നാൽ ഇസ്ലാമിക രീതി ശാസ്ത്രം തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വ പാദത്തിനപ്പുറത്ത് മലയാളക്കരയിൽ ഒരു മുസ്ലിം സ്ത്രീ ജുമുഅ: ജമാഅത്തിന് പോയിരുന്നില്ലല്ലോ. വെള്ളിയാഴ്ച ഖുതുബ പ്രാദേശിക ഭാഷയിൽ നിർവ്വഹിച്ചിരുന്നില്ല. ആണ്ടറുതികൾ, മാമൂലുകൾ ഇതിലൊന്നും മാറ്റങ്ങൾ വന്നിരുന്നില്ല. ഒന്നാം മിഷനറി സംഘത്തിലുണ്ടായിരുന്ന “ഖമരിയ്യ” പള്ളിയിൽ പോയിരുന്നെങ്കിൽ അത് കണ്ടു പഠിച്ചു പിൽക്കാലക്കാരും പോകുമായിരുന്നു. അപ്പോൾ മാപ്പിള സംസ്കാരത്തിൽ നിന്ന് സുല്ല് പറഞ്ഞത് വഹാബികളാണെന്ന് വരുന്നു. പിന്നെ അവരിൽ നിന്ന് പിരിഞ്ഞും, പിരിച്ചും ഉണ്ടായ ഗ്രൂപ്പുകാരാണ് പുതിയ സംസ്കാരവും, ശീലങ്ങളും വികസിപ്പിച്ചതും, നടപ്പിൽ വരുത്തിയതും.
സത്യസന്ധത, വിശുദ്ധി, പരലോക ചിന്ത, സമർപ്പണം, ത്യാഗം, നിഷ്കളങ്കത, സമഭാവന, നീതി ബോധം, വിനയം തുടങ്ങിയ സദ്ഗുണങ്ങാണ് പാരമ്പര്യമായി നമുക്ക് ലഭിച്ചത്. ഈ മഹദ് ഗുണങ്ങളുടെ പരസ്യമായ ലംഘനമാണ് തിരുത്തൽ വാദികൾ നടത്തിയത്. അവരുടെ പ്രചാരണത്തിൻ്റെ കേന്ദ്ര ബിന്ദു തന്നെ പരിഹാസമായിരുന്നു. സഊദി അറേബ്യയിൽ വഹാബി പ്രസ്ഥാനം മഹാന്മാരുടെ ഖബറുകൾ മാത്രമല്ല തച്ചുതകർത്തത്. നിരവധി മഹാന്മാരേയും, സാദാത്തുക്കളേയും കൊല്ലുകയും, കൊള്ളയടിക്കുകയും ചെയ്തു. വഹാബി പ്രസ്ഥാനത്തിന്റെ ക്രൂരതയിൽ നിന്ന് രക്ഷപ്പെട്ട മഹാന്മാരായ സാദാത്തുക്കൾ കോഴിക്കോട് പുതിയങ്ങാടിയിലെ വരക്കൽ ബാഅലവി കുടുംബത്തിൽ അഭയം തേടിയതായി ചില ചരിത്ര രേഖകളിൽ കാണുന്നു. കൊലയും, കൊള്ളിവെപ്പും, പിടിച്ചു പറിയും ഇസ്ലാമിന്റെ പേരിൽ നടത്തിയവരുടെ പിൻതലമുറ ബോംബും, ഭീകരതയും സ്വീകരിച്ചെങ്കിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു.
മാപ്പിള സംസ്കാരം മതകീയമാണ്. അതാണെങ്കിലോ പ്രകൃതിക്ക് പോലും പ്രയാസമുണ്ടാക്കാത്തതും ശ്ലാഘനീയവും മാതൃകാപരവുമാണ്. ഇസ്ലാമിക സംസ്കാരത്തിന്റെ സൗന്ദര്യ ശാസ്ത്രം “അഹ്ലുസ്സുന്നയിലൂടെ മാത്രമേ ലോകം പരിചയിച്ചറിഞ്ഞിട്ടുള്ളൂ. മതത്തിന്റെ പേരിട്ട് ചേർന്നാൽ മതസംഘടനയാവില്ലെന്ന തിരിച്ചറിവിലേക്ക് “മാപ്പിള പാരമ്പര്യവും, സംസ്കാരവും” സുമനസ്സുകളെ നയിക്കുന്നത് അതുകൊണ്ടാണ്.

