ചരിത്ര ശേഷിപ്പുകൾ വർത്തമാന കാലത്തിന്റെ കൂടി അടയാളപ്പെടുത്തലുകളാണ്. പ്രത്യേകിച്ച് പ്രത്യയശാസ്ത്രങ്ങൾ അസ്തിത്വപരമായ ദുർവ്യാഖ്യാനങ്ങളും വെല്ലുവിളികളും നേരിടുന്ന പുതിയ കാലത്ത്. ഭൂത കാലത്തിൻ്റെ ഭൗതിക തെളിവുകൾ കേവലം അക്കാദമിക് ജിജ്ഞാസയ്ക്കപ്പുറത്ത് ഒരു ജനതയുടെ അസ്‌തിത്വത്തെയും നാഗരികതയുടെ ആഴത്തെയും സ്ഥിരീകരിക്കുന്ന ജീവനുള്ള സാക്ഷ്യങ്ങൾ കൂടിയാണ്.

ഈ പശ്ചാത്തലത്തിലാണ് സൗദി ഹെറിറ്റേജ് അതോറിറ്റി, മദീന പ്രവിശ്യയിലെ അൽ-മഹ്ദ് ഗവർണറേറ്റിൽ നടത്തിയ പുരാവസ്തു സർവേ ഫലങ്ങൾക്ക് കൂടുതൽ പ്രസ്ക്തിയേറുന്നത്. ഇതിനോടകം തന്നെ ലോക ശ്രദ്ധയാകർഷിച്ച ഈ കണ്ടെത്തലുകൾ ഇസ്‌ലാമിൻ്റെ ആദ്യ നൂറ്റാണ്ടുകളുടെ ചരിത്ര സ്ഥിരീകരണത്തിൽ ഒരു നാഴികകല്ലായി മാറിയിട്ടുണ്ടെന്നതിൽ സംശയമില്ല. പ്രമുഖ സ്വഹാബിവര്യനും രണ്ടാം ഖലീഫയുമായ ഉമർ ബിൻ അൽ-ഖത്താബിന്റെ (റ) പേര് വഹിക്കുന്ന ശിലാ ലിഖിതമാണ് ഈ കണ്ടെത്തലുകളിൽ സവിശേഷ പ്രാധാന്യമർഹിക്കുന്നത്. കൂടാതെ വഹ്‌യ് എഴുത്തുകാരിൽ പ്രമുഖനായിരുന്ന സൈദ് ബ്നു സാബിത് (റ) ന്റെ പേര് വഹിക്കുന്ന ശിലാലിഖിതവും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഒരേ ഭൂമി ശാസ്‌ത്ര മേഖലയിൽ നിന്ന് ഇസ്‌ലാമിന്റെ ആദ്യ കാലത്തെ രണ്ട് കേന്ദ്ര വ്യക്തിത്വങ്ങൾ പരാമർശിക്കപ്പെടുന്ന ലിഖിതങ്ങൾ ഒരേ ശൈലിയിൽ ലഭ്യമാകുന്നത് ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഒരു പോലെ പ്രാധാന്യമേറിയ വസ്തുതയാണ്.

ഇസ്ലാമിന്റെ ആദ്യകാലത്ത് നിലവിലുണ്ടായിരുന്ന ,الخط الحجازي (ഹിജാസി ഖത്ത് ) എന്നറിയപ്പെടുന്ന സവിശേഷമായ എഴുത്തുശൈലിയിലാണ് ഉമർ(റ) ന്റെ പേര് പരാമർശിക്കപ്പെടുന്ന ലിഖിതം കൊത്തിവെക്കപ്പെട്ടിരിക്കുന്നത്. ഇത് ശിലയുടെ ചരിത്രപരമായ കാലപഴക്കത്തിലേക്ക് കൃത്യമായ ദിശാ ബോധം നൽകുന്നുണ്ട്. പിൽക്കാലത്ത് ഹിജ്റ രണ്ടാം നൂറ്റാണ്ടോട് കൂടെ ‘കൂഫി ഖത്ത്’ الخط الكوفي (Kufic script) പ്രചാരത്തിൽ വന്നതോടെ, ഈ ഹിജാസി എഴുത്ത് രീതി വിസ്മൃതിയിലാവുകയായിരുന്നു. അതിനാൽ ഹിജാസി ലിപിയിലുള്ള ലിഖിതങ്ങൾ ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടുമായി നേരിട്ട് ബന്ധപ്പെടുന്നതാണെന്ന ഒന്നാണെന്നത് ഗൗരവമേറിയ ഒരു ചരിത്ര സൂചന കൂടിയാണെന്ന് ലിഖിത ഗവേഷകർ ചൂണ്ടി കാണിക്കുന്നു.


«اللهُ وَلِيُّ عُمَرَ بْنِ الْخَطَّابِ فِي الدُّنْيَا وَالْآخرَةِ لا اله الا الله»
“ഇഹലോകത്തിലും പരലോകത്തിലും അല്ലാഹുവാണ് ഉമർ ബിൻ അൽ-ഖത്താബിന്റെ രക്ഷാധികാരി, അല്ലാഹുവല്ലാതെ മറ്റ് ദൈവമില്ല”
എന്നാണ് ശിലയിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇസ്ലാമിന്റെ ആദ്യകാലത്തു നിന്ന് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ ലിഖിത തെളിവുകളിൽ ഒന്നായാണ് ഈ പുരാതന ശിലാശാസനത്തെ സൗദി ഹെറിറ്റേജ് കമ്മീഷൻ കണക്കാക്കുന്നത്. ചരിത്രരേഖകൾ പ്രകാരം രണ്ടാം ഖലീഫ ഉമർ ബിൻ അൽ-ഖത്താബ് (റ) ഒഴുക്കോടെ എഴുതാനും വായിക്കാനും അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. പൂർവ്വ വേദങ്ങൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിൽ ഉമർ (റ) കാണിച്ചിരുന്ന താത്പര്യവും ഹദീസ് ഗ്രന്ഥങ്ങളിൽ വിശ്രുതമാണ്. ലിപിയുടെ കാലപ്പഴക്കവും ചരിത്രപരമായ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ ലിഖിതം ഉമർ (റ) തന്നെ എഴുതിയതാകാനുള്ള സാധ്യതയും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. ഈ ലിഖിതങ്ങളുടെ ആധികാരികത നിർണ്ണയിക്കാൻ ആർക്കിയോളജിസ്റ്റുകൾ രണ്ട് പ്രധാന ശാസ്ത്ര മേഖലകൾ ഉപയോഗിച്ചതായി കാണാം.

ആദ്യത്തേത് പാലിയോഗ്രഫി (Palaeography). ലിഖിതങ്ങളുടെ ലിപി ശൈലി, അക്ഷര ഘടന, ഹസ്ത ലേഖന സ്വഭാവം എന്നിവ ഒരു നിശ്ചിത കാലഘട്ടത്തിന്റെ ലിഖിത ചരിത്രവുമായി ദൃഢമായി ബന്ധിപ്പിക്കാൻ ഈ ശാഖ സഹായിക്കുന്നു. ഹിജാസി ഖത്തിൻ്റെ സ്വഭാവ സവിശേഷതകൾ, അതിൻ്റെ ഉപഭേദങ്ങൾ, ഉപയോഗ ദൈർഘ്യം തുടങ്ങിയവ ആ കാലത്തെ ലിഖിതങ്ങൾ ആധുനിക കൃത്രിമ ലിഖിതങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി തിരിച്ചറിയാൻ ഗവേഷകരെ പ്രാപ്തരാക്കുന്നു.
രണ്ടാമത്തേത് പേറ്റിനേഷൻ പഠനം (Patination Study). വായുവും സൂര്യപ്രകാശവും ദശകങ്ങളോ നൂറ്റാണ്ടുകളോ ഒരു ശിലയുടെ ഉപരിതലത്തിൽ തട്ടുമ്പോൾ അവിടെ ഒരു പ്രത്യേക രാസ പാളി (Patina) രൂപപ്പെടുന്നു. ശിലയിൽ കൊത്തിവെക്കപ്പെട്ട ഭാഗം ഒരു ദശകം മുൻപ് ചെയ്തതോ ഒരു നൂറ്റാണ്ട് മുൻപ് ചെയ്തതോ എന്ന് ഈ Patina-യുടെ ഘടനയും കട്ടിയും സൂക്ഷ്മ രാസ പരിശോധന (Microscopic and Chemical Analysis) വഴി ശ്രദ്ധാപൂർവ്വം നിർണ്ണയിക്കാൻ സാധിക്കും.
ഈ രണ്ട് ശാസ്ത്ര ഉപകരണങ്ങൾ ഒരുമിച്ച് ഉപയോഗിച്ചുകൊണ്ട് ഈ ലിഖിതങ്ങൾ നബി (സ) യുടെയും സ്വഹാബത്തിന്റെയും കാലഘട്ടത്തിൽ നിന്ന് ഉദ്ഭവിച്ചതാണ് എന്ന് ആർക്കിയോളജിസ്റ്റുകൾ ദൃഢമായി വിലയിരുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രവാചകൻ(സ) യുടെയും ആദ്യ കാല സ്വഹാബത്തിൻ്റെയും അസ്തിത്വം തന്നെ നിഷേധിക്കുന്ന നാസ്തിക ധാരണകൾക്ക് പല നിലയ്ക്കും ഈ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ് എന്നതാണ് വസ്തുത.

ഈ ശിലാ ലിഖിതത്തിന് പുറമേ 461 ആദ്യകാല ഇസ്ലാമിക ലിഖിതങ്ങളും
34 ഥമൂദി (Thamudic) ലിഖിതങ്ങളും 1259 പ്രാചീന ശിലാചിത്രങ്ങളും മൂന്നോളം പ്രാചീന കോട്ടകളുടെ അവശിഷ്‌ടങ്ങളും കവിതാശകലങ്ങളുമെല്ലാം ഇതേ റീജിയണിൽ നിന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ കണ്ടെടുത്തിട്ടിട്ടുണ്ട്. കൂടാതെ 14 നൂറ്റാണ്ട് പഴക്കമുള്ള സൂറത്തുൽ ഇഖ്‌ലാസിൻ്റെ ശിലാ മുദ്രണവും താബിഈ പ്രമുഖൻ സൈനുൽ ആബിദീൻ(റ) ന്റെതെന്ന് കരുതപ്പെടുന്ന ശിലാ ലിഖിതവുമെല്ലാം കണ്ടെത്തിയിട്ടുണ്ട്.

അവലംബം

  • Saudi gazette
    -Heritage.moc.gov.sa.