ഒരു മതപണ്ഡിതൻ ഗ്രന്ഥകാരനാകുന്നതിൽ അസ്വാഭാവികമായി യാതൊന്നുമില്ല. സൂഫികൾ കവിത രചിക്കുന്നതും സാധാരണമാണ്. കവികൾ പോരാളികളാകുന്നതും അപൂർവ്വമല്ല. എന്നാൽ, ഒരാൾ മതപണ്ഡിതനും കവിയും വിപ്ലവകാരിയും സൂഫിയും ചികിത്സകനും എല്ലാം കൂടിയാകുന്നത് തികച്ചും ആശ്ചര്യജനകമാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇത്തരമൊരു ജന്മത്തിന് അരങ്ങാകാനുള്ള സൗഭാഗ്യം മലബാറിലെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു കടലോര ഗ്രാമത്തിന്നാണ് കൈവന്നത്. ആ സുവർണ്ണ താരകത്തിന്റെ പൊൻ പ്രഭയിൽ ആ ഗ്രാമം ചരിത്രത്തിൽ ഇടം നേടുകയും ചെയ്‌തു. വെളിയങ്കോട് ഹസ്രത്ത് ഉമർഖാദി (റ) ഇപ്പോൾ തന്നെ വായനക്കാരുടെ സ്മൃതി പഥത്തിലേക്ക് കടന്ന് വന്നിരിക്കും.
ജനനവും പഠനവും
വെളിയങ്കോട് ‘ഖാസിയാരകത്ത് കാക്കത്തറ’ തറവാട്ടിൽ, ആലിമുസ്‌ലിയാരുടെയും ആമിന ഉമ്മയുടെയും പുത്രനായാണ് ഈ അപൂർവ്വ ജ്യോതിസ്സ് ഉദിച്ചുയർന്നത്. ഏഴാം വയസിൽ മാതാവും പത്താം വയസ്സിൽ പിതാവും ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അവരുടെ മികവുറ്റ ശിക്ഷണം ആ പിഞ്ചു ഹ്യദയത്തിൽ പകർന്ന കർമ്മ ചൈതന്യം ജീവിതാന്ത്യം വരെ ജ്വലിച്ച് നിന്നു. പിതാവിൽ നിന്ന് തന്നെ വിജ്ഞാനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ഉമർബിൻ അലി, താനൂരിലെ പ്രശസ്‌തമായ ദർസിൽ നിന്ന് ‘അൽഫിയയും മറ്റും ഓതിപ്പഠിച്ചു’ അറബി വ്യാകരണത്തിലും ഇതര വിജ്ഞാനങ്ങളിലും വ്യുൽപ്പത്തി നേടി. മത വിഷയങ്ങളിൽ എത്രയൊക്കെ അവഗാഹം നേടിയാലും പൊന്നാനിയിൽ വലിയ പള്ളിയിലെ ദർസിൽ പോയി ‘വിളക്കത്തിരുന്നാൽ’ മാത്രമേ പഴയ മലബാറിൽ പൂർണ്ണ പണ്ഡിതനായി അംഗീകരിക്കപ്പെടുമായിരുന്നുള്ളൂ. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഓതിപ്പഠിക്കാൻ മാത്രമായി ചെലവഴിച്ച വലിയ പണ്ഡിതൻമാർപോലും പൊന്നാനിയിൽ ‘വിളക്കത്തിരിക്കുക’ എന്നത് ഒരു വിദൂര സ്വപ്നമായാണ് കണ്ടിരുന്നത്. എന്നാൽ, അത്ഭുതകരമെന്ന് പറയട്ടെ, സ്മര്യപുരുഷന് തന്റെ ജ്ഞാന വൈഭവത്താൽ പതിമൂന്നാം വയസ്സിൽ തന്നെ അവിടെ പ്രവേശനം ലഭിച്ചു.
ഹവാനി വീട്ടിൽ കുഞ്ഞാമുട്ടി മുസ്‌ലിയാർ, മൗലാന സഈദ് മുസ്‌ലി യാർ(കാസർഗോഡ്), അവുകോയ മുസ്‌ലിയാർ(പരപ്പനങ്ങാടി) തുടങ്ങിയ പ്രമുഖർ പൊന്നാനിയിൽ തന്റെ സതീർത്ഥ്യരായിരുന്നുവെങ്കിലും, ബുദ്ധിശക്തിയിലും വിജ്ഞാന തൃഷ്ണയിലും കർമ്മാനുഷ്‌ഠാനങ്ങളിലും മികച്ച് നിന്ന ഉമർ ബിൻ അലിയാണ്, പൊന്നാനിയിലെ സദർ മുദരിസായിരുന്ന ഗുരുവര്യൻ ശൈഖ് മമ്മിക്കുട്ടി ഖാദിയുടെ പ്രത്യേക സ്നേഹവാത്സല്യങ്ങൾക്ക് പാത്രീഭൂതനായത്. സ്വന്തം ഫത്വകൾ പകർത്തിയെഴുതാനും കീഴിലുള്ള മഹല്ലുകളിലെ പള്ളികളിൽ പോയി ജുമുഅ ഖുതുബ നിർവ്വഹിക്കാനും വഴക്കുകൾ പറഞ്ഞ് തീർക്കാനും ഉസ്താദ് നിയോഗിച്ചിരുന്നതും ഈ അരുമ ശിഷ്യനെയായിരുന്നു. അതേ സമയം, ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്ന മമ്മിക്കുട്ടി ഖാദിയുടെ ആത്മീയ ശിഷ്യത്വം കഠിന പരീക്ഷ ണങ്ങൾക്ക് ഒടുവിൽ മാത്രമാണ് തനിക്ക് കരഗതമാക്കാനായത്. ഇങ്ങനെ നേടിയ ഇജാസത്തിലൂടെയാണ് ആത്മീയ മാർഗ്ഗത്തിൽ ഔന്നത്യം പ്രാപിക്കാൻ അദ്ദേഹത്തിന് സാദ്ധ്യമായത്. മമ്മിക്കുട്ടിഖാദിയുടെ വിയോഗശേഷം ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഇജാസത്തും സ്വീകരിക്കാനായത് പോലെ, അതിഗഹനങ്ങളും നിഗൂഢവുമായ പല ആദ്ധ്യാത്മിക തത്വങ്ങളും മഹാനവർകളിൽ നിന്ന് ഉരുയിച്ചെടുക്കാനും സ്‌മര്യ പുരുഷന് അവസരം ലഭിച്ചു.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ആദ്ധ്യാത്മക സരണിയിലും അവഗാഹം നേടിയ ശേഷം ഉമർബിൻ അലി വെളിയങ്കോട് ഖാദിയായി അവരോധിക്കപ്പെട്ടു. തുടർന്ന്, പുന്നയൂർക്കും, ചാവക്കാട്, ചേറ്റുവ, കോടഞ്ചേരി, കോതപറമ്പ് തുടങ്ങിയ ഒട്ടേറെ മഹല്ലുകളിൽ മേൽഖാദിയായി നാട്ടുകാർ നിശ്ചയിച്ചതോടെ ‘ഉമർ ഖാദി’ എന്ന പേരിൽ അറി യപ്പെടാൻ തുടങ്ങി.
സമരം, ജയിൽ വാസം
1798ൽ ടിപ്പുസുൽത്താൻ രക്തസാക്ഷിയായതോടെ മലബാർ പ്രദേശം പൂർണ്ണമായും ബ്രിട്ടീഷ് പിടിയിലമർന്നു. ടിപ്പുവിന്റെയും പിതാവ് ഹൈദറലിഖാന്റെയും കീഴിൽ മുപ്പത്താറ് വർഷം നീണ്ട് നിന്ന മലബാറിലെ മൈസൂർ ഭരണകാലം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും സുവർണ്ണ കാലഘട്ടമായിരുന്നു. ടിപ്പുവിന്റെ ഭരണം അത്തരക്കാർക്ക് വൻതോ തിൽ ആനുകൂല്യങ്ങളും ആശ്വാസവും അനുവദിച്ചു. ടിപ്പുവിന്റെ പടയോട്ടം വെളിയങ്കോട് വഴി കടന്ന്പോയ നാളുകളിൽ ഊർജ്ജസ്വലനായിരുന്ന യുവാവായിരുന്നു ഉമർ ഖാദി (റ).
മൈസൂർ ഭരണകാലത്തെ പരിഷ്‌കാരങ്ങൾ വിശിഷ്യാ കാർഷിക നിയമങ്ങളിലെ മാറ്റങ്ങൾ ചൂഷകരും സേച്ഛ്വാധിപതികളുമായിരുന്ന സവർണ്ണ ജന്മിക്കാരുടെയും നാടുവാഴികളുടെയും ഉറക്കം കെടുത്തുകയും പലരും തിരുവിതാം കൂറിലേക്ക് പലായനം നടത്തുകയും ചെയ്‌തു. ടിപ്പുവിന്റെ വിയോഗ ശേഷം മലബാർ ബ്രിട്ടീഷ് ഭരണത്തിനു കീഴിലമർന്നത് ഈ ചൂഷകവർഗ്ഗത്തെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മലബാറിൽ തിരിച്ചെത്തിയ ഇവർ ബ്രിട്ടീഷ് ഒത്താശയോടെ കുടിയാന്മാരായിരുന്ന മാപ്പിളമാരെ കൃഷിയിടങ്ങളിൽ നിന്ന് കുടി യൊഴിപ്പിക്കുവാനും പൂർവ്വോപരി ശക്തിയോടെ കടന്നാക്രമിക്കുവാനും തുടങ്ങി. ഇത് സ്വാഭാവിക മായും കാർഷിക കലാപങ്ങളിലും സവർണ്ണ ജന്മിമാരും മാപ്പിള കുടിയാന്മാരും തമ്മിലുള്ള നിരന്തര, സംഘട്ടനങ്ങളിലുമാണ് കലാശിച്ചത്. വൈദേശിക മേധാവിത്വത്തോടുള്ള ഒടുങ്ങാത്ത രോഷവും മാപ്പിളമാരെ ആയുധമേന്താൻ പ്രേരിപ്പിച്ചു.
ബ്രിട്ടീഷ് അധികാരിപ്പരിഷകളാകട്ടെ ജന്മി-കുടിയാൻ സംഘർഷത്തെ ഹിന്ദു-മുസ്‌ലിം സ്‌പർദ്ധ യാക്കി ആളിക്കത്തിക്കാനും, തദ്വാരാ, മലബാറിലെ തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കുവാനുമുള്ള സുവർണ്ണാവസരമായിട്ടാണ് കണ്ടത്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്നത് എക്കാലത്തെയും കൊളോണിയൽ തന്ത്രമായിരുന്നുവല്ലോ! “നായന്മാരും മാപ്പിളമാരും തമ്മിൽ നിലനിൽക്കുന്ന മാത്സര്യവും പകയും അതേപടി നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അവർ യോജിക്കാവുന്ന ഏതൊരു സാദ്ധ്യതയും നുള്ളിക്കളയുകയും, പരസ്‌പര ശത്രുതയുടെ ശക്തി സന്തുലിതത്വത്തിന്ന് യാതൊരു കോട്ടവും വരാതെ കാത്ത് സൂക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഭരണത്തിന്റെ സുഗമമായ നിലനിൽപിന് അത്യന്താപേ ക്ഷിതമാണെന്ന് നാം അംഗീകരിക്കേണ്ടതാണ്” തെക്കൻ മലബാർ പ്രവിശ്യകളുടെ കലക്ടർ 1801ൽ എഴുതിയ റിപ്പോർട്ടിൽ ഇങ്ങനെ കാണാം.
ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ വിയോഗാനന്തരം ഏക പുത്രനായ ഫസൽ പൂക്കോയ തങ്ങൾ ബ്രിട്ടീഷ് വിരുദ്ധ മാപ്പിള കലാപങ്ങളുടെ കൊടിക്കൂറേന്തിയപ്പോൾ, ജനങ്ങളെ സമരോത്സുകരാക്കുന്നതിൽ മുൻപന്തിയിൽ നിന്ന പുതിയങ്ങാടി തങ്ങൾ, പാണക്കാട് ഹുസൈൻ തങ്ങൾ, മരക്കാരകത്ത് അബുക്കോയ മുസ്‌ലിയാർ എന്നിവരോടൊപ്പം രോഷാകുലരായ ചെറുപ്പക്കാരനായി ഉമർ ഖാദി(റ)യുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരെയും സിൽബന്ധികളായ ഉദ്യോഗസ്ഥപ്പരിഷക ളെയും തികഞ്ഞ അവജ്ഞയോടെയാണ് ഖാദിയാർ നോക്കിക്കണ്ടിരുന്നത്.
വെളിയങ്കോട് അംശം അധികാരി ഉമർ ഖാദി(റ)യുടെ സ്വത്ത് വഹകൾക്ക് വമ്പിച്ച നികുതി ചുമത്തി. പക്ഷെ, അദ്ദേഹം അതംഗീകരിക്കാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, പിരിക്കാൻ വന്ന ഉദ്യോഗസ്ഥരെയെല്ലാം വെറു കയ്യോടെ തിരിച്ചയച്ചു. ഒടുവിൽ, സാക്ഷാൽ അധികാരി തന്നെ നേരിട്ട് വന്നപ്പോൾ നീതി-ധർമ്മങ്ങളെ നിരാകരിക്കുന്ന നരാധമന്മാരായ വെള്ളക്കാരെയും, ചെരിപ്പ് നക്കികളായ സിൽബന്ധികളെയും കണക്കിന് കളിയാക്കുകയും രൂക്ഷമായി വിമർശിക്കുകയും ശേഷം “അല്ലാഹു വിന്റെ ഭൂമിക്ക് നികുതിചുമത്താൻ ആർക്കും അവകാശമില്ല” എന്ന് ദൃഢ സ്വരത്തിൽ പ്രഖ്യാപിക്കുകയാണ് ചെയ്തത്. എന്നാൽ, സൈനുദ്ദീൻ മരക്കാർ എന്ന പൗരപ്രമുഖൻ ഖാദിയാരുടെ വസ്‌തുവഹകൾക്ക് മേൽ ചുമത്തപ്പെട്ട കരം അദ്ദേഹമറിയാതെ സ്വന്തം കൈയിൽ നിന്ന് വർഷാവർഷം കൃത്യമായി അടച്ച് പ്രശ്നം ഒതുക്കിത്തീർത്തു.
മഹാത്മാഗാന്ധി സ്വാതന്ത്ര്യസമര പ്രസ്ഥാനവും നിസ്സഹകരണ സമരവും ആരംഭിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഉമർഖാദി ബ്രിട്ടീഷ് കോയ്‌മക്കെതിരെ നികുതി നിഷേധം പ്രഖ്യാപിക്കുന്നത്. അല്ലാഹുവിന്റെ ഭൂമിക്ക് കരം ചുമത്താൻ മനുഷ്യർക്ക് യാതൊരധികാരവുമില്ല എന്ന തന്റെ പ്രഖ്യാപിത നിലപാടിൽ നിന്ന് കടുകിട വ്യതിചലിക്കാൻ അദ്ദേഹം സന്നദ്ധനായില്ല. മരക്കാർ സാഹിബിന്റെ വിയോഗത്തെ തുടർന്ന് കരം പിരിക്കാൻ അംശം അധികാരിയും മേനോനും നേരിട്ട് സമീപിച്ചപ്പോൾ താൻ രോഷാകുലനായി ഇപ്രകാരം ഗർജ്ജിച്ചു “മഹാനായ ടിപ്പു സുൽത്താനെ ചതിച്ച് കൊല്ലുകയും കൊച്ചി, കൊടുങ്ങല്ലൂർ, സാമൂതിരി, അറക്കൽ രാജ സ്വരൂപങ്ങളെ തകർക്കുകയും ചെയ്‌ത ഇംഗ്ലീഷുകാരുടെ ചെരുപ്പ് നക്കികളാണ് നിങ്ങൾ. വെള്ള നസ്രാണികളുടെ അക്രമ ഭരണത്തിന് കീഴിൽ ഉദ്യോഗം വഹിക്കൽ തന്നെ ഹറാമാണ്. ഭൂമിയുടെ യഥാർത്ഥ അധിപൻ ദൈവം തമ്പുരാനാണെന്നിരിക്കെ, എന്ത് തന്നെയായാലും ഞാൻ നികുതി തരികയില്ല” മേനോൻ വിവരം ചാവക്കാട്ടെ തുക്ടി നീണു സായിപ്പിനെ എഴുതി അറിയിച്ചു. കുപിതനായ ഉമർഖാദിയെ തന്റെ മുമ്പാകെ ഹാജരാക്കാൻ ചാവക്കാട് ഹെഡ് കോൺസ്റ്റബിളിനെ അയച്ചു. ഖാദിയാർ യാതൊരു സങ്കോചവും കൂടാതെ ചാവക്കാട് തുക്‌ടി കച്ചേരിയിൽ കയറിച്ചെന്ന് ഒരു കസേരയിൽ ഉപവിഷ്ടനാകുകയും ‘തുക്‌ടി എവിടെ? എന്ന് ഗൗരവ സ്വരത്തിൽ ഗുമസ്തന്മാരോട് തിരക്കുകയും ചെയ്‌തു. അധികാര ഗർവ്വോടെ കടന്ന് വന്ന നീബു ചോദിച്ചു’ ‘നികുതി നൽകാൻ കൂട്ടാക്കാത്ത, മഹത്തായ രാജഭരണത്തെ വെല്ലുവിളിക്കുന്ന വെളിയങ്കോട് ഉമർ മുസ്‌ലിയാർ താനാണോ?”. “അതെ, അത് ഞാൻ തന്നെ” വാദി പ്രതിവചിച്ച പ്പോൾ ഭീഷണി സ്വരത്തിൽ തുക്‌ടി പറഞ്ഞു. “ഇന്നാട്ടിലെ ഓരോ പ്രജയും രാജനിയമം അനുസരിക്കൽ നിർബന്ധമാണ്. നികുതി അടക്കാതിരുന്നാൽ ഞാൻ നിങ്ങളെ നാടുകടത്തുകയും സ്വത്ത് കണ്ട് കെട്ടുകയും ചെയ്യും”. ഖാദിയാരുടെ മറുപടി സുദൃഢമായിരുന്നു. “അല്ലാഹുവിന്റെ ഭൂമിക്ക് ഞാനൊരിക്കലും നികുതി തരില്ല. നിങ്ങൾക്ക് വേണമെങ്കിൽ അധികാരം പ്രയോഗിക്കാം. തിക്ത ഫലങ്ങൾ എന്തൊക്കെയായാലും ഞാൻ സഹിച്ച് കൊള്ളാം”. “നീ എന്താണ് മുസ്‌ലിയാരേ ഈ പറയുന്നത്? ഈ സ്ഥലം ഏതെന്നും ഞാനാരെന്നും നിനക്ക് മനസ്സിലായിട്ടില്ലെന്നുണ്ടോ? നമ്മുടെ കൽപന നീ അനുസരിക്കുന്നോ ഇല്ലയോ?” തുക്ടിയുടെ ഈ ചോദ്യം തന്നെ അങ്ങേയറ്റം പ്രകോപിപ്പിച്ചു. “സാദ്ധ്യമല്ലെടോ, ‘മാദാ തഖൂലു യാ ബത്ത്വാൽ (നീയെന്താണ് പുലമ്പുന്നത്, മരമണ്ടാ)” എന്ന് ആക്രോശിച്ച് അദ്ദേഹം ചാടിയെണീക്കുകയും, കടുത്ത അവജ്ഞയോടെ സായിപ്പിന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്‌തു. കൈലേസ്കൊണ്ട് മുഖം തുടച്ച് അയാൾ പോലീസിനെ വിളിച്ചു. എന്നാൽ രോഷാകുലനായ ഖാദിയാർ ആ പോലീസുകാരന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ചു.
തുക്ടി സായിപ്പിന്റെ ഉത്തരവിൻ പ്രകാരം മഹാനവർകൾ തുറുങ്കിലടക്കപ്പെട്ടു. ലോക്കപ്പ് മുറിയിൽ സർവ്വഥാ ധ്യാനനിമഗ്നനായിക്കഴിഞ്ഞ അദ്ദേഹം അർദ്ധരാത്രി അംഗശുദ്ധി വരുത്താൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്നദ്ദേഹം നമസ്കാരം നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത് പോലീസുകാർ കണ്ടു. അത്ഭുതകരമെന്ന് പറയട്ടെ പ്രഭാതം പൊട്ടിവിടർന്നപ്പോൾ കാവൽ നിന്ന പോലീസുകാർക്ക് കാണാനായത് പൂട്ടിക്കിടക്കു ന്നതെങ്കിലും ശൂന്യമായ ലോക്കപ്പ് മുറിയായിരുന്നു. ഉമർഖാദി രാത്രി തന്നെ കോടഞ്ചേരി പള്ളിയിലെത്തി തഹജ്ജുദ് നമസ്‌കാരത്തിൽ മുഴുകുകയായിരുന്നു. വിവരമറിഞ്ഞ മലബാർ കലക്‌ടർ കക്ഷിയെ ഉടൻ കോഴിക്കോട് ഹജൂർ കച്ചേരിയിൽ ഹാജറാക്കാൻ ഉത്തരവിട്ടു. പോലീസുകാർ വെളിയങ്കോട്ടെത്തി കാക്കത്തറ ഭവനം വള ഞ്ഞു. തത്സമയം കോടഞ്ചേരി പള്ളിയിലായിരുന്ന ഖാദി, ദിവ്യ ദൃഷ്‌ടിയാൽ കാര്യം ഗ്രഹിക്കുകയും ളുഹാ നമസ്‌കാര ശേഷം വിശ്വസ്‌ത സുഹൃത്തിനെ വിളിച്ച്, തന്റെ വീട് വളഞ്ഞ പോലീസുകാരോട് താനുടനെ അവിടെ എത്തിച്ചേരുമെന്ന് അറിയി ക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. തൊട്ടു പിറകെത്തന്നെ, വലിയൊരാൾക്കൂട്ടത്തിന്റെ അകമ്പടിയോടെ മഞ്ചലിൽ വെളിയങ്കോടെത്തി. മഞ്ചലിൽ നിന്നിറങ്ങി തങ്ങളെ അനുഗമിക്കുവാൻ പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും താൻ മഞ്ചലിൽ തന്നെ യാത്ര തുടരുകയും ക്ഷുഭിതരായ ആൾക്കൂട്ടത്തെ അനുനയത്തിൽ തിരിച്ചയച്ച് സ്വമേധയാ കോഴിക്കോട് ഹജൂർ കച്ചേരിയിലെത്തിച്ചേരുകയും ചെയ്‌തു.
കലക്ടർ ചെക്ലിൻ സായിപ്പ് സുസ്മേരവദനനായി ആ വിപ്ലവകാരിയെ വരവേറ്റ് ചേംബറിലേക്ക് കൂട്ടിക്കൊണ്ട് പോയി ‘മേലിൽ നിയമാനുസൃതം നികുതി അടച്ച് കൊള്ളാമെന്നും, ഹീബു സായിപ്പിനെ അപമാനിച്ചതും പോലീസുകാരെ അടിച്ചതും അവിവേകത്താൽ സംഭവിച്ച് പോയ തെറ്റാണെന്നും സദയം പൊറുക്കണമെന്നും’ എഴുതിക്കൊടുക്കാൻ സൗമ്യമായി ആജ്ഞാപിച്ചു. എന്നാൽ, തെല്ലും കൂസാതെ ഖാദി ഉറക്കെ പ്രഖ്യാപിച്ചു “നിങ്ങൾ കുതന്ത്രങ്ങളിലൂടെ അന്യായമായി ഞങ്ങളുടെ നാട് കൈയടക്കിവെച്ചിരിക്കുകയാണ്. ഒരു കാരണവശാലും ദൈവത്തിന്റെ ഭൂമിക്ക് നികുതി കൊടുക്കുന്ന പ്രശ്നനമില്ല. ഒട്ടും മര്യാദയില്ലാതെ എന്നോട് സംസാരിക്കാനും ഇല്ലാത്ത അധികാരം നടപ്പിലാക്കാനും തുനിഞ്ഞ ഹീബുസായിപ്പിന്റെ മുഖത്തേക്ക് ഞാൻ കാർക്കിച്ച് തുപ്പിയെന്നത് നേരാണ്. ധിക്കാരപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ച പോലീസുകാരന്റെ കരണത്തടിക്കുകയും ചെയ്‌തിട്ടുണ്ട്. തെറ്റൊന്നും പ്രവർത്തിച്ചിട്ടില്ലാത്ത ഞാൻ ഒരാളോടും മാപ്പിരക്കുകയില്ല. ദൈവത്തിന്റെ ഭൂമിക്ക് ഒരിക്കലും ഞാൻ നികുതി കൊടുക്കുകയുമില്ല.”
ജീവപര്യന്തം തടവായിരുന്നു കലക്‌ടർ വിധിച്ച ശിക്ഷ. 1819 ഡിസം 18ന് ആ കലാപകാരി കോഴിക്കോട് സെൻട്രൽ ജയിലിൽ അടക്കപ്പെട്ടു. അവിടെ ഖുർആൻ പാരായ ണത്തിലും ആരാധനാകർമ്മങ്ങളിലും നിമഗ്നനായിക്കഴിഞ്ഞ വിമേചനപ്പോരാളിയായ ആ സൂഫീ വര്യൻ, തന്റെ ആത്മീയാചാര്യനായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങൾക്ക് അറബിയിൽ കുറിച്ചയച്ച സന്ദേശ കാവ്യം പ്രശസ്തമാണ്. അധികാരി വർഗ്ഗത്തിന്റെ അക്രമത്തിനും അനീതിക്കുമെതിരെ അടക്കാനാവാത്ത രോഷവും സ്വാതന്ത്യത്തിന് വേണ്ടിയുള്ള ടുങ്ങാത്ത ദാഹവും ആ വരികളിൽ നിഴലിച്ച് കാണാം. തന്റെ നിരപരാധിത്വം വ്യക്തമാക്കിയശേഷം ഇഹപര വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിച്ച് കൊണ്ടാണ് ഈ കാവ്യം സമാപിക്കുന്നത്. സംഗതികൾ ഗ്രഹിച്ച് ഖാദിയാരെ മോചിപ്പിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായി തടിച്ച് കൂടിയ ജനസഹസ്രങ്ങളെ തടഞ്ഞ് നിർത്തി മമ്പുറം തങ്ങൾ അദ്ദേഹത്തെ നിരുപാധികം വിട്ടയക്കാൻ മലബാർ കലക്‌ടർക്ക് കത്തയക്കുകയും വൻ സായുധ കലാപം മണത്തറിഞ്ഞ കലക്ടർ അത് അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്‌തു.
ഭക്തിയും പരിത്യാഗവും
അങ്ങേയറ്റം ലളിത ജീവിതം നയിച്ച ഉമർഖാദി(റ) തികഞ്ഞ പരിത്യാഗിയായിരുന്നു. നാട്ടു നടപ്പനുസരിച്ച് തനിക്ക് ലഭിച്ചിരുന്ന പാരിതോഷികങ്ങൾ പോലും പാവങ്ങൾക്ക് കൈമാറുകയായിരുന്നു പതിവ്. ആവശ്യക്കാർക്കും അവശർക്കും വേണ്ട സഹായങ്ങൾ ചെയ്ത‌് കൊടുക്കാൻ സർവ്വഥാ മുൻകൈയെടുത്തിരുന്ന അദ്ദേഹം രാത്രിയുടെ അന്തിമയാമങ്ങളിലെല്ലാം പ്രാർത്ഥനാ നിരതനായികഴിഞ്ഞ സൂഫീ വര്യനായിരുന്നു. ‘രാത്രിയിൽ ആരാധനാ നിമഗ്നനായ പരിവ്രചകനും പകലിൽ അശ്വാരൂഢനായ പോരാ ളിയും’ എന്ന വിശേഷണം തന്നെ സംബന്ധിച്ചിടത്തോളം തികച്ചും അന്വർത്ഥമായിരുന്നു.
ആത്മീയ മാർഗ്ഗമായി ഖാദിരിയ്യ ത്വരീഖത്തിനെ വരിച്ച ഖാദി പക്ഷെ, ശരീഅത്ത് ശാസനകളിൽ നിന്ന് കടുകിട വ്യതിചലിക്കാൻ തയ്യാറായില്ല. കൊണ്ടോട്ടി കൈക്കാർ പുലർത്തിപ്പോന്ന, വിശ്വാസ വൈകല്യങ്ങളിലേക്ക് ചെന്നെത്തുന്ന ദുരാചാരങ്ങൾക്കെതിരെ മമ്പുറം സയ്യിദ് അലവി തങ്ങൾ, പുറത്തിയിൽ മുഹമ്മദ് ശൈഖ് തങ്ങൾ, കരിമ്പനക്കൽ മൊയ്തീൻ കുട്ടി മുസ്‌ലിയാർ, മുഹമ്മദ് ഹുസൈൻ തങ്ങൾ പാണക്കാട്, ഓടക്കൽ മൊയ്തീൻകുട്ടി മുസ്‌ലിയാർ, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാർ, ചാലിലകത്ത് ഖുസ്വയ്യ് ഹാജി തിരൂരങ്ങാടി, ഹവാനി വീട്ടിൽ കുഞ്ഞാമുട്ടി മുസ്‌ലി യാർ, നാദാപുരത്ത് അഹമ്മദ് മുസ്‌ലിയാർ, പാടൂർ മുഹമ്മദ് ഫഖ്റുദ്ദീൻ കോയക്കുട്ടി തങ്ങൾ തുടങ്ങിയ പണ്ഡിതാഗ്രേസരർക്കൊപ്പം ഉമർഖാദി(റ)യും ശക്തിയുക്തം അങ്കം വെട്ടുകയുണ്ടായി. തന്നെയുമല്ല; ശൈഖിന് മുന്നിൽ മുരീദുമാർ സുജൂദ് ചെയ്യുന്ന ശിർക്കൻ ആചാരം എത്രമാത്രം അപകടകരമാണെന്ന് തെളിവുകൾ നിരത്തി സമർത്ഥിച്ചുകൊണ്ടുള്ള ഒരു അറബികാവ്യം തന്നെ രചിക്കുകയും ചെയ്‌തു. ത്വരീഖത്തിന്റെ പേരിലുള്ള സകല പേക്കൂത്തുകളെയും മാർഗ്ഗ ഭ്രംശങ്ങളെയും അദ്ദേഹം നഖശിഖാന്തം എതിർത്തുപോന്നു.
ഇതര മതസ്ഥരോട് താൻ പുലർത്തിയ തുറന്ന സമീപനവും സൗഹാർദ്ദവും അനേകം അമുസ്‌ലിംകളെ ഇസ്‌ലാം മതത്തിലേക്ക് ആകർഷിക്കുകയുണ്ടായി. മിതഭാഷിയായിരുന്ന അദ്ദേഹം വിനോദ വേളകളിൽ നർമ ഭാഷണങ്ങളിലൂടെ മറ്റുള്ളവരെ ചിരി പ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തു. അറബിയും മലയാളവും കൂടിക്കലർന്ന തന്റെ പല ഈരടികളും ഈ നർമ ബോധത്തിന്റെ ഉദാഹരണങ്ങളാണ്. കർമ്മശാസ്ത്രത്തിൽ ‘തുഹ്ഫ’യും ആത്മ സംസ്‌കരണ ശാസ്ത്രത്തിൽ ‘ഇഹ്യാ ഉലൂമുദ്ദീനും’ താൻ മുറുകെ പിടിച്ചു. മതപരമായ സംശയ നിവാരണങ്ങൾക്കെന്നപോലെത്തന്നെ, മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് ശമനം തേടിയും ഒട്ടേറെ പേർ അദ്ദേ ഹത്തെ സമീപിക്കാറുണ്ടായിരുന്നു. നല്ലൊരു വൈദ്യൻ കൂടിയായിരുന്ന ഖാദി പ്രത്യേക നാടൻ ഔഷധങ്ങളിലൂടെയും സവിശേഷ പ്രാർത്ഥനകൾ വഴിയും ആതുരർക്ക് ആശ്വാസം പകർന്നു. വിവിധ രോഗങ്ങൾക്കുള്ള നാടൻ ഔഷധങ്ങൾ അറബിയും മലയാളവും കലർന്ന പദ്യങ്ങളിലൂടെ അദ്ദേഹം പിൻതലമുറകൾക്ക് കൈമാറിയിട്ടുമുണ്ട്. താൻ മന്ത്രിച്ച്കൊടുത്ത വെള്ളം സകലരോഗങ്ങൾക്കുമുള്ള ദിവ്യൗഷധമായി ജനങ്ങൾ കണക്കാക്കിപ്പോന്നു. മഹാനവർകളിൽ നിന്ന് ദൃശ്യമായ നിരവധി കറാമത്തുകൾ(അത്ഭുത സംഭവങ്ങൾ) പല ഏടുകളിലായി രേഖപ്പെട്ട് കിടക്കുന്നു.
റൗള ശരീഫിൽ
ഹിജ്റാബ്ദം 1209ൽ ഉമർഖാദി(റ) നടത്തിയ ഹജ്ജ് യാത്ര അതിപ്രശസ്തമാണ്. പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതോടൊപ്പം പ്രവാചക പുംഗവരുടെ തീരുസന്നിധിയിലെത്തി തിരു റൗള മതിവരുവോളം കണ്ടാസ്വദിക്കാനുമുള്ള ദാഹം ആ ആശിഖിന്റെ അകതാരിൽ തിരയടിക്കുകയായിരുന്നു. ബോംബെയിൽ നിന്ന് പുറപ്പെട്ടത് മുതൽ കപ്പലിലെ സഹയാത്രികർ മഹാനവർകളെ മുഴുവൻ സംഘത്തിന്റെയും ‘അമീർ’ (അമീറുൽ ഹജ്ജാദ്) ആയി നിശ്ചയിച്ചു. യാത്രയിലുടനീളം അദ്ദേഹമവർക്ക് ക്ലാസ്സെടുത്തു. പലരുടെയും രോഗങ്ങൾ തന്റെ ചികിത്സയും മന്ത്രവും വഴിസുഖപ്പെട്ടു. ഹജ്ജിന്റെ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം അത്യാവേശപൂർവ്വം മദീനയിലേക്ക് യാത്രയായി.
റൗള ശരീഫിന്റെ ബാഹ്യ ചിഹ്നങ്ങൾ വിദൂരതയിൽ ദൃശ്യമായ യാത്രയിൽ ആ പ്രവാചകപ്രേമിയുടെ തിരുഹൃദയം ആഹ്ലാദാതിരേകത്താൽ തുള്ളിച്ചാടി. സ്നേഹവും സന്തോഷവും മനസ്സിനകത്ത് കവിതയായി പെയ്‌ത് കൊണ്ടിരുന്നു. റൗള ശരീഫിന്റെ പൂട്ടിക്കിടന്ന കവാടത്തിനു മുന്നിൽ നിന്ന് ഉമർ ഖാദി(റ) നബി കീർത്തനം ആലപിക്കാൻ തുടങ്ങിയപ്പോൾ ആ കാവ്യ സൗന്ദര്യത്തിലും ശ്രുതി മാധുര്യത്തിലും ലയിച്ച് ചേർന്ന സന്ദർശകരെല്ലാം പ്രവാചക സ്നേഹത്തിന്റെ മാസ്‌മരികതയിൽ മറ്റെല്ലാം വിസ്മരിച്ച്പോയി. ഓരോ വരിയിലും തുടിച്ച് നിന്ന റസൂലി(സ)നോടുള്ള തീവ്ര പ്രേമവും വരികളുടെ അർത്ഥവ്യാപ്തിയും ബിംബാലങ്കാരങ്ങളും താളഭംഗിയും ആരോഹണാവരോഹണവുമെല്ലാം ശ്രോതാക്കളെ കോരിത്തരിപ്പിച്ചു. അവരെല്ലാം, വിശിഷ്യാ അറബികൾ ഓരോ ഈരണ്ട് വരികൾക്ക് ശേഷവും അദ്ദേഹത്തോടൊപ്പം “സല്ലൂ അലൈഹി വസല്ലിമൂ തസ്‌ലീമാ” എന്ന് സ്വയം മറന്ന് ഏറ്റ് പാടിക്കൊണ്ടിരിക്കുകയും ചെയ്തു. പൂട്ടിക്കിടക്കുന്ന കവാടത്തിനു പിന്നിലെ വിശുദ്ധ റൗള നേരിൽ കാണാനുള്ള അഭിലാഷം നിഷേധിക്കപ്പെട്ടതിലുള്ള അളവറ്റ ദുഃഖവും ഖേദവും വരികളിലൂടെ നിർഗ്ഗളിച്ചു. ദർശന സൗഭാഗ്യത്തിന് വേണ്ടി കേഴുന്ന ഹൃദയത്തിന്റെ തേങ്ങൽ കൂടിനിന്നവരുടെ നേത്രങ്ങളെ ഈറനണിയിച്ചു.
അടക്കാനാവാത്ത സ്നേഹത്തിന്റെയും സങ്കടത്തിന്റെയും പാരമ്യതയിൽ ആലാപനം ഈ വരികളിലെത്തി.
يا أكرم الكرما على أعتابكم
عمر الفقير المرتجى لجنابكم
يرجو العطاء على البكاء بباكم والدمع من عينيه سال سجيما
صلوا عليه وسلموا تسليما
തത്സമയം റൗള ശരീഫിന്റെ വാതിൽ ആ പുണ്യാത്മാവിനു മുന്നിൽ മലർക്കെ തുറക്കപ്പെട്ടു. ഉള്ളുകളുടെ ദൃശ്യം മനം നിറയെ ഒപ്പിയെടുത്ത് സായൂജ്യമടഞ്ഞു. ഓരോ വരിയിലും പ്രവാചകപ്രേമം തുള്ളിത്തുളുമ്പുന്ന ഈ മനോഹരകാവ്യം ‘സ്വല്ല ൽഇലാഹു’ എന്ന പേരിൽ കേരളക്കരയിലും ‘അൽ-ഖസ്വീദത്തുൽ ഉമരിയ്യഃ’ എന്ന പേരിൽ അറബ് നാടുകളിലും സുപ്രസിദ്ധമാണ്. ലോകത്തിലെത്തന്നെ ഉന്നത നിലവാരം പുലർത്തുന്നതും പുകൾപെറ്റതുമായ ഒന്നാംകിട നബികീർത്തനങ്ങളിലൊ ന്നായി ഗണിക്കപ്പെടുന്ന ഈ മനോഹര കാവ്യശിൽപം ഇനിയും ആഴമേറിയ പഠന ങ്ങൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.
ഇതര കൃതികൾ
ഉപരി സൂചിത കവിതക്ക് പുറമെ, ഉമർഖാദി(റ) രചിച്ച പ്രവാചക സ്‌തുതി കാവ്യങ്ങ ളിൽ ലാഹൽ ഹിലാലും, ജഫത് നീ, ലമ്മാ ഇഹറാ എന്നിവ ഏറെ പ്രശസ്തമാണ്.
പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രം കോർത്തെടുത്ത് രചിച്ച ആദ്യ കാവ്യം തുടങ്ങു ന്നത് ഇങ്ങനെയാണ്.
لاح الهلال هلال لامع العلم
لله داع رسول الله للأمم
الحاكم العادل الصدر المعدل
كل المكارم سمع واسع الكرم
പുള്ളിയുള്ള അക്ഷരങ്ങൾ മാത്രം ഉൾക്കൊള്ളുന്ന രണ്ടാമത്തെ കാവ്യത്തിന്റെ ആദ്യ വരികൾ
جفتني فذبتني فغضن بغيظة
فذبت بشجن بين جيبي يحفق
یشققنی شفتی فخفت تجننی
بشق شذي في نبي ينشق
മഞ്ചൽ രീതിയിലെഴുതപ്പെട്ട ‘ലമ്മാളഹറ’ യുടെ പ്രാസ നിബദ്ധതയും താളഭംഗിയും അതീവ ഹൃദ്യവും കൗതുകകരവുമാണ്.
തുടക്കം:
لما ظهرا عم البشرى
ضاء البصرى كسرا انكسرا
حاضت ساوة قاض سماوة
أهل عداوة نادوا حذرا
നബി(സ) ചരിത്രത്തിലെ ചില ഈടുറ്റ അദ്ധ്യായങ്ങളും വ്യക്തിത്വ സവിശേഷതകളും അന്തിമ ശഫാഅത്തും മറ്റും പ്രതിപാദിക്കുന്ന സാമാന്യം സുദീർഘമായ മറ്റൊരു സ്തുതിഗീതവും ശ്രദ്ധേയമാണ്. അത് ഇപ്രകാരം തുടങ്ങുന്നു.
أزكى الصلاة مع السلام المنتشر
ها لاح نجم والد يا جي تحتكر
تترى على خيرا لنبي من مضر
من بين رسل الله واسطة الدرر
സ്രഷ്ടാവിന്റെ സവിശേഷതകളെ ചുറ്റിപ്പറ്റിയുള്ള വിശുദ്ധതകൾ അനാവരണം ചെയ്‌തുകൊണ്ടാണ് ചോദ്യോത്തര രൂപേണ കോർത്തെടുത്ത ‘നഥാഇസുദുറർ’ എന്ന പദ്യകൃതി ഏറെ വിജ്ഞാനപ്രദവും കനപ്പെട്ട സംഭാവനയുമാണ്.
മഹാനവർകളുടെ മാസ്റ്റർപീസ് ആയി പരിഗണിക്കപ്പെടുന്ന ‘മഖാസിദുന്നികാഹ്’ ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തിൽ വിവാഹം, ത്വലാഖ് എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിധിവിലക്കുകളും സവിസ്‌തരമായി പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതിയാണ്. ആയിരം ഈരടികൾ ഉൾക്കൊള്ളുന്ന ഈ പദ്യകൃതി പ്രതിപാദ്യ വിഷയത്തെ സംബന്ധിച്ചിടത്തോളവും സമ്പൂർണ്ണവും ആധികാരികവുമാണ്. മഹാനായ ഇബ്നു ഹജറിൽ ഹൈതമി(റ)യുടെ വിഖ്യാത ഗ്രന്ഥമായ ‘തുഹ്ഫ’ അവലംബമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. അല്ലഫൽ ആസ്വീ, തറാജിമിൽ മുഹർറമാത്ത്, തറാജിമുൽ മുഹല്ലാത്ത്, രിസാലതുൻ ഫീ ഹുക്‌മിൽ അഖ്അഖ് എന്നിവയും തന്റെ രചനകളിൽപെടുന്നു.
പള്ളി ഭിത്തികളിൽ താൻ എഴുതിവെച്ചിരുന്ന മനോഹര കാവ്യങ്ങളിൽ പലതും മാഞ്ഞും മറഞ്ഞും നഷ്ടമായെങ്കിലും, ചേരമാൻ പെരുമാളിന്റെ ഇസ്ലാംമതാശ്ലേഷം പ്രതിപാദിച്ച് കൊണ്ടുള്ള കൊടുങ്ങല്ലൂർ പള്ളിച്ചുമരിലെ കാവ്യം, തീവണ്ടി ബൈത്ത്, കാപ്പി ബൈത്ത്, വെറ്റിലമുറുക്ക് ബൈത്തുകൾ തുടങ്ങിയവ ഇന്നും അവശേഷിക്കുന്നു.
വ്യാകരണം വേണ്ടവിധം അഭ്യസിക്കാൻ മിനക്കെടാനെ അറബി ഭാഷയിൽ വ്യുൽപ ത്തിനേടാനും പരിഭാഷകരാകാനുമൊക്കെ വ്യാമോഹിക്കുന്നവരെ ഇന്നെവിടെയും കാണാൻ കഴിയും. അത്തരക്കാർക്ക് നേരെ കുറിക്ക് കൊള്ളുന്ന ഈ ഒറ്റവരിക്കവിത ആരെയും ചിന്തിപ്പിക്കാൻ പോന്നതാണ്.
ومن طلب العلوم بغير نحو
كعنّين يعالج فزج بكر
(വ്യാകരണ പഠനം കൂടാതെ ഭാഷാ പരിജ്ഞാനം നേടാൻ ശ്രമിക്കുന്നവൻ ലിംഗോ ദ്ധാരണ ശേഷിയില്ലാതെ കന്യകയെ പ്രാപിക്കാൻ തുനിയുന്നവനെപ്പോലെയാണ്)
അറബിയും മലയാളവും കൂട്ടിക്കലർത്തി താൻ രചിച്ചിട്ടുള്ള ഒന്ന് മുതൽ നാല് വരെ വരികളുള്ള കുറെ പദ്യങ്ങൾ ഏറെ രസകരവും ഒരേ സമയം ചിരിയും ചിന്തയും ഉണർത്തുന്നവയുമാണ്.
സാധാരണ ഗതിയിൽ ഓർമ്മയിൽ സൂക്ഷിക്കാൻ പ്രയാസകരമായ നിയമങ്ങൾ അറബിയും മലയാളവും കലർന്ന പദങ്ങളിലാക്കി സ്‌മര്യ പുരുഷൻ കൈമാറിയത് പിൻ തലമുറകൾ ഹൃദിസ്ഥമാക്കി യഥാവസരം പ്രയോജനപ്പെടുത്തിപ്പോന്നിരുന്നു. ദശാബ്ദങ്ങൾ മുമ്പ് വരെ മലബാറിലെ നാട്ടിൻ പുറങ്ങളിൽ അസ്വ് ർ നമസ്കാര സമയം നിർണ്ണ യിച്ചിരുന്നത് തന്റെ ‘അടിക്കണക്കു ബൈത്തി’നെ അവലംഭിച്ചായിരുന്നുവെന്നത് പ്രത്യേകം സ്‌മരണീയമാണ്.
അന്ത്യ വിശ്രമം
ഹിജ്റാബ്ദം 1273(ക്രിസ്‌തു വർഷം 1857) ദുൽഹജ്ജ് മാസം 23ന് വ്യാഴാഴ്ച രാത്രി യാണ് കവിയും വിപ്ലവകാരിയുമായ സൂഫി പണ്ഡിതശ്രേഷ്ഠൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഉമർ വലി, ഉമറുൽ ഫഖീർ എന്നീ നാമങ്ങളിൽ കേരളത്തിന് പുറത്തും അറബ് നാടുകളിലും ഇന്നും അറിയപ്പെടുന്ന ഉമർ ഖാദി(റ) വെളിയങ്കോട് ജുമുഅത്ത് പള്ളിയുടെ മുൻവശത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. പ്രശസ്തമായ ഈ മഖ്ബറ കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി അന്ന് മുതൽ ഇന്ന് വരെ എണ്ണപ്പെടുന്നു.

